Pages

Saturday, December 22, 2012

DELHI- GANG RAPE


ബസ്സില്‍ കൂട്ടബലാത്സംഗം -പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം
ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നീതിയാവശ്യപ്പെട്ട് യുവജനങ്ങള്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രക്ഷോഭം ചെറുക്കാന്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമം ഇന്ത്യാഗേറ്റിനരികില്‍ സംഘര്‍ഷത്തിനിടയാക്കി. അതിനിടെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയാണ്. 

പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ അനുനയിപ്പിക്കാനും പ്രശ്‌നപരിഹാരത്തിനുമായി, സരമത്തില്‍ പങ്കെടുക്കുന്നവരുടെ അഞ്ചു പ്രതിനിധികളുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ചര്‍ച്ചയാരംഭിച്ചു.
 പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് തലസ്ഥാനത്ത് ഭാഗികമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമരത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയാന്‍ വിജയ് ചൗക്കിന് സമീപത്തെ ഏഴ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. പട്ടേല്‍ ചൗക്ക്, ഉദ്യോഗ്ഭവന്‍, റേസ്‌കോഴ്‌സ്, ബരകാമ്പ, മാന്‍ഡി ഹൗസ്, ഖാന്‍മാര്‍ക്കറ്റ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സ്‌റ്റേഷനുകളാണ് അടച്ചത്. ഈ സ്‌റ്റേഷനുകളുടെ പ്രവേശനകവാടവും യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്ന കവാടവും അടച്ചതിനാല്‍ ഇവിടെയിറങ്ങുന്ന യാത്രക്കാര്‍ക്ക് ട്രെയിന്‍ മാറിക്കയറാന്‍ മാത്രമേ അനുവാദമുള്ളൂ. വിജയ് ചൗക്കില്‍ നിന്നും സമരക്കാരെ ഇന്നലെ രാത്രി ബസ്സില്‍ അവിടെനിന്ന് മാറ്റിയിരുന്നു. വിജയ് ചൗക്കിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. റെയിസിന കുന്നില്‍ തമ്പടിച്ചവരെ ഞായറാഴ്ച രാവിലെ ഒഴിപ്പിച്ചു. 10 ജന്‍പഥ് വസതിക്ക് സമീപം അണിനിരന്ന പ്രതിഷേധക്കാരെയും നീക്കി. 

യുവതിക്ക് നീതിയാവശ്യപ്പെട്ട് ശനിയാഴ്ച തലസ്ഥാന നഗരിയില്‍ യുവജനങ്ങള്‍ നടത്തിയ പ്രക്ഷോഭത്തെ തളര്‍ത്താന്‍ പോലീസിന്റെ ജലപീരങ്കികള്‍ക്ക്, കണ്ണീര്‍വാതക പ്രയോഗത്തിനോ കഴിഞ്ഞിരുന്നില്ല. ഇന്ത്യാ ഗേറ്റില്‍നിന്ന് രാഷ്ട്രപതിഭവനിലേക്കു നീങ്ങിയ യുവാക്കളുടെ വന്‍നിരയും പോലീസും പലതവണ ഏറ്റുമുട്ടി. ശനിയാഴ്ച രാവിലെ മുതല്‍ ആരുടെയും പ്രേരണയില്ലാതെ സ്വന്തംനിലയ്ക്ക് ഒഴുകിയ ആയിരങ്ങളെ പിരിച്ചുവിടാന്‍ പോലീസിന് വൈകിട്ട് ശക്തമായ ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു.
 രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുമെല്ലാം പ്രവര്‍ത്തിക്കുന്ന റെയ്‌സിനകുന്നായിരുന്നു സമരകേന്ദ്രം. യുവതിയെ കൂട്ടബലാത്സംഗം ചെയ്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പ്രതീകാത്മകമായി കുറ്റവാളികളുടെ കോലം തൂക്കിലേറ്റി.

സമരക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെ ഭരണസിരാകേന്ദ്രമായ വിജയ്ചൗക്കും പരിസരവും യുദ്ധക്കളമായി. ലാത്തിച്ചാര്‍ജില്‍ എഴുപതോളംപേര്‍ക്ക് പരിക്കേറ്റു. പൂച്ചട്ടികളും മറ്റും തകര്‍ത്ത ആറ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു.
 റിപ്പബ്ലിക്ക്ദിന പരേഡ് നടക്കുന്ന, ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്ട്രപതിഭവന്‍ വരെ നീളുന്ന രാജ്പഥില്‍ സമരക്കാര്‍ തിങ്ങിനിരഞ്ഞു. രോഷാകുലരായി ഉറക്കെ മുദ്രാവാക്യം വിളിച്ച് രാഷ്ട്രപതി ഭവനുനേരെ നീങ്ങിയ അവര്‍ പലതവണ പോലീസിന്റെ വേലി തകര്‍ക്കാന്‍ ശ്രമിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ഡല്‍ഹി പോലീസിനും കേന്ദ്ര സര്‍ക്കാറിനുമെതിരെയായിരുന്നു മുദ്രാവാക്യങ്ങളിലേറെയും. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: