Pages

Friday, February 22, 2013

ഒന്നാം ക്ളാസിൽ ചേരുന്നതിനുള്ള പ്രായവുംമദ്യം വാങ്ങാനുള്ള പ്രായവും പുനർനിർണയിച്ചു


ഒന്നാം ക്ളാസിൽ ചേരുന്നതിനുള്ള പ്രായവുംമദ്യം വാങ്ങാനുള്ള പ്രായവും പുനർനിർണയിച്ചു

ന്നാം ക്ളാസിൽ ചേരുന്നതിനുള്ള പ്രായവും മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാനുള്ള പ്രായവും പുനർനിർണയിച്ചുകൊണ്ട് മന്ത്രിസഭാ തീരുമാനം ഉണ്ടായത് ഒരേ ദിവസമാണ്. ഒരുവർഷം മുമ്പുവരെ അഞ്ച് വയസായാൽ ഒന്നാം ക്ളാസ് എന്നതായിരുന്നു നാട്ടുനടപ്പ്. വിദ്യാഭ്യാസാവകാശ നിയമം വന്നതോടെ കഴിഞ്ഞവർഷം ഇതിന് മാറ്റമുണ്ടായി. ഒന്നാം ക്ളാസിൽ ചേർക്കാൻ ആറു വയസ് പൂർത്തിയായിരിക്കണമെന്ന് നിബന്ധന വന്നു. നിയമം പാസാക്കിയ കേന്ദ്ര സർക്കാരിന്റെ വക കേന്ദ്രീയ വിദ്യാലയങ്ങളിൽ അപ്പോഴും ഒന്നാം ക്ളാസ് പ്രവേശനത്തിന് അഞ്ചു വയസ് മതിയായിരുന്നു. സംസ്ഥാനത്ത് രക്ഷാകർത്താക്കളിൽ നിന്ന് വ്യാപകമായ പരാതി ഉയർന്നതിനെത്തുടർന്ന് അഞ്ചരവയസുകാരെയും ഒന്നാം ക്ളാസിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞവർഷം അനുമതി നൽകി. പ്രായനിർണയത്തിലെ കാർക്കശ്യം ആയിരക്കണക്കിന് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ബോദ്ധ്യമായതുകൊണ്ടാകണം പഴയപടി ഒന്നാം ക്ളാസ് പ്രവേശനത്തിന് അഞ്ച് വയസുതന്നെ മതിയെന്ന് തീരുമാനിച്ചത്. ഏതായാലും ഉചിതമായ നടപടിതന്നെയാണിത്.

മദ്യം വാങ്ങാൻ ഇതുവരെ പതിനെട്ടുവയസു പൂർത്തിയായിരിക്കണമെന്ന ചട്ടമാണ് നിലവിലിരുന്നതെന്ന് പലരും അറിയുന്നതുതന്നെ ഇപ്പോൾ പ്രായപരിധി 21 ആയി ഉയർത്താൻ മന്ത്രിസഭ തീരുമാനം എടുത്തപ്പോഴായിരിക്കും. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള മദ്യവില്പനശാലകളുടെ മുന്നിൽ രാപകൽ വ്യത്യാസമില്ലാതെ കാണാറുള്ള പുരുഷാരത്തിൽ മീശമുളയ്ക്കാത്ത കൗമാരക്കാരുടെ സാന്നിദ്ധ്യം നാട്ടുകാരുടെ കണ്ണിൽ സദാ ഉള്ളതാണ്. മദ്യവില്പനശാലയുടെ അഴിയടച്ച കൗണ്ടറിലെ ചെറുദ്വാരത്തിലൂടെ നീട്ടുന്ന നോട്ടുകളിലല്ലാതെ വാങ്ങുന്ന ആളിന്റെ മുഖം നോക്കാൻ വില്പനക്കാരന് ഒരിക്കലും സാവകാശം ലഭിച്ചെന്നുവരില്ല. കാരണം ക്യൂവിന്റെ നീളവും വാങ്ങാൻ നിൽക്കുന്നവർക്കിടയിലെ അക്ഷമയും യന്ത്രവേഗത്തിൽ ചലിക്കാൻ വില്പനക്കാരനെ എപ്പോഴും നിർബന്ധിതനാക്കുന്നു. മാത്രമല്ല ജനന സർട്ടിഫിക്കറ്റുമായല്ലല്ലോ ആളുകൾ മദ്യം വാങ്ങാൻ എത്തുന്നത്. ബിവറേജസ് കോർപ്പറേഷൻ വില്പനശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിൽ സ്കൂൾ കുട്ടികളെയും കാണാമെന്ന ആക്ഷേപം ശക്തമായതിന്റെ അടിസ്ഥാനത്തിലാണത്രേ മദ്യം വാങ്ങാനുള്ള പ്രായപരിധി ഇരുപത്തൊന്നായി ഉയർത്തി അബ്‌കാരി ചട്ടം ഭേദഗതി ചെയ്യുന്നത്. ഭേദഗതി ചെയ്യപ്പെട്ട ചട്ടം കൃത്യമായി പാലിക്കപ്പെടുമെന്ന് എന്തുറപ്പാണുള്ളതെന്ന് നിശ്ചയമില്ല. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന നിയമാനുസൃത മുന്നറിയിപ്പുപോലെ കടലാസിൽ മാത്രം കാണാൻ പോകുന്ന നിബന്ധനകളിലൊന്നുമാത്രമായി ഇതും മാറുമെന്ന കാര്യത്തിൽ ആർക്കും സംശയവും വേണ്ട. മദ്യം വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പ്രായപരിധിയാണ് ഇരുപത്തൊന്നായി പുതുക്കി നിശ്ചയിക്കുന്നത്. മദ്യം ഉപയോഗിക്കുന്നതിന് ഈ ചട്ടം തടസമല്ലെന്നതാണ് എടുത്തുപറയേണ്ടകാര്യം. സംസ്ഥാനത്ത് വിറ്റഴിക്കുന്ന മദ്യത്തിൽ ഒരു ഔൺസിന്റെ കുറവുപോലും ഈ തീരുമാനംവഴി ഉണ്ടാകാൻ പോകുന്നില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

ഓരോ മാർച്ച് മാസവും അവസാനിക്കുന്നത് മദ്യവില്പനയിലെ പുതിയ റെക്കാഡ് സൃഷ്ടിച്ചുകൊണ്ടാണ്. ഏതാണ്ട് എണ്ണായിരംകോടിരൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സർക്കാർ അംഗീകാരമുള്ള മദ്യവില്പനശാലകൾ വഴി മാത്രം വിറ്റഴിയുന്നുണ്ട്. വ്യാജ മദ്യവില്പനയുടെ കണക്ക് വേറെ. മദ്യ ഉപയോഗം നിയന്ത്രിക്കുക എന്നതാണ് സർക്കാരിന്റെ ഔദ്യോഗിക നയമെന്നാണ് വയ്പ്. എന്നാൽ ആ വഴിക്ക് ഫലപ്രദമായ യാതൊരു നടപടിയും ഇന്നേവരെ ഉണ്ടായിട്ടില്ല. കഴിയുന്നത്ര കൂടുതൽ മദ്യം വിറ്റഴിച്ച് അതിലൂടെ ലഭിക്കുന്ന നികുതിപ്പണത്തിലാണ് സർക്കാരിന്റെ നോട്ടം. വില്പനനികുതിക്കു പുറമേ ബിവറേജസ് കോർപ്പറേഷനിൽനിന്ന് ഈടാക്കുന്ന ഗ്യാലനേജ് ഫീസ് നാലിരട്ടിയോളം വർദ്ധിപ്പിക്കാനും അബ്‌കാരി ചട്ടഭേദഗതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇപ്പോൾ കോർപ്പറേഷൻ ഒരു ലിറ്റർ മദ്യം വിൽക്കുമ്പോൾ സർക്കാരിന് ഈയിനത്തിൽ എട്ടുപൈസയാണ് നൽകുന്നത്. അത് മുപ്പതുപൈസയായി ഉയർത്താനാണ് നിർദ്ദേശം.

സിനിമ ഉൾപ്പെടെയുള്ള ദൃശ്യമാദ്ധ്യമങ്ങളിൽ മദ്യപാനരംഗങ്ങൾ കാണിക്കുമ്പോൾ മദ്യം ആരോഗ്യത്തിന് ഹാനികരം എന്നുകൂടി എഴുതിക്കാണിക്കണമെന്നത് നിർബന്ധമാക്കുമത്രേ. സിനിമയിൽ ഇപ്പോൾത്തന്നെ അലോസരപ്പെടുത്തുന്ന ഈ മുന്നറിയിപ്പ് കാണുന്നുണ്ട്. ഇങ്ങനെ ബോർഡ് എഴുതിക്കാണിക്കുന്നതിലൂടെ മദ്യപാനശീലം തടയാമെന്നാണോ സർക്കാർ കരുതുന്നത്. മദ്യപിച്ച് വാഹനങ്ങൾ ഓടിക്കരുതെന്ന് പറയുമ്പോൾത്തന്നെ നാടൊട്ടുക്കും മദ്യവില്പന കേന്ദ്രങ്ങൾ അർദ്ധരാത്രിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതിയും നൽകുന്നു. മദ്യവില്പനശാലകൾക്കടുത്ത് എവിടെയെങ്കിലും വാഹന പരിശോധന നടക്കുന്നതായി ആരും കേട്ടുകാണില്ല. മദ്യ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനുപിന്നിലും ആത്മാർത്ഥത തെല്ലുമില്ലെന്നതാണ് വാസ്തവം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: