Pages

Monday, December 17, 2012

COOKING GAS IN KERALA


പാചകവാതകവും  കേരളവും

സബ്‌സിഡി നിരക്കില്‍ വര്‍ഷം ആറു സിലിണ്ടര്‍ പാചകവാതകം മാത്രം എന്ന കേന്ദ്ര സര്‍ക്കാറിന്റെ ദൃഢനിശ്ചയത്തില്‍ മാറ്റം വരുന്നതായാണ് സൂചന. ഡിസംബര്‍ 17ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായേക്കും. നടപ്പുവര്‍ഷം ശേഷിച്ചകാലത്തേക്ക് കേന്ദ്രസര്‍ക്കാര്‍ 3,000 കോടി രൂപ അധിക സബ്‌സിഡി അനുവദിക്കുകയാണെങ്കില്‍ ഇത് ഒമ്പതാക്കി ഉയര്‍ത്തുമെന്നാണ് എണ്ണ വകുപ്പ് മന്ത്രി വീരപ്പമൊയ്‌ലിയുടെ വെളിപ്പെടുത്തല്‍. ധനമന്ത്രി പി.ചിദംബരവുമായും മൂന്ന് പൊതുമേഖലാഎണ്ണക്കമ്പനി മേധാവികളുമായും ചര്‍ച്ച നടത്തിയശേഷമായിരുന്നു മൊയ്‌ലിയുടെ ഈ പ്രഖ്യാപനം. ഇക്കാര്യം പരിഗണിക്കാമെന്ന് മുമ്പ് പാര്‍ലമെന്റിലും മന്ത്രി ഉറപ്പുനല്‍കുകയുണ്ടായി. സപ്തംബര്‍ 13ന് ഇത്രയും ധൃതിവെച്ച് പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കാര നടപടിയില്‍ നിന്ന് ഇത്രവേഗം പിന്മാറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്തേ എന്ന ചോദ്യത്തിന് ആം ആദ്മി പരിഗണന തന്നെ എന്ന് സ്വാഭാവിക ഉത്തരം. ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാറിന് മറ്റുവഴികളില്ല.
നിലവിലുള്ള വില വെച്ച് വര്‍ഷം ഒമ്പത് സിലിണ്ടര്‍ സബ്‌സിഡി നിരക്കില്‍ നല്‍കന്‍ 9,000 കോടി രൂപ അധികം വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. സപ്തംബറിലെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ഉപഭോക്താക്കള്‍ക്ക് വര്‍ഷം ആറു സിലിണ്ടറാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക. കൂടുതല്‍ സിലിണ്ടര്‍ വേണമെങ്കില്‍ ഇരട്ടിവില നല്‍കണം. അതിനിടയിലാണ് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ മൂന്നു സിലിണ്ടര്‍ കൂടി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഫലത്തില്‍ ഈ വര്‍ഷം ഒക്ടോബറിനു ശേഷം സബ്‌സിഡിയോടെ ലഭിക്കുന്ന സിലിണ്ടറുകള്‍ നാലോ അഞ്ചോ ആയിരിക്കും. അടുപ്പില്‍ തീ കെടില്ലെന്ന് സമാധാനിക്കാം.എണ്ണക്കമ്പനികളുടെ തന്നെ കണക്കുപ്രകാരം രാജ്യത്തെ 44 ശതമാനം വീടുകളില്‍ മാത്രമാണ് ഉപഭോഗം ആറു സിലിണ്ടറിലൊതുങ്ങുന്നത്. ബാക്കിയുള്ളവര്‍ മൂന്നു മുതല്‍ ആറു സിലിണ്ടറുകള്‍ ആയിരം രൂപയ്ക്കടുത്ത് വില കൊടുത്ത് വാങ്ങണം. ഉയര്‍ന്ന തട്ടിലെ ഇടത്തരക്കാര്‍ക്ക് ചുരുക്കത്തില്‍ പത്ത് സിലിണ്ടറെങ്കിലും ലഭിച്ചാലേ കാര്യം നടക്കുകയുള്ളൂവെന്ന് സാരം. 14.2 കിലോഗ്രാം വരുന്ന ഒരു സിലിണ്ടറിന് 2011- 12 ലെ കണക്കുപ്രകാരം തന്നെ 478.50 രൂപ സബ്‌സിഡി നല്‍കിവരുന്നുണ്ട്. രാജ്യത്ത് 2.6 കോടി ഉപഭോക്താക്കള്‍ക്ക് ഒരേ വിലാസത്തില്‍ ഒന്നിലേറെ കണക്ഷനുകളുള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. 

പക്ഷേ പാചകവാതകം പോലെ തന്നെ പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കിവരുന്നുണ്ടല്ലോ. പക്ഷേ അവര്‍ക്കാര്‍ക്കും സബ്‌സിഡിക്ക് പരിധി നിശ്ചയിച്ചിട്ടില്ലല്ലോ. സബ്‌സിഡിയോടെ മാസം 30 ലിറ്റര്‍ ഡീസല്‍, ബാക്കിക്ക് ഉയര്‍ന്നവില എന്ന് ഇതേ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമല്ലോ. എന്തുകൊണ്ട് വാഹനമേഖലയില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നു? പകരം അസംഘടിതരായ വീട്ടമ്മമാര്‍ക്കുനേരെയാണ് ഉദാരവത്കരണ നടപടികളുടെ കരങ്ങള്‍ നീളുന്നത്. കാരണം വാഹന വ്യവസായമേഖലയെ തൊട്ടാല്‍ സര്‍ക്കാറിന് കോര്‍പ്പറേറ്റുകളുടെ നിശിതമായ വിമര്‍ശനമേല്‍ക്കേണ്ടിവരും. മലിനീകരണം നിയന്ത്രിക്കാന്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി പരിഗണിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കാന്‍ ആലോചനയില്ലെന്ന് എത്രവേഗത്തിലാണ് സര്‍ക്കാര്‍ പ്രതികരിച്ചത്.ഇന്ധനങ്ങള്‍ 
ലോകമെങ്ങും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത് പുതിയ കാര്യമല്ല. പക്ഷേ സബ്‌സിഡികള്‍ പിന്‍വലിക്കുകയോ കുറക്കുകയോ ചെയ്യുമ്പോള്‍ പ്രക്ഷോഭം തെരുവുകളിലേക്ക് വലിച്ചിഴക്കപ്പെടുന്നതാണ് എങ്ങും കാണുന്ന കാഴ്ച. ജോര്‍ദ്ദാനില്‍ പാചകവാതകത്തിനുള്ള സബ്‌സിഡികള്‍ പിന്‍വലിച്ചതാണ് ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന് തിരികൊളുത്തിയതെന്നോര്‍ക്കണം. ഒടുവില്‍ ആ സമരം അബ്ദുള്ള രാജാവ് സ്ഥാനമൊഴിയണമെന്ന പ്രക്ഷോഭത്തിനാണ് തീ പകര്‍ന്നത്. ഇന്ത്യയില്‍പക്ഷേ അക്രമാസക്തമായ സമരങ്ങള്‍ക്കൊന്നും വാതക നിയന്ത്രണം ഇടയാക്കിയില്ലെന്നത് ആശ്വാസകരമാണ്.ഇന്ത്യയില്‍ ഭക്ഷ്യദൗര്‍ലഭ്യം നേരിടാത്തതുകാരണമാണ് രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉണ്ടാകാത്തതെന്ന് പൊതുവേ പറയാറുണ്ട്. അതുപോലെ തന്നെയാണ് മറ്റുപല രാജ്യങ്ങളുടേയും അവസ്ഥ. അവിടങ്ങളില്‍ പക്ഷേ എണ്ണയാണ് വന്‍ സബ്‌സിഡിയോടെ നല്‍കുന്നതെന്ന വ്യത്യാസം മാത്രം. എണ്ണ സമൃദ്ധമായ വെനിസ്വേലയിലും സൗദി അറേബ്യയിലും ഗ്യാലന്‍ കണക്കിന് ഇന്ധനം തുച്ഛവിലയ്ക്കാണ് നല്‍കിവരുന്നത്. വെനിസ്വേലയില്‍ പ്രീമിയം ഗ്യാസിന് ഗ്യാലന് ഒമ്പത് സെന്റ് മാത്രമാണ് വില. സൗദി അറേബ്യയില്‍ 61 സെന്റും. അതേസമയം ജോര്‍ദ്ദാന്‍കാര്‍ ഗ്യാലന് 3.33 ഡോളര്‍ നല്‍കേണ്ടിവരുന്നത് വന്‍ അന്യായമല്ലേ? ഇത്തരം രാജ്യങ്ങളിലെ ഏകാധിപത്യ സര്‍ക്കാരുകള്‍ അവരുടെ രാഷ്ട്രീയ നിലനില്‍പ്പിനുവേണ്ടിയുള്ള ആയുധമാക്കുകയായിരുന്നു ഇന്ധനത്തെയെന്നു ചുരുക്കം. ജനരോഷം ഭയന്ന് അതില്‍ ആരും തൊട്ടുകളിക്കാന്‍ ധൈര്യപ്പെടാറില്ല. എന്നാല്‍ ഈയടുത്തായി ലോകമെങ്ങും ഇന്ധനവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരുകള്‍ സംഘടിതനീക്കം ആരംഭിച്ചുകഴിഞ്ഞു.ആഗോള താപനത്തിന് കാരണമാവുന്ന കാര്‍ബണ്‍ വാതകങ്ങളുടെ മുഖ്യസ്രോതസ്സ് ഇന്ധനമെന്നതുകൊണ്ടുമാത്രമല്ല ഈ പുതിയ അവബോധം. മറിച്ച് ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ക്ക് താങ്ങാനാവാത്തവിധം സബ്‌സിഡിഭാരം ഉയര്‍ന്നത് തന്നെ. സബ്‌സിഡിയിനത്തില്‍ പ്രതിവര്‍ഷം 30 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞവര്‍ഷമത് മൊത്തം 52,300 കോടി ഡോളറായിരുന്നുവെന്നാണ് കണക്ക്. ഇതുമൂലം വിവിധ രാജ്യങ്ങളുടെ ബജറ്റ് കമ്മി വന്‍തോതില്‍ ഉയരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സര്‍ക്കാരുകള്‍ക്ക് ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. 2010നു ശേഷം അസംസ്‌കൃത എണ്ണവില 100 ഡോളറിനു മുകളിലാണെന്ന് ഓര്‍ക്കണം. 

ജോര്‍ദ്ദാന്‍ സബ്‌സിഡികള്‍ സ്വയമേവ കുറച്ചതല്ല. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് 200 കോടി ഡോളറിന്റെ വായ്പ തരപ്പെടുത്താനായിരുന്നു ഈ ധീരമായ നടപടി. ബജറ്റ് കമ്മി 320 കോടി ഡോളറായി ഉയര്‍ന്നപ്പോഴായിരുന്നു വായ്പയ്ക്കു വേണ്ടിയുള്ള ശ്രമം. ജോര്‍ദ്ദാന്‍ ഇന്ധന സബ്‌സിഡിക്കും മറ്റ് അടിസ്ഥാന കാര്യങ്ങള്‍ക്കുമായി പ്രതിവര്‍ഷം വിനിയോഗിച്ചിരുന്നത് 230 കോടി ഡോളറായിരുന്നു.ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണയുല്‍പാദകരായ നൈജീരിയയില്‍ കഴിഞ്ഞ ജനവരിയില്‍ സര്‍ക്കാര്‍ സബ്‌സിഡി കുറച്ചതോടെ ഇന്ധന വില ഇരട്ടിയായത് വന്‍ പ്രക്ഷോഭത്തിനാണ് വഴിവെച്ചത്. ആയിരങ്ങള്‍ തെരുവിലിറങ്ങി പോലീസുമായി ഏറ്റുമുട്ടുകയുണ്ടായി. ആഴ്ചകള്‍ നീണ്ട പോരാട്ടത്തെ അതിജീവിക്കാന്‍ വില കുറക്കുക മാത്രമായിരുന്നു സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന പോംവഴി. ഒടുവില്‍ പാചകവാതകവില മൂന്നിലൊന്ന് കുറച്ചു. അതായത് വില വര്‍ധന പകുതിയാക്കി പ്രശ്‌നം സന്ധിയാക്കി. പൊതുജനങ്ങളുമായി സമവായത്തിലെത്തി ഇന്ധന വിലവര്‍ധന പ്രഖ്യാപിക്കണമെന്നതാണ് ഇതുനല്‍കുന്ന പാഠം. അതോടൊപ്പം തന്നെ ദരിദ്രരില്‍ ദരിദ്രരുടെ അധികഭാരം കുറക്കാന്‍ പ്രത്യേക ആനുകൂല്യം ഉറപ്പാക്കുകയും ചെയ്താലേ ജനരോഷം തണുപ്പിക്കാനാവൂ.കഴിഞ്ഞ ഏപ്രിലില്‍ ഇന്‍ഡൊനീഷ്യയില്‍ ഇതുപോലെ ഡീസല്‍, പാചക വാതക വില 33 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമുണ്ടായെങ്കിലും ആയിരങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പാക്കാനായില്ല. കഴിഞ്ഞ വര്‍ഷം ഇന്ധന സബ്‌സിഡിക്കായി 8200 കോടി ഡോളര്‍ ചെലവഴിച്ച ഇറാന്‍ ഈ വര്‍ഷാദ്യം വിലവര്‍ധനയ്ക്കായി തുനിഞ്ഞെങ്കിലും അതേത്തുടര്‍ന്നുള്ള പണപ്പെരുപ്പം അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ആവേശം പകരുമെന്ന ഭീതിയില്‍ സ്വയം പിാറുകയായിരുന്നു.

ഇന്ധനവില വര്‍ധിപ്പിക്കാനുള്ള നീക്കം സര്‍ക്കാരുകളെ സംബന്ധിച്ചേടത്തോളം രാഷ്ട്രീയ അസ്ഥിരതയ്ക്ക് വിത്തുവിതയ്ക്കുന്ന നിര്‍ണായക തീരുമാനങ്ങളാണെന്ന് ചുരുക്കം. ജനാധിപത്യ വ്യവസ്ഥിതിയില്‍ വോട്ടര്‍മാര്‍ അവരുടെ നീരസം തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്നതിനാല്‍ ഭരണമാറ്റത്തിനുവരെ അത് വഴിതെളിയിച്ചേക്കാം. ഇന്ത്യയിലാകട്ടെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടുമെന്ന കേന്ദ്ര പെട്രോളിയം മന്ത്രിയുടെ പ്രഖ്യാപനം വന്നത് ഗുജറാത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണെന്ന് ഓര്‍ക്കണം. സബ്‌സിഡി വേണോ വോട്ടര്‍മാര്‍ വേണോ എന്നതാണ് ജനകീയ നേതാക്കളുടെ ആശയക്കുഴപ്പം.

അതേസമയം, മറുപുറത്ത് സാമ്പത്തിക വിദഗ്ധര്‍ സബ്‌സിഡി സൗജന്യം കുറക്കാന്‍ പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ ദരിദ്രര്‍ക്ക് ക്യാഷ് വൗച്ചറുകള്‍ നല്‍കുകയാണ് ഇതിലൊന്ന്. അതുവഴി അവരുടെ ഭാരം കുറക്കാം. മെക്‌സിക്കോവില്‍ അഞ്ചിലൊന്ന് ഇന്ധന സബ്‌സിഡി ലഭിക്കുന്നത് രാജ്യത്തെ 10 ശതമാനം സമ്പന്നര്‍ക്കാണ്. ഇതുതന്നെ മറ്റുപല രാജ്യങ്ങളിലേയും അവസ്ഥ.. വലിയ കാറുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇന്ധന സബ്‌സിഡിയുടെ ഏറ്റവും വലിയ നേട്ടം. സാധാരണക്കാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ തുക മാത്രം. സാധാരണക്കാര്‍ക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ ഇടത്തരക്കാരിലെ മേല്‍ത്തട്ടുകാര്‍ തട്ടിയെടുക്കുന്നത് പുതിയ കാര്യമല്ലല്ലോ.ആഗോളതാപനം സംബന്ധിച്ച ക്യോട്ടോ പ്രോട്ടോക്കോളും ഇന്ധന വില കൂട്ടാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കുന്നുണ്ടെന്ന കാര്യം പലര്‍ക്കും അജ്ഞാതമാണ്. 192 രാജ്യങ്ങള്‍ 1992 ല്‍ ഒപ്പുവെച്ച ധാരണ പ്രകാരം ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറച്ചുവേണം കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍. അതിനാകട്ടെ ഇന്ധന സബ്‌സിഡികള്‍ കുറച്ച് ജനങ്ങള്‍ക്ക് വാങ്ങാന്‍ പറ്റാത്ത നിലവാരത്തിലേക്ക് വില ഉയര്‍ത്തണം. എന്നിട്ടുവേണം ബദല്‍ ഊര്‍ജസ്രോതസ്സുകളിലേക്ക് അവരെ ആകര്‍ഷിക്കാന്‍. നിലവിലുള്ള ഇന്ധന സബ്‌സിഡികള്‍ മുഴുവന്‍ ഒഴിവാക്കുകയാണെങ്കില്‍ 2050 ഓടെ കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം ആഗോള വ്യാപകമായി ആറുശതമാനം കുറക്കാനാവുമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റെ വിലയിരുത്തല്‍. സബ്‌സിഡികള്‍ നല്‍കി ഇന്ധന വില കുറച്ചുനിര്‍ത്തുമ്പോള്‍ ആ ലക്ഷ്യം കൈവരിക്കാനാവില്ലെന്നു മാത്രമല്ല, ഉപഭോഗം വന്‍തോതില്‍ കൂടുകയും ചെയ്യും. ഈ ഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷിക്കണോ ഭരണം സംരക്ഷിക്കണോ എന്ന ധര്‍മസങ്കടത്തിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. ആഗോള സംഘടനകള്‍ ഭൂമിയുടെ രക്ഷക്കായി സമ്മര്‍ദം ചെലുത്തുമ്പോള്‍ താല്‍ക്കാലിക ആശ്വാസമെന്ന നിലയ്ക്ക് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് സ്വയം തടിതപ്പുകയാണവര്‍. കാരണം അവര്‍ക്ക് സ്വന്തം ജനങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കണമല്ലോ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: