Pages

Saturday, December 1, 2012

കടുവ സംരക്ഷണം


കടുവ സംരക്ഷണം

ഭാരതത്തിന്റെ ദേശീയ മൃഗമാണ് കടുവ   'പാന്തെര ടൈഗ്രിസ്' (Panthera tigris) എന്ന് ശാസ്ത്രീയനാമം. കടുത്ത ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാന്‍ ദേശീയ തലത്തില്‍ നടപ്പാക്കിയ ബൃഹത് പദ്ധതിയാണ് പ്രോജക്ട് ടൈഗര്‍. 1973 ഏപ്രിലില്‍ 'പ്രോജക്ട് ടൈഗര്‍്' പദ്ധതി ഉത്ഘാടനം ചെയ്യവെ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പറഞ്ഞ വാക്കുകള്‍ കടുവാ സംരക്ഷണത്തിന്റെ നയം വ്യക്തമാക്കുന്നു. 'കടുവകളെ ഒറ്റപ്പെട്ട തുരുത്തുകളില്‍ സംരക്ഷിക്കാനാവില്ല' -ഇന്ദിരാ ഗാന്ധി പറഞ്ഞു. വിസ്തൃതവും സങ്കീര്‍ണവുമായ ഒരു ആവാസവ്യവസ്ഥ ആവശ്യമുള്ള ജീവിയാണത്. മനുഷ്യന്റെ നുഴഞ്ഞുകയറ്റവും, വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ഫോറസ്ട്രി പ്രവര്‍ത്തനവും, കാലിമേയ്ക്കലുമെല്ലാം കടുവയുടെ വാസമേഖലകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു, അവര്‍ ചൂണ്ടിക്കാട്ടി. 

പതിനൊന്നാം പദ്ധതി പ്രകാരം 2010-2011 കാലയളവില്‍ കടുവാ സംരക്ഷണത്തിന് കേന്ദ്രം കേരളത്തിന് അനുവദിച്ചത് 323.46 ലക്ഷം രൂപയാണ്. വനങ്ങളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഇക്കോ-ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍, പുനരധിവസപദ്ധതികള്‍ തുടങ്ങിയവയ്ക്കുള്ളതാണ് ഈ തുക പ്രധാനമായും എന്ന് വിദഗ്ധര്‍ പറയുന്നു.
 1972 ലെ വന്യജീവി സംരക്ഷണ നിയമം, 2003 ജനവരിയില്‍ ഭേദഗതി വരുത്തി പരിഷ്‌ക്കരിക്കുകയുണ്ടായി. നിയമത്തില്‍ ഒന്നാം ഷെഡ്യൂളില്‍ പെടുത്തിയിട്ടുള്ള ജീവിയാണ് കടുവ. പതിനായിരം രൂപ പിഴയും മുന്നു മുതല്‍ ഏഴു വര്‍ഷംവരെ ജയില്‍വാസവും ലഭിക്കാവുന്ന കുറ്റമാണ് കടുവ വേട്ട.ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ ഇന്ത്യന്‍ കാടുകളില്‍ 40,000 കടുവകള്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്. 2010 ലെ ടൈഗര്‍ സെന്‍സസ് പ്രകാരം ദയനീയമായ ഒരു ചിത്രമാണ് നമുക്ക് മുന്നിലുള്ളത്. കടുവകളുടെ എണ്ണം വെറും 1706 ആയി ചുരുങ്ങിയിരിക്കുന്നു. വനംവകുപ്പും ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യയും സംയുക്തമായി നടത്തിയ കണക്കെടുപ്പ് അനുസരിച്ച്, ഇപ്പോള്‍ പ്രശ്‌നബാധിത പ്രദേശമായി മാറിയിട്ടുള്ള വയനാട് വന്യജീവിമേഖലയില്‍ ആകെയുള്ളത് ഏതാണ്ട് 80 കടുവകളാണ്. ഇത്രകാലവും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇത്രയും കടുവകളെ സംരക്ഷിക്കാന്‍ കഴിഞ്ഞു. നാളെയോ?കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, നമ്മുടെ വനസംരക്ഷണപ്രദേശങ്ങള്‍ ഇന്ത്യയുടെ മൊത്തം പ്രദേശത്തിന്റെ വെറും നാലു ശതമാനം മാത്രമാണ്. അതുകൊണ്ടു തന്നെ ജനപങ്കാളിത്തത്തില്‍ ഊന്നിയ വനസംരക്ഷണപ്രവര്‍ത്തനത്തിന് ഏറെ പ്രാധാന്യം നല്‍കണമെന്ന് 2002 ലോ 'നാഷണല്‍ വൈല്‍ഡ് ലൈഫ് ആക്ഷന്‍ പ്ലാന്‍' നിഷ്‌ക്കര്‍ഷിക്കുന്നു. 

പൊതുജനപങ്കാളിത്തത്തോടെയുള്ള കടുവ സംരക്ഷണ പ്രവര്‍ത്തനത്തിന് ഏറ്റവും മികച്ച ഉദാഹരണം കേരളത്തില്‍ തന്നെയുണ്ട്. പറമ്പിക്കുളം ടൈഗര്‍ റിസര്‍വാണ് ഒരു മികച്ച ഉദാഹരണം. മറ്റൊന്ന് പെരിയാര്‍ കടുവാ സങ്കേതം. പെരിയാര്‍ കടുവാസങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ഏതാണ്ട് 40,000 പേരെ 72 ഇക്കോ-ഡെവലപ്‌മെന്റ് കമ്മറ്റികളിള്‍ ഉള്‍പ്പെടുത്തിയാണ് സംരക്ഷണ പ്രവര്‍ത്തനം നടക്കുന്നത് .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: