Pages

Saturday, December 1, 2012

മകനെ 'മര്യാദക്കാര'നാക്കാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് ജയില്‍ശിക്ഷ


മകനെ 'മര്യാദക്കാര'നാക്കാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് ജയില്‍ശിക്ഷ .

ഏഴുവയസ്സുള്ള മകനെ 'മര്യാദക്കാര'നാക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് ജയില്‍ശിക്ഷ നല്‍കണമെന്ന് നോര്‍വേ സര്‍ക്കാര്‍. കുട്ടിയോട് മോശമായി പെരുമാറിയതിന് ഒരു വര്‍ഷവും മൂന്നുമാസവും തടവുശിക്ഷ നല്‍കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് കോടതിയോട് ആവശ്യപ്പെട്ടത്. ആന്ധ്രാപ്രദേശുകാരനായ ചന്ദ്രശേഖനെയും ഭാര്യ അനുപമയേയുമാണ് നോര്‍വേ പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലക്കാരനായ ചന്ദ്രശേഖര്‍ നോര്‍വേയിലെ ഓസ്‌ലോയില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനിയറാണ്. 

ഭാര്യ അനുപമയും മകനുമൊത്ത് അവിടെ കഴിയുമ്പോഴാണ് മകന്‍ ഒരുദിവസം സ്‌കൂള്‍ബസ്സില്‍ മൂത്രമൊഴിച്ചത്. ചുമ്മാ ഉപദേശിച്ചിട്ട് കാര്യമില്ലെന്നു കണ്ടപ്പോള്‍ 'മര്യാദക്കാരനായില്ലെങ്കില്‍ ഇന്ത്യയിലേക്ക് പറഞ്ഞയയ്ക്കും' എന്ന് ചന്ദ്രശേഖര്‍ മകനെ ഭീഷണിപ്പെടുത്തി. അവനത് സ്‌കൂളിലെ ടീച്ചര്‍മാരോട് പറഞ്ഞു.
 ചെറിയ കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് നോര്‍വേയില്‍ വന്‍കുറ്റമാണ്. അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയില്‍ കുടുംബവുമായി എത്തിയ ചന്ദ്രശേഖര്‍ മൂന്നുമാസം കഴിഞ്ഞ് തിരികെച്ചെന്നത് നോര്‍വീജിയന്‍ പോലീസിന്റെ പിടിയിലേക്കാണ്. മകനെ ഭീഷണിപ്പെടുത്തിയതിന് അനുപമയും അറസ്റ്റിലായി. 'പ്രശ്‌നക്കാര'നായ കുട്ടിയെ മുമ്പ് നോര്‍വേയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അതോറിറ്റിക്കാരുടെ അടുക്കല്‍ ചന്ദ്രശേഖര്‍ ഏല്പിച്ചിരുന്നു. അല്പം 'ഹൈപ്പര്‍ ആക്ടീവ്' ആണെന്നല്ലാതെ മറ്റുപ്രശ്‌നമൊന്നും അവനില്ലെന്ന് കണ്ടെത്തി അവര്‍ കുട്ടിയെ തിരിച്ചേല്പിച്ചു. ഏതായാലും ഓസ്‌ലോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ചന്ദ്രശേഖറിനെയും ഭാര്യയെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവിടുത്തെ അഭിഭാഷകന്‍ മുഖേന ആരംഭിച്ചിട്ടുണ്ട്. നേരത്തേ മറ്റൊരു സംഭവത്തില്‍ അച്ഛനമ്മമാരോട് വൈകാരികമായി അടുപ്പമില്ലാത്ത കാരണം പറഞ്ഞ് ഇന്ത്യന്‍ ദമ്പതികളുടെ മൂന്നും നാലും വയസ്സുള്ള രണ്ടുമക്കളെ നോര്‍വേയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി ഏറ്റെടുത്തത് വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ എംബസി ഇടപെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയിലെ ബന്ധു ഓസ്‌ലോയില്‍ചെന്ന് കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: