Pages

Friday, June 21, 2013

ഇന്ത്യ കണ്ട ഏറ്റവുംവലിയ പ്രളയക്കെടുതി

ഇന്ത്യ കണ്ട 
ഏറ്റവുംവലിയ പ്രളയക്കെടുതി
സമീപകാല ഇന്ത്യ കണ്ട ഏറ്റവുംവലിയ പ്രളയക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ ആയിരത്തിലേറെപ്പേര്‍ മരിച്ചിട്ടുണ്ടാവാമെന്ന് ഔദ്യോഗികവൃത്തങ്ങള്‍. കേദാര്‍നാഥ്-ബദരീനാഥ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന 90 ധര്‍മശാലകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതായാണ് സംസ്ഥാന ദുരിതാശ്വാസ നിയന്ത്രണകേന്ദ്രം കേന്ദ്ര ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ട്. ഇവയില്‍ ആയിരത്തോളം പേരുണ്ടായിരുന്നു. എന്നാല്‍, 150 പേര്‍ മരിച്ചെന്നാണ് ഔദ്യോഗികവെളിപ്പെടുത്തല്‍. ഏഴായിരത്തോളം പേരെ കാണാനില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ബദരീനാഥില്‍ 15,000 പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. രക്ഷപ്പെട്ടവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പലയിടങ്ങളിലായി 40 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ബദരീനാഥിലും കേദാര്‍നാഥിലുമായി നാനൂറോളം നേപ്പാളികളെയും ഉത്തരകാശിയില്‍ ട്രക്കിങ്ങിനു പോയ ഒട്ടേറെ വിദേശികളെയും കാണാതായി. 43 വര്‍ഷത്തിനിടയിലെ ഏറ്റവുംവലിയ ദുരന്തത്തെ 'ഹിമാലയന്‍ സുനാമി' എന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ വിശേഷിപ്പിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച പൊതുതാത്പര്യഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ എ.കെ. പട്‌നായിക്കും രഞ്ജന്‍ ഗോഗോയിയും ആവശ്യത്തിന് ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കാനും കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു അതിനിടെ, വ്യാഴാഴ്ച മഴയ്ക്ക് ശമനമുണ്ടായതോടെ ഹിമാലയന്‍ തടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി. കര-വ്യോമസേനകളും അര്‍ധസൈനികവിഭാഗങ്ങളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉത്തരാഖണ്ഡില്‍ ഇതുവരെ 33192 പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. ഇപ്പോഴും അരലക്ഷത്തിലേറെപ്പേര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്.കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം 90 സൈനികരെ എത്തിച്ചു. വാര്‍ത്താവിനിമയസൗകര്യങ്ങളും മരുന്നും ഭക്ഷണവും ഇവര്‍ കൊണ്ടുപോയിട്ടുണ്ട്. രുദ്രപ്രയാഗ്, ചമോലി എന്നിവിടങ്ങളിലെ എട്ട് ഗ്രാമങ്ങളില്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. കേദാര്‍നാഥില്‍ രണ്ടായിരത്തോളം ഭക്ഷണപ്പൊതികള്‍ വ്യാഴാഴ്ച എത്തിച്ചിരുന്നു.വ്യോമസേനയുടെ മുപ്പതും കരസേനയുടെ പന്ത്രണ്ടും ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്. മലയിടിഞ്ഞും റോഡ് തകര്‍ന്നും മണ്ണില്‍പ്പൂണ്ടും കിടക്കുന്ന ഹിമാലയന്‍ മലഞ്ചെരിവുകളില്‍ കോപ്റ്റര്‍ മാര്‍ഗമാണ് രക്ഷാപ്രവര്‍ത്തകരെ എത്തിക്കുന്നത്. ദേശീയ ദുരന്തപ്രതികരണസേനയുടെ 13 സംഘങ്ങളും ഐ.ടി.ബി.പിയുടെ മൂവായിരം സൈനികരും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങി. 422 പേര്‍ വീതമുള്ളതാണ് ദുരന്തനിവാരണസേനയുടെ 13 ടീമുകള്‍. കേദാര്‍നാഥിലും ഗൗരീകുണ്ഡിലുമാണ് ദേശീയ ദുരന്ത പ്രതികരണസേനയും ഐ.ടി.ബി.പി. സംഘവും എത്തിയിട്ടുള്ളത്. ഗോവിന്ദ്ഘട്ട്, ജോഷിമഠ് എന്നീ സ്ഥലങ്ങളില്‍ ഐ.ടി.ബി.പി. ഒട്ടേറെപ്പേരെ രക്ഷിച്ചു. പിത്തോറഗഡിലും ഐ.ടി.ബി.പി. സംഘം ഉടനെത്തും. 8500 പട്ടാളക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. കേദാര്‍നാഥില്‍ 17 മൃതദേഹങ്ങള്‍ വ്യാഴാഴ്ച കണ്ടെടുത്തു. ഇവിടങ്ങളില്‍ അയ്യായിരത്തോളം പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ചാര്‍-ധാം യാത്ര എന്നറിയപ്പെടുന്ന തീര്‍ഥാടനത്തിനായി ഉത്തരാഖണ്ഡില്‍ ഹിന്ദുവിശ്വാസികള്‍ ഏറ്റവുമധികം എത്തുന്ന സമയമാണിത്. ഗംഗോത്രി, കേദാര്‍നാഥ്, യമുനോത്രി, ബദരീനാഥ് എന്നീ നാല് പുണ്യസ്ഥാനങ്ങളിലേക്കുള്ള യാത്രയാണ് ചാര്‍ധാം. ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും പ്രധാനനദികളില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹിമാചലിലെ കിനൗര്‍ ജില്ലയില്‍ കുടങ്ങിക്കിടന്ന അറനൂറോളം വിനോദസഞ്ചാരികളെ വ്യോമസേനാ ഹെലികോപ്റ്റര്‍ എത്തി രക്ഷപ്പെടുത്തി.പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായി ഉത്തരാഖണ്ഡില്‍ ഹെല്‍പ്പ്‌ലൈനുകള്‍ തുറന്നിട്ടുണ്ട്. രുദ്രപ്രയാഗ്, ഉത്തരകാശി, ചമോലി എന്നിവിടങ്ങളിലെ സ്ഥിതി അറിയാന്‍ 09808151240, 09837134399, പൗഡി, ഹരിദ്വാര്‍, നൈനിത്താള്‍ എന്നിവിടങ്ങളിലേക്കായി 999779124, 09451901023, അല്‍മോഡ, ബഗേശ്വര്‍, പിത്തോറഗഡ് - 09456755206, 09634535758 എന്നിവയാണ് നമ്പറുകള്‍. ഉത്തരാഖണ്ഡ് ദുരന്തനിവാരണ സെക്രട്ടറിയെ 09837542221 നമ്പറിലും വിളിക്കാം.

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: