Pages

Sunday, December 30, 2012

ഡല്‍ഹി -ബലാത്സംഗത്തിന്റെ തലസ്ഥാനം കൂടി


ഡല്‍ഹി -ബലാത്സംഗത്തിന്റെ
തലസ്ഥാനം കൂടി

 
2012 മാര്‍ച്ച് 13, ഗുഡ്ഗാവിലെ സഹാറ ഷോപ്പിങ് മാളിലെത്തിയ പെണ്‍കുട്ടിയെ ഏഴുപേരടങ്ങുന്ന സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ പോലീസിന്റെ 100 എന്ന നമ്പറില്‍ വിളിച്ചു. യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പറും കൊടുത്തു. ഏറെ പരിശ്രമത്തിനൊടുവില്‍ പോലീസ് യുവതിയുടെ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടു. തട്ടിക്കൊണ്ടുപോയവരില്‍ ഒരാളാണ് ഫോണെടുത്തത്. യുവതി ഞങ്ങളുടെ കൂടെയുണ്ടെന്നും ഉടന്‍ താമസസ്ഥലത്ത് കൊണ്ടുവിടുമെന്നും അങ്ങേത്തലയ്ക്കല്‍ നിന്ന് പറഞ്ഞു. പോലീസിന് സമാധാനമായി. പക്ഷേ, ഏഴുപേരാല്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടാണ് യുവതി തിരിച്ച് വീട്ടിലെത്തിയത്. തുടര്‍ നടപടികളൊന്നുമില്ല. 
ഇത് നമ്മുടെ പാര്‍ലമെന്റും മന്ത്രിമാരും ഇരിക്കുന്ന രാജ്യ തലസ്ഥാനനഗരിയില്‍ നടന്ന സംഭവമാണ്. വി.ഐ.പി. സുരക്ഷയും സി.സി.ടി.വി. നിരീക്ഷണവുമുള്ള നഗരത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട ഒരാള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ രാജ്യത്തിന്റെ മറ്റിടങ്ങളില്‍ എന്തായിരിക്കും അവസ്ഥ? 

ജനസംഖ്യയുടെ അനുപാതം നോക്കിയാല്‍ ബലാത്സംഗക്കേസുകളുടെ തലസ്ഥാനം തന്നെയാണ് ഡല്‍ഹി. ഈ വര്‍ഷം മാത്രം 661 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, പരാതിപ്പെട്ടാല്‍ കേസെടുക്കാതിരിക്കുന്നതില്‍ കുപ്രസിദ്ധമാണ് ഡല്‍ഹി പോലീസ്. ഡല്‍ഹിയില്‍ ഈ വര്‍ഷം വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ 9853 ആണെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്യസഭയില്‍ അറിയിച്ചിരുന്നു. ബലാത്സംഗക്കേസുകള്‍ കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് 17 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
 

ധീരതയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ക്കുപിന്നില്‍ രാജ്യത്തെ നടുക്കിയ ഒരു രംഗ-ബില്ല തട്ടിക്കൊണ്ടുപോകല്‍ എന്ന കൂട്ടബലാത്സംഗത്തിന്റെ കഥയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. കൊണാട്ട് പ്ലേസിലെ ഗോള്‍ഡെഖാനയിലൂടെ നടന്നുപോകുമ്പോഴാണ് ഗീത ചോപ്രയെയും സഞ്ജയ് ചോപ്രയെയും രംഗ ഖുസ് എന്ന കുല്‍ദീപ് സിങ്ങും ബില്ല എന്ന ജസ്ബീര്‍ സിങ്ങും തട്ടിക്കൊണ്ടുപോയത്. കാറിലുടനീളം ഗീതയെ ഇരുവരും ബലാത്സംഗത്തിനിരയാക്കി. കരാട്ടെ അഭ്യസിച്ചിരുന്ന സഞ്ജയ് അക്രമികള്‍ക്കെതിരെ നന്നായി തന്നെ ചെറുത്തുനിന്നു. തട്ടിക്കൊണ്ടുപോയി രക്ഷിതാക്കളോട് മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു അക്രമികളുടെ പരിപാടി. ഓട്ടത്തിനിടയില്‍ കാര്‍ ഒരു ബസ്സില്‍ കൂട്ടിയിടിച്ചിരുന്നു. കുട്ടികള്‍ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹം ശങ്കര്‍ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. വൈദ്യപരിശോധനയില്‍ ഗീത ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് മനസ്സിലായി. പിന്നീട് പിടിയിലായ പ്രതികളെ രണ്ടു നാലുവര്‍ഷത്തിനുശേഷം 1982-ല്‍ തൂക്കിലേറ്റി. മരിച്ച ഗീതയുടെയും സഞ്ജയിന്റെയും ഓര്‍മയില്‍ കുട്ടികള്‍ക്കുള്ള ധീരത അവാര്‍ഡ് ഏര്‍പ്പെടുത്തി.
 

2002-ല്‍ ആണ് ബഹദൂര്‍ഷാ സഫര്‍ മാര്‍ഗില്‍ ഖൂനി ദര്‍വാസ സ്മാരകത്തില്‍ കത്തിമുനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായത്. മൂന്നുവര്‍ഷത്തിനുശേഷം ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥി കാറില്‍ മണിക്കൂറുകളോളം കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് അബോധാവസ്ഥയില്‍ സൗത്ത് ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ടു.
 2003-ല്‍ കിഴക്കന്‍ ഡല്‍ഹി ശാന്തിമുകുന്ദ് ആസ്​പത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന നഴ്‌സിനെ വാര്‍ഡ് ബോയ് ബലാത്സംഗം ചെയ്ത് കണ്ണുകുത്തിപ്പൊട്ടിച്ച സംഭവവും ഉണ്ടായി.

2010-ല്‍ സൗത്ത് ഡല്‍ഹിയില്‍ ബി.പി.ഒ. ജീവനക്കാരിയായ മുപ്പതുകാരിയെ അഞ്ചംഗ സംഘം മാനഭംഗത്തിനിരയാക്കി. മിനിട്രക്കിലേക്ക് വലിച്ചുകയറ്റി രണ്ടുമണിക്കൂറോളം പീഡനത്തിനുശേഷം വലിച്ചെറിയുകയായിരുന്നു അവരെ.
 
ഒരു വര്‍ഷത്തിനുശേഷം സൗത്ത് ഡല്‍ഹി സ്ത്രീകളുടെ പേടി സ്വപ്നമാണെന്ന് ഒന്നുകൂടി ഉറപ്പിച്ച് ദൗള കുവയിലെ ആനന്ദ് നികേതനില്‍ പത്തൊമ്പതുകാരി അയല്‍വാസിയാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു.
 സ്ത്രീകളുടെ പേരിലറിയപ്പെടുന്ന കുപ്രസിദ്ധമായ ഒരുപാട് കേസുകള്‍ ഡല്‍ഹിയിലുണ്ട്. രാത്രിയില്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിന് വെടിവെച്ചുകൊന്ന ഹോട്ടല്‍ജീവനക്കാരിയും മോഡലുമായ ജെസീക്ക ലാല്‍, സുശീല്‍ ശര്‍മയെന്ന രാഷ്ട്രീയ നേതാവ് തന്തൂരി അടുപ്പില്‍ ചുട്ടുകൊന്ന നൈനാ സാഹ്നി അങ്ങനെ നിരവധി സംഭവങ്ങള്‍. ഡല്‍ഹിയിലെ അരക്ഷിത സ്ത്രീജീവിതത്തില്‍ ആശങ്ക ബാക്കിയാക്കി മറ്റൊരു പെണ്‍കുട്ടി കൂടി ശനിയാഴ്ച മരണത്തിന് കീഴടങ്ങി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: