Pages

Monday, January 7, 2013

കൌതുകകരമായ “പ്രാണി ചികിത്സ”


mangalam malayalam online newspaperകൌതുകകരമായ  “പ്രാണി ചികിത്സ
പ്രാണിക്‌ ഹീലിംഗ്‌
എം.ജയതിലകന്‍
Story Dated: Wednesday, January 2, 2013 08:37

അര്‍ബുദരോഗത്തിന്‌ ശാശ്വതമായ മരുന്നുണ്ടോ? കൃത്യമായൊരുത്തരമില്ലാത്ത ചോദ്യം. എന്നാല്‍ ഈ
ചോദ്യത്തിന്‌ സ്വന്തം ജീവിതം സാക്ഷ്യമാക്കി ഒരു മലയാളി. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അപ്പുണ്ണി രമേശ്‌. കോഴിക്കോട്ടുകാരനായ അപ്പുണിരമേശിന്റെ അവിശ്വനീയമായ ജീവിതകഥ
കോഴിക്കോട്‌ കാരപ്പറമ്പില്‍ 'രേവതി' യിലേക്ക്‌ പടി കയറുമ്പോള്‍ സ്വാഗതമോതുക അരോഗദൃഢഗാത്രനായ ഒരു മനുഷ്യനാണ്‌. ശരീരം കണ്ടാല്‍ 'എയ്‌റ്റ് പാക്ക്‌'വീരന്മാര്‍ പോലും നാണിക്കും, ഈ അറുപതു വയസ്സുകാരനു മുന്‍പില്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ക്യാന്‍സര്‍ കാര്‍ന്നു തിന്ന ശരീരമാണ്‌ ഇതെന്ന്‌ ആരും വിശ്വസിക്കില്ല. അവിശ്വാസത്തിന്റെ ആ കഥകള്‍ അപ്പുണ്ണി രമേശിന്റെ ഓര്‍മ്മകളില്‍ ഭദ്രമാണ്‌.
ജനനം മുതല്‍...
പാലക്കാട്‌ എലപ്പുള്ളി തറവാട്ടില്‍ അന്‍പതുകളിലാണ്‌ എന്റെ ജനനം. എലപ്പുള്ളി ഗവ:ഹൈസ്‌കൂളിലും പാലക്കാട്‌ വിക്‌ടോറിയ കോളേജിലുമായി വിദ്യാഭ്യാസം. എം.എ പാസായി നില്‍ക്കുമ്പോഴാണ്‌ 75 ല്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ജോലി ലഭിക്കുന്നത്‌. പോര്‍ച്ചുഗല്‍, ബ്രസീല്‍, മൊസാംബിക്‌, ഓസ്‌ട്രിയ, ഇറാക്ക്‌, ബാഗ്‌്ദാദ്‌, ജര്‍മ്മനി, ലിബിയ,കിര്‍ഗിസ്‌ഥാന്‍,പെറു എന്നിവടങ്ങളില്‍ വിവിധ തസ്‌തികകളില്‍ സേവനമനുഷ്‌ഠിച്ചു. ജര്‍മ്മനിയില്‍ കോണ്‍സുല്‍ ജനറലായും ലിബിയ, കിര്‍ഗിസ്‌ഥാന്‍ എന്നിവടങ്ങളില്‍ അംബാസിഡറുമായുമാണ്‌ പ്രവര്‍ത്തിച്ചത്‌. തുടര്‍ന്നാണ്‌ പെറുവില്‍ അംബാസിഡറായി യാത്രയാകുന്നത്‌.
ക്ഷണിക്കാതെത്തിയ അതിഥി
2009 ലെ ഒരുച്ചനേരം. പെറുവിന്റെ തലസ്‌ഥാനമായ ലിമയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലിയിലായിരുന്നു ഞാന്‍. പെട്ടെന്ന്‌ തലചുറ്റുന്നതുപോലെ തോന്നി. നിലത്തുവീണു. പിന്നെ ഒന്നും ഓര്‍മ്മയില്ല. ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോള്‍ ഞാന്‍ അബോധാവസ്‌ഥയിലായിരുന്നു. ആശുപത്രിയില്‍ വിശദമായ പരിശോധന നടത്തി. വിവിധ ടെസ്‌റ്റുകള്‍. പിന്നെ ഞെട്ടിക്കുന്ന വിവരം ഡോക്‌ടര്‍മാര്‍ അറിയിച്ചു. എനിക്ക്‌ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറാണ്‌. ശ്വാസകോശവും കവിഞ്ഞ്‌ പടരുന്ന കാന്‍സര്‍. വലതു ശ്വാസകോശത്തെ പൂര്‍ണമായും അര്‍ബുദം വിഴുങ്ങിയിരിക്കുന്നു. അവിടെനിന്ന്‌ പുറത്തേക്ക്‌ കടന്ന്‌ ഹൃദയത്തിന്റെ ഭാഗത്തേക്കും കടന്നുകയറിയിരിക്കുന്നു. വായുസഞ്ചാരം 85 ശതമാനം തടസ്സപ്പെട്ടു. ശ്വാസം കിട്ടുന്നില്ല. ഇനി അധികകാലം ജീവിച്ചിരിക്കില്ല!
ലിമയില്‍ 15 ദിവസം റേഡിയോ തെറാപ്പി ചെയ്‌തു. തുടര്‍ന്ന്‌ വിദഗ്‌ധ ചികിത്സയ്‌ക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയം അവധി നല്‍കി. കാന്‍സര്‍ രോഗ ചികിത്സയ്‌ക്ക് പേരുകേട്ട ന്യൂയോര്‍ക്കിലെ സ്ലോണ്‍ ആന്‍ഡ്‌ കെററ്റിംഗ്‌ മെമ്മോറിയല്‍ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. അവിടെ ഒരു മേജര്‍ ശസ്‌ത്രക്രിയയിലൂടെ ശ്വാസകോശത്തിനകത്ത്‌ കാന്‍സര്‍ ബാധിച്ച ഭാഗങ്ങള്‍ മുറിച്ചുമാറ്റി. എന്നാല്‍ ശ്വാസകോശത്തിനുപുറത്തെ അര്‍ബുദം ബാധിച്ച ഭാഗങ്ങള്‍ ഒന്നും ചെയ്യാനായില്ല. കീമോതെറാപ്പിയും റേഡിയേഷനും തുടരണമെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
മുംബൈയിലെത്തി 2010 ഫെബ്രുവരി ,മാര്‍ച്ച്‌ മാസങ്ങളിലായി ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ റേഡിയേഷനും കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ കീമോതെറാപ്പിയും ചെയ്‌തു.കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. വേദനയ്‌ക്കും മാറ്റം വന്നില്ല.ഇന്ത്യയിലെയും ന്യൂയോര്‍ക്കിലെയും ഡോക്‌ടര്‍മാരുടെ അഭിപ്രായത്തില്‍ ജീവന്‍ അധികകാലം ഉണ്ടാവില്ലെന്നായിരുന്നു. പ്രതീക്ഷകളെല്ലാം അസ്‌തമിച്ചു.എങ്കിലും ചികിത്സ തുടര്‍ന്നു. അവധി കഴിഞ്ഞ്‌ ജോലിക്ക്‌ പോകാന്‍ തിരുമാനിച്ചു. കോഴിക്കോട്ടുനിന്ന്‌ പെറുവിലേക്ക്‌ മടങ്ങി.
എത്രകാലം ഉണ്ടാവുമെന്ന്‌ യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എപ്പോള്‍ വേണമെങ്കിലും മരണം കീഴടക്കാം.കേരളത്തെപ്പോലെ കാലാവസ്‌ഥയും നല്ല ജനങ്ങളുമുള്ള പെറുവില്‍വച്ച്‌ മരണം വരിക്കാമെന്ന്‌ മനസ്സില്‍ കരുതി.
ജീവിതം മാറ്റിമറിച്ച കഥ
ലിമയിലെ ഓഫീസിലിരിക്കുമ്പോഴാണ്‌ പെറുവിലെ മറ്റൊരു പ്രവിശ്യയിലുള്ള ആളുമായി പരിചയപ്പെടാന്‍ ഇടയായത്‌. തന്റെ പിതാവിനു പോസ്‌ട്രേറ്റ്‌ കാന്‍സര്‍ ചികിത്സിച്ചു മാറ്റിയ കഥ അയാള്‍ വിവരിച്ചു. ജീവനുള്ള പ്രാണികളെ ഭക്ഷിക്കുന്ന ചികിത്സാ രീതിയെക്കുറിച്ചായിരുന്നു അയാള്‍ പറഞ്ഞത്‌. തദ്ദേശീയ ചികിത്സ. നമ്മുടെ നാട്ടില്‍ ആദിവാസികള്‍ ഒറ്റമൂലി ചികിത്സ നടത്തുന്നപോലെയുള്ള ചികിത്സ. അവിടുത്തുകാര്‍ എല്ലാവരും ഈ ചികിത്സാ രീതി സ്വീകരിച്ചിട്ടില്ല. ഇതില്‍ വിശ്വാസമുള്ളവര്‍ മാത്രമേ കഴിക്കാറുള്ളൂ. എതായാലും അയാളുടെ പിതാവിനെ പോയി കാണാന്‍ തീരുമാനിച്ചു. ക്ഷീണിച്ച ശരീരവുമായി അയാളുടെ വീട്ടിലെത്തി.അവിടെ ഒരു മുറിയില്‍ കുപ്പി നിറയെ വണ്ടിന്റെ രൂപത്തിലുള്ള ജീവികളായിരുന്നു. കോളിയോപ്‌ട്രസ്‌ ഗ്രൂപ്പില്‍പെട്ട ഒരിനം ജീവിയായിരുന്നു അത്‌. ഈ ജീവിയെ കഴിച്ച്‌ രോഗം ഭേദപ്പെട്ട കഥ അയാളുടെ പിതാവ്‌ വിവരിച്ചു. ആദ്യം എനിക്കും ഇതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.പ്രാണിയെ തിന്നാല്‍ രോഗം മാറുമോയെന്നായിരുന്നു ചിന്ത. എന്നാല്‍ ആശുപത്രികളില്‍ എന്റെ നാളുകള്‍ എണ്ണപ്പെട്ടതായി വിധിയെഴുതിയതിനാല്‍ ഒന്നു പരീക്ഷിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ത്തന്നെ എല്ലാം നഷ്‌ടപ്പെട്ടവന്‌ ഇനിയെന്ത്‌ ആശങ്ക?
പ്രാണി ചികിത്സയുടെ നാളുകള്‍
ലിമയിലെ നാട്ടിന്‍പുറത്തുകാരിയാണ്‌ പ്രാണി ചികിത്സ നടത്തിയിരുന്നത്‌. വലുപ്പം കുറഞ്ഞ്‌ വണ്ടിന്റെ ആകൃതിയിലുള്ളതുമായിരുന്നു ഈ ജീവി. കറുപ്പും ബ്രൗണും ചേര്‍ന്ന നിറം. ഉപദ്രവിക്കില്ല. ഈ ചികിത്സയ്‌ക്കുവേണ്ടി പ്രത്യേകം വളര്‍ത്തിയതാണ്‌. നമ്മുടെ നാട്ടില്‍ തേനീച്ചയെ വളര്‍ത്തുന്നതുപോലെ കൂട്ടിലിട്ടാണ്‌ വളര്‍ത്തുന്നത്‌്. റവ, ഗോതമ്പ്‌ തുടങ്ങിയ ധാന്യങ്ങളാണ്‌ ഇതിനു കഴിക്കാന്‍ കൊടുക്കുന്നത്‌. ചത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. 500 എണ്ണത്തിനു 10 ഡോളറാണ്‌ വില. വെള്ളത്തിനൊപ്പം ജീവനോടെ ഈ ജീവിയെ വിഴുങ്ങണം. അതാണ്‌ ചികിത്സ. അതു ആമാശയത്തിലെത്തി ദഹിക്കുമ്പോള്‍ പ്രത്യേക രാസവസ്‌തു ഉല്‍പാദിപ്പിക്കും. ഇതു പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതാണ്‌ ചികിത്സാരീതി. നിരോധിക്കപ്പെട്ട ഇനമായതിനാല്‍ ഇവയെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാന്‍ പറ്റില്ലെന്നതാണ്‌ പ്രത്യേകത.
പ്രാണി ചികിത്സ തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. രോഗത്തിനനുസരിച്ചാണ്‌ പ്രാണികളെ കഴിക്കേണ്ടത്‌. അതിനു ഡോസ്‌ ഉണ്ട്‌. എന്റെ ഡോസ്‌ ആദ്യത്തെ ഒരുദിവസം ഒന്നായിരുന്നു. ഒാ രോ ദിവസം കൂടുമ്പോള്‍ ഒരു ഡോസ്‌ കൂട്ടി കഴിക്കണം. അങ്ങനെ 20 മുതല്‍ 70 എണ്ണം വരെ അഞ്ചു മാസം തുടര്‍ച്ചയായി കഴിച്ചു. വിഴുങ്ങുമ്പോള്‍ അസ്വസ്‌ഥതയൊന്നും അനുഭവപ്പെട്ടിരുന്നില്ല. രോഗം മാറണമെന്ന ചിന്ത മാത്രമുള്ളതിനാല്‍ അസ്വസ്‌ഥതകളൊന്നും കണക്കാക്കിയിരുന്നുമില്ല. പൊതുവെ ചെലവു കുറഞ്ഞ ചികിത്സയുമായിരുന്നു ഇത്‌.
നമ്മുടെ ആയുര്‍വേദ ചികിത്സപോലെ ചില പഥ്യം ഇതിനും ഉണ്ടായിരുന്നു. മത്സ്യമാംസാദികള്‍ പാടില്ല. മദ്യപാനവും പുകവലിയും പാടില്ല. എരിവു കുറയ്‌ക്കണം. എല്ലാ പഥ്യത്തോടുംകൂടി ചികിത്സ തുടര്‍ന്നപ്പോള്‍ അപ്രതീക്ഷിതവും അവിശ്വസനീയവുമായ മാറ്റമാണ്‌ ഉണ്ടായത്‌.
ആദ്യമാസം തന്നെ അര്‍ബുദ കോശങ്ങളുടെ വഴിവിട്ട പെരുകല്‍ നിലച്ചു. എട്ടുമാസം കൊണ്ട്‌ ജീവിതത്തിലേക്ക്‌ ഞാന്‍ തിരിച്ചുവന്നു. ജീവിതം സാധാരണപോലെയായി. സോറിയാസിസ്‌, പാര്‍ക്കിന്‍സന്‍, റുമാറ്റിക്‌ ആര്‍ത്രൈറ്റിസ്‌ എന്നിവയ്‌ക്കും ഈ പ്രാണി ചികിത്സ അവിടെ നടത്തുന്നുണ്ട്‌.
കേരളത്തില്‍ വളരാന്‍ സാധ്യതയുള്ള ജീവിയാണിത്‌. ഇവിടുത്തെ കാലാവസ്‌ഥ തന്നെയാണ്‌ അവിടെയും. ഇവിടുത്തെപോലെ വെയിലും മഴയുമുണ്ട്‌. എന്നാല്‍ അവിടെനിന്ന്‌ ഈ പ്രാണിയെ ഇവിടേക്ക്‌ കൊണ്ടുവരാന്‍ നിയമം അനുവദിക്കുന്നില്ല. കേരളത്തില്‍ ഇത്തരം ജീവികളുണ്ടോയെന്നും എനിക്കറിയില്ല.
ക്‌ളൈമാക്‌സ്
ഫാസ്‌റ്റ്ഫുഡ്‌ സംസ്‌ക്കാരവും താളം തെറ്റിയ ജീവിതക്രമങ്ങളും അര്‍ബുദരോഗത്തിന്റെ എരിതീയിലേക്ക്‌ മനുഷ്യനെ കൊണ്ടുചെന്നെത്തിച്ചു. എണ്ണമറ്റ ജീവിതങ്ങള്‍ ഈ മഹാമാരിക്കു കീഴടങ്ങി. ജീവച്‌ഛവങ്ങളായി വേദന തിന്നു കഴിയുന്നവര്‍ അനേകം. അലോപ്പതിയും ആയുര്‍വേദവുമെല്ലാം രക്ഷക്കെത്തുമെന്നു കരുതിയവര്‍ക്കു തെറ്റി. താല്‍ക്കാലികാശ്വാസം പകരാനല്ലാതെ ശാശ്വതമായ പരിഹാരം മരീചികയായി.
മാരകമായ ഈ വിപത്തിനു മുമ്പില്‍ ശാസ്‌ത്രലോകം പോലും പകച്ചുനില്‍ക്കുമ്പോഴാണ്‌ ഒരു പ്രാണി ഈ രോഗത്തിനു പ്രതിവിധിയാകുന്നത്‌. നമ്മുടെ നാട്ടിലെ വണ്ടിനെപ്പോലെയുള്ള ചെറിയ ജീവി കാന്‍സര്‍ രോഗം മാറ്റിയെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍പോലും പ്രയാസം. ഇതു ശരിയാണോയെന്ന്‌ നമ്മള്‍ പരസ്‌പരം ചോദിച്ചുപോകും.
വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡറായും ഒന്നാം സെക്രട്ടറിയായും കോണ്‍സുല്‍ ജനറലുമായും സേവനമനുഷ്‌ഠിച്ച്‌ ഇപ്പോള്‍ കോഴിക്കോട്‌ കാരപ്പറമ്പില്‍ വിശ്രമ ജീവിതം നയിക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഇതെന്റെ രണ്ടാം ജന്മമാണ്‌.
ആയുര്‍വേദവും അലോപ്പതിയും എഴുതിത്തള്ളിയ ജീവന്‍.ഇനിയൊരിക്കലും ജീവന്‍ തിരിച്ചുകിട്ടില്ലെന്നു കരുതിയ നാളുകള്‍.മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങള്‍.എന്നാല്‍ മരണക്കിടക്കയില്‍ നിന്ന്‌ ജീവിതത്തിന്റെ അനന്തവിഹായസ്സിലേക്ക്‌ ഫിനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന്‌ ശാസ്‌ത്രലോകത്തിനു വിസ്‌മയ നിമിഷങ്ങളൊരുക്കിയെന്ന്‌ എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ( Mangalam)

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: