Pages

Thursday, July 11, 2013

അവയവദാനം ഒരു പുണ്യ പ്രവർത്തി

അവയവദാനം
ഒരു  പുണ്യ  പ്രവർത്തി 


മരണം ഉറപ്പായ വ്യക്തിയുടെ ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യാന്‍ കൂടുതല്‍ പേര്‍ തയ്യാറായി വരുന്നുണ്ട്. മുന്‍പ് ഇത്തരമൊരു കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാകാതിരുന്നവര്‍ പോലും ഇതിന് സമ്മതിക്കാന്‍ തയ്യാറാവുന്നു എന്നത് തികച്ചും നല്ല കാര്യമാണ്. ഹൃദയത്തിന്റെ നന്മയിലൂടെ ഇവര്‍ രോഗാതുരരായവരില്‍ പ്രതീക്ഷയുടെ വെളിച്ചം നിറയ്ക്കുകയാണ്. ഈയിടെ എറണാകുളത്ത് രണ്ട് ആസ്​പത്രികളിലായി ഹൃദയവും കരളും മാറ്റിവച്ചത് ഇതിന് ഉദാഹരണമാണ്. ഉറ്റവരുടെ വേര്‍പാടില്‍ വേദനിക്കുമ്പോഴും കടന്നുപോകുന്നയാള്‍ അന്യര്‍ക്ക് പുതുജീവന്‍ നല്‍കട്ടെയെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഒട്ടേറെ സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും മാതൃകാപരമായ പ്രവര്‍ത്തനവും ബോധവത്കരണവുമാണ് അവയവദാനത്തിന് സമൂഹത്തില്‍ സ്വീകാര്യത ഉണ്ടാക്കിക്കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം എറണാകുളത്തെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ ഹൃദയം മാറ്റിവെച്ചു. അപകടത്തില്‍പ്പെട്ട വയനാട് സ്വദേശിയായ യുവാവിന്റെ മസ്തിഷ്‌കമരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് അമ്മ ഹൃദയദാനത്തിന് സമ്മതിച്ചത്. ഹൃദയം വികസിക്കുന്ന അസുഖമുള്ള പാലക്കാട് സ്വദേശിയായ വ്യക്തിക്കാണ് അത് ഉപകരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം ആ വ്യക്തി സുഖം പ്രാപിച്ചുവരികയാണെന്നാണറിയുന്നത്. മകന്റെ ഹൃദയം നല്‍കാന്‍ സന്മനസ്സ് കാണിച്ച, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത അമ്മയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മലയാളിയുടെ ഹൃദയത്തില്‍ നന്മയുടെ ഉറവ് വറ്റിയിട്ടില്ലെന്ന് അടിവരയിടുന്നതാണ് ഈ സംഭവം. 

സമാനസംഭവങ്ങള്‍ വേറെയുമുണ്ട്. കുളിമുറിയില്‍ തലചുറ്റിവീണതിന്റെ ആഘാതത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ കരളും വൃക്കകളും കണ്ണുകളും അഞ്ചു പേര്‍ക്കായി ലഭിച്ചതും ഈയിടെയാണ്. കോട്ടയം സ്വദേശിയുടെ ബന്ധുക്കളാണ് അവയവദാനത്തിന് തയ്യാറായത്. തുറന്നമനസ്സും വിശാലവീക്ഷണവും നിശ്ചയദാര്‍ഢ്യവും ഇതിന് ആവശ്യമാണ്. ഇനിയും കൂടുതല്‍ പേര്‍ ഈ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കാം. മസ്തിഷ്‌കം പ്രവര്‍ത്തിക്കാതാവുന്നവരുടെ ശ്വസനം ഡോക്ടര്‍മാര്‍ നിലനിര്‍ത്തുന്നത് ആസ്​പത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാകും. ശ്വസനസഹായികളായ ഉപകരണങ്ങള്‍ നീക്കിയാല്‍ ശ്വസനവും ഹൃദയസ്​പന്ദനവും നിലയ്ക്കും. വാഹനാപകടത്തിലോ വീഴ്ചയിലോ തലയ്ക്ക് ആഘാതമേറ്റവര്‍ക്കാണ് പ്രധാനമായും ഇങ്ങനെ സംഭവിക്കുന്നത്. രോഗിയുടെ ബന്ധുക്കള്‍ മസ്തിഷ്‌കമരണം അംഗീകരിക്കുകയും ശ്വസനസഹായി എടുത്തുമാറ്റാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്ന ഘട്ടത്തിലാണ് അവയവദാനം സാധ്യമാവുന്നത്. ഇതേപ്പറ്റി ബന്ധുക്കളെ പറഞ്ഞുമനസ്സിലാക്കാനും സന്നദ്ധത തേടാനും ഡോക്ടര്‍മാര്‍ക്ക് സാധിക്കും. ന്യൂറോളജി വിദഗ്ധര്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ സംഘമാണ് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്.

അവയവ
ദാനത്തിന് കൂടുതല്‍ പേര്‍ മുന്നോട്ടുവരുമ്പോള്‍ അതിന് കുറ്റമറ്റ സംവിധാനം അത്യാവശ്യമാണ്. മസ്തിഷ്‌കമരണസ്ഥിരീകരണവും അതിന് അര്‍ഹരെ കണ്ടെത്തലും തികഞ്ഞ വിശ്വാസ്യതയോടെയും സുതാര്യതയോടെയും നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ചുമതലയാണ്. വൃക്ക, കരള്‍ തുടങ്ങി മാറ്റിവെക്കാന്‍ അവയവം ആവശ്യമായവരുടെ പട്ടിക സര്‍ക്കാര്‍ തലത്തിലുണ്ട്. രക്തഗ്രൂപ്പ്, പ്രായം തുടങ്ങിയവ വിലയിരുത്തിയാണ് അവയവത്തിന്റെ ചേര്‍ച്ച വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ സമ്പത്തികപരിഗണനയോ കച്ചവടമോ അനുവദനീയമല്ല. ഗവ. ആസ്​പത്രികളേക്കാള്‍ സ്വകാര്യ ആസ്​പത്രികളാണ് ഈ രംഗത്തുള്ളത്. അവയവദാനത്തിനുള്ള അംഗീകൃത പട്ടികയില്‍പ്പെട്ട ആസ്​പത്രികളില്‍ നിന്നാണ് അവയവം ആവശ്യമുള്ളവരുടെ പട്ടിക അതിന് ഉത്തരവാദപ്പെട്ട ഏജന്‍സി സംസ്ഥാനതലത്തില്‍ തയ്യാറാക്കുന്നത്. അവയവം ലഭ്യമാകുമ്പോള്‍ ചേര്‍ച്ചയും മറ്റും പരിശോധിച് പട്ടികയിലെ മുന്‍ഗണനാക്രമത്തിലാണ് ആവശ്യക്കാരെ അറിയിക്കുന്നത്. ഇത് അട്ടിമറിച്ച് ഇഷ്ടക്കാര്‍ക്ക് ലഭ്യമാക്കാനായി സ്വാധീനത്തിനുള്ള സാധ്യത ഏറെയാണ്. അതൊന്നും നടക്കുന്നില്ലെന്ന് അധികൃതര്‍ക്കുപുറമേ സ്വകാര്യ ആസ്​പത്രികളും ഡോക്ടര്‍മാരും ഉറപ്പാക്കണം. തികഞ്ഞ വിശ്വാസ്യത ഉറപ്പാക്കിയാല്‍ മാത്രമേ ഈ രംഗത്ത് സംസ്ഥാനം ഇതിനകം ഉണ്ടാക്കിയ നേട്ടം നിലനിര്‍ത്താനാവൂ. ജീവന്റെ ഈ മഹാദാനത്തിന് സന്മനസ്സുള്ള ഇനിയുമേറെ പേരെ കണ്ടെത്താനുള്ള സംവിധാനം സുതാര്യമായി തുടരേണ്ടതുണ്ട്. 

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: