Pages

Wednesday, January 2, 2013

ഭൂസമരത്തിന് ആയിരങ്ങളുടെ ഐക്യദാര്‍ഢ്യം


ഭൂസമരത്തിന് ആയിരങ്ങളുടെ ഐക്യദാര്‍ഢ്യം

ഒരുതുണ്ടു മണ്ണിനു വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ രണ്ടാംദിനവും സമരകേന്ദ്രങ്ങള്‍ സജീവം. 14 ജില്ലയിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ആറായിരത്തിലധികം വളന്റിയര്‍മാര്‍ സമരഭൂമിയില്‍ തങ്ങുകയാണ്. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യമേകാനായി പതിനായിരങ്ങളാണ് സമരകേന്ദ്രങ്ങളിലേക്ക് ഒഴുകുന്നത്. നമ്മുടെ മണ്ണും വിഭവവും മാഫിയകള്‍ക്ക് തീറെഴുതുന്ന സര്‍ക്കാരിന് അന്ത്യശാസനമായി ഭൂസമരം മുന്നേറുകയാണ്. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുക, ഭൂപരിഷ്കരണനിയമം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മിച്ചഭഭൂമിയിലേക്ക് മാര്‍ച്ച് ചെയ്ത് ചെങ്കൊടി നാട്ടിയ സമരഭടന്മാരെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച സമരം പത്തുദിവസത്തിനുശേഷം കുടില്‍കെട്ടലടക്കമുള്ള സമരരീതിയിലേക്ക് മാറും.ജനിച്ച മണ്ണില്‍ ജീവിക്കാനായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും പട്ടികവിഭാഗക്കാരും ഒന്നിച്ചുചേര്‍ന്ന് ഒരേ മനസ്സോടെ നടത്തിയ സമരം ആവേശമായി.മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക് പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. ആദ്യദിനം ഒരു കേന്ദ്രത്തില്‍ 250 വളന്റിയര്‍മാരും ആയിരക്കണക്കിന് ബഹുജനങ്ങളുമാണ്  പ്രവേശിച്ചത്. ജനുവരി പത്തിനുള്ളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസിക്കും. തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിയിലെ വടക്കേകളത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പട്ടികജാതി ക്ഷേമസമിതി പ്രസിഡന്റ് കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് വളന്റിയര്‍മാര്‍ ഇവിടെ മാര്‍ച്ച് നടത്തിയത്. എറണാകുളത്ത് കടമക്കുടിയില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സമരഭൂമിയില്‍ പ്രവേശിച്ചത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനംചെയ്തു
തിരുവനന്തപുരം ജില്ലയില്‍ മടവൂര്‍ തുമ്പോട് മിച്ചഭൂമിയിലേക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഭൂസംരക്ഷണ സമരസമിതി കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്തു.കൊല്ലത്ത് പി കെ ഗുരുദാസനും പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവള ഭൂമിയില്‍ തോമസ് ഐസക്കും ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എംസി ജോസഫൈന്‍, ബേബിജോണ്‍, വൈക്കം വിശ്വന്‍, എ കെ ബാലന്‍, പാലോളി മുഹമ്മദുകുട്ടി, വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരിം, പി കരുണാകരന്‍, കെ കെ ശൈലജ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനംചെയ്തു. എല്ലാ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുന്നതു വരെ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജനരോഷം പരിഗണിച്ച് ഭൂപരിധി നിയമം ലംഘിക്കാന്‍ പ്രമാണിമാരെ സഹായിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയമെന്നാവശ്യപ്പെട്ട് സമരം കൂടുതല്‍ ശക്തമാക്കും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: