ഊര്‍മിള ഗിരീഷ്
കേരളീയര്‍ക്കെല്ലാം തന്നെ സന്തോഷവും അഭിമാനവും
തോന്നിയ നിമിഷമായിരുന്നു ശ്രേഷ്ഠഭാഷാ പദവി എന്ന അംഗീകാരം നമ്മുടെ മാതൃഭാഷയ്ക്ക്
ലഭിച്ച നിമിഷം. പക്ഷേ ആ മാതൃഭാഷയ്ക്ക് വേണ്ടത്ര അംഗീകാരം നമ്മള്‍
കൊടുത്തിട്ടുണ്ടോ എന്നത് നാം നമ്മോടുതന്നെ ചോദിക്കേണ്ട ഒന്നാണ്. മലയാളത്തെയും
മലയാള സാഹിത്യത്തെയും സ്‌നേഹിച്ച, ആ അറിവ് മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്‍കി,
ഒരുപാടു സിവില്‍ സര്‍വീസുകാരെ വാര്‍ത്തെടുക്കാന്‍ സഹായിച്ച ഒരാളാണ് മിനിനായര്‍.
ഇന്നു സിവില്‍ സര്‍വീസ് എന്ന മോഹവുമായി അനേകം വിദ്യാര്‍ഥികള്‍ മലയാളഭാഷയെ സ്‌നേഹിക്കുന്നുവെന്നതില്‍
മിനിനായരുടെ പങ്ക് വളരെ വലുതാണ്.
സിവില്‍ സര്‍വീസ്
പരിശീലനവും മലയാള ഭാഷയും എങ്ങനെ നോക്കിക്കാണുന്നു?
സിവില്‍ സര്‍വീസ് വിദ്യാര്‍ഥികളില്‍ മലയാള
ഭാഷയോടുള്ള താല്‍പര്യം കണ്ടുതുടങ്ങിയിട്ട് ഏകദേശം പന്ത്രണ്ടുവര്‍ഷമായി. ആദ്യ
കാലങ്ങളില്‍ മുതിര്‍ന്ന മലയാളം അധ്യാപകര്‍ മലയാളത്തിന് സിവില്‍ സര്‍വീസില്‍
വളരെക്കുറച്ചു മാര്‍ക്കാണ് കൊടുത്തിരുന്നത്. എന്നാല്‍, ഏകദേശം ഏഴെട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ്
അശ്വതി, ഹരികിഷോര്‍ എന്നീ രണ്ടു വിദ്യാര്‍ഥികള്‍ മലയാളം ഐഛികവിഷയമായെടുത്ത് ഉയര്‍ന്ന
റാങ്കുകള്‍ നേടിയതിനുശേഷമാണ് പലരും മലയാളത്തോട് താല്‍പര്യം കാണിക്കാന്‍
തുടങ്ങിയത്. ഇന്നു മലയാളം ഐഛികവിഷയമായെടുക്കുന്നവരില്‍ കൂടുതലും സി ബി എസ് ഇ സ്‌കൂളുകളില്‍
പഠിച്ച് ബി ടെക് കഴിഞ്ഞു വരുന്നവരാണ്. പലരും മലയാളം എട്ടാം ക്ലാസ് വരെ
മാത്രം പഠിച്ചവര്‍.
സിവില്‍ സര്‍വീസ്
വിദ്യാര്‍ഥികളുടെ സാഹിത്യ അഭിരുചി
വിദ്യാര്‍ഥികളില്‍ പലരും മലയാളം എഴുതിയിട്ട്
അഞ്ചു വര്‍ഷത്തോളമായവര്‍ ആണ്. അഗാധമായി വായിക്കാന്‍ അവര്‍ക്ക് സമയം കുറവാണ്.
പക്ഷേ മലയാള സാഹിത്യത്തില്‍ ഏതു വായിക്കണമെന്ന് പറയാന്‍ കഴിവുള്ള ഒരു
വഴികാട്ടിയുണ്ട് എന്നതുകൊണ്ട് അവര്‍ മലയാള സാഹിത്യത്തില്‍ അതിയായ താല്‍പര്യം
പ്രകടിപ്പിക്കുന്നു. സിവില്‍ സര്‍വീസ് പരീക്ഷ ശരിക്കും പഠിച്ച് ജോലികിട്ടാന്‍
വേണ്ടിയുള്ള ഒന്നാണ്, അല്ലാതെ പഠിച്ച് പാസാകാന്‍ വേണ്ടിയുള്ള ഒന്നല്ല. പല
കുട്ടികളും സാഹിത്യം പഠിച്ചെടുക്കുമ്പോള്‍ മലയാളത്തില്‍ എം എ ചെയ്യാന്‍ താല്‍പര്യം
കാണിക്കുന്നു. ബഷീര്‍, മാധവിക്കുട്ടി തുടങ്ങിയവരുടെ കഥകള്‍ സിവില്‍ സര്‍വീസ്
സിലബസില്‍ തന്നെ ഇല്ല. സ്ത്രീ എഴുത്തുകാരികളുടെ കഥകള്‍ ഒന്നു തന്നെ ഇല്ല എന്നത്
വളരെ ദുഃഖകരമായ ഒന്നാണ്.
സിവില്‍ സര്‍വീസ്
വിദ്യാര്‍ഥികള്‍ മലയാളഭാഷ മാര്‍ക്ക് കിട്ടുന്ന ഒന്നായി മാത്രമാണോ കാണുന്നത്,
അവര്‍ക്ക് ഭാഷയോട് ആത്മാര്‍ഥമായ താല്‍പര്യം ഉണ്ടോ?
സാഹിത്യം എന്നു പറയുന്നത് സംസ്‌ക്കാരം
തന്നെയാണ്. സംസ്‌ക്കാരം ഉള്‍ക്കൊള്ളുകയാണ് വിദ്യാര്‍ഥികള്‍ ചെയ്യുന്നത്. അവരുടെ
വായന എന്നത് സിലബസ്സില്‍ മാത്രം ഒതുങ്ങുന്നു. എങ്കിലും പഠിച്ചെടുക്കുമ്പോള്‍
പിന്നീടവര്‍ ഭാഷയോട് അതിയായ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. അവരുടെ സിലബസില്‍
തുള്ളല്‍ പ്രസ്ഥാനമോ ആട്ടക്കഥയോ സഞ്ചാരസാഹിത്യമോ ഇല്ല. പന്ത്രണ്ടുവര്‍ഷമായി
സിലബസില്‍ മാറ്റം വന്നിട്ട്. പക്ഷേ ചോദ്യങ്ങള്‍ മാറുന്നു എന്നതുകൊണ്ട് ഇതിനെ
എല്ലാം കുറിച്ച് അറിഞ്ഞിരിക്കണം.
മലയാള ഭാഷാ അധ്യാപനം
വിദ്യാര്‍ഥികളെ ഭാഷയോട് അടുപ്പിക്കുന്നുണ്ടോ?
സിവില്‍ സര്‍വീസ് പരിശീലനത്തിന് മലയാളഭാഷ
പഠിപ്പിക്കുമ്പോള്‍ ഞാനൊരിക്കലും പുസ്തകം വച്ച് പഠിപ്പിക്കാറില്ല. കാണാതെ
പറയുന്നതിലാണ് എനിക്കു താല്‍പ്പര്യം. വിദ്യാര്‍ഥികളെ മലയാളത്തില്‍ സംസാരിക്കാന്‍
പ്രേരിപ്പിക്കാറുണ്ട്. പല സിവില്‍ സര്‍വീസ് വിദ്യാര്‍ഥികളും എം എ മലയാളം
കാരെക്കാളും നന്നായി മലയാളം എഴുതാറുണ്ട്. മനോഹരമായ കവിതകള്‍ ഞാന്‍ കാണാതെ
ചൊല്ലാറുണ്ട് ക്ലാസില്‍, അപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും കവിതകള്‍ കാണാതെ
പഠിക്കാന്‍ താല്‍പര്യം ഉണ്ടാകാറുണ്ട്.
മലയാളത്തോടുള്ള
മലയാളികളുടെ കാഴ്ചപ്പാടു എത്രത്തോളം മാറി?
മലയാളം അറിയില്ല എന്നു പറയുന്നത് ഒരു അന്തസ്സായി
കണക്കാക്കുന്നവരാണ് മലയാളികളില്‍ അധികവും. സ്വന്തം ഭാഷ പഠിപ്പിക്കുന്നത് ഒരു
അപമാനമായി ഇക്കൂട്ടര്‍ കാണുന്നു. പണ്ടുകാലത്തെ അധ്യാപകരില്‍ പലരും ഗവേഷണ
പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. എന്നാല്‍ ഇന്നത്തെ സി ബി എസ് ഇ സ്‌കൂളുകളില്‍
പലയിടത്തെ കുട്ടികള്‍ക്കും മലയാളവും ഇംഗ്ലീഷും നേരെ എഴുതാന്‍ പോയിട്ട്
സംസാരിക്കാന്‍പോലും അറിയില്ല എന്ന അവസ്ഥയാണ്. സാഹിത്യം എന്നത് വ്യക്തിബദ്ധവും
വ്യക്തിനിഷ്ഠവുമായ ഒന്നാണ്. ഏത് പുസ്തകം ഞാന്‍ വായിക്കണം എന്ന് ഒരു കുട്ടി
ചോദിക്കുമ്പോള്‍ ശരിയായ മാര്‍ഗദര്‍ശനം നല്‍കാന്‍ താല്‍പര്യവും കഴിവും ഉള്ളവര്‍
ഇല്ല. സാഹിത്യം എന്ന സംസ്‌ക്കാരം പകര്‍ന്നുകൊടുക്കാന്‍ കഴിവില്ലാതെ പോയി.
രക്ഷാകര്‍ത്താക്കളും അധ്യാപകരുമാണ് അതിനുത്തരവാദികള്‍.
മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കായി
എന്തെല്ലാമാണ് അനിവാര്യമായി ചെയ്യേണ്ടത്?
മലയാള ഭാഷയെ വളര്‍ത്താന്‍ തക്ക രീതിയിലുള്ള
പദ്ധതികള്‍, സെമിനാറുകള്‍ തുടങ്ങിയവ നടത്തുക. മലയാള ഭാഷയില്‍ അസാധാരണമായ ജോലി
സാധ്യതയും നേട്ടങ്ങളും വളര്‍ത്തുകയാണെങ്കില്‍ തന്നെ മലയാളികളുടെ ഭാഷയോടുള്ള
മോശമായ മനോഭാവം മാറ്റാന്‍ സാധിക്കും. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, എന്‍സൈക്ലോപീഡിയ,
അധ്യാപനം തുടങ്ങിയ മേഖലകളില്‍ മലയാളഭാഷ മികവുള്ളവര്‍ക്ക് അനന്തമായ ജോലി
സാധ്യതകളാണ്. ഇന്നത്തെ തലമുറയില്‍ വായന ഒട്ടും നശിച്ചിട്ടില്ല. പക്ഷേ മലയാള
സാഹിത്യത്തോടുള്ള മലയാളികളുടെ സമീപനം മാറേണ്ടത് അനിവാര്യമാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
...
|
No comments:
Post a Comment