Pages

Sunday, July 28, 2013

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തമിഴുനാടിനു സ്വന്തം എന്ന വാദം വിചിത്രമായിരിക്കുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തമിഴുനാടിനു സ്വന്തം എന്ന വാദം വിചിത്രമായിരിക്കുന്നു

തമിഴു നാട് എന്നെങ്കിലും സത്യം മനസിലാക്കും. മധുര കേരളത്തിന്റെ സ്വന്തം ഏതെങ്കിലും മലയാളി പറയുമെന്ന് തോന്നുന്നില്ല.മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തങ്ങള്‍ക്കു സ്വന്തമെന്ന സുപ്രീംകോടതിയിലെ തമിഴ്‌നാടിന്റെ വാദം തികച്ചും വിചിത്രമായിരിക്കുന്നു. തമിഴു നാടിനു എന്തു പറ്റി? ഇത് കേരളമാണ്. കേരളവും തമിഴുനാടുമായി ഒരു കരാറും ഇല്ല. ഉണ്ടെങ്കിൽ തന്നെ അത് രാജാവുമായിട്ടാണ്. 1886ലെ കരാര്‍ അനുസരിച്ചു തമിഴ്‌നാടാണു മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചതെന്നും ഇനി പുതിയ ഡാം ആവശ്യമാണെങ്കില്‍ അതു നിര്‍മിക്കാന്‍ തങ്ങള്‍ തയാറാണെന്നുമാണു സുപ്രീംകോടതിയില്‍ നടക്കുന്ന അന്തിമവാദത്തിനിടയില്‍ തമിഴ്‌നാട്‌ അവകാശപ്പെട്ടത്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ചു സുപ്രീംകോടതി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേരളം ഉന്നയിക്കുന്ന വാദഗതികള്‍ക്കു ശക്‌തിപകരുന്നതായിരുന്നു. കാര്യങ്ങള്‍ കേരളത്തിന്‌ അനുകൂലമാകുന്നുവെന്നു കണ്ടാണ്‌ തമിഴ്‌നാടിന്റെ ഈ മലക്കംമറിച്ചില്‍. 117 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിന്‌ അവകാശമുണ്ടെന്നും ജനങ്ങളുടെ സുരക്ഷയാണു പ്രധാനമെന്നും ഡാം തകരുന്നതിനേക്കാള്‍ വലുതല്ല
മറ്റൊന്നുമെന്നുമുള്ള കോടതിയുടെ വിലയിരുത്തലുകള്‍ തമിഴ്‌നാട്‌ ഇതുവരെ ഉന്നയിച്ചുകൊണ്ടിരുന്ന വാദഗതികള്‍ക്കു ശക്‌തമായ തിരിച്ചടിയായിരുന്നു. തമിഴ്‌നാട്‌ ഉന്നയിച്ച വാദമുഖങ്ങള്‍ക്കെല്ലാം ചുട്ടമറുപടിയാണു കോടതിയുടെ പരാമര്‍ശങ്ങള്‍. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്തണമെന്ന 2006ലെ സുപ്രീംകോടതി വിധി എല്ലാക്കാലത്തും നിലനില്‌ക്കണമെന്നില്ലെന്നും തെറ്റായ വസ്‌തുതകളുടെ അടിസ്‌ഥാനത്തില്‍ ഉണ്ടായ വിധിയാണെങ്കില്‍ റദ്ദാക്കാവുന്നതാണെന്നുമാണു ജസ്‌റ്റിസ്‌ ആര്‍.എം. ലോധ അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച്‌ നിരീക്ഷിച്ചത്‌. മുല്ലപ്പെരിയാറിലെ ജലം പങ്കുവയ്‌ക്കുന്നതുസംബന്ധിച്ച്‌ 1886ലെ കരാറില്‍ തമിഴ്‌നാടിനു കാര്യമില്ലെന്നു കണ്ടെത്തിയാല്‍ പിന്നെയുള്ള എല്ലാ കരാറുകള്‍ക്കും വിധികള്‍ക്കും തുടക്കംമുതല്‍തന്നെ നിയമ പ്രാബല്യമില്ലെന്നു കരുതേണ്ടിവരുമെന്നാണ്‌ ജസ്‌റ്റിസ്‌ ലോധ വ്യക്‌തമാക്കിയത്‌.
2006ലെ വിധി നൂറും ഇരുനൂറും കൊല്ലത്തേക്കു വേണ്ടിയുള്ളതല്ല. ജനങ്ങളുടെ സുരക്ഷയ്‌ക്കു ഭീഷണിയുണ്ടായാല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നിയമനിര്‍മാണത്തിനു സംസ്‌ഥാനത്തിന്‌ അധികാരമുണ്ടെന്ന സുപ്രീംകോടതി പരാമര്‍ശവും തമിഴ്‌നാടിനു തിരിച്ചടിയായിരുന്നു. 2006ലെ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ കേരള നിയമസഭ പുതിയ നിയമം പാസാക്കിയതു സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്ന തമിഴ്‌നാടിന്റെ വാദത്തിനും കോടതിയുടെ പരാമര്‍ശങ്ങള്‍ക്കു മുന്നില്‍ പ്രസക്‌തിയില്ലാതെപോയി. വസ്‌തുതകളുടെ അടിസ്‌ഥാനത്തിലല്ല വിധിയെങ്കില്‍ അതു മറികടക്കാന്‍ നിയമസഭകള്‍ക്ക്‌ അധികാരമുണ്ടെന്നാണു ഭരണഘടനാ ബെഞ്ചിലംഗമായ ജസ്‌റ്റിസ്‌ എച്ച്‌.എല്‍. ദത്തു ചൂണ്ടിക്കാട്ടിയത്‌. ഇതുസംബന്ധിച്ചു സുപ്രീംകോടതിയുടെ മുന്‍വിധികളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടുകയും ചെയ്‌തു.
മുല്ലപ്പെരിയാര്‍ കേസ്‌ വെറുമൊരു സ്വത്തുകേസല്ലെന്നും അണക്കെട്ടു തകരുമോയെന്നുള്ള കേരളത്തിന്റെ ആശങ്ക തള്ളിക്കളയാനാവില്ലെന്നുമുള്ള കോടതിയുടെ വിലയിരുത്തല്‍ കേരളം ഇതുസംബന്ധിച്ച്‌ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കു ബലമേകുന്നവതന്നെയാണ്‌. 1895ല്‍ ജോണ്‍ പെനിക്വിക്ക്‌ എന്ന ബ്രിട്ടീഷുകാരന്‍ എന്‍ജിനീയര്‍ അന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചു പണിതീര്‍ത്ത മുല്ലപ്പെരിയാര്‍ അണക്കെട്ടിനു കാലപ്പഴക്കംകൊണ്ട്‌ കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്നു വിദഗ്‌ധ പരിശോധനകളില്‍ മനസിലായിട്ടുള്ളതാണ്‌. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടിക്കടിയുണ്ടായ ഭൂകമ്പങ്ങളും അണക്കെട്ടിന്റെ ബലക്ഷയവും ചോര്‍ച്ചകളുമൊക്കെയാണു സര്‍ക്കാരിലും ജനങ്ങളിലും അണക്കെട്ടിന്റെ സുരക്ഷാകാര്യത്തില്‍ ആശങ്കയുണര്‍ത്തിയത്‌. ഇടുക്കിയും എറണാകുളവും കോട്ടയവും ആലപ്പുഴയുമുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും വസ്‌തുക്കള്‍ക്കുമൊക്കെ ഗുരുതരമായ നാശനഷ്‌ടമാകും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുകയെന്നു പഠനങ്ങളിലൂടെ മനസിലാക്കിയിട്ടുമുണ്ട്‌. ഇതിന്റെയെല്ലാം അടിസ്‌ഥാനത്തിലാണു വര്‍ഷങ്ങളായി, ഇപ്പോഴത്തേതില്‍നിന്നു ജലനിരപ്പുയര്‍ത്തരുതെന്നും ജനങ്ങളുടെ സുരക്ഷയ്‌ക്കായി എത്രയുംവേഗം പുതിയ അണക്കെട്ട്‌ പണിയണമെന്നുമുള്ള ആവശ്യമുന്നയിച്ചു ജനകീയസമരങ്ങള്‍ നടക്കുന്നത്‌.
പക്ഷേ, തങ്ങള്‍ പിടിച്ച മുയലിനു മൂന്നുകൊമ്പ്‌ എന്ന തമിഴ്‌നാടിന്റെ പിടിവാശി ഒന്നിനും ഒരു പരിഹാരമാവുന്നില്ല എന്നതായിരുന്നു സത്യം. അണക്കെട്ട്‌ പുതുക്കിപ്പണിതാലും ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്ര വെള്ളം നല്‍കുമെന്നും അതില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നുള്ള കേരളത്തിന്റെ ഉറപ്പുകള്‍ക്കൊന്നും ചെവികൊടുക്കാതെയുള്ള തമിഴ്‌നാടിന്റെ സമീപനമാണു പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയത്‌. അണക്കെട്ടിന്റെമേല്‍ തങ്ങള്‍ക്കാണവകാശമെന്ന രീതിയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങളും കാര്യങ്ങളെ സംഘര്‍ഷാവസ്‌ഥയിലേക്കാണു പലപ്പോഴും എത്തിച്ചിട്ടുള്ളത്‌. ഇതു രണ്ടുസംസ്‌ഥാനങ്ങളിലെയും ജനങ്ങളില്‍ അസ്വസ്‌ഥത പടര്‍ത്തുകയും ചെയ്യുന്നു. കഴിഞ്ഞവര്‍ഷം മുല്ലപ്പെരിയാര്‍ പ്രക്ഷോഭം കത്തിപ്പടര്‍ന്നപ്പോള്‍ ഇരു സംസ്‌ഥാനങ്ങളുടെയും അതിര്‍ത്തികള്‍ സംഘര്‍ഷാത്മകമായിരുന്നു. അതല്ലവേണ്ടത്‌, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ തമിഴ്‌നാട്‌ കൂടുതല്‍ ക്രിയാത്മകമായ നിലയിലേക്കെത്തണം. അയല്‍ സംസ്‌ഥാനത്തെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അവരും മനസിലാക്കണം.
അണക്കെട്ട്‌ തങ്ങളുടേതാണെന്ന നിലപാടും പുതിയ ഡാം നിര്‍മിക്കാന്‍ കേരളത്തെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന കടുംപിടിത്തവും തമിഴ്‌നാട്‌ ഉപേക്ഷിക്കണം. നിലവിലുള്ള ഡാം സുരക്ഷിതമായതിനാല്‍ ഇപ്പോള്‍ പുതിയ ഡാം വേണ്ടെന്ന നിലപാടുവിട്ട്‌ പുതിയ അണക്കെട്ടു പണിയാനുള്ള കേരളത്തിന്റെ തീരുമാനത്തോടു സഹകരിച്ചുകൊണ്ട്‌ സഹായഹസ്‌തവുമായി വരാന്‍ തമിഴ്‌നാട്‌ തയാറാകണം. രാഷ്‌ട്രീയ താല്‌പര്യങ്ങളോ മുതലെടുപ്പുകളോ മാറ്റിവച്ച്‌ ഇത്‌ ഇരു സംസ്‌ഥാനത്തെയും ജനങ്ങളുടെ പ്രശ്‌നമായി കണ്ട്‌ സമവായത്തിലെത്തുകയാണു വേണ്ടത്‌.

             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: