Pages

Thursday, August 22, 2013

INDIA AND PAKISTAN GIVE PEACE

                             ഇന്ത്യയുംപാകിസ്ഥാനും
                       സമാധാനാത്തോടെ കഴിയണം 
അതിര്‍ത്തിയില്‍ഇന്ത്യയുംപാകിസ്ഥാനുംതുടര്‍ന്നുവരുന്നസംഘര്‍ഷഭരിതമായ അന്തരീക്ഷം ഇരുരാജ്യത്തെയും സമാധാനകാംക്ഷികളായ ജനങ്ങളില്‍ കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട് . ആണവശേഷിയുള്ള രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാവുന്നത് മേഖലയിലേയും ലോകത്തിന്റെ തന്നെയും സമാധാനാന്തരീക്ഷത്തിന് കനത്ത ഭീഷണിയാണ്. ഇന്ത്യാപാകിസ്ഥാന്‍ ബന്ധങ്ങള്‍ ഇന്നത്തെ നിലയില്‍ വഷളായി തുടരുന്നത് ഇരുരാജ്യങ്ങളുടെയും സമാധാന പൂര്‍ണമായ സാമ്പത്തിക വളര്‍ച്ചയ്ക്കും വികാസത്തിനും വിഘാതമാകുമെന്നതില്‍ സംശയമില്ല. രാഷ്ട്രീയ തലത്തിലും സൈനികതലത്തിലും ഇരുരാജ്യങ്ങളും തമ്മിലുളള  ബന്ധം കൂടുതൽമെച്ചപെടണം .നിക്ഷിപ്ത രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുവേണ്ടി വിധ്വംസക പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന ഇരുരാജ്യങ്ങളിലെയും അത്തരം ശക്തികളെ തുറന്നുകാട്ടുന്നതിനും എതിര്‍ത്തു പരാജയപ്പെടുത്തുന്നതിനും സമാധാനത്തിന്റെയും പുരോഗതിയുടെയും ശക്തികള്‍ക്ക് കഴിയണം.
     പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വഷളായിക്കൊണ്ടിരിക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രമേയങ്ങള്‍ പാസാക്കുകയുണ്ടായി. അതിര്‍ത്തിയിലെ പ്രകോപനങ്ങളെ കര്‍ക്കശമായി നേരിടുമെന്ന് ഇന്ത്യ മുന്നറിയിപ്പും നല്‍കി. സമീപഭാവിയില്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ സംബന്ധിക്കുന്ന ഇന്ത്യാ പാകിസ്ഥാന്‍ പ്രധാനമന്ത്രിമാരുടെ നിര്‍ദ്ദിഷ്ട കൂടിക്കാഴ്ച സംബന്ധിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണവല്‍ക്കരിക്കുന്നതില്‍ ഈ കൂടിക്കാഴ്ച നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഉഭയകക്ഷി ബന്ധത്തിലെ അനിശ്ചിതത്വം നിലനില്‍ക്കെതന്നെ ഇരുരാഷ്ട്രങ്ങളുടെയും പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പരസ്പരം അഭിനന്ദന സന്ദേശങ്ങള്‍ കൈമാറിയതും അവയുടെ ഊഷ്മളതയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയവും പ്രതീക്ഷാ നിര്‍ഭരവുമാണെന്ന സൂചനകളാണ് നല്‍കുന്നത്.

     പാകിസ്ഥാന്‍ പാര്‍ലമെന്റിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പും നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ പുതിയ ജനാധിപത്യ ഗവണ്‍മെന്റിന്റെ രൂപീകരണവും ഇന്ത്യാ പാകിസ്ഥാന്‍ ബന്ധങ്ങളില്‍ അഭിലഷണീയമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയ്ക്ക് വക നല്‍കിയിരുന്നു. ഇന്ത്യയുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് വ്യക്തമായ സൂചനകളും പാക് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായി. ജനാധിപത്യം കരുത്താര്‍ജിക്കുന്നതും ഇന്ത്യാപാക് ബന്ധങ്ങള്‍ മെച്ചപ്പെടുന്നതും തങ്ങളുടെ പ്രാമാണ്യത്തിന് വിഘാതമാകുമെന്ന് കരുതുന്ന പ്രബല വിഭാഗങ്ങള്‍ പാകിസ്ഥാന്‍ സൈനിക നേതൃത്വത്തിലും വിദേശ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സി (ഐ എസ് ഐ) ലും ഉണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണ്. ഇന്ത്യയുമായി ബദ്ധവൈരം വച്ചുപുലര്‍ത്തുന്ന ഭീകരസംഘടനകളും പാകിസ്ഥാന്‍ രാഷ്ട്രീയത്തിലെ പ്രബലസാന്നിധ്യമാണ്. അതിര്‍ത്തിയില്‍ അഞ്ച് സൈനികരുടെ വധത്തിനും അനുസ്യൂതം തുടര്‍ന്നുവരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കും പിന്നില്‍ ഈ ശക്തികളാണെന്നുവേണം കരുതാന്‍. സൈനിക- ചാര-ഭീകര കൂട്ടുകെട്ടിനു പുറമെ ഇന്ത്യയും പാകിസ്ഥാനുമായി വര്‍ധിച്ചുവരുന്ന വാണിജ്യബന്ധങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വൈദേശിക ശക്തികളും ഇപ്പോഴത്തെ അസ്വസ്ഥതകള്‍ക്കു പിന്നില്‍ സജീവമാണ്. ഇന്ത്യ-പാകിസ്ഥാന്‍ വാണിജ്യത്തിന്റെ സാധാരണവല്‍ക്കരണം പല രാജ്യങ്ങളുടെയും കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാവും.
ഇന്ത്യ-പാകിസ്ഥാന്‍ ബന്ധങ്ങള്‍ സാധാരണവല്‍ക്കരിക്കാനും സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താനും രാഷ്ട്രനേതൃത്വം കരുതലോടുകൂടിയ സമീപനം കൈക്കൊള്ളണം. അതിര്‍ത്തിയില്‍ തുടര്‍ന്നുവരുന്ന സംഘര്‍ഷങ്ങള്‍ കനത്ത സാമ്പത്തിക പ്രതിസന്ധികളില്‍ ആടിയുലയുന്ന രാഷ്ട്ര സമ്പദ്ഘടനയ്ക്കുമേല്‍ ദുര്‍വഹമായ ഭാരമായിരിക്കും വരുത്തിവെയ്ക്കുക. ഇരു അയല്‍രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷഭരിതമായ ബന്ധം രണ്ട് രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്കും വികാസത്തിനും വലിയ പ്രതിബന്ധങ്ങളാണ് വരുത്തിവച്ചിട്ടുള്ളത്. പാകിസ്ഥാനില്‍ കരുത്താര്‍ജ്ജിച്ചുവരുന്ന ജനാധിപത്യ അന്തരീക്ഷം അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. അക്രമോത്സുകമായ പാക് സൈനിക വൃത്തങ്ങളുടെ സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ജനാധിപത്യ ഭരണകൂടവുമായി ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നുവെയ്ക്കുന്നത് ജനാധിപത്യ ശക്തികള്‍ക്ക് കൂടുതല്‍ കരുത്തുപകരും. അത്തരമൊരു ജനാധിപത്യ അന്തരീക്ഷത്തില്‍ മാത്രമെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുമാവു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് വാണിജ്യ രംഗത്ത് ഇരുരാജ്യങ്ങള്‍ക്കും ഗണ്യമായ വളര്‍ച്ചയും സഹകരണവും മെച്ചപ്പെടുത്താനുമായി എന്നാണ്. ഈ പ്രവണത പ്രോത്സാഹിപ്പിക്കുന്നത് സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ഇരു രാജ്യങ്ങളുടെയും യോജിച്ച വളര്‍ച്ചയ്ക്കും സഹായകമാവും.

                       പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 


No comments: