Pages

Saturday, January 5, 2013

ഭയാനകമാവുന്ന പൗരുഷം


1354961760_1354961760_P.Surendran.jpgഭയാനകമാവുന്ന പൗരുഷം
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാള്‍. ഓടക്കുഴല്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടുകൂടി കര്‍ണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഹരിത വിദ്യാലയം, ജലസന്ധി, സാമൂഹ്യപാഠം തുടങ്ങിയ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്‌
ലൈംഗികാനുഭൂതിയെന്നത്‌ ജീവികുലങ്ങള്‍ക്കു പ്രകൃതി നല്‍കിയ വരദാനമാണ്‌. ജീവികുലം മുടിഞ്ഞുപോകാതിരിക്കാനുള്ള ചാന്ദ്രവെളിച്ചം. എന്നാല്‍ അതിന്‌ ധാര്‍മികതയുടെ മനോഹരമായ ഫ്രെയിം ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ മനുഷ്യവംശത്തിനു തീരാക്കളങ്കമാവുന്ന അശ്ലീലമായി മാറും. ഇപ്പോള്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്ന ലൈംഗികാതിക്രമങ്ങള്‍ മനുഷ്യര്‍ക്കു സംഭവിക്കുന്ന ഉള്‍പ്പരിവര്‍ത്തനത്തിന്റെ പ്രകടനംതന്നെയായി കാണേണ്ടിവരും. വൈകൃതത്തിന്റെ പര്യായങ്ങളെ ലൈംഗികതയായി കാണാനേ വയ്യ.
വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന ഒരനുഭവം ഓര്‍മയില്‍ വരികയാണ്‌. തമിഴ്‌നാട്ടിലെ വില്ലുപുരത്ത്‌ നപുംസകങ്ങളുടെ മഹാസംഗമം നടക്കുകയാണ്‌. ഹിജഡകളെക്കുറിച്ചുള്ള എന്റെ പുസ്‌തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട്‌ അവിടെ ചെന്നതായിരുന്നു ഞാന്‍. ഹിജഡകള്‍ക്കു പലതരത്തിലുള്ള കലാപ്രകടനങ്ങള്‍ക്കും അനുഭവങ്ങള്‍ പങ്കിടാനും അവിടെ അവസരമുണ്ടായിരുന്നു. ഒന്നും ഒളിച്ചുവയ്‌ക്കാത്ത പ്രകൃതമാണു ഹിജഡകളുടേത്‌. മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ അവര്‍ എന്തും തുറന്നുപറയും.
ഒരു ഹിജഡയുടെ അത്തരമൊരു തുറന്നുപറച്ചില്‍ ഉണങ്ങാത്ത മുറിവായി ഇപ്പോഴും എന്റെ ഉള്ളിലുണ്ട്‌. മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ നില്‍ക്കുകയായിരുന്നു ആ ഹിജഡ. സമൃദ്ധമായ മാറിടം മുഴുവന്‍ പുറത്തേക്കുകാണിച്ച്‌ ചുണ്ടിലേക്ക്‌ ഊര്‍ന്നിറങ്ങുന്ന കണ്ണീരിന്റെ ഉപ്പു രുചിച്ചുകൊണ്ടാണ്‌ ആ ഹിജഡ സംസാരിക്കുന്നത്‌. ഒരാഴ്‌ചമുമ്പ്‌ ഹിജഡയെ വാടകയ്‌ക്കെടുത്തവന്‍ അവന്റെ കാമവൈകൃതങ്ങള്‍ക്കൊടുവില്‍ ഹിജഡയുടെ മാറിടത്തില്‍ ബ്ലെയ്‌ഡുകൊണ്ടു വരഞ്ഞത്‌ മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
കരഞ്ഞുകൊണ്ടാണ്‌ ഹിജഡ സംസാരിക്കുന്നതെങ്കിലും നോക്കിനില്‍ക്കുന്നവര്‍ ചിരിക്കുകയായിരുന്നു. ഹിജഡയായതുകൊണ്ട്‌ ആരുമത്‌ ഗൗനിച്ചില്ല. ചര്‍ച്ചചെയ്‌തില്ല. ഹിജഡയുടെ ശരീരം അതിനൊക്കെയുള്ളതാണെന്നു പൊതുസമൂഹം വിശ്വസിക്കുന്നു. എല്ലാ ലൈംഗികവൈകൃതങ്ങളും ഹിജഡയ്‌ക്കുമേല്‍ തീര്‍ക്കാം എന്നത്‌ അധോലോകത്തെ വിശ്വാസസംഹിതയാണ്‌.
മറ്റൊരു ഹിജഡ പങ്കിട്ട അനുഭവം ഇതിനേക്കാള്‍ ക്രൂരമാണ്‌. ഒരു പാതിരായ്‌ക്കു രണ്ടു പോലീസുകാര്‍ ഹിജഡയെ പിടികൂടി. ലൈംഗികദാഹം തീര്‍ക്കാനായി പോലീസ്സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെവച്ചാണ്‌ സ്‌ത്രീയല്ല എന്നു പോലീസുകാര്‍ തിരിച്ചറിഞ്ഞത്‌. തുടര്‍ന്നു ക്രൂരമായ മര്‍ദനവും ലൈംഗികവൈകൃതങ്ങളുടെ പേക്കൂത്തുമായിരുന്നു. ഗുദത്തിലൂടെ ലാത്തി കുത്തിക്കയറ്റി കുടലുകള്‍ക്കു പരുക്കേറ്റ്‌ രക്‌തസ്രാവമുണ്ടായി.
ചില മനുഷ്യാവകാശസംഘടനകള്‍ ഇടപെട്ടാണു ഹിജഡയെ ആശുപത്രിയിലെത്തിച്ചത്‌. സ്‌ത്രീവേശ്യകളോടും സമാനരീതിയിലാണു പെരുമാറുന്നത്‌. ഒരു വേശ്യയാണ്‌ തെരുവില്‍വച്ച്‌ ലൈംഗികാധിനിവേശത്തിനും ആക്രമണത്തിനും ഇരയാവുന്നതെങ്കില്‍ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നു തോന്നുന്നില്ല. ഇരകളുടെ കുടുംബമഹിമ, സാമ്പത്തികസ്‌ഥിതി എന്നിവയൊക്കെയും പ്രതികരണങ്ങളുടെ ഗതി നിശ്‌ചയിക്കുന്നു. ഡല്‍ഹിയില്‍ നടന്ന തരത്തിലുള്ള ഭീകരമായ ലൈംഗികാതിക്രമം പാവപ്പെട്ടവര്‍ അടിഞ്ഞുകൂടുന്ന ചേരികളിലും നീതി നിഷേധിക്കപ്പെടുന്ന ദളിത്‌ഗ്രാമങ്ങളിലും നടക്കുന്നു. പട്ടാള ആധിപത്യമുള്ള കാശ്‌മീരിലും മണിപ്പൂരിലും നീതിക്കു കാവലാളാവേണ്ട ഉദ്യോഗസ്‌ഥര്‍തന്നെ എത്രയോ പെണ്‍ജീവിതങ്ങള്‍ കശക്കിയെറിയുന്നുണ്ട്‌. ആദിവാസി/ദളിത്‌ വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയമാവുന്നതു പൊതുസമൂഹം കണ്ടില്ലെന്നു നടിക്കുന്നു.
ഇത്തരം സംഭവങ്ങളില്‍ ലൈംഗികത ഒരധികാരവ്യവസ്‌ഥയുടെ പ്രകടനമാണ്‌. പാപ്പീലിയോ ബുദ്ധ എന്ന സിനിമയില്‍ ജാതിഹിന്ദുക്കളുടെ അതിക്രൂരമായ ബലാല്‍സംഗത്തിനു വിധേയമാവുന്ന ഒരു ദളിത്‌പെണ്‍കുട്ടിയുടെ ജീവിതം ചിത്രീകരിച്ചിട്ടുണ്ട്‌. ഇതിനെതിരേയും സെന്‍സര്‍ബോര്‍ഡ്‌ രംഗത്തു വന്നു.
എന്നാല്‍ ആ സിനിമയില്‍ ചിത്രീകരിച്ചതിനേക്കാളും ഭയാനകമാണ്‌ സമകാലീന യാഥാര്‍ഥ്യമെന്നു ഡല്‍ഹി സംഭവം നമ്മോടു പറയുന്നു.
ലൈംഗികാനുഭൂതിയെന്നത്‌ ജീവികുലങ്ങള്‍ക്കു പ്രകൃതി നല്‍കിയ വരദാനമാണ്‌. ജീവികുലം മുടിഞ്ഞുപോകാതിരിക്കാനുള്ള ചാന്ദ്രവെളിച്ചം. എന്നാല്‍ അതിന്‌ ധാര്‍മികതയുടെ മനോഹരമായ ഫ്രെയിം ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ മനുഷ്യവംശത്തിനു തീരാക്കളങ്കമാവുന്ന അശ്ലീലമായി മാറും. ഇപ്പോള്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്ന ലൈംഗികാതിക്രമങ്ങള്‍ മനുഷ്യര്‍ക്കു സംഭവിക്കുന്ന ഉള്‍പ്പരിവര്‍ത്തനത്തിന്റെ പ്രകടനംതന്നെയായി കാണേണ്ടിവരും.
mangalam malayalam online newspaperവൈകൃതത്തിന്റെ പര്യായങ്ങളെ ലൈംഗികതയായി കാണാനേ വയ്യ. ശരീരത്തിന്റെ സ്വാഭാവികമായ ലൈംഗികചോദനകളെ മറികടന്നുപോവുന്ന ഹിംസയുടെ ഒരു തലംകൂടി ഡല്‍ഹിയിലെ നിര്‍ഭയസംഭവത്തിനു പിറകിലുണ്ട്‌. ആ പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങള്‍ക്കെല്ലാം പരുക്കേറ്റുവെങ്കില്‍ ഏതുതരത്തിലുള്ള അതിക്രമമാണ്‌ അവള്‍ക്കുനേരെ നടന്നതെന്നു വ്യക്‌തം. പുരുഷന്റെ ലൈംഗികാവയവംകൊണ്ട്‌ ഇത്രയും വലിയ ക്രൂരത കാണിക്കാന്‍ ഒക്കുകയില്ല. അതുകൊണ്ടുതന്നെ ഷണ്ഡീകരിക്കുക എന്ന ശിക്ഷകൊണ്ട്‌ ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാവില്ല. തൂക്കിലേറ്റിയതുകൊണ്ടും പ്രയോജനമില്ല. തൂക്കിലേറ്റുകയെന്നതു ദുരിതപൂര്‍ണമായ ജീവിതത്തില്‍നിന്നുള്ള മോചനമാണ്‌. അങ്ങനെ മോചിതരാവാന്‍ ഇത്തരം കുറ്റവാളികളെ അനുവദിക്കരുത്‌. ഒരിക്കല്‍പോലും പുറംലോകം കാണാന്‍ അവസരം നല്‍കാത്ത (പരോള്‍പോലും അനുവദിക്കാത്ത) നരകപൂര്‍ണമായ ശിക്ഷ നല്‍കണം. ഇത്തരം കുറ്റവാളികള്‍ക്കായി സവിശേഷമായ ശിക്ഷ നല്‍കത്തക്കവിധം ജയില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യണം.
അശ്ലീലമാംവിധം ബലാല്‍സംഗങ്ങളുടെയും പെണ്‍വാണിഭങ്ങളുടെയും വാര്‍ത്തകള്‍ പെരുകിവരികയാണ്‌. പൗരുഷം എന്നതുതന്നെ മോശപ്പെട്ട വാക്കായിമാറുന്നു. അന്തസുള്ള, ആര്‍ദ്രതയുള്ള ഏതു പുരുഷനും തലകുനിക്കേണ്ടിവരുന്ന തരത്തിലുള്ള വാര്‍ത്തകളാണു സ്‌ത്രീകള്‍ക്കുനേരേയുള്ള പുരുഷന്റെ അധിനിവേശം. പുരുഷന്മാരില്ലാത്ത ലോകത്തെക്കുറിച്ച്‌ പഴയ തലമുറയിലെ കേരളീയകഥാകാരി ഭാവനചെയ്‌തതു നമ്മുടെ കാലത്തെ അവര്‍ ദീര്‍ഘദര്‍ശനം ചെയ്‌തതുകൊണ്ടാവുമോ?
കഴിഞ്ഞദിവസം വായിച്ച ഒരു വാര്‍ത്ത 75 കാരനായ ഒരു വൃദ്ധന്‍ പത്തു വയസുകാരിയായ തന്റെ പേരക്കുട്ടിയെ നിരന്തരമായി ലൈംഗികപീഡനം നടത്തിയതാണ്‌. ഇത്തരക്കാര്‍ക്കു ഭൂമിയിലെ ഏതു ശിക്ഷ നല്‍കിയാലാണു മതിയാവുക? ലൈംഗികവികാരം മനുഷ്യനെ നേരും നെറിയുമില്ലാത്തവനായി മാറ്റുന്നതിന്റെ എത്രയെത്ര വാര്‍ത്തകളാണ്‌ നമ്മള്‍ വായിക്കുന്നത്‌.
ആങ്ങള പെങ്ങളെ, അച്‌ഛന്‍ മകളെ... ഇങ്ങനെ വാര്‍ത്തകളിലൂടെ കടന്നുപോകുമ്പോള്‍ സ്‌ത്രീക്കു സാന്ത്വനവും ആശ്രയവുമാകേണ്ട പൗരുഷം ഭയാനകമായിത്തീരുന്നതിന്റെ ചിത്രങ്ങള്‍ തെളിഞ്ഞുവരികയാണ്‌. എന്നാല്‍ പെണ്‍മാംസവിപണിയില്‍ സ്‌ത്രീകളുടെ പങ്കും ധാരാളം. ഒരമ്മ പ്രായപൂര്‍ത്തിയാവാത്ത തന്റെ മകളെ പലര്‍ക്കായി കാഴ്‌ചവച്ചതിന്റെ വാര്‍ത്ത വന്നിരുന്നു. തന്റെ മകളെ ആക്രമണകാരികളായ പുരുഷന്മാര്‍ക്കു കാഴ്‌ചവയ്‌ക്കുകമാത്രമല്ല ആ അമ്മ ചെയ്‌തത്‌. തന്റെ മകളോടൊത്തുള്ള പുരുഷവേഴ്‌ചകള്‍ നേരില്‍കണ്ട്‌ അമ്മ സംതൃപ്‌തി അടയുകകൂടി ചെയ്‌തു. ഇതും മനോവൈകൃതത്തിന്റെ പ്രകടനംതന്നെയാണ്‌.
വേശ്യാലയങ്ങള്‍ക്ക്‌ അംഗീകാരം നല്‍കുകയും അതുവഴി ലൈംഗികദാഹം ശമിപ്പിക്കാനുള്ള വഴിയൊരുക്കി ലൈംഗികാതിക്രമങ്ങള്‍ തടയാമെന്നും ചിലരെങ്കിലും പറയുന്നുണ്ട്‌. അന്യസംസ്‌ഥാനങ്ങളില്‍നിന്നൊക്കെ വരുന്ന ലക്ഷക്കണക്കിനു തൊഴിലാളികള്‍ കേരളത്തിലുണ്ട്‌. അവര്‍ക്കും ശരീരത്തിന്റെ ആവശ്യങ്ങളുണ്ട്‌. ലൈംഗികമായ ആവശ്യം സാധിക്കാന്‍ അവര്‍ക്കു മുമ്പില്‍ എന്തു വഴിയെന്നതു തീര്‍ച്ചയായും ഒരു ചോദ്യംതന്നെയാണ്‌. എത്ര വേശ്യാലയങ്ങള്‍ സ്‌ഥാപിച്ചാലും ഭയാനകമായി മാറുന്ന പൗരുഷവും അതിന്റെ വൈകൃതങ്ങളും ബാക്കിയുണ്ടാവും. വേശ്യാത്തെരുവുകള്‍ ധാരാളമുള്ള ഡല്‍ഹിയില്‍തന്നെയാണ്‌ നിര്‍ഭയസംഭവവും ഉണ്ടായത്‌.
സമൂഹത്തില്‍ ഹിംസ പെരുകുകതന്നെയാണ്‌. അതില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കു വലിയ പങ്കുണ്ട്‌. അവര്‍ നിര്‍മിക്കുന്ന അധോലോകം സഹജീവികള്‍ക്കും പ്രകൃതിക്കും ഒരുപോലെ വിനയാവുന്നു. സ്‌ത്രീകള്‍ക്കുനേരേ മാത്രമല്ല കൈയേറ്റങ്ങള്‍. പുരുഷകേന്ദ്രീകൃതമായ വ്യവസ്‌ഥയില്‍ സ്‌ത്രീകള്‍ കൂടുതലായി ഇരകളാവുന്നു എന്നേയുള്ളൂ.
ക്രിമിനല്‍സമൂഹത്തിന്റെ വോട്ട്‌ബാങ്കും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ ആവശ്യമായിവരുമ്പോള്‍ ക്രിമിനലുകളെ സംരക്ഷിക്കേണ്ട ബാധ്യതയും അവര്‍ ഏറ്റെടുക്കും. ക്രിമിനലുകളായ രാഷ്‌ട്രീയപ്രവര്‍ത്തകരുടെ കേസ്‌ നടത്താന്‍ പാര്‍ട്ടികള്‍ ഫണ്ട്‌ പിരിക്കുന്നു. നിര്‍ഭയസംഭവത്തിലെ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരാവില്ലെന്നു വക്കീലന്മാര്‍ തീരുമാനിച്ചതു നല്ലകാര്യമാണ്‌.
അതിനിടയ്‌ക്കാണു നിര്‍ഭയസംഭവത്തില്‍ പ്രതീകാത്മക തൂക്കിലേറ്റലുമായി ഡി.വൈ.എഫ്‌.ഐ. രംഗത്തു വന്നത്‌. ഇതിനുള്ള എന്തു ധാര്‍മികാവകാശമാണ്‌ ആ യുവസംഘടനയ്‌ക്കുള്ളത്‌? ടി.പി. ചന്ദ്രശേഖരന്‍ വധവും നിര്‍ഭയസംഭവവും തമ്മില്‍ എന്തു വ്യത്യാസമിരിക്കുന്നു? ഹിംസ പ്രത്യയശാസ്‌ത്രത്തിന്റെ പേരിലായാലും ലൈംഗികതയുടെ പേരിലായാലും ഒന്നുതന്നെയാണ്‌. ടി.പി. വധ വിഷയത്തില്‍ പ്രതീകാത്മക തൂക്കിലേറ്റല്‍ നടത്താനുള്ള ആര്‍ജവം സി.പി.എമ്മിന്റെ ഈ യുവജസംഘടനയ്‌ക്കുണ്ടോ?

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: