Pages

Monday, December 17, 2012

KERALA FACING DROUGHT LIKE SITUATION


മഴ  ചതിച്ചു -കേരളം വരള്‍ച്ചബാധിതം

      കാല വര്‍ഷവും തുലാവര്‍ഷവും വന്‍തോതില്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളേയും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടികള്‍ റവന്യൂവകുപ്പ് തുടങ്ങി. ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാര്‍ശയോടെയായിരിക്കും ഇതിനുള്ള തീരുമാനം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ലഭിക്കേണ്ട തുലാവര്‍ഷമഴയില്‍ 35 ശതമാനമാണ് കുറവു വന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളില്‍ തുലാവര്‍ഷം കുറയുന്നത് ആദ്യമാണ്. ഞായറാഴ്ചവരെ 47 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് 30 സെന്റീമീറ്റര്‍ മാത്രം. തുലാവര്‍ഷത്തില്‍ ആകെ കിട്ടേണ്ടത് 48 സെന്റീമീറ്ററാണ്. ഡിസംബറില്‍ ന്യൂനമര്‍ദമോ ചുഴലിക്കാറ്റോ പോലുള്ള പ്രതിഭാസങ്ങളുണ്ടായില്ലെങ്കില്‍ മഴ അധികം ലഭിക്കാറില്ല. ഇത്തരം പ്രതിഭാസങ്ങള്‍ ഇതുവരെയില്ലാത്തതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതുമില്ല. ജൂണ്‍ മുതല്‍ സപ്തംബര്‍വരെ പെയ്യുന്ന ഇടവപ്പാതിയിലെ കുറവ് നികത്തേണ്ടത് തുലാവര്‍ഷത്തില്‍ കിട്ടുന്ന മഴകൊണ്ടാണ്. എന്നാല്‍ 23 ശതമാനമായിരുന്നു കേരളത്തില്‍ ഇടവപ്പാതിയിലെ കുറവ്. തുലാവര്‍ഷം 35 ശതമാനവും കുറഞ്ഞതോടെ വാര്‍ഷിക മഴയില്‍ ഏതാണ്ട് 25 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. ഒരുജില്ലയില്‍പ്പോലും കിട്ടേണ്ട മഴ കിട്ടിയില്ല. ഞായറാഴ്ചവരെ 291 സെന്റീമീറ്റര്‍ മഴ ലഭിക്കണമായിരുന്നു. എന്നാല്‍ കിട്ടിയത് 218 സെന്റീമീറ്ററും. 

25 ശതമാനം കുറഞ്ഞാല്‍ സാങ്കേതികമായി നേര്‍ത്ത വരള്‍ച്ചയാണ്. എന്നാല്‍ കേരളത്തിലാകട്ടെ എല്ലാ ജില്ലകളിലും രൂക്ഷമായ കുടിവെള്ളക്ഷാമം ഇതിനകം അനുഭവപ്പെട്ടുതുടങ്ങി. ജല അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനുകള്‍ വറ്റിക്കൊണ്ടിരിക്കുന്നു. കുടിവെള്ള വിതരണം നിയന്ത്രിക്കേണ്ട സ്ഥിതിയിലാണ് ജല അതോറിറ്റി.
 വൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിലാകട്ടെ ഈ ദശകത്തിലെ ഏറ്റവും മോശമായ ശേഖരമാണ് ഇപ്പോഴുള്ളത്. സംഭരണികളുടെ 45 ശതമാനം മാത്രമേ ശേഖരമുള്ളൂ. മഴ കുറവായിരുന്ന 2003-04 ല്‍ 61 ലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയിരുന്നു. എന്നാലിപ്പോള്‍ കിട്ടുന്നത് 33 ലക്ഷം യൂണിറ്റിനുള്ള വെള്ളം മാത്രമാണ്. കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ ഇതിനകം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

ഒരുവര്‍ഷം പെയ്യേണ്ട മഴയുടെ കണക്കെടുത്താല്‍ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 42 ശതമാനമാണ് ഇവിടെ കുറഞ്ഞത്. മറ്റ് ജില്ലകളിലെ കുറവ് ഇപ്രകാരം-തിരുവനന്തപുരം(37 ശതമാനം), കൊല്ലം(33), ആലപ്പുഴ(35), പത്തനംതിട്ട(39), കോട്ടയം(21), ഇടുക്കി(21), എറണാകുളം(14), പാലക്കാട്(26), മലപ്പുറം(30), കോഴിക്കോട്(13), കണ്ണൂര്‍(19), കാസര്‍കോട്( 16). കാലാവസ്ഥാ വിലയിരുത്തലനുസരിച്ച് 19 ശതമാനംവരെയുള്ള കുറവ് സ്വാഭാവികമാണ്. എന്നാല്‍ കേരളത്തില്‍ ഏതാണ്ട് 40 മണിക്കൂറുകൊണ്ടാണ് ആകെ മഴയും പെയ്‌തൊഴിയുന്നത്.
 ഇതിന്റെ 15 ശതമാനം മാത്രമേ ഭൂഗര്‍ഭ ശേഖരമായി മാറുന്നുള്ളൂവെന്നാണ് കണക്ക്. അതുകൊണ്ട് മഴയിലെ നേരിയ കുറവുപോലും ഭൂഗര്‍ഭ ശേഖരത്തെ ബാധിക്കുകയും കുടിവെള്ളക്ഷാമത്തിന് കാരണമാവുകയും ചെയ്യും. 

ഇനി തുലാവര്‍ഷത്തിന്റെ കണക്കെടുത്താലും എല്ലാജില്ലയിലും മഴകുറഞ്ഞു. മലപ്പുറം ,പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ 50 ശതമാനത്തിലേറെ കുറഞ്ഞു. കുറവാണെങ്കിലും എറണാകുളത്തും കോട്ടയത്തും കോഴിക്കോട്ടുമാണ് സ്വാഭാവിക തോതില്‍ മഴ ലഭിച്ചത്. വേനലിന് തൊട്ടുമുമ്പ് കിട്ടേണ്ട തുലാവര്‍ഷത്തിലെ വന്‍തോതിലുള്ള കുറവാണ് എല്ലാ ജില്ലകളെയും വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കാനുള്ള ശുപാര്‍ശയ്ക്ക് പിന്നില്‍. ജനവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
കാലാവസ്ഥാവ്യതിയാനം കാരണം നട്ടംതിരിയുന്ന കര്‍ഷകന് ആശ്വാസമായി കാലാവസ്ഥാ വ്യതിയാന ഇന്‍ഷൂറന്‍സ് നടപ്പാക്കുന്നെങ്കിലും ഇത്തവണ ഇത് മൂന്നുവിളകള്‍ക്കുമാത്രമേ ലഭിക്കൂ. ഹ്രസ്വകാല വിളകളില്‍ നെല്‍കൃഷിക്കുമാത്രം. കുരുമുളക്, കശുമാവ് എന്നിവയ്ക്കും ലഭിക്കും. കൂടുതല്‍ വിളകളെ ഇതില്‍ ഉള്‍പ്പെടുത്താനുള്ള പരിശോധനകള്‍ കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തുകയാണെന്ന് കൃഷി ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍ പറഞ്ഞു. 

നേരത്തേയുള്ള ഇന്‍ഷൂറന്‍സ് മൊത്തത്തിലുള്ള വിള നാശത്തെ അടിസ്ഥാനമാക്കിയായിരുന്നു. എന്നാല്‍ മഴയുടെയും വേനലിന്റെയും കുറവും കൂടുതലും വിളയെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് കണക്കാക്കി പരിഹാരത്തുക നല്‍കുന്നതാണ് കാലാവസ്ഥാ വ്യതിയാന വിള ഇന്‍ഷൂറന്‍സ്. പ്രീമിയം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും കര്‍ഷകനും ചേര്‍ന്ന് അടയ്ക്കും. എന്നാല്‍ നെല്ലിനൊഴികെയുള്ള വിളകള്‍ക്ക് കര്‍ഷകര്‍ പ്രീമിയത്തിന്റെ പകുതി നല്‍കണം. നെല്ലിന് ഒരേക്കറിന് 640 രൂപ. ഇതില്‍ 450 രൂപ സര്‍ക്കാറുകള്‍ നല്‍കും. കര്‍ഷകന്‍ 160 രൂപ നല്‍കിയാല്‍ മതി. കശുമാവിന് ഏക്കറിന് 2400 രൂപ. ഇതില്‍ കര്‍ഷകന്റെ പങ്ക് 1200 . കുരുമുളകിനുള്ള പ്രീമിയമായ 1200 രൂപയില്‍ 600 രൂപയും കര്‍ഷകന്‍ നല്‍കണം. നെല്ലിനും കുരുമുളകിനും ഏക്കറിന് 10,000 രൂപയും കശുമാവിന് 20,000 രൂപയുമാണ് പരിരക്ഷ . നിശ്ചിത കാലയളവിനുള്ളില്‍ ലഭിക്കേണ്ട മഴയും വെയിലും അതത് തോതില്‍ത്തന്നെ ലഭിച്ചില്ലെങ്കില്‍ കര്‍ഷകന് പരിരക്ഷയ്ക്ക് അവകാശപ്പെടാം.
 കശുമാവിനുള്ള ഇന്‍ഷൂറന്‍സിന് 22 വരെയും നെല്ലിന് 31 വരെയും കൃഷി ഓഫീസുകളില്‍ അപേക്ഷ നല്‍കണം. അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് ഇത് നടപ്പാക്കുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: