Pages

Wednesday, July 31, 2013

IPL SPOT-FIXING

ഐപിഎല് ഒത്തുകളി:
 കുറ്റപത്രം സമര്പ്പിച്ചു
 ഐപിഎല്‍ കോഴക്കേസില്‍ അധോലോക ഭീകരന്മാരായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, ക്രിക്കറ്റ് താരങ്ങളായ എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചന്ദില എന്നിവരെ പ്രതിചേര്‍ത്ത് ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ക്രിക്കറ്റ്താരങ്ങളും പന്തയക്കാരും ഉള്‍പ്പെടെ ആകെ 39 പ്രതികളാണ് കേസില്‍. ശ്രീശാന്തിനെ പത്താം പ്രതിയായാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്, ഹര്‍മീത്സിങ്, സിദ്ധാര്‍ത്ഥ് ത്രിവേദി എന്നിവരെ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറായിരം പേജ്വരുന്ന ഐപിഎല്‍ കേസ് കുറ്റപത്രം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനയ്കുമാര്‍ ഖന്ന മുമ്പാകെയാണ് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത്. ശ്രീശാന്ത്, അങ്കിത് ചവാന്‍ തുടങ്ങി 19 പ്രതികള്‍ക്ക് അനുവദിച്ചിട്ടുള്ള ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പൊലീസ് സമര്‍പ്പിച്ചു. ബുധനാഴ്ച ഈ ഹര്‍ജിയില്‍ കോടതി വാദംകേള്‍ക്കും. ഐപിഎല്‍ മത്സരങ്ങളെ ബിസിസിഐ നിയന്ത്രിക്കുന്ന രീതിയെ കുറ്റപത്രത്തില്‍ വിമര്‍ശിക്കുന്നു. ഐപിഎല്‍ മത്സരാന്തരീക്ഷം പൂര്‍ണമായും പന്തയത്തിന് വഴിയൊരുക്കുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പന്തയക്കാരില്‍നിന്ന് കോഴവാങ്ങി ഐപിഎല്‍ മത്സരങ്ങളില്‍ ഒത്തുകളിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ മേയിലാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തത്. മൂന്നു ക്രിക്കറ്റ്താരങ്ങളെയും 11 പന്തയക്കാരെയും ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നായി പൊലീസ് അറസ്റ്റ്ചെയ്തു. മുംബൈയില്‍വച്ചാണ് ശ്രീശാന്ത് അറസ്റ്റിലായത്. ശ്രീശാന്തിനും മറ്റുമെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരമാണ് (മക്കോക്ക) കേസെടുത്തത്. തുടര്‍ന്ന് ജാമ്യം നിഷേധിക്കപ്പെട്ട് ഇവരെ തിഹാര്‍ ജയിലില്‍ അടച്ചു. മക്കോക്ക ചുമത്തിയത് പിന്നീട് വിവാദമാവുകയും പൊലീസിന്റെ ഈ നടപടി തെറ്റായെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കുറ്റപത്രത്തിലും മക്കോക്ക പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളമുണ്ട്. അധോലോകഭീകരരായ ദാവൂദുമായും ഛോട്ടാ ഷക്കീലുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രത്തിലും മക്കോക്ക ചുമത്തിയിട്ടുള്ളത്. ദാവൂദിന്റെ സഹായികളായ ജാവെദ് ചുതാനി, സല്‍മാന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ദാവൂദും മറ്റും പാകിസ്ഥാന്‍ കേന്ദ്രമായുള്ള പന്തയക്കാരെ ഉപയോഗിച്ച് ഇന്ത്യയിലെ പന്തയക്കാരെ നിയന്ത്രിച്ചുവെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അന്വേഷണത്തിനിടെ പൊലീസ് പിടിച്ചെടുത്ത ടെലിഫോണ്‍ സംഭാഷണങ്ങളില്‍നിന്നു ദാവൂദിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് പൊലീസ് അവകാശപ്പെടുന്നു. കേന്ദ്ര ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ടാണ് ഇതിനു തെളിവായി പൊലീസ് ഹാജരാക്കുന്നത്. ദാവൂദിന്റെ ശബ്ദം സാക്ഷികളിലൊരാള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. കുറ്റപത്രത്തോടൊപ്പം അനുബന്ധ തെളിവായി ഏതാണ്ട് 295 രേഖകള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡും മറ്റുമുള്‍പ്പെടെ പ്രോസിക്യൂഷന്‍ സാക്ഷികളായി 168 പേരുണ്ട്.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: