Pages

Monday, January 7, 2013

യോഗയിലൂടെ സ്‌ട്രോക്കിനെ നിയന്ത്രിക്കാം


mangalam malayalam online newspaperയോഗയിലൂടെ
 സ്‌ട്രോക്കിനെ നിയന്ത്രിക്കാം
സ്‌ട്രോക്കിന് തടയിടാന്‍ യോഗയ്ക്ക് കഴിയും. തലച്ചോറിലേക്കുള്ള രക്തയോട്ടം സുഗമമാക്കാനും സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കാനും യോഗകൊണ്ടാവും.തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്നു മന്ദീഭവിക്കുകയോ ഭാഗികമായി നിലയ്ക്കുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌ക്കാഘാതം. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. ഇതുമൂലം ശരീരം പൂര്‍ണമായോ ഭാഗികമായോ തളര്‍ന്നുപോയേക്കാം.
മാനസിക പിരിമുറുക്കം, പൊണ്ണത്തടി തുടങ്ങിയവയൊക്കെ ക്രമേണ സ്‌ട്രോക്കിലേക്ക് നയിക്കാം. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഉത്തമം. ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ യോഗയിലൂടെയും ഈ രോഗത്തെ ചെറുത്തു നിര്‍ത്താന്‍ സാധിക്കും. അതിനു കഴിയുന്ന യോഗാമുറകള്‍ പരിചയപ്പെടുക. എന്നാല്‍ വായിച്ചോ മറ്റുള്ളവര്‍ പറഞ്ഞോ കേട്ട അറിവു വച്ച് ഇത് അഭ്യസിക്കരുത്. യോഗയുടെ ശരിയായ ഫലം ലഭിക്കണമെങ്കില്‍ വിദഗ്ധ മേല്‍നോട്ടം കൂടിയേ തീരു.
പത്മാസനം
ഇരുകാലുകളും നീട്ടിനിവര്‍ന്നിരിക്കുക. വലതുകാല്‍ മടക്കി ഇടത്തേതുടയുടെ മുകളില്‍ വയ്ക്കുക. അതേപോലെ ഇടുതുകാല്‍ മടക്കി വലത്തെ തുടയുടെ മുകളിലും വയ്ക്കുക. ഇരുകാലുകളുടെയൃം ഉപ്പൂറ്റി അടിവയറിനോടു ചേര്‍ന്നിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടര്‍ന്ന് ഇരു കൈകളും നീട്ടി അതാതു വശത്തെ കാല്‍മുട്ടുകളില്‍ വയ്ക്കുക. തള്ള വിരലിന്റെയും ചൂണ്ടുവിരലിന്റെയും അഗ്രങ്ങള്‍ തമ്മില്‍ ചേര്‍ത്തുപിടിക്കുക. ശേഷിക്കുന്ന വിരലുകളെല്ലാം മടക്കാതെയും ചേര്‍ത്തും വയ്‌ക്കേണ്ടതാണ്. അതിനു ശേഷം നട്ടെല്ലു നിവര്‍ന്നിരുന്ന് സാവധാനം ശ്വാസം എടുക്കുകയും വിടുകയുംചെയ്യണം. ഇതുപോലെ കാലുകള്‍ മാറ്റിവച്ചു ചെയ്യുക.
ഗുണങ്ങള്‍
ധ്യാനത്തിലിരിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ആസനമാണിത്. ശരീരത്തിന് സ്ഥിരതയും മനസിന് നിയന്ത്രണവും ഏകാഗ്രതയും ലഭിക്കുന്നു. ഉദരസംബന്ധമായ എല്ലാരോഗങ്ങള്‍ക്കും ഉത്തമപ്രതിവിധിയാണിത്.
ഭുജംഗാസനം
ഇരുകാലുകളും ചേര്‍ത്തുവച്ച് തറയില്‍ കമിഴ്ന്നു കിടക്കുക. താടി തറയില്‍ പതിഞ്ഞിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ശേഷം ഇരു കൈകളും തോളുകളുടെ താഴെ നിലത്ത് ഉപ്പിച്ചുവയ്ക്കുക. അതോടൊപ്പം സാവധാനം ശ്വാസം എടുത്തുകൊണ്ട് നെഞ്ചും തലയും തറയില്‍ നിന്നും ഉയര്‍ത്തുകയും സാവധാനം ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുകയും ചെയ്യുക. ഇത്തരത്തില്‍ പത്ത് മുതല്‍ പന്ത്രണ്ട് തവണ ആവര്‍ത്തിക്കാവുന്നതാണ്. ഉയരുമ്പോള്‍ അടിവയര്‍ തറയില്‍ നിന്നുയര്‍ത്താതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഗുണങ്ങള്‍
അരക്കെട്ടും അതിനോടുനുബന്ധിച്ചുള്ള അവയവങ്ങളും ശക്തമാകുന്നു. ദഹനനേന്ദ്രിയവ്യൂഹങ്ങള്‍ക്കു നല്ല ആയാസം ലഭിക്കും.. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ എന്നിവ നിശേഷം മാറുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം ലഭിക്കുന്നു. കൈകളും പുറത്തെ പേശികളും ശക്തമാകുന്നു. ഇതുമൂലം സ്‌ട്രോക്കിനെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നു.
വ്യാഘ്രാസനം
ഇരുകാലുകളും കൈകളും തറയില്‍ ഊന്നി കുട്ടികള്‍ ആനകളിക്കാന്‍ നില്‍ക്കുന്നതുപോലെ നില്‍ക്കുക. ഇരുകൈകളും തോളുകളുടെ അകലത്തിലായിരിക്കണം തറയില്‍ കുത്തുവാന്‍. അതേപോലെ ഇരുകാല്‍മുട്ടുകളും. തുടര്‍ന്ന് ശ്വാസമെടുത്തുകൊണ്ട് നടു താഴ്ത്തുകയും തല മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്യുക. അതോടൊപ്പം വലതുകാല്‍ പുറകോട്ട് ഉയര്‍ത്തുകയും ചെയ്യുക. ഉടന്‍ ശ്വാസം വിട്ടുകൊണ്ട് നടുവ് മുകളിലേക്ക് ഉയര്‍ത്തുകയും തല താഴ്ത്തുകയും ചെയ്യുക. അതോടൊപ്പം കാല്‍മുട്ട് മടക്കി മുന്നോട്ട് കൊണ്ടുവന്ന് നെറ്റിയില്‍ മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യണം. ഇങ്ങനെ പത്തോ പന്ത്രണ്ടോ തവണ ആവര്‍ത്തിക്കുക. ഇതേപോലെ ഇടുതുകാലും ആവര്‍ത്തിക്കാവുന്നതാണ്.
ഗുണങ്ങള്‍
വാതസംബന്ധമായ ക്രമക്കേടുകള്‍ പരിഹരിക്കപ്പെടുന്നു. കഴുത്തിനും തോളുകള്‍ക്കും നട്ടെല്ലിനും നല്ല അയവും ബലവും ലഭിക്കാന്‍ ഇതു സഹായിക്കുന്നു. ഉദരാന്തര്‍ഭാഗത്തുള്ള മുഴുവന്‍ അവയവങ്ങള്‍ക്കും നല്ല വ്യായാമം ലഭിക്കുന്നു. കൂടാതെ കാലുകളിലെയും കൈകളിലെയും നീര്‍ക്കെട്ടുകള്‍ നിശേഷം മാറുകയും ചെയ്യുന്നു.
അടിവയര്‍ ഒതുങ്ങിക്കിട്ടുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം കിട്ടുന്നു. സ്‌ട്രോക്കിനു കാരണമാകുന്ന പല രോഗങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണിത്.
വൃക്ഷാസനം
കാലുകള്‍ രണ്ടും ചേര്‍ത്തുവച്ച് വിരിപ്പില്‍ നിവര്‍ന്നു കിടക്കുക. വലതുകാല്‍ മടക്കി സാവധാനം ഇരു കൈകളും ഉപയോഗിച്ച് വലതുകാലിന്റെ പാദത്തില്‍ പിടിച്ച് ഇടുതുകാലിന്റെ തുടയുടെ മുകളില്‍ ചേര്‍ത്തു ഉറപ്പിച്ചുവയ്ക്കുക. ഇപ്പോള്‍ വലതുകാലിന്റെ ഉപ്പൂറ്റി വൃഷണത്തിന്റെ അടിയില്‍ ചേര്‍ന്നിരിക്കണം.പിന്നീട് രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി തൊഴുതുപിടിക്കുക. ആ നിലയില്‍ നിന്നും സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ഇതേപോലെ അടുത്ത കാലും ചെയ്യേണ്ടതാണ്. രണ്ടോ മൂന്നോ മിനിട്ട് ഇത് ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
ഏകാഗ്രതയ്ക്ക് അനുയോജ്യമായ ആസനമാണിത്. ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്നതിനു വളരെയധികം സഹായിക്കുന്നു ജനനേന്ദ്രിയഭാഗങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവായിക്കിട്ടുന്നു. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. വെരിക്കോസ് വെയിന്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുന്നു.
ഉഷ്ട്രാസനം
വരിപ്പില്‍ മുട്ടുകുത്തി നിവര്‍ന്നു നില്‍ക്കുക. കാല്‍മുട്ടുകളും കാല്‍പാദങ്ങളും ഒരടി അകലയത്തില്‍ വയ്ക്കുക. കാല്‍പാദങ്ങള്‍ രണ്ടും തറയില്‍ പതിഞ്ഞിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം സാവധാനം ശ്വാസമെടുത്തുകൊണ്ട് പുറകോട്ടു വളഞ്ഞ് അതാതു വശത്തെ കൈകള്‍ അതാതു വശത്തെ കാലുകളുടെ ഉപ്പൂറ്റിയില്‍ പിടിക്കുക. അതോടൊപ്പം നടു മുന്നോട്ട് തള്ളിയും തല പിന്നിലേക്ക് വളച്ചു വച്ചും നിന്ന് സാവധാനം ശ്വാസമെടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടുവരുമ്പോള്‍ പൂര്‍വസ്ഥിതി പ്രാപിക്കാവുന്നതാണ്. ഇങ്ങനെ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കണം.
ഗുണങ്ങള്‍
ഹൃദയത്തിനും ശ്വാസകോശത്തിനും നല്ല വികാസവും ആരോഗ്യവും ലഭിക്കുന്നു. അതുകൊണ്ട് രക്തചംക്രമണം ക്രമീകരിക്കപ്പെടുകയും ശുദ്ധരക്തം വേണ്ടത്ര ലഭിക്കുകയും ചെയ്യുന്നു. നട്ടെല്ലിന് പിന്നോട്ട് നല്ല വളവു ലഭിക്കുന്നതുകൊണ്ട് നടുവേദനക്ക് ശമനം ലഭിക്കുന്നു. യുവത്വം നിലനില്‍ക്കുകയും ചെയ്യുന്നു. എപ്പിലപ്‌സി, മാനസിക രോഗങ്ങള്‍ എന്നിവയ്ക്ക് നല്ലൊരു പ്രതിവിധിയാണ് ഈ ആസനം. കണ്ണുകളെ തിമിര ബാധയില്‍ നിന്നും മോചിപ്പിക്കുന്നു. ദീപനാവയവങ്ങള്‍ ശക്തിപ്പെടുകയും ഉദരരോഗത്തിനു ശമനം ലഭിക്കുകയും ചെയ്യുന്നു. സ്‌ട്രോക്കു വരുന്നതില്‍ നിന്നും ശരീരത്തെ വളരെയധികം സഹായിക്കുന്ന യോഗാസനമാണിത്.
വൃശ്ചികാസനം
തറയില്‍ ഒരു വിരിപ്പു വിരിച്ച് അതില്‍ കാലുകള്‍ രണ്ടും ചേര്‍ത്തുവച്ച് കമിഴ്ന്നു കിടക്കുക. താടി തറയില്‍ പതിഞ്ഞിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം രണ്ടു കൈകളും തോളുകളുടെ താഴെ തറയില്‍ ഇരു വശങ്ങളിലും ഉറപ്പിച്ചു വയ്ക്കുക.
തുടര്‍ന്ന് ശ്വാസം എടുത്തുകൊണ്ട് നെഞ്ചും തലയും ഉയര്‍ത്തുക. കൈകളുടെ മുട്ടുകള്‍ നിവര്‍ന്നു വരുന്നതുവരെ ശരീരം ഉയര്‍ത്തുക. അതോടൊപ്പം ഇരുകാലുകളും പുറകോട്ടു മടക്കി പാദങ്ങള്‍ രണ്ടും ചേര്‍ത്തു തലയില്‍ സാവധാനം പതിച്ചു വയ്ക്കുക. ഈ നിലയില്‍നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. ബുദ്ധിമുട്ടുവരുമ്പോള്‍ പൂര്‍വസ്ഥതിയെ പ്രാപിക്കുക. ഇങ്ങനെ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കാവുന്നതാണ്.
ഗുണങ്ങള്‍
ഹൃദയത്തിനും ശ്വാസകോശത്തിനും ആമാശയത്തിനും നല്ലരീതിയിലുള്ള പ്രവര്‍ത്തനം കിട്ടുന്നു. അരക്കെട്ട്, അടിവയറ് അതിനോടനുബന്ധിച്ചുള്ള അവയവങ്ങള്‍ എന്നിവ ശക്തമാകുന്നു. നട്ടെല്ലിനു പൂര്‍ണമായ വളവുലഭിക്കുന്നതു മൂലം നടുവേദന നിശേഷം മാറുന്നു. ശ്വാസകോശത്തിനു ശക്തി വര്‍ധിക്കുന്നതുമൂലം ആസ്ത്മയും ക്ഷയവും മാറുന്നു. പാന്‍ക്രിയാസിനു നല്ല രീതിയിലുള്ള പ്രവര്‍ത്തനം കിട്ടുന്നു. ശരീരത്തിലെ എല്ലാ ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം സുഗമമാകുന്നതുകൊണ്ട് സ്‌ട്രോക്കിനുള്ള സാധ്യത കുറയുന്നു.
പവനമുക്താസനം
കാലുകള്‍ രണ്ടും ചേര്‍ത്തും നീട്ടിയും വിരിപ്പില്‍ മലര്‍ന്നു കിടക്കുക. ഇരുകൈകളും അതാതുവശത്ത് കമിഴ്ത്തിവയ്ക്കുക.ശ്വാസം എടുത്തുകൊണ്ട് ഇരുകാലുകളും ഉയര്‍ത്തി മടക്കി ഇരു കൈകള്‍കൊണ്ടും കാലില്‍ കോര്‍ത്തു പിടിക്കുക. സാവധാനം ശ്വാസം വിട്ടുകൊണ്ട് തലപൊക്കി താടി കാല്‍മുട്ടില്‍ മുട്ടിക്കുവാന്‍ ശ്രമിക്കുക. അതേപോലെ സാവധാനം ശ്വാസം എടുത്തുകൊണ്ട് തല താഴ്ത്തുകയും ചെയ്യുക. ഇങ്ങനെ പത്തുതവണ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
നട്ടെല്ലിനും കഴുത്തിലെ കശേരുക്കള്‍ക്കും അയവും ബലവും ലഭിക്കുന്നു. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ മുതലായവ നിശേഷം മാറിക്കിട്ടുന്നു. നടുവേദനയ്ക്കു ശമനവും ഉണ്ടാകുന്നു. സന്ധിവാതവും മൂലസന്ധികള്‍ക്കുണ്ടാകുന്ന വേദനയും
കുറയുന്നു. നട്ടെല്ലിന്റെ പുറകോട്ടുള്ള വളവ് കുറയുന്നു. തലയ്ക്കും കണ്ണിനും നല്ലരീതിയില്‍ രക്തയോട്ടം ലഭിക്കുകയും ചെയ്യുന്നു.
ധനുരാസനം
ഇരുകാലുകളും നീട്ടി വിരിപ്പില്‍ കമിഴ്ന്നു കിടക്കുക. കാലുകള്‍ ഒന്നരയടിയോളം അകലത്തിലും കൈകള്‍ ശരീരത്തിന്റെ ഇരുവശങ്ങളിലും കമിഴ്ത്തി വയ്‌ക്കേണ്ടതുമാണ്. ഇനി ഇരുകാലുകളും പിന്നിലേക്ക് മടക്കി കൈകള്‍ കൊണ്ട് കാല്‍പാദങ്ങളില്‍ പിടിക്കുക. അതിനുശേഷം സാവധാനം ശ്വാസം എടുത്തുകൊണ്ട് നെഞ്ചും തലയും ഉയര്‍ത്തുകയും ആ നിലയില്‍ ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇങ്ങനെ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കണം.
ഗുണങ്ങള്‍
കുടവയര്‍ ചുരുങ്ങുന്നു. ജനനേന്ദ്രിയത്തിനും അതിനോട് അനുബന്ധിച്ചുള്ള അവയവങ്ങളും ശക്തമാകുന്നതിനും ഈ യോഗാസനം സഹായിക്കുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം ലഭിക്കുന്നു. അരക്കെട്ടും അതിനോട് അനുബന്ധിച്ചുള്ള അവയവങ്ങളും ശക്തമാകുന്നു. സന്ധിവാതത്തെതുടര്‍ന്നുണ്ടാകുന്ന വേദനകള്‍ക്ക് ശമനം ലഭിക്കുകയും ചെയ്യുന്നു.
പര്‍വതാസനം
ഇരുകാലുകളും നീട്ടിനിവര്‍ന്നിരിക്കുക. വലതുകാല്‍ മടക്കി ഇടത്തേ തുടയുടെ മുകളില്‍ കയറ്റി വയ്ക്കുക. അതേപോലെ ഇടതുകാല്‍ മടക്കി വലത്തെ തുടയുടെ മുകളിലും കയറ്റി വയ്ക്കുക. ഇരുകാലുകളുടെയും ഉപ്പൂറ്റി അടിവയറിനോട് ചേര്‍ന്നിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടര്‍ന്ന് ഇരു കൈകളും നെഞ്ചിനു നേരെ തൊഴുതു പിടിക്കുകയും ശ്വാസം എടുത്തുകൊണ്ടു സാവധാനം ഇരുകൈകളും മുകളിലേക്കുയര്‍ത്തുക. അപ്പോള്‍ കൈകള്‍ തലയുടെ ഇരുവശത്തും ചേര്‍ന്നിരിക്കുകയും കൈമുട്ടുകള്‍ മടങ്ങാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. ഈ നിയില്‍ നിന്നു സാവധാനം ശ്വാസം വിടുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോള്‍ ഇരുകരങ്ങളും താഴ്ത്തിയിടുക. വീണ്ടും കാലുകള്‍ തിരിച്ചുവച്ചും ഇതേപോലെ ചെയ്യണം.
ഗുണങ്ങള്‍
ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം ലഭിക്കുന്നു. വാതസംബന്ധമായ രോഗങ്ങള്‍ക്ക് ശമനം ലഭിക്കുകയും ചെയ്യുന്നു. പുറത്തെയും അരക്കെട്ടിലെയും മസിലുകള്‍ ശക്തമാകുന്നു. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നു. തുടയുടെ അമിതമായ തടിപ്പ് കുറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു. നടുവേദന പൂര്‍ണമായി മാറുന്നു. ഇടുപ്പു വേദനയും മാറുന്നു.
ഗരുഡാസനം
ഇരുകാലുകളും ചേര്‍ത്തു നിവര്‍ന്നു നില്‍ക്കുക. കൈകള്‍ അതാതുവശത്ത് ചേര്‍ത്തിടുക. അതിനു ശേഷം കൈകള്‍ മുന്നോട്ട് നീട്ടി വലതുകൈയുടെ മടക്കിനു മുകളില്‍ ഇടതുകൈ വയ്ക്കുക. ഇപ്പോള്‍ ഇടതു കൈമുട്ട് വലതുകൈമുട്ടിനു വെളിയില്‍ വരണം. കൈപ്പത്തികള്‍ കോര്‍ത്തുപിടിച്ച് ശ്വാസം എടുത്തുകൊണ്ട് ഇരുകൈകളും ഉയര്‍ത്തുക. അതോടൊപ്പം ഇടതുകാല്‍ വലതു കാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുകാല്‍പാദം വലതുകാലിന്റെ മുട്ടിനു പിന്നിലൂടെകൊണ്ടുവന്ന് കാലില്‍ പിണച്ചുവയ്ക്കുക. ഈ നിലയില്‍ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. ഇതേപോലെ കാലും കൈയും തിരിച്ചും ചെയ്യേണ്ടതുണ്ട്.
ഗുണങ്ങള്‍
ശ്വാസകോശത്തിനും ഹൃദയത്തിനും നല്ലവികാസം കിട്ടുന്നു. അടിവയറിനും അതിനോടനുബന്ധിച്ചുള്ള അവയവങ്ങള്‍ക്കും ഉണര്‍വും ഉത്തേജനവും ലഭിക്കുന്നു. ഹെര്‍ണിയ രോഗത്തിനു നല്ലൊരു പ്രതിവിധിയാണിത്. വെരിക്കോസിനും ഗുണം കിട്ടുന്നു.
കാലുകള്‍ക്കും കൈകള്‍ക്കും ഉണ്ടാകുന്ന കഴച്ചുപൊട്ടല്‍ നിശേഷം മാറിക്കിട്ടുന്നു. സന്ധിവാതത്തിനും നല്ലൊരു പ്രതിവിധിയാണിത്. പുറത്തെ മസില്‍സുകളും കഴുത്തും ശക്തമാകുന്നു. (ഹൈപ്രഷര്‍, ഹൈപ്പര്‍തൈറോയ്ഡിസം, ഹൃദ്രോഗം, അള്‍സര്‍, ഹെര്‍ണിയ എന്നീ രോഗങ്ങളുള്ളവര്‍ ഒരു ഉത്തമഗുരുവിന്റെ കീഴില്‍ മാത്രം യോഗ അഭ്യസിക്കുക.)

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: