Pages

Monday, December 17, 2012

ENERGY CONSERVATION

ഊർജ്ജസംരക്ഷണത്തിൽ കുരുന്നുകൾ മാതൃകയാകുമ്പോൾ
വൈദ്യുതിയുടെ കാര്യത്തിൽ ബോർഡോ റഗുലേറ്ററി കമ്മിഷനോ സർക്കാർ തന്നെയോ രക്ഷയ്ക്കെത്തുകയില്ലെന്ന് തീർച്ചയായതോടെ ഇനി അവനവൻ തന്നെ പരിഹാരമാർഗം തേടുകയേ നിവൃത്തിയുള്ളൂ എന്ന ഘട്ടം എത്തിയിരിക്കുകയാണ്. വൈദ്യുതി ഉപയോഗത്തിൽ ആവുന്നത്ര നിയന്ത്രണം ശീലമാക്കുക എന്നതാണ് എളുപ്പവഴി. ഊർജ്ജ സംരക്ഷണം അടിച്ചേല്പിക്കേണ്ട ഒന്നല്ലെന്നും ഉപഭോക്താക്കൾ സ്വയം സ്വീകരിക്കേണ്ട മാർഗമാണെന്നും ഇപ്പോഴത്തെ വൈദ്യുതിക്ഷാമം ഓർമ്മപ്പെടുത്തുന്നു. ഉത്പാദിപ്പിക്കുന്നതും പുറത്തുനിന്ന് അമിത വിലകൊടുത്തുവാങ്ങുന്നതുമായ വൈദ്യുതിയുടെ വലിയൊരു ഭാഗം ഇപ്പോഴും പാഴാകുന്നുണ്ടെന്ന് ചുറ്റപാടുമൊന്നു കണ്ണോടിച്ചാൽ മനസ്സിലാകും.

വൈദ്യുതിബോർഡ് ഇറക്കുന്ന മുന്നറിയിപ്പ് നോട്ടീസുകൾക്ക് കടലാസിന്റെ വിലപോലും ആരും കല്പിക്കാറില്ല. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നും ദീപാലങ്കാരങ്ങൾക്കും മറ്റും വൈദ്യുതി ഉപയോഗിക്കരുതെന്നും കൂടക്കൂടെ ബോർഡ് സർക്കുലറുകൾ ഇറക്കാറുണ്ട്. എന്നാൽ സർക്കുലറിൽ പറയുന്ന കാര്യങ്ങൾ നടപ്പാകുന്നുണ്ടോ എന്ന് ഒരിക്കൽപ്പോലും ബോർഡ് പരിശോധിക്കാറില്ല. പകൽപോലും കത്തുന്ന തെരുവുവിളക്കുകളും സന്ധ്യയ്ക്ക് മുമ്പേ പ്രകാശമാനമാകുന്ന ഡിസ്‌പ്ളേബോർഡുകളും എവിടെയും കാണാം. അധികം വൈദ്യുതി ഉപയോഗിച്ചാലും അതിനനുസരിച്ച് കൂടുതൽ വില നൽകിയാൽ മതിയല്ലോ എന്ന ചിന്തയാണ് അധികം പേരും പുലർത്തുന്നത്. എന്നാൽ ഒരു 
വിഭാഗത്തിന്റെ അമിത ഉപയോഗത്തിന് നാട്ടുകാർ മൊത്തത്തിൽ ശിക്ഷിക്കപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

പൊതുചടങ്ങുകളിലെ പ്രസംഗധോരണിയോ എ.സി. ഹാളുകളിൽ നടക്കുന്ന ഊർജ്ജസംരക്ഷണ ശില്പശാലകളോ ഇല്ലാതെ തന്നെ വൈദ്യുതി ഉപയോഗം എങ്ങനെ കുറയ്ക്കാമെന്ന് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമത്തിലെ സ്കൂൾകുട്ടികൾ കാണിച്ചുതന്നതിനെക്കുറിച്ച് കഴിഞ്ഞ ലക്കത്തിൽ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ ചെറിയാക്കര എന്ന കൊച്ചു ഗ്രാമത്തിലെ പൊതാവൂർ യു.പി സ്കൂളിലെ കുട്ടികളാണ് പ്രശംസനീയമായ ഈ സംരംഭത്തിന് പിന്നിലുള്ളത്. `നാളേക്കിത്തിരി ഊർജ്ജം' എന്ന പേരിൽ കുട്ടികൾ ആവിഷ്കരിച്ച പദ്ധതിയിൽ ഗ്രാമത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിയാണ് നടപ്പിലാക്കിയത്. വൈദ്യുതി ഉപയോഗത്തിൽ കർക്കശമായ നിയന്ത്രണം സ്വമേധയാ സ്വീകരിച്ചുകൊണ്ട് നടപ്പാക്കിയ പദ്ധതി ലക്ഷ്യമിട്ടതിനെക്കാൾ വിജയകരമായാണ് സമാപിച്ചത്. 447 വീടുകളെയാണ് ഊർജ്ജസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 2011 ആഗസ്റ്റ് -സെപ്തംബർ മാസങ്ങളെ അപേക്ഷിച്ച് 2012 ലെ ഇതേ മാസങ്ങളിൽ 3939 യൂണിറ്റ് വൈദ്യുതി മിച്ചപ്പെടുത്താൻ അവർക്ക് സാധിച്ചു. നേരത്തെ നടത്തിയ സർവേ പ്രകാരം 3803 യൂണിറ്റ് വൈദ്യുതിയെങ്കിലും മിച്ചപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുൾപ്പെട്ട സ്ക്വാഡുകൾ ഓരോ വീട്ടിലും കയറിയിറങ്ങി വൈദ്യുതി ഉപയോഗം സംബന്ധിച്ച സ്ഥിതിവിവരങ്ങൾ ശേഖരിച്ചിരുന്നു. ഓരോ വീട്ടുകാരെയും വൈദ്യുതി ഉപയോഗം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തി. `ഹരിതസേന' എന്ന പേരിൽ അറിയാൻ ആഗ്രഹിക്കുന്ന ഈ കുട്ടികൾ സമൂഹത്തിന് നൽകുന്ന മഹത്തായ സന്ദേശം പ്രകീർത്തിക്കപ്പെടേണ്ടതാണ്. പുറത്തുനിന്നുള്ള ആരുടെയും പ്രേരണയോ സഹായമോ ഇല്ലാതെ ഗ്രാമത്തിലെ കൊച്ചുകുട്ടികൾ കൈവരിച്ച ഈ നേട്ടം മറ്റു ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഴിഞ്ഞാൽ ഊർജ്ജരംഗത്ത് അതുവഴി ഉണ്ടാകുന്ന നേട്ടം അപാരമായിരിക്കും. ഓരോ ഗ്രാമത്തിലും ഇതുപോലുള്ള ഹരിതസേനകൾ മുന്നോട്ടുവരണം. സ്കൂളുകളിലെ അദ്ധ്യാപകരും രക്ഷാകർത്തൃ സമിതികളും അതിന് നേതൃത്വം നൽകണം.

അണക്കെട്ടുകളിൽ വെള്ളം കുറയുകയും പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാൻ ലൈനുകൾ ലഭ്യമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ലഭ്യമായ വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കുക മാത്രമാണ് പ്രതിസന്ധി മറികടക്കാനുള്ള ഏക വഴി. ബോർഡ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഉപഭോക്താക്കൾ സ്വമനസ്സാലേ പലപ്പോഴും സ്വീകരിക്കാൻ മടിക്കുന്നതായാണ് കാണുന്നത്. സംസ്ഥാനത്ത് ഏത് തെരുവിലിറങ്ങിയാലും വൈദ്യുതി ക്ഷാമത്തിന്റെ നേരിയ ലക്ഷണം പോലും കാണാത്തത് അതുകൊണ്ടാണ്. അത്രയ്ക്ക് ആഡംബരമാണ് ദീപാലങ്കാരത്തിൽ തെളിയുന്നത്. വൈദ്യുതി ഉപയോഗം ദിവസവും ലക്ഷക്കണക്കിന് യൂണിറ്റ് അധികമാകുന്നു എന്ന് പത്രക്കുറിപ്പ് ഇറക്കി ബോർഡ് അധികൃതർ വെറുതേയിരിക്കുന്നു. ബോർഡിന്റെ അലസതയും കെടുകാര്യസ്ഥതയും മാറ്റിയെടുക്കാൻ ആരെക്കൊണ്ടും സാദ്ധ്യമല്ലെന്ന് തെളിഞ്ഞസ്ഥിതിക്ക് ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സ്വമേധയാ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

ഹൈലൈറ്റ്സ്
ഉത്പാദിപ്പിക്കുന്നതും പുറത്തുനിന്ന് അമിത വിലകൊടുത്തുവാങ്ങുന്നതുമായ വൈദ്യുതിയുടെ വലിയൊരു ഭാഗം ഇപ്പോഴും പാഴാകുന്നുണ്ടെന്ന് ചുറ്റപാടുമൊന്നു കണ്ണോടിച്ചാൽ മനസ്സിലാകും. വൈദ്യുതിബോർഡ് ഇറക്കുന്ന മുന്നറിയിപ്പ് നോട്ടീസുകൾക്ക് കടലാസിന്റെ വിലപോലും ആരും കല്പിക്കാറില്ല. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നും ദീപാലങ്കാരങ്ങൾക്കും മറ്റും വൈദ്യുതി ഉപയോഗിക്കരുതെന്നും കൂടക്കൂടെ ബോർഡ് സർക്കുലറുകൾ ഇറക്കാറുണ്ട്. എന്നാൽ സർക്കുലറിൽ പറയുന്ന കാര്യങ്ങൾ നടപ്പാകുന്നുണ്ടോ എന്ന് ഒരിക്കൽപ്പോലും ബോർഡ് പരിശോധിക്കാറില്ല.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: