Pages

Monday, January 7, 2013

ഡല്‍ഹിയില്‍ വീട്ടിനുള്ളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് രേഖകള്‍


ഡല്‍ഹിയില്‍ വീട്ടിനുള്ളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് രേഖകള്‍



ഡല്‍ഹിയിലെ തെരുവില്‍ മാത്രമല്ല, വീടുകളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നു. 2011-ല്‍ രജിസ്റ്റര്‍ചെയ്ത 1498 കേസുകളില്‍ സ്ത്രീകള്‍ക്കുനേരേ അതിക്രമം നടത്തിയത് ഭര്‍ത്താവോ ബന്ധുക്കളോ ആണ്.2010-ല്‍ 1273-ഉം 2009-ല്‍ 1177-ഉം കേസുകളുണ്ടായിരുന്ന സ്ഥാനത്താണിത്. രാജ്യത്തെ ആറ് മെട്രോ നഗരങ്ങളില്‍ സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമം കുറവ് ചെന്നൈയിലാണ്. 2011-ല്‍229 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുംബൈ-393, ബാംഗ്ലൂര്‍-458, കൊല്‍ക്കത്ത-557, ഹൈദരാബാദ്-1,355 എന്നിങ്ങനെയാണ് മറ്റ് മെട്രോ നഗരങ്ങളില്‍ രേഖപ്പെടുത്തിയ കേസുകള്‍. കേസുകള്‍ എല്ലാ മെട്രോനഗരങ്ങളിലും തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ ഏറിയിട്ടുണ്ട്.

അതിനിടെ, ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരെല്ലാം ബിഹാറില്‍നിന്നുള്ള കുടിയേറ്റക്കാരാണെന്ന പ്രസ്താവനയുമായി നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ പുതിയ വിവാദത്തിന് തിരികൊളുത്തി. ബിഹാറികള്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ മുമ്പ് ഒട്ടേറെ കേസുണ്ടായിട്ടുണ്ട്. എങ്കിലും വസ്തുതപറയുകയാണെന്ന് പറഞ്ഞാണ് ബലാത്സംഗക്കേസിലെ പ്രതികളെല്ലാം ബിഹാറികളാണെന്ന് രാജ് താക്കറെ പറഞ്ഞത്. ബിഹാറികള്‍ക്കെതിരായ വികാരമിളക്കിവിട്ടാണ് നവനിര്‍മാണ്‍സേന മഹാരാഷ്ട്രയില്‍ വേരുപിടിച്ചത്.
 അതിനിടെ, പശ്ചിമബംഗാളിലെ ബങ്കുരയില്‍ അഞ്ചിനും പത്തിനുമിടയ്ക്ക് വയസ്സ് പ്രായമുള്ള നാല് പെണ്‍കുട്ടികളെ ബലാത്സംഗംചെയ്ത 40-കാരന്‍ അറസ്റ്റിലായി. 
റാബി ലോചന്‍ ഡേ എന്ന പലചരക്കുകടക്കാരനാണ് ശനിയാഴ്ചരാത്രി പിടിയിലായത്. ജനവരി മൂന്നിന് ബെലാടോറിലെ രത്ടാലയിലാണ് ഇയാള്‍ പെണ്‍കുട്ടികളെ ബലാത്സംഗംചെയ്തത്. കേക്ക് നല്‍കാമെന്നുപറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ഇത്. 

പൂവാലന്‍മാരെ തുരത്താനും സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തടയാനുമായി പഞ്ചാബിലെ ഏഴ് ജില്ലകളിലെ സ്‌കൂളുകളിലും കോളേജുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാന്‍ പോലീസ് തീരുമാനിച്ചു. ഭട്ടിന്‍ഡ, മന്‍സ, ഫരീദ്‌കോട്ട്, മുക്ത്‌സര്‍, മോഗ, ഫിറോസ്​പുര്‍, ഫസില്‍ക ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പരാതിപ്പെട്ടികള്‍ വെക്കുക. പെണ്‍കുട്ടികള്‍ക്ക് ഇതില്‍ പരാതി എഴുതിയിടാം. പോലീസ് അന്വേഷിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഭട്ടിന്‍ഡ മേഖലാ ഐ.ജി. നിര്‍മല്‍സിങ് ധില്ലന്‍ അറിയിച്ചു.
അതിനിടെ, ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തു. സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമം ഭേദഗതിചെയ്യാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രം നിയോഗിച്ച കമ്മിറ്റിയാണിത്. ബലാത്സംഗം എന്ന വാക്കിന് പകരം ലൈംഗിക അതിക്രമം എന്ന വാക്ക് ഉപയോഗിക്കണമെന്ന് കമ്മിറ്റിക്ക് നല്‍കിയ ശുപാര്‍ശയില്‍ ബി.ജെ.ഡി. എം.പി. ബൈജയന്ത് പാണ്ഡ ആവശ്യപ്പെട്ടു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍



No comments: