സ്ത്രീകളുടെസുരക്ഷാ നടപടി
സ്വാഗതാര്‍ഹം
രാജ്യത്ത് സ്ത്രീപീഡനങ്ങൾ അനുദിനം വർദ്ധിച്ചു വരികയാണ് . ജോലിസ്ഥലത്തും അവർ പീഡനം അനുഭവിക്കുന്നു .സ്ത്രീകള്‍ക്കെതിരായ
ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നീക്കംഎല്ലാ നിലയ്ക്കും സ്വാഗതാര്‍ഹമാണ്.
നിയമനടപടികളെടുക്കുകയും ബോധവത്കരണപരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും
രാജ്യത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീട്ടിലും
പൊതുസ്ഥലങ്ങളിലും മാത്രമല്ല, തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കുനേരേയുള്ള
അതിക്രമങ്ങള്‍ സാധാരണമായിരിക്കുന്നു. ആപത്കരമായ ഈ സ്ഥിതിവിശേഷം രാജ്യത്തിന്റെ
യശസ്സിനെയും സാമൂഹിക സുരക്ഷയെയും ബാധിക്കുന്നുണ്ട്. തൊഴിലിടങ്ങളില്‍, സ്ത്രീകളുടെ
സുരക്ഷ ഉറപ്പാക്കാനായി അടുത്തകാലത്തായി പല വ്യവസ്ഥകളും ക്രമീകരണങ്ങളും
പ്രാബല്യത്തില്‍ കൊണ്ടുവന്നു. എന്നിട്ടും പലേടത്തും അവര്‍ക്ക് ശാരീരികവും
മാനസികവുമായ പീഡനങ്ങള്‍ ഏല്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള പരാതികള്‍ കൈകാര്യം
ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് വേണ്ടവിധം
ഫലപ്രദമാകുന്നില്ല. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകാനും പലരും
മടിക്കുന്നു. പരാതി കൊടുക്കുന്നത് തങ്ങളുടെ തൊഴിലിനെയും ജീവിത ഭദ്രതയെത്തന്നെയും
ബാധിക്കുമോ എന്ന ഭയവും സ്ത്രീകളെ അതില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. നിയമം
കര്‍ക്കശമാകുന്നതോടെ തൊഴിലിടങ്ങളിലെ സ്ത്രീപീഡനങ്ങള്‍ക്കും മറ്റ് പ്രശ്‌നങ്ങള്‍ക്കും
വലിയൊരളവുവരെയെങ്കിലും അറുതിവരുമെന്നാശിക്കാം.
'ജോലിസ്ഥലത്തെ ലൈംഗിക പീഡനം തടയല്‍-നിരോധന-പരിഹാര നിയമം 2013' പ്രകാരം കേന്ദ്ര വനിതാ, ശിശുക്ഷേമ വകുപ്പ് തയ്യാറാക്കിയ ചട്ടങ്ങളിലാണ് പുതിയ നിര്‍ദേശങ്ങളുള്ളത്. സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ പ്രതിയെ ജോലിയില്‍നിന്ന് പിരിച്ചുവിടാനും സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും തടഞ്ഞുവെക്കാനും ചട്ടങ്ങളില്‍ വ്യവസ്ഥചെയ്യുന്നു. പരാതിക്കാരിക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കാനും വ്യവസ്ഥയുണ്ട്. രാജ്യത്ത് തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നു. തൊഴിലിടങ്ങളില്‍ അവരുടെ സുരക്ഷയും വ്യക്തിത്വ സംരക്ഷണവും ഉറപ്പാക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. ദൗര്‍ഭാഗ്യവശാല്‍, പലേടത്തും സ്ത്രീകള്‍ക്ക് ലൈംഗികാതിക്രമങ്ങള്‍ മാത്രമല്ല, അവഹേളനങ്ങളും അവഗണനയും സഹിക്കേണ്ടിവരുന്നു. പീഡിതരില്‍ ചിലര്‍ മാത്രമേ നിയമനടപടികളുമായി മുന്നോട്ടുപോകാറുള്ളൂ. അന്വേഷണത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് പലപ്പോഴും വീഴ്ചകള്‍ വരുന്നു. പരാതിക്കാര്‍ക്ക് ഭീഷണിയും സമ്മര്‍ദങ്ങളും നേരിടേണ്ടിവരുന്നതും അസാധാരണമല്ല. നിയമനടപടികള്‍ മറ്റൊരു പീഡനമാവുകയും ഒടുവില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുമോ എന്ന ഭയം പരാതിക്കാര്‍ക്ക് പൊതുവെയുണ്ട്. നിയമം കര്‍ശനമാക്കുന്നത്, സ്ത്രീകളില്‍ കൂടുതല്‍ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും ഉണ്ടാക്കും.പ്രാദേശിക പരാതിപരിഹാരസമിതികള്‍ രൂപവത്കരിക്കാന്‍ പുതിയ ചട്ടങ്ങളില്‍ നിര്‍ദേശമുണ്ട്. ഈ സമിതിയാണ് പരാതികള്‍ ആദ്യം കേള്‍ക്കുക. സമിതിയില്‍, സാമൂഹിക പ്രവര്‍ത്തനത്തില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ള ആള്‍, തൊഴില്‍-വ്യവസായം, സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നിയമത്തില്‍ പ്രാവീണ്യമുള്ളയാള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ജില്ലാതലത്തില്‍ ശിശുക്ഷേമ സമിതികളോ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സമിതികളോ ഇതിനാവശ്യമായ സൗകര്യങ്ങളൊരുക്കണമെന്ന് ചട്ടത്തില്‍ നിര്‍ദേശിക്കുന്നു. ഇത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായും സമയബദ്ധമായും പ്രവര്‍ത്തിച്ചാലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. ഈ രംഗത്ത് പൊതുവെ കാണുന്ന അനാസ്ഥ പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഉണ്ടാകരുത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ പരാതിക്കാരിയും ശിക്ഷ അനുഭവിക്കേണ്ടിവരും. ചട്ടങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ ഇതുവഴി കഴിയും. നിയമങ്ങള്‍ക്കൊപ്പം ശക്തമായ സാമൂഹികഇടപെടലും സ്ത്രീപീഡനങ്ങള്‍ തടയാന്‍ അനിവാര്യമാണ്. കഴിഞ്ഞകൊല്ലം ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായപ്പോള്‍ ചില ഉന്നതര്‍ നടത്തിയ പ്രസ്താവങ്ങള്‍ സ്ത്രീസമൂഹത്തെ അവഹേളിക്കുന്നതരത്തിലുള്ളവയായിരുന്നു. ഈ കാഴ്ചപ്പാട് ഒഴിവാക്കാനുതകുന്ന ഇടപെടലാണ് ഇക്കാര്യത്തില്‍ പൊതുസമൂഹത്തില്‍നിന്നുണ്ടാകേണ്ടത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment