Pages

Sunday, July 28, 2013

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

വിദ്യാധനം സര്വ്വധനാല്പ്രധാനം
അജിന മോഹന്
Suja Karthikaവിദ്യാഭാസ കാലഘട്ടത്തില്‍ സിനിമയില്‍ എത്തുന്ന പല താരങ്ങള്‍ക്കും അവരുടെ വിദ്യാഭാസം പൂര്‍ത്തീകരിക്കാന്‍ കഴിയാറില്ല. പിന്നീടുള്ള അവരുടെ ജീവിതം സിനിമയുടെ മാസ്മരികതയില്‍ ലയിക്കുന്നു. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് പാറിനടക്കുമ്പോഴും തന്റെ പാഠപുസ്തകങ്ങളെ സുജകാര്‍ത്തിക ഒപ്പം കൂട്ടിയിരുന്നു. അതാണ് സുജയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയതും. സിനിമയിലെ ഭാവി അനിശ്ചിതത്വം നിറഞ്ഞതാണെന്നുംവിദ്യാഭ്യാസത്തിന് ജീവിതത്തില്‍ വലിയൊരു സ്ഥാനമുണ്ടെന്നും തിരിച്ചറിഞ്ഞ സുജ സിനിമയേക്കാള്‍ പ്രാധാന്യം നല്‍കിയത് പഠനകാര്യങ്ങള്‍ക്കാണ്. തുടര്‍ന്ന് അദ്ധ്യാപനത്തിലേക്ക് തിരിഞ്ഞ സുജ വിവാഹം കഴിഞ്ഞ് അമ്മയായിട്ടും ഉപരിപഠനത്തിലാണ്.പി.എച്ച്.ഡി എടുത്ത് ഡോക്ടറേറ്റ് നേടുകയാണ് ലക്ഷ്യം.

കാക്കനാടുള്ള അബാദ് പ്ലാസ അപ്പാര്‍ട്ട്‌സ്‌മെന്റിലെ സുജയുടെ ഫ്‌ളാറ്റില്‍ എത്തിയേപ്പാള്‍ സ്വീകരിച്ചത് കുഞ്ഞു റിത്വിയുടെ കരച്ചിലാണ്. ക്‌ളാസില്‍ നിന്ന് അപ്പോള്‍ മടങ്ങിയെത്തിയതേയുള്ളു സുജ. മണിക്കൂറുകള്‍ക്ക് ശേഷം അമ്മയെ വീണ്ടും കണ്ടപ്പോള്‍ കരഞ്ഞുകൊണ്ടാണ് റിത്വി പരിഭവം തീര്‍ത്തത്. കുഞ്ഞിനെ സാന്ത്വനിപ്പിച്ച് അമ്മയുടെ കൈയില്‍ കൊടുത്തിട്ട് സുജ വന്നിരുന്നു തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി....
''പഠിച്ചു തുടങ്ങിയ കാലം മുതല്‍ മനസ്സിലെ ആഗ്രഹമായിരുന്നു എന്റെ പേരിനൊപ്പം ഡോക്ടര്‍ എന്നു ചേര്‍ത്തു പറയണമെന്ന്. അപ്രതീക്ഷിതമായി സിനിമയില്‍ എത്തുകയും പെട്ടെന്ന് തിരക്കാകുകയും ചെയ്തപ്പോള്‍ ആ മോഹത്തിന് തല്ക്കാലം വിരാമമിട്ടു.''
പഠനം മോഹമായി കൊണ്ടു നടക്കുമ്പോഴും കലയെയും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു.മൂന്നു വയസ്സുമുതല്‍ ക്ലാസിക്കലായി നൃത്തം പഠിച്ചു. നൃത്ത വേദികളില്‍ തിളങ്ങിയപ്പോള്‍ മലയാളിമാമന് വണക്കം എന്ന സിനിമയിലേക്കുള്ള അവസരം വന്നു. അന്ന് ഞാന്‍ പത്താംക്‌ളാസിലേക്ക് കടന്നതേയുള്ളു.തിരക്കു കാരണം സ്‌കൂളില്‍ പോകാന്‍ പറ്റിയില്ല. സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. അതേ സമയം സിനിമയില്‍ നിന്ന് പെട്ടെന്ന് പോകാനും തോന്നിയില്ല. അങ്ങനെ കൊമേഴ്‌സ് പ്രധാന വിഷയമായി പ്ലസ്ടുവിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്തു.


ലൊക്കേഷനില്‍ വീണു കിട്ടുന്ന ഇടവേളകളില്‍ ഞാനെന്റെ പുസ്തകവുമായി ഒരിടത്തിരിക്കും. പിന്നെ തനിയെ വായിച്ചു പഠിക്കും. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിലും കൂടുതല്‍ സമയം മാറ്റി വയ്ക്കുന്നത് പഠിക്കാനാണ്. ചില സമയങ്ങളില്‍ ഡാന്‍സ് പ്രോഗ്രാമുകള്‍ ഉണ്ടാകാറുണ്ട്. നൃത്തവും അഭിനയവും പഠനവും ഒരു പോലെ കൊണ്ടു പോകാന്‍ ശ്രമിച്ചു. അന്ന് എന്റെ കഥാപാത്രം നന്നാകാന്‍ വേണ്ടി ഞാന്‍ കഷ്ടപ്പെട്ടിട്ടില്ല. കിട്ടുന്ന സമയം മാറ്റി വച്ചത് പഠനത്തിനാണ്. ട്യൂഷന്‍ ഇല്ലാതെയാണ് പഠിച്ചത് .എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അച്ഛനോട് ചോദിക്കും.'
സുജയുടെ അച്ഛന്‍ ഡോ. ടി. കെ. സുന്ദരേശന്‍ ഇപ്പോള്‍ കോതമംഗലം മരിയന്‍ അക്കാഡമിയുടെ ഡയറക്ടറാണ്. അമ്മ ജയ വീട്ടമ്മയും . രണ്ട് ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമുള്ള അച്ഛനാണ് സുജയുടെ റോള്‍ മോഡല്‍. '' അച്ഛന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഡോ. സുജകാര്‍ത്തികയെന്ന വിളി കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന് ഞാന്‍ നിരാശപ്പെട്ട സന്ദര്‍ഭത്തില്‍ ആത്മവിശ്വാസം നല്‍കിയത് അച്ഛന്റെ വാക്കുകളാണ്.
'എം. ബി. ബി.എസ് ഡോക്ടര്‍ ആവാന്‍ പറ്റിയില്ലന്നല്ലേയുളളു. നിനക്ക് എന്നെ പോലെ ഏതെങ്കിലും വിഷയത്തില്‍ ഡോക്ടറേറ്റ് എടുക്കാമല്ലോ. അപ്പോഴും നിന്നെ എല്ലാവരും ഡോ. സുജകാര്‍ത്തികയെന്നു വിളിക്കും.'പ്ലസ്ടുവിനു നല്ല മാര്‍ക്കോടെ പാസ്സായി. ഉടന്‍ തന്നെ ബികോമിനു ചേര്‍ന്നു. അതും പ്രൈവറ്റായിട്ടാണ് ചെയ്തത്. അപ്പോഴേക്കും അഭിനയത്തേക്കാള്‍ നന്നായി പഠിക്കണമെന്ന ആഗ്രഹമായിരുന്നുമനസ്സില്‍. സിനിമയില്‍ അഭിനയിച്ചിരുന്നപ്പോള്‍ തന്നെ എം കോമും പാസ്സായി. തുടര്‍ന്നും പഠിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇനി പഠിക്കണെമങ്കില്‍ അഭിനയം നിര്‍ത്തണം. അങ്ങനെ 2007 -ല്‍അഭിനയരംഗത്തു നിന്ന് പിന്‍വലിഞ്ഞു.ആ തീരുമാനം ഒരു അപൂര്‍വനേട്ടം സമ്മാനിച്ചു.എം. ബി. എ ക്ക് തുല്യമായ പി. ജി. ഡി. എം (പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്) എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും നേടിയാണ് പാസ്സായത്.
സിനിമയില്‍ നിന്ന് അകന്ന സുജ എത്തിയത് ആലുവ എസ്.സി.എം.എസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിട്ടാണ്. അഭ്രപാളിയിലെ താരം സഹപാഠിയായി എത്തിയപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. ഇതിന്റെ ആവശ്യമുണ്ടോ എന്നു ചോദിച്ചവരും ചുരുക്കമല്ല. ആദ്യമായി ക്ലാസില്‍ എത്തിയപ്പോള്‍ പലരും ആരാധനയോടെ സിനിമാ വിശേഷങ്ങള്‍ ചോദിക്കാനെത്തി. പതിയെ പ്രൊഫഷണല്‍ കോഴ്‌സിന്റെ സീരിയസ്‌നെസ്സില്‍ ക്ലാസ് മുങ്ങിയപ്പോള്‍ ഞാന്‍ സിനിമാ താരമാണെന്ന ചിന്ത തന്നെ സഹപാഠികളുടെ ഇടയില്‍ ഇല്ലാതെയായി. റാങ്ക് കിട്ടിയപ്പോള്‍ അദ്ധ്യാപകരും സഹപാഠികളും അഭിനന്ദിച്ചത് മറക്കാന്‍ കഴിയില്ല.
''ഞങ്ങള്‍ക്ക് കഴിയാത്തത് ഒരു കലാകാരിയായിട്ടു കൂടി സുജയ്ക്ക് കഴിഞ്ഞല്ലോ.'ഞാനെടുത്ത തീരുമാനത്തില്‍ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്...അദ്ധ്യാപനത്തിന്റെ മഹത്വം...

''അച്ഛന്‍ അദ്ധ്യാപകനായതുകൊണ്ട് സമൂഹത്തില്‍ ഒരദ്ധ്യാപകനു ലഭിക്കുന്ന ബഹുമാനവും സ്‌നേഹവും എന്താണെന്നു തിരിച്ചറിഞ്ഞിരുന്നു. ഒരു സിനിമാ താരത്തിനു ലഭിക്കുന്ന സ്‌നേഹാദരത്തേക്കാള്‍ വലുതാണത്. അതുകൊണ്ടു തന്നെ അദ്ധ്യാപികയാവണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു. എസ്.സി.എം.എസ് കോളേജിലാണ് ആദ്യമായി അദ്ധ്യാപികയാകുന്നത്. അതു കഴിഞ്ഞ് കോതമംഗലത്തെ മരിയന്‍ കോളേജിലും പഠിപ്പിച്ചു. പി.ജി. വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് എടുത്തത്. ഒരു അദ്ധ്യാപികയ്ക്ക് കിട്ടുന്ന സ്‌നേഹവും ബഹുമാനവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. എന്തെങ്കിലും ആവശ്യത്തിനായി പുറത്തേക്ക് പോകുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയെ എങ്കിലും കണ്ടുമുട്ടും. ഒരിക്കല്‍ ഒരു സ്ഥാപനത്തില്‍ ചെന്നപ്പോള്‍ ക്യൂ നില്‍ക്കേണ്ടതായി വന്നു. ഞാന്‍ അവിടെ നിന്നപ്പോള്‍എന്റെ ഒരു വിദ്യാര്‍ത്ഥി ഓടി വന്നിട്ട് ടീച്ചര്‍ അവിടെ പോയി ഇരുന്നോളൂ ഞാന്‍ ക്യൂവില്‍ നിന്നോളാം.''സിനിമാനടി മാത്രം ആയിരുന്നെങ്കില്‍ ഒരിക്കലും എനിക്കുവേണ്ടി ക്യൂവില്‍ നില്‍ക്കുകയോ മാറിത്തരികയോ ചെയ്യില്ല. ഇത് അദ്ധ്യാപികയായതുകൊണ്ടു മാത്രം ലഭിച്ച ഭാഗ്യമാണ്.

വീണ്ടും വിദ്യാര്‍ത്ഥിനി...അദ്ധ്യാപികയായി, ആഗ്രഹിച്ചതു പോലെ വിവാഹിതയായി, കുഞ്ഞിന്റെ അമ്മയായി. അപ്പോഴും എന്റെ ലക്ഷ്യത്തില്‍ എത്തിയില്ല. മോന്‍ റിത്വികിന് മൂന്നു മാസമായപ്പോള്‍ പി. എച്ച്. ഡി ക്ക് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. സാമ്പത്തികശാസ്ത്രത്തില്‍ മുഴുവന്‍ സമയ ഗവേഷണംനടത്തിക്കൊണ്ടിരിക്കുന്നു. കുഞ്ഞിനെ ഭര്‍ത്താവിന്റെ അമ്മയുടെ കൈയില്‍ കൊടുത്തിട്ടു രാവിലെ പോകുമ്പോള്‍ സങ്കടം വരും. എന്നാലും പോയല്ലേ പറ്റൂ.'' സുജയുടെ വാക്കുകളില്‍ ആത്മവിശ്വാസം നിറയുന്നു. താല്കാലികമായി അദ്ധ്യാപികയുടെ വേഷം അഴിച്ചു വച്ചതും ലക്ഷ്യത്തില്‍ എത്തിച്ചേരാനാണ്.ബെസ്റ്റ് ഫ്രണ്ട്...ഭര്‍ത്താവ് രാകേഷ് മുംബൈ ആസ്ഥാനമാ യുള്ള മര്‍ച്ചന്റ്‌നേവി കമ്പനിയില്‍ മൈറന്‍ എന്‍ജിനീയറാണ്. ആറുമാസം ജോലി. ആറുമാസം അവധി. മൂന്നുവര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. എന്റെ അച്ഛനും അമ്മയും കഴിഞ്ഞാല്‍ പഠിക്കുന്നതിന് പിന്തുണയും പ്രോത്സാഹനവും നല്‍കിയത് രാകേഷാണ്.
ഭര്‍ത്താവിലുപരി എന്റെ ബെസ്റ്റ് ഫ്രണ്ടാണ് രാകേഷ്. ഒരു ക്ലാസില്‍ പഠിച്ചവരാണ് ഞങ്ങള്‍. ചെറിയ ക്ലാസ് മുതല്‍ നല്ല കൂട്ടുകാരായിരുന്നു. പത്താം ക്ലാസ് വരെ ഒന്നിച്ചാണ് പഠിച്ചത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പതിനാലുവര്‍ഷം പ്രണയിച്ചശേഷമാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. നടിയായതുകൊണ്ട് പരസ്യമായി പ്രണയിച്ചു നടക്കാന്‍ പറ്റില്ല.അതുകൊണ്ട് ഞങ്ങളുടെ ഇഷ്ടംഫോണ്‍കോളുകളില്‍ മാത്രം ഒതുങ്ങി. രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പരസ്പരം അറിയുന്ന കുടുംബങ്ങളായിരുന്നു.
ഈ വര്‍ഷമാണ് റ്വിത്വിക് ഉണ്ടാകുന്നത്. അവനു മൂന്നു മാസമായപ്പോള്‍ രാകേഷ് അവധി കഴിഞ്ഞ് തിരികെ പോയി.രാകേഷ് ഇവിടെ ഇല്ലാത്തതുകൊണ്ട് ഒരച്ഛന്റെയും അമ്മയുടെയും സ്‌നേഹം ഞാന്‍ അവന് നല്‍കണം. അവന്റെ സ്‌ട്രോളര്‍ എടുത്ത് കാറില്‍ വയ്ക്കുന്നത് മുതല്‍ അവനുമായി കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതുവരെ ചെയ്യണം.രാകേഷ് ഇവിടെയുള്ളപ്പോള്‍ കുഞ്ഞിന്റെ ഒരു കാര്യവും എനിക്ക് അറിയണ്ടായിരുന്നു. ഡയഫ്രം മാറുന്നത് മുതല്‍ കുഞ്ഞിനെ ഉറക്കുന്നതു വരെ എല്ലാക്കാര്യവും ചെയ്‌തോളും.എത്രസമയം ഇല്ലെങ്കിലും കുഞ്ഞിന്റെ കാര്യങ്ങള്‍ക്ക് ഞാന്‍ സമയം കണ്ടെത്താറുണ്ട്.മാതാപിതാക്കളും ഭര്‍ത്താവും കഴിഞ്ഞാല്‍ എന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ ശക്തി കുറെ നല്ല സൗഹൃദങ്ങളാണ്.

സിനിമയില്‍ സൗഹൃദം തുടങ്ങുന്നതും അവസാനിക്കുന്നതും കാവ്യയിലാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും വര്‍ഷങ്ങളായുള്ള പരിചയവും അടുപ്പവും ഉണ്ട്. ഇടയ്‌ക്കെല്ലാം ഞാന്‍ അവളെ കാണാനായി വീട്ടില്‍ പോകാറുണ്ട്. ചിലപ്പോള്‍ ഇങ്ങോട്ട് അവള്‍ വരും.
കാവ്യ കൂടാതെയുള്ള സൗഹൃദം എന്നു പറയുന്നത് ഇപ്പോള്‍ വാട്ട്സ് അപ്പില്‍ എട്ട് അമ്മമാരുടെ ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളെല്ലാം ഈ ഒരു വര്‍ഷത്തിനുള്ളില്‍ അമ്മമാരായവരാണ്. ഞങ്ങളുടെ ചെറിയ ചെറിയ സന്തോഷങ്ങളും ആകുലതകളും ഓരോ മണിക്കൂറിലും ഞങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നു. ശരിക്കും എനിക്ക് ഭയങ്കര ഹെല്‍പ്പാണ് ആ ഗ്രൂപ്പ്. ആ സൗഹൃദകൂട്ടായ്മയെ സിസ്റ്റര്‍ ആക്ട് എന്ന പേരിട്ട് ഞങ്ങള്‍ വിളിക്കുന്നു. ഇവിടെ കൊച്ചിയില്‍ ഒരു ബര്‍ത്ത് വില്ലേജ് ഉണ്ട്. അവിടെ ഡെലിവറി കഴിഞ്ഞെത്തുന്നവര്‍ക്കുവേണ്ടി യോഗ ക്ലാസും അമ്മമാര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളൊക്കെ നല്‍കുന്നു. അവിടെ പോയപ്പോള്‍ കണ്ടുപരിചയപ്പെട്ടതാണ്.
കുഞ്ഞ് ആദ്യമായി കമിഴ്ന്നു വീണപ്പോള്‍, അവന്‍ റ്റാറ്റാ കാണിക്കുമ്പോള്‍ എല്ലാം ആദ്യം പറഞ്ഞത് ഇവരോടാണ്. കുഞ്ഞിന് കൊടുക്കുന്ന ഫുഡ്ഡിനെക്കുറിച്ചുമെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
സ്‌നേഹം തൊട്ടറിഞ്ഞ്...ഒരുദിവസം ഡ്രൈവ് ചെയ്യാന്‍ മടിയായതു കാരണം ടൗണില്‍ പോകാനായി കാക്കനാട്ടുനിന്നും സ്വകാര്യ ബസില്‍ കയറി. കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ വയ്ക്കുന്ന ഗ്ലാസൊക്കെ വച്ചാണ് ബസില്‍ കയറിയത്. കയറിയപ്പോള്‍ മുതല്‍ എല്ലാവരുടെയും കണ്ണുകള്‍ എന്നിലായിരുന്നു. മനസ്സിലുയര്‍ന്ന സംശയഭാവം അവരുടെ കണ്ണുകളില്‍ കാണാം. സണ്‍ ഗ്ലാസ് വച്ച് ആരാണ് ഈ ബസില്‍ യാത്രചെയ്യുന്നത് എന്ന ചിന്തയോടു നോക്കിയവരും ചുരുക്കമല്ല. തിരിച്ചറിയുന്നെങ്കില്‍ തിരിച്ചറിയട്ടെ എന്നു കരുതിഞാന്‍ ഗ്ലാസ് ഊരി.
റോഡില്‍ നിന്നവരും എതിരെ വന്ന ബസിലെ ആളുകളും ജീവനക്കാരും കൈവീശി കാണിക്കുകയും ''ദേ നമ്മുടെ സുജകാര്‍ത്തിക ആ ബസില്‍ ഇരുന്ന് യാത്രചെയ്യുന്നു.'' തുടങ്ങിയ സംഭാഷണങ്ങളും കേള്‍ക്കാമായിരുന്നു. ആറുവര്‍ഷത്തെ ഇടവേള എന്റെ ജീവിത്തില്‍ ഉണ്ടായിട്ടും ആളുകള്‍ എന്നെ മറന്നിട്ടില്ല. മാറിവരുന്ന സിനിമകളാകാം അതിനു കാരണം. മാത്രമല്ല ചില ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്.തിരിച്ചുവരവ്...ഈ നിമിഷം എന്നോട് സിനിമയില്‍ തിരിച്ചുവരുമോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാകും എന്റെ മറുപടി. എന്നാല്‍ ഈ തീരുമാനം മാറാം. എല്ലാം ദൈവത്തിന്റെ കൈയിലാണ്. ഇപ്പോള്‍ എന്റെ ആഗ്രഹം ഡോക്ടറേറ്റ് എടുക്കണം, കുടുംബം നല്ല രീതിയില്‍ മുമ്പോട്ടു കൊണ്ടുപോകണം. ഭാവിയില്‍ ഒരു കുഞ്ഞുകൂടി വേണമെന്നാണ് ആഗ്രഹം. പഠനം കഴിഞ്ഞാല്‍ ഒരു ജോലി നേടണം. വെറുതെ വീട്ടിലിരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എപ്പോഴും തിരക്കുകളിലായിരിക്കാനാണ് എനിക്കിഷ്ടം. ഉടന്‍തന്നെ വീണ്ടും നൃത്തം ചെയ്ത് തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. അത്രയ്ക്ക് നല്ല നര്‍ത്തകിയായതുകൊണ്ടല്ല. ഇനിയും കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹം ഉള്ളതുകൊണ്ടാണ്.
പാചകം ഇഷ്ടമാണ്. പ്രത്യേകിച്ചും ഇന്റര്‍നാഷണല്‍ ഡിഷസ് ഉണ്ടാക്കാനാണ് കൂടുതല്‍ ഇഷ്ടം. രാകേഷിനും അതിനോടാണ് താല്പര്യം. ഏതെങ്കിലും ഒരു ചാനലില്‍ കുക്കറിഷോ ചെയ്യണമെന്നും ആഗ്രഹിക്കുന്നു. എല്ലാ ആഗ്രഹങ്ങള്‍ക്കിടയിലും പഠനം തന്നെയാണ് പ്രധാനം.വിദ്യാഭ്യാസം ശാശ്വതമാണ്. അതിന്റെ നേട്ടങ്ങളും അത് നല്‍കുന്ന അന്തസും സംസ്‌കാരവും എല്ലാം വിലമതിക്കാനാവാത്തതായി ഞാന്‍ കാണുന്നു.

                                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: