Pages

Saturday, June 22, 2013

മഴക്കാലരോഗങ്ങള്‍ എങ്ങിനെ തടയാം

മഴക്കാലരോഗങ്ങള് എങ്ങിനെ തടയാം
ഡോ.സന്തോഷ് മോഹന്

കേരളം പനിച്ചുവിറയ്ക്കുന്ന അവസ്ഥയാണിപ്പോള്‍. സാധാരണ വൈറല്‍ പനിമുതല്‍ എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങി യെല്ലോ ഫീവറിലേക്കുവരെ എത്തിയിരിക്കുന്നു. ആദ്യകാലങ്ങളില്‍ മഴക്കാലത്ത് ഛര്‍ദി, അതിസാരം, കോളറ, ടൈഫോയ്ഡ്, വൈറല്‍പനി എന്നിവവയായിരുന്നു കൂടുതല്‍. ഇന്നത് എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവയിലേക്കു കടന്നിരിക്കുന്നു. ശരിയായ ചികിത്സയും പ്രതിരോധമാര്‍ഗങ്ങളും സ്വീകരിച്ചില്ലെങ്കില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളവയാണ് പല രോഗങ്ങളും.
 
വൈറല്‍ പനി

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ കുറയ്ക്കുന്നതും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ ഏറ്റക്കുറച്ചിലും മഴക്കാല രോഗങ്ങള്‍ക്കു ശക്തിപകരുന്നു. ഈ കാലത്ത് ജലദോഷവും തുമ്മലും കഫക്കെട്ടുമായി ഏറെ ബുദ്ധിമുട്ടുന്നത് ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികളാണ്. ഇവരുടെ കൂട്ടായ സഹവാസം രോഗം ഒരാളില്‍നിന്നു മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരാന്‍ ഇടയാകുന്നു. പനിയും കഫക്കെട്ടും ഉള്ളവര്‍ തുടക്കത്തില്‍ത്തന്നെ ചികിത്സ തേടണം. സ്വഭാവവും തീവ്രതയും പരിഗണിച്ച് ഹോമിയോപ്പതിയില്‍ വൈറല്‍ പനിക്കു വ്യത്യസ്ത മരുന്നുകള്‍ നല്‍കിവരുന്നുണ്ട്.

ടൈഫോയ്ഡ്

ആഹാരത്തിലൂടെ പടരുന്ന രോഗമാണ് ടൈഫോയ്ഡ്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന പനിയോടൊപ്പം തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, ശരീരവേദന, ഛര്‍ദി, വയറിളക്കം ഇവയാണ് ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് ഭഎയും ഭഇയുമാണ് മഞ്ഞപ്പിത്തത്തിനു കാരണം. പനി, വിശപ്പില്ലായ്മ, ഛര്‍ദി മുതലായവയും മൂത്രം മഞ്ഞനിറത്തില്‍ പോകുന്നതുമാണ് ലക്ഷണങ്ങള്‍. തുടര്‍ന്ന് ശരീരത്തിലും മഞ്ഞനിറം പടരുന്നു. ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും എണ്ണ, കൊഴുപ്പ് എന്നിവ കൂടിയ ഭക്ഷണം ഒഴിവാക്കുന്നതും നല്ലതാണ്.
 
ചിക്കുന്‍ ഗുനിയ

വിറയലോടുകൂടിയ പനിയാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് സന്ധികളില്‍ വീക്കവും അതികഠിനമായ വേദനയും പടരുന്നു. വേദന ഒന്നിലേറെ സന്ധികളിലേക്കു ബാധിക്കുന്നതോടെ രോഗിയുടെ ചലനശേഷി നഷ്ടപ്പെടുന്നു. പരിപൂര്‍ണ വിശ്രമം വേണം. ചിക്കുന്‍ ഗുനിയക്ക് ഹോമിയോപ്പതിയില്‍ പ്രതിരോധമരുന്നുകളും ചികിത്സയും ലഭ്യമാണ്.

ഡെങ്കിപ്പനി

കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കടുത്ത ക്ഷീണവും സന്ധിവേദനയും പേശിവേദനയും കാണപ്പെടുന്നു. കൂടെ പനി, തലവേദന, കണ്ണുവേദന, കണ്ണുചുവക്കുക മുതലായവയും കാണുന്നു. തലവേദന പലപ്പോഴും കണ്ണിനു പിന്നിലാകും. ഡെങ്കിപ്പനിയുടെ ഗുരുതരാവസ്ഥയാണ് ഡെങ്കി ഹെമറേജിക് ഫീവര്‍. ഇതില്‍ രക്തസ്രാവമുണ്ടായി രോഗി മരണപ്പെടാന്‍വരെ സാധ്യതയുണ്ട്.
 
എലിപ്പനി പനി

കണ്ണിനു ചുവപ്പുനിറം, ശക്തമായ ശരീരവേദന, നടുവേദന, ക്ഷീണം, മൂത്രത്തിന്റെ അളവു കുറയുകയും മഞ്ഞനിറം വരികയും ചെയ്യുക ഇവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ശരീരമാസകലം വേദന. പ്രത്യേകിച്ച് നടുവിനും കണങ്കാലിനും വേദന അനുഭവപ്പെടാം. രോഗാണുബാധിതനായ എലിയുടെ മൂത്രമോ, ചത്ത എലിയുടെ അവശിഷ്ടങ്ങളോ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം ഉണ്ടാവുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെയും കട്ടികുറഞ്ഞ ചര്‍മത്തിലൂടെയുമാണ് രോഗാണു മനുഷ്യനിലെത്തുന്നത്. എലിപ്പനിയുടെ ഗുരുതരാവസ്ഥയില്‍ വൃക്ക, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. (തൃശൂര്‍ വേലൂര്‍ ചൈത്രം ഹോമിയോ ക്ലിനിക്കില്‍ ഡോക്ടറാണ് ലേഖകന്‍)

പ്രതിരോധം പ്രധാനം
 

മലിനജലം കുടിക്കുക, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകംചെയ്ത ഭഭക്ഷണം കഴിക്കുക, പഴകിയ ഭക്ഷണം ഉപയോഗിക്കുക തുടങ്ങിയവ രോഗങ്ങള്‍ പകരാന്‍ ഇടയാക്കും. ശരീരത്തില്‍നിന്ന് അമിതമായി ജലാംശവും ലവണവും നഷ്ടപ്പെടുന്നത് രോഗിയെ ഗുരുതരാവസ്ഥയിലേക്കു നയിച്ചേക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഒആര്‍എസ് ലായനി എന്നിവ നല്ലതാണ്. അവശത കൂടുതലുണ്ടെങ്കില്‍ എത്രയുംവേഗം ആശുപത്രിയിലെത്തിക്കണം. വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ് മഴക്കാലരോഗങ്ങള്‍ക്കു പ്രധാന പ്രതിവിധി. ശുദ്ധജലം തിളപ്പിച്ചാറ്റിയശേഷം മാത്രം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിവൃത്തിയാക്കി ഉപയോഗിക്കുക, ഭക്ഷണപാനീയങ്ങള്‍ മൂടിവയ്ക്കുക. ഭക്ഷണത്തിനു മുമ്പ് കൈകള്‍ കഴുകി വൃത്തിയാക്കുക എന്നീ മുന്‍കരുതല്‍ സ്വീകരിക്കണം. മലിനജലം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക, കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക, കൊതുകുകള്‍ മുട്ടയിട്ടു പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക, കൊതുകുവലകള്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. മഴക്കാലരോഗങ്ങള്‍ക്ക് ഹോമിയോപ്പതിയില്‍ ചികിത്സയും പ്രതിരോധമരുന്നുകളും ഏറെ ഫലപ്രദമാണ്്. പ്രത്യേകിച്ച് ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കരോഗങ്ങള്‍. അതതു സമയത്തെ രോഗലക്ഷണങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്ത മരുന്നുകള്‍ നല്‍കുന്നു. അടുത്തുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ പ്രതിരോധ മരുന്നുകള്‍ സൗജന്യമായി ലഭിക്കും.

                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: