65
പ്രധാന അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു
പങ്കാളിത്ത പെന്‍ഷന്‍ വഴി പെന്‍ഷന്‍ പദ്ധതി തന്നെ
ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള അനിശ്ചിതകാല പണിമുടക്കില്‍
പങ്കെടുത്തതിന് തിരുവനന്തപുരത്ത് 65 പ്രധാന അധ്യാപകരെ
സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷന്‍ അംഗീകരിക്കില്ലെന്ന് കെഎസ്ടിഎ ഭാരവാഹികള്‍
വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അനിശ്ചിതകാല സമരം
കൂടുതല്‍ കരുത്തോടെ മൂന്നാം ദിവസവും മുന്നേറുകയാണ്. ജീവനക്കാരുടെ പണിമുടക്കിന്
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ അനിശ്ചിതകാല പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു.
കണ്ണൂര്‍ കോട്ടയം കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍
പ്രതിഷേധിച്ച സമരാനുകൂലികളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത്
നേരിയ സംഘര്‍ഷത്തിനിടയാക്കി. കൊച്ചി കണയന്നൂര്‍ താലൂക്ക് ഓഫീസിന് മുന്നില്‍
പ്രതിഷേധിച്ച സമരാനുകൂലികളെ അറസ്റ്റ് ചെയ്ത് നീക്കി. മൂന്നാം ദിനം കൂടുതല്‍
ജീവനക്കാരും അധ്യാപകരും അണിചേര്‍ന്നതോടെ സര്‍ക്കാര്‍ ഓഫീസുകളുടെയും
വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. സംസ്ഥാനത്ത് 75 ശതമാനത്തിലേറെ ജീവനക്കാരും അധ്യാപകരും
പണിമുടക്കിലാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സംഘടനകള്‍ അണിചേരും.
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ്, നിയമസഭാ സെക്രട്ടറിയറ്റ്, സര്‍വകലാശാലകള്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസുകള്‍, പിഎസ്സി തുടങ്ങിയ മേഖലയിലെല്ലാം പണിമുടക്ക് ശക്തമായി
തുടരുകയാണ്. വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും അടഞ്ഞുകിടക്കുന്നു.
സെക്രട്ടറിയറ്റില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം എഴുപതു ശതമാനത്തിലേറെ പേരും
പണിമുടക്കുന്നത് മന്ത്രിമാരുടെ ഓഫീസുകളെയും ബാധിച്ചു. ആയിരക്കണക്കിന് ഫയല്‍
കെട്ടിക്കിടക്കുകയാണ്. ഗസറ്റഡ് ഓഫീസര്‍മാരുടെ ഭൂരിപക്ഷം സംഘടനയും പണിമുടക്കി.
ഭീഷണി വെല്ലുവിളിച്ച് കൂടുതല്‍ ജീവനക്കാര്‍ പണിമുടക്കിയതോടെ ഭരണാനുകൂല
സംഘടനക്കാരും കെഎസ്യുക്കാരും വ്യാപകമായ അക്രമം അഴിച്ചുവിട്ടു. തലസ്ഥാനത്ത്
ജീവനക്കാരും അധ്യാപകരും നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചിലേക്ക് ഇരച്ചുകയറി
കഴിഞ്ഞദിവസം കെഎസ്യുക്കാര്‍ അക്രമം നടത്തിയിരുന്നു. മുപ്പതോളം കെഎസ്യുക്കാര്‍
നടത്തിയ ആക്രമണത്തില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ ആര്‍ സന്തോഷിന്
പരിക്കേറ്റു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. 15 കെഎസ്യുക്കാരെ പൊലീസ് പിടികൂടിയെങ്കിലും
കേസെടുക്കാതെ വിട്ടയച്ചു.
പബ്ലിക് ഓഫീസില്‍ പിക്കറ്റിങ് നടത്തിയ വനിതാജീവനക്കാരെ എന്‍ജിഒ
അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം
ഷീജ, ജില്ലാ കൗണ്‍സില്‍ അംഗം ഹേമലത എന്നിവര്‍ക്ക്
പരിക്കേറ്റു. വികാസ് ഭവനിലും ഭരണാനുകൂല സംഘടനക്കാര്‍ സംഘര്‍ഷം സൃഷ്ടിച്ചു.
ജില്ലയില്‍ പത്തോളം ജീവനക്കാര്‍ക്കെതിരെ കള്ളക്കേസെടുത്തു. തൃശൂരില്‍ കെഎസ്യു
അക്രമിസംഘം കെഎസ്ടിഎ ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ഓഫീസിലേക്ക് നടത്തിയ
കല്ലേറില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി
കെ എം അജിത്കുമാര്‍, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ എം ഗോപിദാസന്‍
എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാധ്യമം
ഫോട്ടോഗ്രാഫര്‍ പി ബി ബിജു, കണ്‍ട്രോള്‍റൂമിലെ പൊലീസുകാരന്‍ കെ എസ് സുനില്‍കുമാര്‍
(42), തൃശൂര്‍ ഈസ്റ്റ്സ്റ്റേഷനിലെ ഷിജു (33) എന്നിവര്‍ക്കും പരിക്കേറ്റു. കൊച്ചിയിലും
കെഎസ്യു അക്രമമുണ്ടായി.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment