Pages

Monday, December 24, 2012

KERALA FACES DROUGHT PANGS


കേരളം വരൾച്ച നേരിടാൻ തയ്യാറാകുക
യഥാർത്ഥ വേനൽ എത്തുന്നതിനു മുൻപുതന്നെ സംസ്ഥാനമൊട്ടാകെ വരൾച്ചയുടെ പിടിയിലാകുന്നത് അപൂർവാനുഭവമാണ്. ഇടവപ്പാതിയും 
തുലാവർഷവും ഇക്കുറി ചതിച്ചതാണ് കാരണം. സാധാരണഗതിയിൽ നല്ല മഴ ലഭിച്ചാൽപ്പോലും മാർച്ച് എത്തുന്നതോടെ കുടിവെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്ന അനേകം പ്രദേശങ്ങളുണ്ട്. ഇത്തവണ സ്ഥിതി ഉത്‌കണ്ഠാജനകമാംവിധം രൂക്ഷത പ്രാപിക്കുമെന്ന വിലയിരുത്തലിൽ സർക്കാർ സംസ്ഥാനത്തെ ഒന്നടങ്കം വരൾച്ച ബാധിതമായി പ്രഖ്യാപിച്ചുകഴിഞ്ഞു. വരൾച്ച സ്ഥിതി നേരിടാൻ ഒാരോ ജില്ലയിലും ഒാരോ മന്ത്രിയെയും ചുമതലപ്പെടുത്തി. എം.എൽ.എമാർക്കാണ് തങ്ങളുടെ മണ്ഡലത്തിന്റെ ചുമതല. മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ നടത്തി വരൾച്ച നേരിടാനുള്ള നടപടികൾക്ക് രൂപം നൽകണമെന്നാണ് തീരുമാനം. വരൾച്ചക്കെടുതി നേരിടാൻ കേന്ദ്രത്തോട് സഹായം തേടാനും കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. വരൾച്ചാദുരിതം അനുഭവിക്കുന്ന കൃഷിക്കാരുടെ വായ്പകൾക്ക് മോറട്ടോറിയം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വിള ഇൻഷ്വറൻസ് പദ്ധതി വിപുലമാക്കാനും പുതിയ ചില വിളകളെകൂടി അതിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്. അസാധാരണ സാഹചര്യങ്ങളിൽ ഏതൊരു സർക്കാരും സ്വീകരിക്കാറുള്ള കാര്യങ്ങളാണിതെല്ലാം. ഇതൊക്കെ അങ്ങനെതന്നെ നടക്കുകയും വേണം. വരൾച്ചാദുരിതം നേരിടാൻ സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്ക് കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവിഭാഗം ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും ഉണ്ടാകേണ്ടതാണ്.

പ്രതിസന്ധികൾ മുന്നിൽവന്നുപെടുമ്പോൾ പരിഭ്രാന്തി കാട്ടുകയും വല്ലവിധവും അതുതരണം ചെയ്തുകഴിയുമ്പോൾ അതൊക്കെ പാടേ മറക്കുകയും ചെയ്യുന്ന ശീലം മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ജനക്ഷേമം ലക്ഷ്യമാക്കി ഭരണം നടത്തുന്ന സർക്കാരുകൾ സാധാരണ മനുഷ്യരെപ്പോലെ പെരുമാറാൻ തുടങ്ങിയാൽ പ്രജാക്ഷേമത്തിന്റെ കഥ അവിടെ കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽനിന്നുള്ള ഒരു പാഠവും പഠിക്കാൻ സർക്കാരിന് ഇനിയും സാധിച്ചിട്ടില്ലെന്നതിന് ഇപ്പോഴത്തെ വരൾച്ചയാണ് ഏറ്റവും അവസാനത്തെ ഉദാഹരണം. വരൾച്ച ഉണ്ടാകുമ്പോൾ അത് നേരിടാനുള്ള വഴികളെക്കുറിച്ച് ആലോചിക്കേണ്ടത് തന്നെയാണ്. അതോടൊപ്പം അത്യാവശ്യം വേണ്ട ചില മുൻകരുതലുകളും തയ്യാറെടുപ്പുകളും കൈക്കൊള്ളാനുള്ള പ്രായോഗിക ബുദ്ധി കാണിച്ചിരുന്നുവെങ്കിൽ ദുരിതത്തിന്റെ കാഠിന്യം കുറഞ്ഞുകിട്ടുമായിരുന്നു. ഏതാനും ജില്ലകളൊഴികെ മറ്റെല്ലായിടത്തും ഇടവപ്പാതി വേണ്ടപോലെ ലഭിച്ചില്ലെന്നത് വസ്തുതയാണ്. വരാൻപോകുന്ന ആപത്തിന്റെ സൂചന വളരെ പ്രകടവുമായിരുന്നു.

ജലസംരക്ഷണം ഇപ്പോഴും ഗൗരവമായി എടുക്കാത്തതിനാൽ എത്ര വലിയ മഴ പെയ്താലും വെള്ളം പാഴായിപ്പോവുകയാണ് ചെയ്യുന്നത്. മുൻപും ഇതുപോലെ വരൾച്ച വന്നപ്പോൾ മഴവെള്ള സംഭരണികളെക്കുറിച്ചും നദികളിൽ തടയണകൾ നിർമ്മിക്കുന്നതിനെക്കുറിച്ചും ധാരാളം കേട്ടിരുന്നു. ഇതൊന്നും നിർബന്ധബുദ്ധയോടെ ചെയ്തില്ലെന്നു മാത്രമല്ല, ഏത് കടുത്ത വേനലിലും തെളിനീരുപോലെ കിടക്കുകയായിരുന്ന നദികളും പുഴകളും നീർച്ചാലുകളുമൊക്കെ നിർദ്ദയം നശിപ്പിക്കപ്പെടുന്നതിന് സർക്കാർ കൂട്ടുനിൽക്കുകയും ചെയ്യുന്നു. നദികളുടെ സംരക്ഷണത്തിന് നിയമങ്ങൾ തരാതരം പോലെ ഉണ്ട്. എന്നാൽ മലിനമാക്കപ്പെടാത്ത ഒരൊറ്റ നദിയെങ്കിലുമുണ്ടോ? നിർമ്മാണ മേഖലയ്ക്കാവശ്യമായ മണലോ അതിനുള്ള ബദലോ ലഭ്യമാക്കാതെ നദികളിൽ മണൽവാരൽ നിരോധനം കൊണ്ടുവന്നാൽ എങ്ങനെ വിജയിക്കും. നിരന്തരമായ മണലൂറ്റൽ മൂലം നദികളുടെയും പുഴകളുടെയും അടിത്തട്ട് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഭൂഗർഭ ജലനിരപ്പ് അപകടകരമാംവിധം താഴുന്നതോടെ കിണറുകൾ വറ്റിവരളുന്നു. കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുന്നു.

വയലുകളും ചതുപ്പുകളും കുളങ്ങളും ചിറകളുമൊക്കെ ജലസുരക്ഷയുടെ ഭാഗമായിരുന്ന നാടാണിത്. ഏത് കഠിന വേനലിലും ജലത്തിന്റെ വറ്റാത്ത ഉറവിടങ്ങളായിരുന്നു ഇവ. ഇവയൊക്കെ ഒന്നൊന്നായി അപ്രത്യക്ഷമായി വരികയാണ്. തണ്ണീർത്തട സംരക്ഷണ നിയമം മറ്റനവധി നിയമങ്ങളെപ്പോലെ കടലാസിൽ ഉറങ്ങുന്നു. ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ ഡിസംബർ തുടങ്ങുംമുമ്പേ വറ്റിവരണ്ടുകഴിഞ്ഞു. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ വെള്ളം കിട്ടാതെ നെൽപ്പാടങ്ങൾ കരിഞ്ഞുതുടങ്ങി. നദീജല കരാറുകളിലെ വ്യവസ്ഥകൾ തമിഴ്നാട് തുടർച്ചയായി ലംഘിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാനാവാത്തത് ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്കും സർക്കാരിനും താത്പര്യമില്ലാത്തതുകൊണ്ടുതന്നെയാണ്. പറമ്പിക്കുളം-ആളിയാർ കരാറിലെ വ്യവസ്ഥ പ്രകാരം അർഹമായ ജലം ലഭ്യമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പാലക്കാട്ടെ കൃഷി നശിക്കുമായിരുന്നില്ല.

കുടിവെള്ളത്തിന്റെ കാര്യത്തിലാകും ഇനിയുള്ള മാസങ്ങളിൽ ഏറ്റവും വലിയ ക്ഷാമം നേരിടാൻ പോകുന്നത്. ഇപ്പോഴേ കരുതൽ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ തമിഴ്നാട്ടിലെ സ്ഥിതിയാകും ഇവിടെയും. ജലക്ഷാമത്തെ സമർത്ഥമായി നേരിടാൻ അവിടെയുള്ളവർ പഠിച്ചുകഴിഞ്ഞു. ജലം പാഴാക്കി മാത്രം ശീലിച്ച മലയാളികൾക്ക് ഇത്തവണത്തെ വേനൽ പുതിയ അനുഭവമാകുമെന്നാണ് തോന്നുന്നത്.
വേനൽക്കെടുതികൾ നേരിടാൻ കേന്ദ്രത്തോട് ആയിരക്കണക്കിന് കോടി രൂപ സഹായം ചോദിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇൗയിനത്തിൽ എന്തെങ്കിലും കിട്ടിയാൽ നല്ലത് എന്നുമാത്രമേ പറയാനാവൂ. കാരണം വരൾച്ചയായാലും മഴക്കെടുതിയായാലും കേന്ദ്രത്തിൽനിന്നു കേരളത്തിന് കാര്യമായ സഹായമൊന്നും പ്രായേണ ലഭിക്കാറില്ല. വരൾച്ചക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം എത്തുന്നതുതന്നെ പലപ്പോഴും തോരാതെ മഴ പെയ്യുന്ന ഇടവപ്പാതിക്കാലത്തായിരിക്കും. പ്രളയക്കെടുതി കാണാൻവരുന്നതാകട്ടെ കടുത്ത വേനലിലും. ഇൗ പതിവ് ഇത്തവണയെങ്കിലും മാറ്റിയെടുത്ത് അർഹമായ സഹായം വാങ്ങിയെടുക്കാൻ സർക്കാരിന് കഴിയുമോ എന്നാണ് അറിയേണ്ടത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: