Pages

Wednesday, January 2, 2013

കൗമാരകലോത്സവം കൊട്ടാരക്കരയില്‍ കൊടിയേറി


കൗമാരകലോത്സവം
കൊട്ടാരക്കരയില്‍  കൊടിയേറി

mangalam malayalam online newspaperസ്‌കൂള്‍ കലോത്സവത്തില്‍ താഴ്‌ന്ന ജാതിക്കാര്‍ ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്നു കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌. കൊട്ടാരക്കരയില്‍ 53-ാമത്‌ കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയുടെ കാര്യത്തില്‍ പട്ടികജാതിക്കാര്‍ക്കു സംവരണം വേണമെന്നു പറയുന്നില്ല. എന്നാല്‍ ജന്മനാ ലഭിക്കുന്ന സര്‍ഗവാസനകളെ ജാതിമതങ്ങളുടെ പേരില്‍ പിന്തള്ളുന്നത്‌ അംഗീകരിക്കാനാവില്ല. മറ്റുള്ളവര്‍ക്കൊപ്പം മാറ്റുരയ്‌ക്കാന്‍ കഴിവുണ്ടെങ്കിലും അവസരങ്ങള്‍ തട്ടിക്കളയുന്നു. സംസ്‌ഥാനസര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ഇക്കാര്യത്തില്‍ ഇനിയെങ്കിലും ആലോചന നടത്തണം. ദേശീയോദ്‌ഗ്രഥനത്തിനു സഹായകമാണ്‌ സ്‌കൂള്‍ കലോത്സങ്ങള്‍, മാനുവലില്‍ കാലാനുസൃതമായ മാറ്റം വരുത്തണം. സ്‌കൂള്‍ കലോത്സങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. പ്രതിഭാപട്ടവും തിലകപ്പട്ടവും ഒഴിവാക്കപ്പെട്ടപ്പോള്‍ മത്സരാര്‍ഥികളുടെ വാശി നഷ്‌ടപ്പെട്ടു. എന്നാല്‍, വിദ്യാര്‍ഥികളുടെ മല്‍സരങ്ങള്‍ രക്ഷിതാക്കളുടേതായി മാറിയിരുന്ന സ്‌ഥിതിക്കു മാറ്റം വന്നു- മന്ത്രി പറഞ്ഞു.
പി. അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എന്‍. ബാലഗോപാല്‍ എം.പി, കെ. രാജു എം.എല്‍.എ, മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. ഗോപാലകൃഷ്‌ണപിള്ള, ജനപ്രതിനിധികളായ വിന്നി ലുമുംബ, ജേക്കബ്‌ വര്‍ഗീസ്‌ വടക്കേടത്ത്‌, ജഗദമ്മ, എസ്‌.എല്‍. സജികുമാര്‍, പാത്തല രാഘവന്‍, വി. ഫിലിപ്പ്‌, കെ.ഉണ്ണിക്കൃഷ്‌ണമേനോന്‍, ഗിരിജാകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. വല്‍സലാമ്മ, ജനറല്‍ കണ്‍വീന്‍ കെ.ജി. വിജയകുമാര്‍, സ്വീകരണകമ്മിറ്റി കണ്‍വീനര്‍ എം.മുഹമ്മദ്‌ യാസി എന്നിവര്‍ പ്രസംഗിച്ചു.
ദൃശ്യവസന്തമായ്‌ ഘോഷയാത്ര
കൊട്ടാരക്കര: കൗമാരകലോത്സവം വിളംബരം ചെയ്‌ത് നഗരം ചുറ്റിയ ഘോഷയാത്ര നയനാഭമായി. ജില്ലാ കലോത്സവത്തിന്റ ആദ്യദിനത്തില്‍ നടന്ന ഘോഷയാത്ര ആശങ്കയ്‌ക്കിടയില്ലാത്ത പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേനേടി. വിവിധ സ്‌കൂളുകളില്‍നിന്നു വേഷവൈവിധ്യവുമായെത്തിയ വിദ്യാര്‍ഥികള്‍ നഗരവീഥികളുടെ മനം കവര്‍ന്നു.
വാദ്യസംഘത്തിനു പിന്നില്‍ സംഘാടകസമിതിയുടെ ചുമതലക്കാര്‍ അണിനിരന്നു. അതിനും പിന്നിലായാണ്‌ വിദ്യാര്‍ഥികള്‍ നിരന്നത്‌. വിവിധ വര്‍ണങ്ങളിലുള്ള കൊടികളും ബാന്റ്‌ മേളവും കുട്ടിപ്പോലീസ്‌, സ്‌കൗട്‌സ്, കഥകളിവേഷം, പൂക്കളി എന്നിവ സഹിതം ഘോഷയാത്ര പ്രധാന വേദിയില്‍നിന്നു പുറപ്പെട്ട്‌ മാര്‍ത്തോമ്മാ സ്‌കൂള്‍ ജംഗ്‌ഷന്‍ വഴി തിരികെ പ്രധാന വേദിക്കു മുന്നിലെ മൈതാനത്തു സമാപിച്ചു. തുടര്‍ന്ന്‌ പൊതുസമ്മേളനം നടന്നു.
ബോംബ്‌ പൊട്ടിയേ....സോറി, ടൈല്‍ ഇളകിയേ...ഓടിക്കോ!
കൊട്ടാരക്കര: കൊളാഷ്‌ മത്സരവേദിയിലെ തറയില്‍ പാകിയിരുന്ന ടൈല്‍സുകള്‍ വന്‍ശബ്‌ദത്തോടെ ഇളകിത്തെറിച്ചതു കലോത്സവവേദിയില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടോടെയാണ്‌ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം നിലയില്‍ മത്സരം അവസാന ഘട്ടത്തില്‍ നില്‍ക്കേ വലിയ ശബ്‌ദത്തോടെ തറയിലെ ടൈല്‍സുകള്‍ ഇളകിത്തെറിച്ചത്‌. കാര്‍ട്ടൂണും കൊളാഷുമാണ്‌ ഇവിടെ നടന്നിരുന്നത്‌. കൊളാഷിന്റ അവസാന മിനുക്കുപണി നടത്തിക്കൊണ്ടിരുന്ന ഒറ്റക്കല്‍ ഗവ. സ്‌കൂളിലെ ഗീതു വേദിക്കു പുറത്തേക്കിറങ്ങി ഓടി. മത്സരത്തിനു മേല്‍നോട്ടം വഹിച്ച അധ്യാപകര്‍ കെട്ടിടം ഇടിഞ്ഞുവീഴുന്നേ എന്നു നിലവിളിച്ച്‌ പുറത്തേക്കോടി. നിമിഷനേരം കൊണ്ട്‌ കലോത്സവ നഗരിയില്‍ ആശങ്ക പടര്‍ന്നു. എന്താണു സംഭവിച്ചതെന്ന്‌ ആദ്യം ആര്‍ക്കും മനസിലായില്ല. താഴത്തെ നിലയില്‍ ഇതേ സ്‌ഥലത്തുണ്ടായിരുന്ന മത്സരാര്‍ഥികളെയും ഹാളില്‍നിന്ന്‌ ഒഴിപ്പിച്ചു. താപനിലയിലെ വ്യത്യാസം മൂലം തറയിലെ ടൈല്‍സുകള്‍ ഇളകിത്തെറിച്ചതാണെന്ന്‌ മനസിലായതോടെ എല്ലാവരുടെയും മുഖത്ത്‌ ആശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: