Pages

Monday, December 24, 2012

പെൺമാനം കാക്കാൻ പെൺപുലികളിറങ്ങുന്നു


പെൺമാനം കാക്കാൻ പെൺപുലികളിറങ്ങുന്നു
ലൈംഗിക പീഡനങ്ങളടക്കം സ്ത്രീകൾക്കെതിരായ എല്ലാത്തരം കേസുകൾക്കും മേൽനോട്ടം വഹിക്കാൻ നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വനിതാ അന്വേഷണ സംഘം (ഡബ്ള്യു.ഐ.ടി) രൂപംകൊണ്ടു. സംഘത്തിന്റെ പ്രവർത്തന രീതി സംബന്ധിച്ച റിപ്പോർട്ട് നാളെ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യൻ ആഭ്യന്തരവകുപ്പിന് സമർപ്പിക്കും.
ക്രൈംബ്രാഞ്ച് ഐ.ജി ബി. സന്ധ്യ, പൊലീസ് ആസ്ഥാനത്തെ എസ്.പി. ഉമാ ബഹ്‌റ, റാപ്പിഡ് റെസ്പോൺസ്, റെസ്ക്യൂ ഫോഴ്സ് (ആർ.ആർ.ആർ.എഫ്) കമൻഡാന്റ് അജീതാ ബീഗം സുൽത്താൻ, തൃശൂർ സിറ്റി പൊലീസ് അസി.കമ്മിഷണ‌ർ ചന്ദൻ ചൗധരി എന്നിവരാണ് സംഘത്തിലുള്ളത്.

അന്വേഷണം ഏകോപിപ്പിക്കുക, മൊഴികൾ പരിശോധിക്കുക, പ്രതികൾക്കെതിരായ വകുപ്പുകളും കുറ്റപത്രവും പരിശോധിക്കുക തുടങ്ങി നിരവധി ദൗത്യങ്ങളാണ് സംഘത്തിനുള്ളത്. സർക്കാരിന്റെയോ ഡി.ജി.പിയുടെയോ നിർദ്ദേശമനുസരിച്ച് കേസുകൾ ഏറ്റെടുക്കാനും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകാനും ഇവർക്ക് അധികാരമുണ്ടാവും. അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും ഫയലുകൾ പരിശോധിക്കാം, നിർദ്ദേശം നൽകാം. കേസുകൾ തെറ്റായി അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ നീക്കാൻ ശുപാർശ ചെയ്യാം. കേസുകളിൽ വേഗത്തിൽ നീതി ലഭിക്കാനുള്ള നടപടികൾ വനിതാസംഘം കൈക്കൊള്ളുമെന്ന് ഡി.ജി.പി കേരളകൗമുദിയോട് പറഞ്ഞു.

ഇവർ കഴിവു തെളിയിച്ചവർ
ബി. സന്ധ്യ
1988
ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥ. കോട്ടയം പാലാ സ്വദേശി. എഴുത്തുകാരി, ചിത്രകാരി. നിരവധി കവിതാ സമാഹാരങ്ങൾ പുറത്തിറക്കി. ഷൊർണൂർ അസി.സൂപ്രണ്ടായി ഔദ്യോഗിക ജീവിതം തുടങ്ങി. ആസ്ട്രേലിയയിലെ വൂളോംഗ്‌വോംഗ് സർവകലാശാലയിൽ നിന്ന് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് പരിശീലനം. പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി.ജി. ഡിപ്ളോമ, 2005ൽ പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസിൽ നിന്ന് പിഎച്ച്.ഡി. അമേരിക്കയിലെ ദി ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് വിമൻ പൊലീസിന്റെ അവാർഡ് അടുത്തിടെ ലഭിച്ചു. സ്ത്രീകൾക്കെതിരെയുള്ള നിരവധി അതിക്രമക്കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥ.

അജീതാ ബീഗം സുൽത്താൻ
2008
ബാച്ച് ജമ്മു കാശ്‌മീർ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥ. കോയന്പത്തൂർ ശൗരിപാളയം സ്വദേശി. കോമേഴ്സ് ആൻഡ് ബിസിനസ് മാനേജ്മെന്റിൽ കോയന്പത്തൂർ അവിനാശിലിംഗം വനിതാ സ‌‌ർവകലാശാലയിൽ നിന്ന് ബിരുദം. ജമ്മു സിറ്റി ഈസ്റ്റിൽ സൂപ്രണ്ടായി കഴിവു തെളിയിച്ചു. ഇന്ത്യ റിസർവ് ബറ്റാലിയൻ കമൻഡാന്റ് സതീഷ് ബിനോയെ വിവാഹം കഴിച്ച് കേഡർ മാറ്റത്തിലൂടെ കഴിഞ്ഞ ജൂണിൽ കേരളത്തിലെത്തി തൃശൂർ ആർ.ആർ.ആർ.എഫിൽ കമൻഡാന്റായി. ഇപ്പോൾ പ്രസവാവധിയിലുള്ള അജീത വെള്ളിയാഴ്ച ഡ്യൂട്ടിയിൽ പ്രവേശിക്കും.

ഉമാ ബഹ്‌റ
2007 ബാച്ച് അസാം-മേഘാലയ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥ. രാജസ്ഥാൻ സ്വദേശി. ഭൂമിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയിൽ നിന്ന് പൊലീസ് മാനേജ്മെന്റിൽ എം.ബി.എയും നേടി. കൊല്ലം കമ്മിഷണറായ ദേബേഷ് കുമാർ ബഹ്‌റയെ വിവാഹം കഴിച്ച് കേഡർ മാറ്റത്തിലൂടെ കേരളത്തിലെത്തി. തൃശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയൻ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു. പൊലീസ് ആസ്ഥാനത്ത് അഡ്‌മിനിസ്ട്രേഷൻ സൂപ്രണ്ടായിരിക്കേ പ്രസവാവധിയിൽ പോയി. ജനുവരി 10ന് ഡ്യൂട്ടിയിൽ പ്രവേശിക്കും.

ചന്ദൻ ചൗധരി
വനിതാ സംഘത്തിലെ ഇളമുറക്കാരി. തൃശൂർ സിറ്റിയിൽ അസി.കമ്മിഷണർ. ഉത്തർപ്രദേശ് വാരണാസി സ്വദേശി. സെന്റ് ജോൺസ് സ്കൂൾ, ഡൽഹി ലേഡിശ്രീറാം വനിതാ കോളേജ്, ജവഹർലാൽ നെഹ്‌റു സർവകലാശാല എന്നിവിടങ്ങളിൽ പഠനം. ജെ.എൻ.യുവിൽ നിന്ന് എം.ഫിൽ നേടി. ഡൽഹിയിലെ സത്യവതി കോളേജിൽ 2008 മുതൽ 2010 വരെ അസി.പ്രൊഫസറായിരുന്നു. വാരണാസിയിലെ റിക്ഷാക്കാരന്റെ മകനായി വളർന്ന് ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗോവിന്ദ് ജയ്സ്വാളിനെ വിവാഹം കഴിച്ചു. ഗോവിന്ദ് ഇപ്പോൾ നാഗാലാൻ‌ഡിലാണ്.

കേരളം പേടിപ്പെടുത്തുന്നു
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ 62259 അതിക്രമങ്ങളാണുണ്ടായത്. 4066പേർ ബലാത്സംഗത്തിനിരയായി. 17392 പേർ മാനഭംഗം ചെയ്യപ്പെട്ടു. ഒന്നരവര്‍ഷത്തിനിടെ മാത്രം 1661 ബലാത്സംഗക്കേസുകൾ. 11 മാസത്തിനിടെ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. 2012-ൽ സെപ്തംബർ വരെ 715 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. 3756 പേർക്ക് മാനം നഷ്ടപ്പെട്ടു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: