Pages

Saturday, December 1, 2012

നാട്ടിലിറങ്ങുന്ന കടുവ, റോഡിലിറങ്ങുന്ന ജനം



നാട്ടിലിറങ്ങുന്ന കടുവ,

 റോഡിലിറങ്ങുന്ന ജനം

-ധന്യ ബാലന്‍

വയനാട്ടില്‍നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. കടുവയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുന്ന അവസ്ഥ. വന്യജീവികളും മനുഷ്യരും തമ്മില്‍ കാലങ്ങളായി നിലനിന്ന പരസ്പരധാരണ തെറ്റുകയാണ്. വന്യജീവി സംരക്ഷണത്തിനൊപ്പം കാടുമായി ബന്ധപ്പെട്ട ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്നതാകണം യഥാര്‍ഥ വനസംരക്ഷണം. മനുഷ്യരും വന്യജീവികളും തമ്മില്‍ പരസ്പരധാരണ കൂടിയേ തീരൂ. എന്നാല്‍, വയനാട്ടില്‍നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ആ പരസ്പരധാരണയുടെ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. യഥാര്‍ഥത്തില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള 'കലഹങ്ങളു'ടെ കഥ പുതിയതല്ല. മൃഗ ആരാധനയോളം പഴക്കമില്ലെങ്കിലും, ഭാരതത്തില്‍ മനുഷ്യ - മൃഗ കലഹങ്ങളുടെ ഏറ്റവും പുരാതനമായ രേഖ അഞ്ച്-ആറ് നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. അംഗരാജ്യത്ത് ആനകളുടെ ശല്യം ഉണ്ടായതായി ഗജശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നു. 

ഗജത്തെ ആരാധിക്കുന്ന, നാഗങ്ങളെ ആരാധിക്കുന്ന, ഗോമാതാവിനെയും, കടുവയെയും വാഹനമാക്കിയ ദൈവങ്ങളെയും, പര്‍വതപുത്രിയെയും, ഭൂമാതാവിനെയും, അഗ്‌നി-വായു-ജല ദേവതകളെയും, കടുവയെ തന്നെയും (മദ്ധ്യ ഇന്ത്യയിലെ ആദിവസിസമൂഹത്തിന് കടുവ ദൈവമാണ്) ആരാധിക്കുന്നവരെ സംബന്ധിച്ച്, പ്രകൃതിശാസ്ത്രം ദൈവഭയത്തിലൂന്നിയ ജൈവസംരക്ഷണമായി മാറിയിരുന്നു. വന്യമൃഗസംരക്ഷണത്തിന് നമ്മള്‍ പ്രാധാന്യം നല്‍കുന്നതിന് പിന്നില്‍ പല ഘടകങ്ങള്‍ കാണാന്‍ കഴിയും. ഏറ്റവും പ്രധാനം അതിന്റെ പാരിസ്ഥിതികമായ ഘടകം തന്നെ. സാമ്പത്തികവും സൗന്ദര്യശാസ്ത്രപരവുമായ സംഗതികള്‍ സംരക്ഷണത്തിന് വര്‍ധിതമൂല്യം നല്‍കുന്നു.
 മേല്‍പ്പറഞ്ഞവയിലെ പാരിസ്ഥിതിക ഘടകം പരിശോധിച്ചു നോക്കാം. ഉദാഹരണത്തിന് ഇപ്പോള്‍ വയനാട്ടില്‍നിന്നുള്ള വാര്‍ത്തകളില്‍ നിറയുന്ന കടുവ, കാട്ടിലെ പ്രധാനജീവികളിലൊന്നാണ് ('പതാകവാഹകയിനം' എന്നുതന്നെ പറയാം). കടുവകളുടെ എണ്ണം കുറയുന്നത്, കടുവ ഉള്‍പ്പെട്ട ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെയും, അതിലെ ജൈവവൈവിധ്യത്തിന്റെയും ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഒരു കടുവയ്ക്ക് സൈ്വര്യമായി ജീവിക്കാന്‍ ഏഴ് മുതല്‍ പത്ത് ചതുരശ്ര കിലോമീറ്റര്‍ വരെ കാട് വേണം. കടുവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അത്രയും വനം നമ്മള്‍ കാക്കുമ്പോള്‍, യഥാര്‍ഥത്തില്‍ ചെയ്യുന്നത് ആ കാടിനെയും, അതിലെ മരങ്ങളെയും ചെടികളെയും ജീവികളെയും സൂക്ഷ്മജീവികളെയും മഴയെയുമൊക്കെ വരുംതലമുറകള്‍ക്കായി സംരക്ഷിക്കുകയാണ്! സുസ്ഥിരവികസനം എന്നതിന്റെ ഒരു വേറിട്ട തലമാണിത്. 

ഇതിന്റെ സാമ്പത്തികവശം ചിന്തിച്ചുനോക്കാം. വനവിഭവങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനം എന്നുമാത്രം അതിനെ കണ്ടാല്‍ പോര. വന്യജീവി ടൂറിസം പോലുള്ള സംഗതികള്‍ പുതിയ കാലത്ത് വരുമാനത്തിന്റെ ഒരു ഖനി തന്നെയാണ്. സൗന്ദര്യശാസ്ത്രപരമായി ചിന്തിച്ചാല്‍, പകൃതിയുടെ തനതുഭംഗി തന്നെയാണ് മനുഷ്യനെ ഏറ്റവും കൂടുതല്‍ ആഹ്ലാദിപ്പിക്കുന്ന ഘടകം.
 
നഗരവത്ക്കരണത്തിനും കൃഷിക്കും വേണ്ടി കാടു നശിപ്പിച്ചതിന്റെ തിക്തഫലം കാടിന്റെ നാശത്തില്‍ മാത്രം ഒതുങ്ങുന്നില്ല. കാട്ടിലെ ജീവികളെ, മരത്തിനെ, മണ്ണിനെ, മഴയെ ഒക്കെ കാടിന്റെ നാശം മാറ്റിമറിച്ചു. അതിന്റെ ഫലം ഇന്ന് വര്‍ധിച്ചു വരുന്ന മനുഷ്യ -വന്യജീവി സംഘര്‍ഷത്തില്‍ എത്തിനില്‍ക്കുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: