പുനലൂർ വാളക്കോട് പാലത്തില്‍
യാത്ര ഞാണിന്‍മേല്‍ കളി
ശ്രദ്ധ ഒന്നു തെറ്റിയാല്‍മതി, മുപ്പതടിയോളം താഴ്ചയിലേക്ക് കൂര്‍ത്ത
കമ്പികള്‍ക്ക് മേല്‍പതിക്കാന്‍. കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ വാളക്കോട് മേല്‍പ്പാലത്തിലെ
യാത്ര വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഞാണില്‍മേല്‍ കളിയാണ്. നൂറ്റാണ്ട്
പഴക്കമുള്ള ഈ പാലത്തിന്റെ പാര്‍ശ്വഭിത്തികളില്‍നിന്ന് കല്ലുകള്‍ ഇളകിവീണതോടെ
അപകടഭീഷണി ഉയര്‍ത്തുകയാണ് ഈ പാലത്തിലെ യാത്ര. പുനലൂര്‍ പട്ടണത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ കിഴക്കായി, കൊല്ലം-ചെങ്കോട്ട
തീവണ്ടിപ്പാതയ്ക്ക് കുറുകെയുള്ളതാണ് ഈ പാലം. റെയില്‍വേപ്പാതയോളം പഴക്കമുള്ള ഈ പാലം
ഇതുവരെ പുനരുദ്ധരിച്ചിട്ടില്ല. പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെത്തിമിനുക്കിയ
കരിങ്കല്ലുകള്‍കൊണ്ട് നൂറ്റാണ്ടുമുമ്പ് കെട്ടിയുയര്‍ത്തിയ ഈ ഇടുങ്ങിയ പാലം
ഇന്നത്തെ ഗതാഗതത്തിരക്കിന് യോജിച്ചതല്ല. ജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ച്
പാതയിലെ മറ്റ് പാലങ്ങള്‍ക്കൊപ്പം ഈ പാലം പുനരുദ്ധരിക്കാനും ഇപ്പോള്‍ തുക
അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പുനരുദ്ധാരണം അടുത്തിടെയെങ്ങും ആരംഭിക്കാന്‍
സാധ്യതയില്ല.
വളരെ ഉയരംകുറഞ്ഞ പാര്‍ശ്വഭിത്തികളാണ് പാലത്തിനുള്ളത്. ഇവയിലെ മേല്‍വരിക്കല്ലുകള്‍ ഇളകി വീണിട്ട് വര്‍ഷങ്ങളായി. ഓരോതവണയും പാലത്തില്‍ ടാറിങ് നടത്തുമ്പോള്‍ പാര്‍ശ്വഭിത്തിയുടെ ഉയരം കുറഞ്ഞുവരികയാണ്. പാലത്തോട് ചേര്‍ന്നുള്ള വാളക്കോട് എന്‍.എസ്.വി. സ്‌കൂളില്‍നിന്ന് കൊച്ചുകുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ കാല്‍നടയാത്ര ചെയ്യുന്നത് ഈ പാലത്തിലൂടെയാണ്. എട്ടുവര്‍ഷം മുമ്പ് ചിത്ര എന്ന വിദ്യാര്‍ഥിനി ഈ പാലത്തില്‍ ലോറിയിടിച്ച് പരിക്കേറ്റ് മരിച്ചിരുന്നു. ഇടുങ്ങിയ പാലത്തിലൂടെ ഒരേസമയം ഒരു ദിശയിലേക്ക് മാത്രമേ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകൂ. ഈ സമയം മുഴുവന്‍ മറുവശത്തെ വാഹനങ്ങള്‍ കാത്തുകിടക്കണം. അന്തസ്സംസ്ഥാന പാതയായതിനാല്‍ കൂറ്റന്‍ ചരക്കുലോറികള്‍ കടന്നുപോകുന്നത് ഈ പാലം വഴിയാണ്. പുനലൂര്‍-ചെങ്കോട്ട റെയില്‍പ്പാളത്തിന്റെ ഗേജ്മാറ്റവുമായി ബന്ധപ്പെട്ട് പാലത്തിന്റെ അടിഭാഗം ബലപ്പെടുത്തുന്ന ജോലികള്‍ ഇപ്പോള്‍ നടന്നുവരികയാണ്. അടിഭാഗം വാര്‍ക്കുന്നതിനായി ഇവിടെ കമ്പികള്‍ തറച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ദുരന്തഭീഷണി ഉയര്‍ത്തുകയാണ്. പാര്‍ശ്വഭിത്തിയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിനെങ്കിലും അടിയന്തര നടപടിഉണ്ടാകാത്തത് വന്‍ അപകടം ക്ഷണിച്ചുവരുത്തും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment