Pages

Saturday, January 5, 2013

പുകവലി പ്രമേഹത്തിലേക്കുള്ള സുഖവഴി


പുകവലി പ്രമേഹത്തിലേക്കുള്ള സുഖവഴി
ഡോ. ജിജു
കണ്‍സള്‍ട്ടന്റ്‌ ഡയബറ്റോളജിസ്‌റ്റ്,ഐ ആന്‍ഡ്‌ ഡയബറ്റിക്‌ സെന്റര്‍ , തൃശൂര്‍

mangalam malayalam online newspaperശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ബാധിക്കുന്ന രോഗമായതിനാല്‍ പ്രമേഹരോഗം നിസാരമായി തള്ളിക്കളയരുത്‌. പ്രമേഹത്തിലേക്കു നയിക്കുന്ന കാരണങ്ങളില്‍ പ്രഥമ സ്‌ഥാനത്താണ്‌ പുകവലി.
പ്രമേഹ രോഗികളുടെ അവസ്‌ഥ അടച്ചുപൂട്ടിയ ഒരു മുറിക്കകത്ത്‌ ഇരിക്കുന്നതുപോലെയാണ്‌. എവിടെയും എന്തിനും നിയന്ത്രണങ്ങള്‍. എന്നാല്‍ ആരോഗ്യകരമായൊരു ജീവിതത്തിനുവേണ്ടി ജീവിതത്തില്‍ ചില വിട്ടുവീഴ്‌ചകള്‍ക്കു തയാറാകുന്നതല്ലേ നല്ലത്‌. രോഗത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ മാത്രമേ പലപ്പോഴും നമ്മള്‍ ചിട്ടകള്‍ പാലിക്കാത്തതിന്റെ വില തിരിച്ചറിയപ്പെടുകയുള്ളൂ. ജീവിതശൈലി രോഗങ്ങളില്‍ പ്രമേഹം ഒന്നാം സ്‌ഥാനത്തേക്കു കുതിക്കുകയാണു. അന്നജം, കൊഴുപ്പ്‌, മാംസ്യം ഇവയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്‌ഥയാണ്‌ പ്രമേഹമെന്ന സങ്കീര്‍ണ രോഗാവസ്‌ഥയ്‌ക്കു കാരണം. ഇന്റര്‍നാഷണല്‍ ഡയബറ്റിക്‌ അസോസിയേഷന്റെ 2010 ലെ ഇന്ത്യയിലെ കണക്കുപ്രകാരം പ്രമേഹരോഗികളുടെ എണ്ണം 0.8 മില്ല്യനാണ്‌. 2030 ആകുമ്പോഴേക്കും ഇത്‌ 87 മില്യന്‍ ആകുമെന്നാണു അനുമാനം. ആദ്യകാലത്ത്‌ മുതിര്‍ന്നവരില്‍ മാത്രം കണ്ടുവന്നിരുന്ന രോഗമായാണ്‌ പ്രമേഹം കണക്കാക്കിയിരുന്നത്‌. എന്നാല്‍ ഇന്ത്യപോലുള്ള വികസിത രാജ്യങ്ങളില്‍ ഇത്‌ ചെറുപ്പക്കാരിലും കണ്ടുവരുന്നു. പാരമ്പര്യം ഒരു ഘടകമാണെങ്കിലും ജീവിതശൈലി വ്യതിയാനങ്ങള്‍, പൊണ്ണത്തടി, മാനസിക പിരിമുറുക്കം, പുകവലി എന്നിവ പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 2010 ലെ കണക്കുപ്രകാരം 20- 79 വയസിനിടയ്‌ക്ക് 4 മില്ല്യന്‍ മരണങ്ങളുടെ കാരണവും പ്രമേഹംതന്നെ. പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങള്‍ ഹൃദ്രോഗങ്ങള്‍, വൃക്കസ്‌തംഭനം, നാഡീവ്യൂഹരോഗങ്ങള്‍ തുടങ്ങിയവയാണ്‌. ഇവയോട്‌ അനുബന്ധിച്ച്‌ ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ കൂടിയാകുമ്പോള്‍ സാധാരണക്കാരന്റെ ചികിത്സാ ചെലവുകള്‍ തകിടം മറിയുന്നു.
പുകവലിയും പ്രമേഹവും
പ്രമേഹത്തിലേക്കു നയിക്കുന്ന കാരണങ്ങളില്‍ പ്രഥമ സ്‌ഥാനത്താണ്‌ പുകവലി. ശ്വാസകോശ അര്‍ബുദത്തിനുവരെ കാരണമാകുന്ന പുകവലി രോഗത്തെ അതിന്റെ തീവ്രമായ അവസ്‌ഥയില്‍ വളരെവേഗം കൊണ്ടെത്തിക്കുന്നു. രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ പുകവലിക്കുന്നവരില്‍ ക്രമാതീതമായി കൂടുന്നതാണ്‌ ഇതിനു കാരണം. പ്രമേഹം നിയന്ത്രിക്കുന്നതില്‍ പാന്‍ക്രിയാസ്‌ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്‌ ഒരു പ്രധാന പങ്കുണ്ട്‌. എന്നാല്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങള്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം തടയുന്നു. മാത്രമല്ല ഇന്‍സുലിന്‌ എതിരെ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളായ കാറ്റ്‌ കൊളാമിന്‍സ്‌, ഗ്രോത്ത്‌ ഹോര്‍മോണ്‍സ്‌, കോര്‍ടിസോള്‍ എന്നിവയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു.
കൂടിയ രക്‌തസമ്മര്‍ദ്ദം
രക്‌തസമ്മര്‍ദത്തിന്റെ കാര്യത്തിലും കണക്കുകള്‍ വിഭിന്നമല്ല. പുകവലിക്കുന്നവരില്‍ രക്‌തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ കൂടുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ്‌ കുറയുന്നതായും കണ്ടുവരുന്നു. പുകവലി രക്‌തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇത്‌ കണ്ണുകളുടെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ ഗുരതരമായി ബാധിക്കും. രക്‌തത്തിന്റെ മന്ദഗതിയിലുള്ള പ്രവാഹം രക്‌തം കട്ടപിടിക്കുന്നതിനും, അതിനു സഹായകരമായ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. ഇതില്‍ പുകവലിക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്‌. രക്‌താതിസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ള ഹൃദ്രോഗ കാരണങ്ങള്‍ പ്രമേഹത്തിന്റെ സന്തതസഹചാരിയാണ്‌. മറ്റ്‌ ഹൃദ്രോഗ കാരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലിയുള്ള പ്രമേഹബാധിതര്‍ക്ക്‌ മൂന്നിരട്ടി ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന്‌ പഠനങ്ങള്‍ വ്യക്‌തമാക്കുന്നു.
പുകവലി നിര്‍ത്താന്‍
തുടര്‍ച്ചയായി പുകവലിക്കുന്നവര്‍ക്ക്‌ പെട്ടെന്നു നിര്‍ത്താന്‍ പറഞ്ഞാല്‍ അതിനു കഴിയണമെന്നില്ല. കാരണം അവര്‍ സിഗററ്റിലും ബീഡിയിലും മറ്റും അടങ്ങിയിരിക്കുന്ന വിഷപദാര്‍ഥമായ നിക്കോട്ടിന്‌ അടിമകളാണ്‌. സ്വയം നിയന്ത്രിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയാത്തവര്‍ കൗണ്‍സിലിങ്ങും ആവശ്യമെങ്കില്‍ മരുന്നുകളും ഉപയോഗിക്കണം. കേരളത്തില്‍ അടുത്തിടെ പ്രമേഹ രോഗികള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേ വ്യക്‌തമാക്കുന്നത്‌ 52 ശതമാനം ആളുകളും പുകവലി പ്രമേഹ തീവ്രത വര്‍ധിപ്പിക്കുമെന്ന്‌ മനസിലാക്കിയവരാണെന്നാണ്‌്. അപകടം മുന്‍കൂട്ടി മനസിലാക്കിക്കൊണ്ടുതന്നെ ജീവിതം എരിച്ചു തീര്‍ക്കുന്നവര്‍. പുകവലി ആരോഗ്യത്തിനു ഹാനികരം എന്നത്‌ സിഗരറ്റു പാക്കറ്റിലെ വെറും അക്ഷരങ്ങള്‍ മാത്രമല്ല. അതിലെ യഥാര്‍ഥ സന്ദേശം എല്ലാവരും തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും പ്രമേഹബാധിതര്‍. കൃത്യവും ചിട്ടയുമാര്‍ന്ന ബോധവത്‌ക്കരണങ്ങളിലൂടെ കര്‍ശനമായ ആത്മനിയന്ത്രണത്തിലൂടെ പുകവലി പൂര്‍ണമായി ഉപേക്ഷിക്കാന്‍ ഇന്നുതന്നെ തയാറെടുത്തു തുടങ്ങുക. അപ്പോള്‍ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താം. ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനം ഇതിന്‌ അവര്‍ക്ക്‌ ആവശ്യമാണ്‌.
പുകവലി കൊഴുപ്പ്‌ വര്‍ധിപ്പിക്കുന്നു
പുകവലിക്കുന്നവര്‍ പറയുന്ന ഒരു ന്യായീകരണമാണ്‌ പുകവലി ശരീരഭാരം കുറയ്‌ക്കുമെന്ന്‌. ഇത്‌ വളരെ തെറ്റായ ഒരു കാഴ്‌ചപ്പാടാണ്‌. അരക്കെട്ടിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ പുകവലി വര്‍ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌്. ഇത്‌ പ്രമേഹ സങ്കീര്‍ണതകള്‍ പിന്നെയും വര്‍ധിപ്പിക്കും. പുകവലിക്കുന്ന പ്രമേഹ രോഗികള്‍ക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ മരണനിരക്ക്‌ രണ്ടിരട്ടിയോളം കൂടുതലാണ്‌. അതിനാല്‍ പ്രമേഹരോഗികള്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ബാധിക്കുന്ന രോഗമായതിനാല്‍ പ്രമേഹരോഗം നിസാരമായി തള്ളിക്കളയരുത്‌. രക്‌തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ്‌ രക്‌തക്കുഴലുകളുടെയും നാഡികളുടെയും പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നു. ചിട്ടകള്‍ കൃത്യമായി പാലിക്കാതെ അശ്രദ്ധമായ ജീവിതശൈലി രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കും. കാലിലെ ഉണങ്ങാത്ത വ്രണം, വൃക്കസ്‌തംഭനം, കാലിലെ ചുട്ടുനീറ്റം, തരിപ്പ്‌, മരവിപ്പ്‌, സ്‌പര്‍ശനശേഷി നഷ്‌ടപ്പെടല്‍, ലൈംഗികശേഷി കുറയുക, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും ഇതിന്റെ പ്രത്യാഘാതങ്ങള്‍തന്നെ. നിശബ്‌ദ കൊലയാളി എന്ന പേര്‍ പ്രമേഹത്തിന്‌ തികച്ചും അനുയോജ്യമാണ്‌. കാരണം രോഗം വളരെ സാവധാനത്തിലാണ്‌ ശരീര അവയവങ്ങളെ തകരാറിലാക്കുന്നത്‌. ചില അവസരങ്ങളില്‍ പ്രാഥമിക ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതിരിക്കുകയോ അവ ഗൗരവമായി എടുക്കുകയോ ചെയ്യാത്തതുമൂലം രോഗം കൂടുതല്‍ സങ്കീര്‍ണമാകുന്നു. പുറമേ ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ രോഗം എല്ലാ അവയവങ്ങളേയും ക്ഷതമേല്‍പ്പിക്കാം. രോഗത്തിന്റെ അവസാന ഘട്ടത്തിലുള്ള ചികിത്സ ഫലപ്രദമല്ല. അതിനാല്‍ രോഗാരംഭം മുതല്‍ ജീവിതശൈലി ക്രമപ്പെടുത്തണം. കൃത്യതയോടെയുള്ള രക്‌തപരിശോധനകളും വിദഗ്‌ധോപദേശങ്ങളും പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: