Pages

Wednesday, July 31, 2013

പാളങ്ങളില്‍ ഉരുകുന്ന ജീവിതങ്ങള്‍

പാളങ്ങളില്‍ ഉരുകുന്ന ജീവിതങ്ങള്‍
പ്രജിത പ്രതാപന്‍
 എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷന്‍. രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒരു  യാത്രക്കാരന്‍ പാളത്തിലേക്കിറങ്ങുന്നു. മേല്‍പ്പാലം കയറിയിറങ്ങാനുള്ള മടിയാണ്  പ്ലാറ്റ്‌ഫോമില്‍ നിന്ന് പാളത്തിലേക്കിറങ്ങുവാന്‍ കാരണമെന്ന് ഊഹിക്കാം. പാളത്തിലേക്ക് ചാടിയിറങ്ങിയതേ അയാളുടെ മുഖം ചുളിഞ്ഞു. ഇറങ്ങിയത് മനുഷ്യവിസര്‍ജ്യത്തിനു മുന്നില്‍. അല്‍പ്പം കാല്‍ നീക്കിവച്ച് നാലഞ്ച് ആവര്‍ത്തി നീട്ടി തുപ്പിക്കൊണ്ട് നടന്ന്  നാലുപാളവും കടന്ന് അയാള്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തി.
ഇതിനൊരു മറുവശമുണ്ട്, നീലനിറമുള്ള യൂണിഫോം സാരി ധരിച്ച ഒരു ജീവനക്കാരി വന്ന് ബ്ലീച്ചിംഗ് പൗഡറും കുമ്മായപ്പൊടിയും അതിനു മുകളിലേക്ക് വിതറിയ ശേഷം തിരികെ നടന്നു. അല്‍പ്പ സമയത്തിനു ശേഷം തിരികെയെത്തി വെള്ളമൊഴിച്ചവിടം വൃത്തിയാക്കി. യാതൊരു മുഖം ചുളിക്കലുമില്ലാതെ. ശേഷം അവര്‍ മറ്റു ജോലികള്‍ക്കായി അവിടെ നിന്നും നീങ്ങി. അവരുടെ ജോലി ഇതുകൊണ്ടും തീരുന്നില്ല. ട്രാക്കില്‍ വീണുകിടക്കുന്ന ചപ്പുചവറുകളും മറ്റും മിനിറ്റിനു മിനിറ്റിനു അടിച്ചു വൃത്തിയാക്കണം. 
ഇവിടെ കണ്ടത് രണ്ടുതരം ജീവിതമാണ്. കുടുംബം പോറ്റാനായി മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടി വരുന്ന സ്ത്രീ. അവര്‍ക്ക് യാത്രക്കാരന്‍ ചെയ്തതുപോലെ നീങ്ങിപ്പോകാന്‍ സാധിക്കില്ല. നീക്കം ചെയ്യുന്നതിനിടയില്‍ വസ്ത്രങ്ങളില്‍ പുരണ്ടേക്കാം. പക്ഷേ, കഴുകിക്കളഞ്ഞ് നിര്‍ബാധം ജോലി തുടരും.
യാത്രക്കാരന് ഇതൊന്നും കാണണ്ട അവസ്ഥയില്ല, അറപ്പ്. ഇത് ഒരു യാത്രക്കാരന്റെ മാത്രമല്ല, തീവണ്ടിയില്‍ വന്നിറങ്ങുന്ന ഭൂരിഭാഗത്തിനും ഈ കാഴ്ച അറപ്പ് തന്നെയാകും ഉളവാക്കുക.''എന്റെ മോളേ, ആരുടെയും മുമ്പില്‍ കൈ നീട്ടണ്ടല്ലോ അന്നോര്‍ത്താ ഈ ജോലിക്ക് വന്നത്. വന്ന സമയത്ത് 50 രൂപയായിരുന്നു കൂലി, ഇപ്പോ 150 ഉണ്ട്.കുടുംബം പോറ്റണ്ടേ..'' പറയുന്നത് നോര്‍ത്ത് സ്റ്റേഷനിലെ ജലജ ചേച്ചി.
ജലജയ്ക്കാണ് കൂട്ടത്തില്‍ സീനിയോറിറ്റി. 16 വര്‍ഷമായി ഈ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. അന്നന്നത്തേക്ക് കഴിയാം എന്നല്ലാതെ ഇവര്‍ക്കാര്‍ക്കും യാതൊരു സമ്പാദ്യവും ഈ ജോലി കൊണ്ടില്ല.ആലുവയിലാണ് ജലജയുടെ വീട്. പുറമ്പോക്കില്‍ വെച്ചുകെട്ടി താമസിക്കുന്നു. രണ്ട് മക്കളുണ്ട്്. മകളെ വിവാഹം കഴിച്ചയച്ചു.'' ഭര്‍ത്താവ് കുടിയും തല്ലുമൊക്കെയായിരുന്നു.. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചൊവ്വല്ലാര്‍ന്നു.. അങ്ങേര് പോയ ശേഷമാണ് കുടുംബം പോറ്റാന്‍ ഈ പണിക്കിറങ്ങിയത്.'' ചേച്ചി തുടര്‍ന്നു. ഈ ജോലിക്കു വന്നതില്‍ നിന്നു കിട്ടിയ പണം കൊണ്ടല്ല മകളെ കെട്ടിച്ചയച്ചത്, വീട്ടുകാരും നാട്ടുകാരും സഹായിച്ചു അത്രതന്നെ.
കരാര്‍ നിയമനമാണ് ഇവരുടേത്. രണ്ടുവര്‍ഷത്തേക്കാണ് നിയമനം.ഓരോ തവണയും കരാറുകാരന്‍ മാറിക്കൊണ്ടിരിക്കും. ആരു വന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി എന്ന മട്ടിലാണ് കൂലി വര്‍ധന. കുറച്ചു നാള്‍മുമ്പ് കൂലി വര്‍ധനയ്ക്കായി എല്ലാവരും മുറവിളി കൂട്ടിയിരുന്നു. ഇതിന്റെ ഭാഗമായി റയില്‍വേ ഉദ്യോഗസ്ഥരും കരാറുകാരും ചവിട്ടിപ്പിടിച്ചെന്ന പോലെയാണ് 150ല്‍ ഒറ്റപ്പിടുത്തം പിടിച്ചത്. ഒടുവില്‍ ഈ വര്‍ധനയില്‍ ഈ പാവങ്ങള്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു.''എന്റെ ഒരു കണ്ണ് അടര്‍ന്നു പോരേണ്ടതായിരുന്നു എന്നാ തേവരയിലെ ആ കണ്ണാശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞത്. പിന്നെ അന്നു സന്ധ്യയോടെ തന്നെ ഓപ്പറേഷന്‍ ചെയ്തു.'' ഇത് പൊന്നുചേച്ചിയുടെ ജീവിതമാണ്. ഒന്നര വര്‍ഷം മുമ്പ് ട്രാക്ക് ക്ലീന്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ തീവണ്ടി ഒരെണ്ണം അടുത്ത പാളത്തിലൂടെ പാഞ്ഞങ്ങു പോയി. പോയപോക്കില്‍  ഇരുമ്പിന്റെ ഒരു കഷണം കൃഷ്ണമണിയില്‍ കൊണ്ടു. കണ്ണില്‍ നിന്നും ചോര വന്നു. ഉടന്‍ കരുവേലിപ്പടിയിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ആരംഭിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായില്ലെന്നു മാത്രമല്ല, കണ്ണ് പഴുത്ത് അടര്‍ന്നു പോരാനുള്ള പരുവമായിരുന്നു.അവസാനം തേവരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കണ്ണാശുപത്രിയിലേക്കാണ് അനിയത്തി കൊണ്ടുപോയത്. 
വീട്ടുകാര്‍ സഹായിച്ചതുകൊണ്ട് എന്റെ കണ്ണ് ഇന്നുമുണ്ട്.ഒത്തിരി രൂപയായി ചികിത്സാച്ചെലവ്. ഇവിടെ നിന്നും ആനുകൂല്യങ്ങള്‍ ഒന്നു തന്നെ ലഭിച്ചില്ല. ഒടുവില്‍ ഒപ്പം ജോലിചെയ്യുന്നവരും സൂപ്പര്‍വൈസര്‍മാരുമൊക്കെ പിരിവിട്ട് കുറച്ചു കാശ് തന്നു. പിന്നെ മകന്റെ മാല പണയംവച്ചുമൊക്കെ ആവശ്യം സാധിച്ചു. ഈ കടമൊക്കെ തീര്‍ന്നു വരുന്നതേയുള്ളു. പൊന്നു ചേച്ചി അത്ര ലാഘവത്തോടെയല്ലാത്ത ചിരി ചിരിച്ചുകൊണ്ട് പറയുന്നു. പൊന്നുചേച്ചിക്ക് സ്വന്തമായി വീടില്ല. ഒരു മകനാണ്. മകന്‍ ഇപ്പോള്‍ മരപ്പണി ചെയ്യുന്നുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി.കരാര്‍ ജോലിക്കാരായതുകൊണ്ടാകാം പി എഫും ഇ എസ് ഐ ഉള്‍പ്പെടെയുള്ള യാതൊരു ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. മാസത്തില്‍ രണ്ടു ഓഫാണ് ഇവര്‍ക്കുള്ളത്. അതിലേറെയായാല്‍ ആ ദിവസത്തെ കൂലി പിടിക്കും. എത്ര വയ്യെങ്കിലും ആകെ കിട്ടുന്ന തുച്ഛമായ കാശും പോകണ്ടന്നു കരുതി ഇവര്‍ ജോലിക്കെത്തും.
ഇത് എറണാകുളം നോര്‍ത്ത് റയില്‍വേസ്റ്റേഷനിലെ മാത്രം ദുരവസ്ഥയാണെന്നു കരുതരുത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്റ്റേഷനുകളിലെ ഈ തൊഴിലെടുക്കുന്നവരുടെ മൊത്തം അവസ്ഥയാണ്. സൗത്ത് സ്‌റ്റേഷനില്‍ സ്ഥിതിയല്‍പ്പം മാറിയിട്ടുണ്ട്. അവിടെ പി എഫും ഇ എസ് ഐയുമൊക്കെ ആയെന്നാണ് അറിയാന്‍ കഴിയുന്നത്.
നോര്‍ത്ത് സ്റ്റേഷനില്‍ ആകെ ഇരുപത്തിരണ്ട് തൊഴിലാളികളാണുള്ളത്. രാവിലെ 10 പേരുണ്ടാകും. ഉച്ചയ്ക്ക് ഏഴു പേരും രാത്രിയില്‍ അഞ്ചുപേരും ജോലിക്കു കാണും. ഒരാള്‍ മാത്രമാണ് ആണ്‍പ്രജ. നോര്‍ത്ത് സ്റ്റേഷനിലെ കണക്കുവച്ചു കൂട്ടിയാല്‍ തന്നെ അങ്ങോളമിങ്ങോളമുള്ള സ്റ്റേഷനുകളിലെ തൊഴിലാളികള്‍ എത്രയുണ്ടാകുമെന്ന് ഊഹിച്ചു നോക്കാവുന്നതേയുള്ളു. സുഖമില്ലാതെ വന്നാല്‍ അഡ്വാന്‍സ് തുക ചോദിക്കാനും ഇവര്‍ക്ക് പേടിയാണ്. കാരണം തന്ന തുക ഒരുമിച്ച് പിടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വല്യ താല്‍പര്യമാണ്. അത് കുറേശ്ശെ പിടിക്കുകയായിരുന്നെങ്കില്‍ എന്ന് എല്ലാവരും ഒറ്റശബ്ദത്തോടെ ചോദിക്കുന്നു. ഒരസുഖം വന്നാല്‍പ്പോലും അവധിയെടുക്കാന്‍ ഇവര്‍ക്ക് നിര്‍വാഹമില്ല.ചോര്‍ന്നൊലിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂര. ഇതില്‍ നിന്നും വീഴുന്ന വെള്ളത്തില്‍ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന്‍ വീണു. വീണതിനും ചീത്ത കേട്ടത് അവിടം തുടയ്ക്കാന്‍ നിന്ന തൊഴിലാളിക്ക്. 200 മീറ്ററോളം വരുന്ന പ്ലാറ്റ്‌ഫോം തുടച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയാണ്. ഒരു നിമിഷം പോലും വെറുതെയിരിക്കാനില്ല. തുടച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും ഞങ്ങളാണ് ചീത്ത കേട്ടത്. മുകളിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്കും ഞങ്ങള്‍ പഴി കേള്‍ക്കണം. ഇന്‍സ്‌പെക്ഷനു മഴയില്ലാത്ത സമയത്ത് വന്നാല്‍ എങ്ങനെയാണ് ചോര്‍ന്നൊലിക്കുന്നത് കാണാന്‍ കഴിയുന്നത്? തൊഴിലാളികള്‍ ചോദിക്കുന്നു.ഈ സെപ്റ്റംബറോടെ ഈ കോണ്‍ട്രാക്ട് അവസാനിക്കും. പുതിയ കോണ്‍ട്രാക്ടര്‍ ആരാണെന്നറിയില്ല. കൂലി കൂട്ടി ലഭിക്കുമോ എന്നുമറിയില്ല. മുന്‍പൊരിക്കല്‍ കോണ്‍ട്രാക്ട് ശരിയാകാന്‍ വൈകിയതുമൂലം 22 ദിവസത്തോളം വീട്ടിലിരിക്കേണ്ടി വന്നു. ഇത്തവണയെങ്കിലും കോണ്‍ട്രാക്ട് പുതുക്കുമ്പോള്‍ പി എഫും ഇ എസ് ഐയും കൂലി വര്‍ധനയുമൊക്കെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവര്‍. ഓരോ സ്റ്റേഷനിലെയും ഓരോ തൊഴിലാളിയുടെയും പ്രതീക്ഷയാണ് ഇത്. കോണ്‍ട്രാക്ടര്‍മാര്‍ ഓരോതവണയും കരാര്‍ കൂടിയ തുകയ്ക്ക് പിടിക്കുമ്പോഴും ഇവരുടെ പിടുത്തവും വലിയുമൊക്കെ കഴിഞ്ഞ് ഇവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനം മാത്രം. ഇവര്‍ക്കായി ശബ്ദിക്കാന്‍ ഒരുരാഷ്ട്രീയപാര്‍ട്ടിയും  മുന്നോട്ടു വന്നിട്ടില്ല എന്നതാണ്വ സ്തുത. റയില്‍പാളങ്ങളും പ്ലാറ്റ്‌ഫോമുകളും വൃത്തിയാക്കി ഉരുകിത്തീരുന്ന ഇവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ ചൂളം വിളി എന്നെങ്കിലും ഉയരുമോ?

                                     പ്രൊഫ്‌ . ജോണ്‍ കുരാക്കാർ 

No comments: