Pages

Saturday, December 1, 2012

I.K GUJRAL- A GENTLEMAN


ഐ.കെ. ഗുജരാള്‍ പരീക്ഷണ രാഷ്ട്രീയത്തിലെ മാന്യന്‍

ഇന്ത്യയില്‍ കൂട്ടുകക്ഷി ഭരണത്തിന്റെ പുതിയൊരു പരീക്ഷണമായിരുന്നു 1996-ലെ ഐക്യമുന്നണി സര്‍ക്കാര്‍. ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി
യുടെ പുറത്തുനിന്നുള്ള പിന്തുണകൊണ്ട് കഷ്ടിച്ച് രണ്ടുകൊല്ലംമാത്രം അധികാരത്തിലിരുന്ന പതിമ്മൂന്ന് പാര്‍ട്ടികളുടെ സഖ്യം. ആ സഖ്യത്തിന്റെ രണ്ടാം പ്രധാനമന്ത്രിയായി ഐ.കെ. ഗുജ്‌റാളെന്ന 'ജെന്റില്‍മാന്‍ പൊളിറ്റീഷ്യന്‍' ചുമതലയേല്‍ക്കുമ്പോള്‍ അതും ഒരു പരീക്ഷണമായിരുന്നു. ആ ഭരണം ഏതാനും മാസങ്ങള്‍ക്കകം അവസാനിച്ചു. ഏതെങ്കിലും മുഖ്യ ദേശീയപാര്‍ട്ടി ഭരിക്കുന്ന മുന്നണിയുടെ ഭാഗമായില്ലെങ്കില്‍ അതിന് നിലനില്‍ക്കാനാവില്ലെന്ന് ബോധ്യപ്പെട്ടത് ഈ പരീക്ഷണത്തിനുശേഷമാണ്. 1998-ല്‍ ബി.ജെ.പി. കേന്ദ്രീകൃതമായി എന്‍.ഡി.എ.യും പിന്നീട് കോണ്‍ഗ്രസ് കേന്ദ്രീകൃതമായി യു.പി.എ.യും രൂപപ്പെട്ടത് 1996-ലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.

1989-ല്‍ വി.പി. സിങ്ങിന്റെ ജനതാദള്‍ സര്‍ക്കാര്‍ അഴിച്ചുവിട്ട മണ്ഡല്‍ രാഷ്ട്രീയത്തിനും ബി.ജെ.പി.യുടെ അയോധ്യാ പ്രക്ഷോഭത്തിനുംശേഷം ഇന്ത്യന്‍ രാഷ്ട്രീയം കൂട്ടുകക്ഷി ഭരണത്തിന്റെ പുതിയ വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. രാഷ്ട്രീയം കലങ്ങിമറിഞ്ഞ ആ നാളുകളില്‍ വലിയ ജനകീയാടിത്തറയൊന്നും ഇല്ലാത്ത രണ്ടുപേരാണ് ഐക്യമുന്നണിയെ നയിച്ചത്. 1996-ല്‍ നരസിംഹറാവു സര്‍ക്കാറിന്റെ പതനത്തിനുശേഷമാണ് '96-ല്‍ ഐക്യമുന്നണി അധികാരത്തില്‍ വന്നത്. ഇക്കാലത്താണ് രണ്ട് പ്രധാനമന്ത്രിമാര്‍ ഉണ്ടായത്; ദേവഗൗഡയും ഗുജ്‌റാളും. ദേവഗൗഡയുടെ ജനപിന്തുണ പോലുമില്ലാത്ത പ്രധാനമന്ത്രിയായിരുന്നു ഗുജ്‌റാള്‍. കോണ്‍ഗ്രസ്സുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ദേവഗൗഡയ്ക്ക് സാധിച്ചില്ല. അദ്ദേഹത്തിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് വിദേശകാര്യമന്ത്രിയായിരുന്ന ഗുജ്‌റാള്‍ പ്രധാനമന്ത്രിയായത്. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്.
 

'മധ്യവര്‍ഗ ബുദ്ധിജീവി'യെന്നും 'ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്റര്‍ പൊളിറ്റീഷ്യ'നെന്നും മറ്റും പ്രതിയോഗികള്‍ വിളിച്ച ഗുജ്‌റാളിന് കോണ്‍ഗ്രസ്സിനെയും പാര്‍ട്ടി പ്രസിഡന്റ് സീതാറാം കേസരിയെയും സന്തോഷിപ്പിച്ച് നിര്‍ത്താനാവുമോ എന്ന് പലരും ആ ഘട്ടത്തില്‍ ആശങ്കപ്പെട്ടിരുന്നു. അതോടൊപ്പം ലാലു പ്രസാദും കൂട്ടരും മറ്റും നയിക്കുന്ന ജനതാദളിനകത്തെ പ്രതിസന്ധി വേറെ. ഈ പശ്ചാത്തലത്തില്‍ 'ഗുജ്‌റാള്‍ എത്രകാലം' എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടായി. ഒടുവില്‍ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. ഏതാനും മാസങ്ങള്‍ക്കുശേഷം ഐക്യമുന്നണിക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു. രാജീവ് ഗാന്ധി വധം അന്വേഷിച്ച ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയ ഡി.എം.കെ.യെ മന്ത്രിസഭയില്‍നിന്നും ഐക്യമുന്നണിയില്‍നിന്നും പുറത്താക്കണമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആവശ്യം. അതിന് ഗുജ്‌റാള്‍ വഴങ്ങിയില്ല. അതോടെ 1997 നവംബറില്‍ മന്ത്രിസഭ വീണു.

പ്രധാനമന്ത്രിയെന്ന നിലയില്‍ ഗുജ്‌റാളിന് സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. അതിനുള്ള സാവകാശം ലഭിച്ചില്ല എന്നതാണ് സത്യം. പക്ഷേ, രണ്ടുതവണ വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യ വലിയൊരു രാഷ്ട്രമാണെന്നും ചെറിയ അയല്‍രാജ്യങ്ങളോട് ഉദാരമനസ്‌കത കാട്ടണമെന്നും ഉറക്കെ പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ നിലപാട് പിന്നീട് 'ഗുജ്‌റാള്‍ സിദ്ധാന്തം' എന്ന പേരില്‍ അറിയപ്പെട്ടു.
 

ദക്ഷിണേഷ്യയിലെ ഒരുരാജ്യവും അവരുടെ മണ്ണ് ആ മേഖലയിലെ മറ്റ് രാജ്യങ്ങളുടെ താത്പര്യത്തിനെതിരെ ഉപയോഗിക്കരുതെന്നും മറ്റൊരു രാഷ്ട്രത്തിന്റെ ആഭ്യന്തരവിഷയത്തില്‍ ഇടപെടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. പരസ്പരസൗഹൃദം നിലനിര്‍ത്തുകയും തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കുകയും വേണമെന്ന് ഈ സിദ്ധാന്തത്തിന്റെ ഭാഗമായി അദ്ദേഹം അവതരിപ്പിച്ചു. ബി.ജെ.പി.യില്‍നിന്നും മറ്റും ഈ സിദ്ധാന്തത്തിനെതിരെ ഏറേ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. ബംഗ്ലാദേശുമായുള്ള ഒരു തര്‍ക്കവും ചര്‍ച്ചയും ലോക്‌സഭയില്‍ നടക്കുമ്പോള്‍ 'ആ രാജ്യത്തിന്റെ ബജറ്റ് നമ്മുടെ വലിയൊരു സംസ്ഥാനത്തിന്റെ ബജറ്റിന്റെ അത്രപോലും വരില്ലെന്ന്' അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
 

വി.പി. സിങ് സര്‍ക്കാറിന്റെ കാലത്താണ് 1990-ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശം നടന്നത്. അന്ന് കുവൈത്തില്‍നിന്നും ഗള്‍ഫിലെ മറ്റ് രാജ്യങ്ങളില്‍നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചുകൊണ്ടുവരുന്നതില്‍ വിദേശമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചത്. ദേശീയമുന്നണി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണനും ഗുജ്‌റാളും ആ വഴിക്ക് നടത്തിയ നീക്കങ്ങള്‍ പിന്നീട് ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. മലയാളികളുള്‍പ്പെടെ പതിനായിരക്കണക്കിന് ഇന്ത്യക്കാരെ ഗള്‍ഫ് നാടുകളില്‍നിന്ന് ഒഴിപ്പിച്ചത് 'ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലായി'ട്ടാണ് അറിയപ്പെടുന്നത്. ഈ ദൗത്യത്തിന്റെ ഭാഗമായി ഗുജ്‌റാള്‍ ഇറാഖ് സന്ദര്‍ശിക്കുകയും സദ്ദാം ഹുസൈനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സദ്ദാം ഹുസൈനെ ഗുജ്‌റാള്‍ ആശ്ലേഷിച്ചെന്ന വാര്‍ത്ത അന്ന് കുറച്ച് ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
 

പ്രധാനമന്ത്രിയായിരിക്കെ, ഗുജ്‌റാള്‍ കൈക്കൊണ്ട ഒരു സുപ്രധാന തീരുമാനവും ചരിത്രത്തിന്റെ ഭാഗമായി. രാജ്യത്തിന്റെ പരമാധികാരിയെന്ന നിലയില്‍ എടുക്കാന്‍ മടിച്ച മറ്റൊരു തീരുമാനം അദ്ദേഹത്തിന്റെ 'ജെന്റില്‍മാന്‍ ഇമേജ്'ന് കളങ്കമേല്‍പ്പിക്കുകയും ചെയ്തു. യു.പി.യില്‍ കല്യാണ്‍സിങ്ങിന്റെ ബി.ജെ.പി. സര്‍ക്കാറിനെ പിരിച്ചുവിടാന്‍ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതി കെ.ആര്‍. നാരായണന് ശുപാര്‍ശ സമര്‍പ്പിച്ചതും അദ്ദേഹം അത് തിരിച്ചയച്ചതുമാണ് ആദ്യത്തെ സംഭവം. 1997 ഒക്ടോബറിലായിരുന്നു അത്. അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ച നടക്കുമ്പോള്‍ നിയമസഭയില്‍ കൈയാങ്കളിയും വന്‍ബഹളവും അരങ്ങേറി.കല്യാണ്‍സിങ്ങിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് എതിരാളികള്‍. രായ്ക്കുരാമാനം ഗവര്‍ണറുടെ റിപ്പോര്‍ട്ട് വാങ്ങി കല്യാണ്‍സിങ് സര്‍ക്കാറിനെ പിരിച്ചുവിടാന്‍ കേന്ദ്രം രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തു. ഇടതുപക്ഷത്തിന്റെ സമ്മര്‍ദവും അതിന് പ്രേരകമായി. മന്ത്രിസഭയുടെ ഇത്തരത്തിലുള്ള ശുപാര്‍ശ രാഷ്ട്രപതി തള്ളിയത് ആദ്യത്തെ സംഭവമായിരുന്നു. പിറ്റേദിവസം മന്ത്രിസഭ വീണ്ടും സമ്മേളിച്ച് രാഷ്ട്രപതിക്കുള്ള ശുപാര്‍ശ ആവര്‍ത്തിച്ചു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ബിഹാറില്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെതിരെ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനായ അദ്ദേഹത്തെ മാറ്റാന്‍ ജനതാദളിനകത്തും പുറത്തും കടുത്ത സമ്മര്‍ദമുണ്ടായി. ലാലു രാജിവെക്കണമെന്ന ആവശ്യം ഐക്യമുന്നണിയിലും ഉയര്‍ന്നു. എന്നാല്‍, ഉറച്ചൊരു നിലപാടെടുക്കാനും ലാലുവിനോട് രാജിവെക്കുന്നതിന് ആവശ്യപ്പെടാനും ഗുജറാളിന് സാധിച്ചില്ല. ദേശീയതലത്തിലും ജനതാദളിനുള്ളിലും തനിക്ക് പിന്തുണയില്ലെന്ന് ബോധ്യപ്പെട്ട ലാലു 1997 ജൂലായില്‍ പാര്‍ട്ടി പിളര്‍ത്തി 'രാഷ്ട്രീയ ജനതാദള്‍' രൂപവത്കരിച്ചു. ഐക്യമുന്നണിയിലെ പ്രബലകക്ഷിയായ ജനതാദളിന്റെ അംഗസംഖ്യ 45-ല്‍ നിന്ന് അങ്ങനെ 28 ആയി. നൂല്‍പ്പാലത്തിലൂടെയായിരുന്നു പിന്നീടുള്ള ഗുജ്‌റാളിന്റെ യാത്ര; നവംബറില്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുന്നതുവരെ.
 


കോണ്‍ഗ്രസ് പാരമ്പര്യത്തില്‍നിന്ന് ജനതാദളിലെത്തിയ ഗുജ്‌റാള്‍ വളരെ സൂക്ഷിച്ചുമാത്രം കരുക്കള്‍ നീക്കിയ നേതാവായിരുന്നു. ജനതാദളും ഐക്യമുന്നണിയും ഒരു പരീക്ഷണമെന്നോണം കൊടുങ്കാറ്റായാണ് വന്നതെങ്കിലും പഴയരീതിയിലുള്ള രാഷ്ട്രീയം തുടര്‍ന്ന ഗുജ്‌റാളിന് അതിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ല എന്നതാണ് സത്യം. ഐക്യമുന്നണിയെ നയിക്കുക എന്നത് ഒരേസമയം വലിയൊരു അവസരവും വെല്ലുവിളിയുമായിരുന്നു. പക്ഷേ, അത് ആ വിധത്തില്‍ സംഗതികളെ കാണാനും വിപ്ലവകരമായി എന്തെങ്കിലും ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. വിവിധ ഗ്രൂപ്പുകളും താത്പര്യങ്ങളുമുള്ള ഐക്യമുന്നണിയിലെ ഘടകകക്ഷികള്‍ ഒരുവശത്ത്, മറുവശത്ത് വിരുദ്ധ ആശയങ്ങളുള്ള ഇടതുപക്ഷം, കോണ്‍ഗ്രസ് എന്നിവയുടെ പുറമേനിന്നുള്ള പിന്തുണ. മാന്യമായി മാത്രം ഇടപെടാനും മൃദുവായി മാത്രം സംസാരിക്കാനും അറിയുന്ന ഗുജ്‌റാളെന്ന പ്രധാനമന്ത്രിക്ക് ഇതിനിടയില്‍ ശോഭിക്കാന്‍ സാധിക്കാഞ്ഞത് സ്വാഭാവികം.

ജനകീയാടിത്തറയുള്ള രാഷ്ട്രീയനേതാവായിരുന്നില്ലെങ്കിലും നയതന്ത്രജ്ഞതയും മാന്യമായ പെരുമാറ്റവുംകൊണ്ട് എല്ലാവരുടെയും ആദരവും സ്‌നേഹബഹുമാനവും പിടിച്ചുപറ്റാന്‍ ഗുജ്‌റാളിന് സാധിച്ചിരുന്നു. എഴുത്തും വായനയും വലിയ സുഹൃദ്ബന്ധവും അദ്ദേഹം ഒടുവില്‍വരെ നിലനിര്‍ത്തി. രാഷ്ട്രീയക്കാര്‍ മുതല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. 'മാതൃഭൂമി' ഉള്‍പ്പെടെ പല പ്രമുഖ പത്രങ്ങളിലും അദ്ദേഹം ദീര്‍ഘകാലം ലേഖനങ്ങള്‍ എഴുതിയിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 


ഗുജ്‌റാള്‍---പ്രതിഭയാര്‍ന്ന വ്യക്തിത്വം

കെ.പി. ഉണ്ണികൃഷ്ണന്‍ (മുന്‍ കേന്ദ്രമന്ത്രി)

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഉയര്‍ന്നുവന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി വരെയായ ഇന്ദര്‍കുമാര്‍ ഗുജ്‌റാള്‍ അസാധാരണമായ പ്രതിഭയുടെ ഉടമയും വ്യക്തിത്വവുമായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയിലും പിന്നീട് പാകിസ്താനിലുമായ ഝെലത്തില്‍ ജനിച്ചുവളര്‍ന്ന ഗുജ്‌റാള്‍, വിദ്യാര്‍ഥിയായിരിക്കെ ആദ്യം ഭഗത്‌സിങ്ങിന്റെയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സ്വാധീനത്തിലാണ് രാഷ്ട്രീയത്തില്‍ എത്തിയതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ആദ്യകാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി
യുടെ സ്വാധീനത്തിലുണ്ടായിരുന്ന വിദ്യാര്‍ഥി ഫെഡറേഷന്റെ അവിഭക്ത ഇന്ത്യയിലെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. അതോടൊപ്പം ഉര്‍ദു സാഹിത്യരംഗത്ത് അദ്ദേഹം ഫൈസ് അഹമ്മദ് ഫൈസിന്റെ അടുത്ത അനുയായിയായി മാറി. ശബാന അസ്മിയുടെ അച്ഛന്‍ കൈഫി ആസ്മി, സഹീര്‍ ലുധിയാന്‍വി തുടങ്ങിയ ഒട്ടേറെ ഉര്‍ദു കവികള്‍ ലാഹോറില്‍ നിന്നും പഞ്ചാബില്‍ നിന്നും ബോംബെയിലേക്ക് കുടിയേറി ഹിന്ദി ചലച്ചിത്രലോകത്തിന് വലിയ സംഭാവനകള്‍ നേടിക്കൊടുത്തു. പക്ഷേ, ഗുജ്‌റാള്‍ എത്തിയത് ഡല്‍ഹിയിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണദിവെ കാലഘട്ടം മുതല്‍ അദ്ദേഹം കോണ്‍ഗ്രസ്സുമായി അടുത്ത് ഡല്‍ഹിയിലെ പുതിയ തലമുറയിലെ നേതാക്കളില്‍ ഒരാളായി മാറി. അദ്ദേഹത്തിന്റെ അനുജന്‍ സതീഷ് ഗുജ്‌റാള്‍ പ്രശസ്ത കലാകാരനാണ്. 

ഗുജ്‌റാള്‍ പിന്നീട് ന്യൂഡല്‍ഹി മുനിസിപ്പല്‍ കമ്മിറ്റിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട വൈസ് പ്രസിഡന്റായി. സുഭദ്ര ജോഷി, ബ്രഹ്മപ്രകാശ് തുടങ്ങിയവരുമായി അടുത്ത് പ്രവര്‍ത്തിച്ച് ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് ഡല്‍ഹിയില്‍ നിന്നുള്ള രാജ്യസഭാംഗവും ഇന്ദിരാ മന്ത്രിസഭയില്‍ വാര്‍ത്താവിതരണവകുപ്പു മന്ത്രിയുമായി. 1969-ലെ കോണ്‍ഗ്രസ് വിഭജനത്തില്‍ ഭരണരംഗത്ത് ഹക്‌സറും രാഷ്ട്രീയരംഗത്ത് എച്ച്.എന്‍. ബഹുഗുണ, ഇന്ദര്‍കുമാര്‍ ഗുജ്‌റാള്‍, എല്‍.എന്‍. മിശ്ര എന്നിവരാണ് വാസ്തവത്തില്‍ ഇന്ദിരയെ പഴയ താപ്പാനകളില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍കൈയെടുത്തത്. പക്ഷേ, പിന്നീട് അദ്ദേഹത്തിന് ബഹുഗുണയെപ്പോലെ സഞ്ജയ് ഗാന്ധിയുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച പെരുമാറ്റത്തിന്റെ ഫലമായി അകന്നു പോവേണ്ടി വന്നു.
 

മോസ്‌കോയില്‍ ഇന്ത്യന്‍ അംബാസഡറായ ഗുജ്‌റാള്‍ പിന്നീട് വി.പി. സിങ് മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായി. ദേവഗൗഡയ്ക്കുശേഷം ദേശീയ മുന്നണിയും ജനതാദളും അദ്ദേഹത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. കാര്യക്ഷമതയ്ക്കു പുറമേ, ഉറച്ചുനിന്ന ചില വിശ്വാസപ്രമാണങ്ങളായിരുന്നു അദ്ദേഹത്തിന്റെ എടുത്തുപറയാവുന്ന സവിശേഷതകള്‍. അതിലൊന്ന് മതേതരത്വത്തില്‍ ഉണ്ടായിരുന്ന അചഞ്ചലമായ വിശ്വാസമായിരുന്നു. ഇന്ത്യയിലെ ദേശീയ ജീവിതത്തിന് ഒരു തീരാനഷ്ടമാണ് ഗുജ്‌റാളിന്റെ വിയോഗം.


പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: