Pages

Wednesday, January 2, 2013

സമുദായ സൗഹാർദ്ദം ഊഷ്മളമായില്ലെങ്കിൽ കേരളം വീണ്ടും ഭ്രാന്താലയമാകും: ആന്റണി


സമുദായ സൗഹാർദ്ദം ഊഷ്മളമായില്ലെങ്കിൽ കേരളം വീണ്ടും ഭ്രാന്താലയമാകും: ആന്റണി

കേരളത്തിൽ സമുദായ സൗഹാർദ്ദത്തിന് ഊഷ്മളത കുറഞ്ഞതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഈ അവസ്ഥ തുടർന്നാൽ കേരളം വീണ്ടുമൊരു ഭ്രാന്താലയമാകുമെന്നും മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവെ ആന്റണി പറഞ്ഞു.സമുദായ സൗഹാർദ്ദം വേണമെന്ന് പ്രസംഗിച്ചതു കൊണ്ടായില്ല. സാമുദായിക നീതിയും സാമൂഹിക നീതിയും ഉറപ്പു വരുത്താൻ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ശ്രദ്ധിക്കണം. അത് അവരുടെ ഉത്തരവാദിത്തവും കടമയുമാണ്. അത് നിറവേറ്റാൻ എല്ലാ സമുദായ സംഘടനകളും ഭരണാധികാരികളും ശ്രമിക്കണമെന്നും ആന്റണി  പറഞ്ഞു. 

കേരളത്തിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ അവസ്ഥയോർത്ത് തലകുനിക്കേണ്ട സാഹചര്യമാണിത്. ഡൽഹിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വിധി നമ്മുടെ കണ്ണു തുറപ്പിക്കണം. കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകുന്നതിനുള്ള നിയമഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവരും. ഇതു സംബന്ധിച്ച് അന്വേഷണത്തിന് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകും. എന്നാൽ കോടതികൾക്കും നിയമങ്ങൾക്കും സമാന്തരമായി സാമൂഹ്യമുന്നേറ്റം ആരംഭിക്കേണ്ട സമയമായിരിക്കുന്നു. ചങ്ങലകൾക്കാണ് ഇവിടെ ഭ്രാന്ത് പിടിച്ചിരിക്കുന്നത്. ആ ഭ്രാന്തിനെ പിടിച്ചു കെട്ടുന്നതിന് സാമൂഹ്യമുന്നേറ്റം ആവശ്യമാണെന്നും ആന്റണി ചൂണ്ടിക്കാട്ടി. ഇതിനായി രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമുദായിക സാമൂഹ്യ സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: