Pages

Thursday, November 8, 2012

OBAMA'S LEADERSHIP


ഒബാമ കരുത്തുറ്റ നേതാവ്

യു.എസ്. പ്രസിഡന്റ്സ്ഥാനത്തേക്ക് ബരാക് ഒബാമ അനായാസമായ തുടര്‍വിജയം കരസ്ഥമാക്കിയിരിക്കുന്നു. ജനകീയ വോട്ടുകളുടെ അവസാനനിലയറിയാന്‍ ഏതാനും ദിവസംകൂടി കാത്തിരിക്കേണ്ടിവരുമെങ്കിലും 'ഇലക്ടറല്‍' വോട്ടുകള്‍ സുനിശ്ചിതമാംവിധം ഒബാമയെ തുണച്ചിരിക്കുന്നു. തിരഞ്ഞെടുപ്പുദിനമായ നവംബര്‍ ആറിന് രാത്രി വൈകി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി പരാജയം സമ്മതിക്കുമ്പോള്‍ ആകെയുള്ള 538 'ഇലക്ടറല്‍ കോളേജ്' വോട്ടുകളില്‍ ചുരുങ്ങിയത് 303 എണ്ണമെങ്കിലും ഒബാമ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. ഒഹായോ, വിര്‍ജീനിയ സംസ്ഥാനങ്ങളിലെ ഫലത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതോടെ ഇത് ഇനിയും കൂടിയേക്കും. 

ഒബാമ ഇത്ര സുവ്യക്തമായ വിജയം നേടുമെന്ന് പ്രവചിക്കാന്‍ രാഷ്ട്രീയ പണ്ഡിതരോ അഭിപ്രായ സര്‍വേകളോ തയ്യാറായിരുന്നില്ല. 2008-ലെ തിരഞ്ഞെടുപ്പില്‍ ഒബാമ നേടിയ വിജയം കൂടുതല്‍ ഈടുറ്റതായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഇത്തവണത്തെ പ്രകടനം ചില തരത്തില്‍ കൂടുതല്‍ സവിശേ
ഷമാണ്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനുകീഴിലെ റിപ്പബ്ലിക്കന്‍ ഭരണത്തില്‍ മനം മടുത്ത ജനം അന്ന് ഒബാമയെപ്പോലെ പുതുമയുള്ള ഒരു സ്ഥാനാര്‍ഥിയെ പുല്‍കാന്‍ വെമ്പുകയായിരുന്നു. പക്ഷേ, ഇത്തവണ, തന്റെ നാലുവര്‍ഷത്തെ പ്രകടനത്തില്‍ നിരാശപൂണ്ട ജനത്തെയാണ് ഒബാമയ്ക്ക് നേരിടേണ്ടിയിരുന്നത്. രണ്ടാമതൊരവസരം താന്‍ അര്‍ഹിക്കുന്നുവെന്ന സന്ദേശം പകരുകയും അത് അവരെ ബോധ്യപ്പെടുത്തുകയും വേണ്ടിയിരുന്നു. രണ്ടു പാര്‍ട്ടികളോടും കൂറുപുലര്‍ത്താത്ത വോട്ടര്‍മാരില്‍ ഗണ്യവിഭാഗം ഈ സന്ദേശത്തോട് അനുഭാവപൂര്‍വം പ്രതികരിച്ചുവെന്നതാണ് ഒബാമയുടെ വിജയത്തിന് നിദാനം. ഒബാമയും സഹപ്രവര്‍ത്തകരും അതീവകൃത്യതയോടെയാണ് തിരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്. പരമ്പരാഗതമായി ഡെമോക്രാറ്റിക് പാര്‍ട്ടിയോട് കൂറുപുലര്‍ത്തുന്ന സംസ്ഥാനങ്ങളെ ഇത്തവണയും ഒപ്പം നിര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു. പതിവായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാറുള്ള ഇന്ത്യാന സംസ്ഥാനത്ത് വിജയം നേടാന്‍ ഒബാമയ്ക്ക് 2008-ല്‍ സാധിച്ചിരുന്നു. പക്ഷേ, ഇത്തവണ ആ സംസ്ഥാനം കൈവിട്ടുപോയി. സ്ഥിരമായി ഏതെങ്കിലുമൊരു പാര്‍ട്ടിക്കൊപ്പം നിലയുറപ്പിക്കാത്തതും 2008-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ തുണച്ചതുമായ സംസ്ഥാനങ്ങളില്‍ വിജയം ആവര്‍ത്തിക്കാന്‍ ഒബാമയ്ക്ക് കഴിയുമോ എന്നതായിരുന്നു ഈ തിരഞ്ഞെടുപ്പുകാലത്തെ പ്രധാന ചോദ്യം. ഈ ഒമ്പത്'അസ്ഥിര' സംസ്ഥാനങ്ങളില്‍ മിക്കതിലും ജയിക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ഒബാമ ഇത്തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമായിരുന്നില്ല. ഈ ഒമ്പതില്‍ ഡെമോക്രാറ്റുകള്‍ക്ക് നഷ്ടപ്പെട്ടത് നോര്‍ത്ത് കരോലിന മാത്രം. 

പ്രസിഡന്‍ഷ്യല്‍ മത്സരത്തിനിറങ്ങിയ കാലംതൊട്ട് തന്നെ പിന്താങ്ങുന്ന സാമൂഹിക വിഭാഗങ്ങളുടെ കൂറ് നിലനിര്‍ത്താനും ഒബാമയ്ക്ക് സാധിച്ചു. സ്ത്രീകള്‍, യുവാക്കള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തെത്തന്നെ തുണച്ചു. വെള്ളക്കാരായ തൊഴിലാളികളുടെയിടയില്‍ വേരോട്ടമുണ്ടാക്കാന്‍ ഒബാമയ്ക്ക് സാധിച്ചതാണ് ആശ്ചര്യകരം. ഡെമോക്രാറ്റിക് പാര്‍ട്ടിയോട് കടുത്ത വിദ്വേഷം പുലര്‍ത്തുന്ന വിഭാഗമാണിത്. രാജ്യത്തിന്റെ വടക്കു-മധ്യ ഭാഗത്തെ വ്യവസായ ബെല്‍റ്റിലുള്ള വെള്ളക്കാരായ തൊഴിലാളികള്‍ ഇത്തവണ ഡെമോക്രാറ്റ് പക്ഷത്തെ തള്ളിയില്ല എന്നാണ് സൂചന. രാജ്യത്തെ വാഹനവ്യവസായത്തിന് പുതുജീവന്‍ പകരാന്‍ ഒബാമ ഭരണകൂടം നടപ്പാക്കിയ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഗുണഭോക്താക്കളാണ് അവര്‍. ഒബാമയുടെ സാമ്പത്തിക സമീ
പനം രാജ്യത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ഗുണപരമായ സ്വാധീനമുണ്ടാക്കി എന്നാണ് തിരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചന. 

രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനായി കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്ന് പ്രസിഡന്റ്സ്ഥാനത്ത് രണ്ടാമൂഴം തുടങ്ങുമ്പോള്‍ ഒബാമയ്ക്ക് നിശ്ചയമായും ബോധ്യമുണ്ടാവണം. ഇത്തരമൊരു ഉണര്‍വിന്റെ ചില സൂചനകള്‍ തിരഞ്ഞെടുപ്പുദിനത്തിനുമുമ്പത്തെ ആഴ്ചകളില്‍ത്തന്നെ ദൃശ്യമായിരുന്നു. എന്നിട്ടും സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്നതില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയാവും കൂടുതല്‍ ശോഭിക്കുകയെന്ന ജനാഭിപ്രായമാണ് തിരഞ്ഞെടുപ്പിന്റെ തലേന്നുനടന്ന അഭിപ്രായ സര്‍വേകളില്‍വരെ തെളിഞ്ഞുകണ്ടത്.
 

ധനക്കമ്മിയും പൊതുകടവും വെട്ടിക്കുറയ്ക്കാന്‍ വരുന്ന നാലുകൊല്ലം പ്രസിഡന്റ് ഒബാമ ശ്രദ്ധവെക്കേണ്ടിവരും. ബജറ്റ് കാര്യങ്ങളില്‍ നിര്‍ണായക അധികാരമുള്ള ജനപ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തിയ സ്ഥിതിക്ക് ഒബാമയ്ക്ക് ഇതൊരു ദുഷ്‌കര ദൗത്യമാവും. രാജ്യാന്തര
സാമൂഹിക കാര്യങ്ങളില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഒബാമയുടെ നയങ്ങള്‍ അംഗീകരിക്കുന്നുവെന്നു തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കിയ സ്ഥിതിക്ക്, സാമ്പത്തിക രംഗത്ത് കൂടുതല്‍ പരീക്ഷണാത്മകമായ സമീപനം കൈക്കൊള്ളുന്നതില്‍ ശ്രദ്ധയൂന്നാന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന അനുകൂല ഘടകമുണ്ട്. അന്താരാഷ്ട്രരംഗത്ത്, മുന്‍ഗാമി ജോര്‍ജ് ബുഷിനേക്കാള്‍ മറ്റു രാജ്യങ്ങളുടെ ആവശ്യങ്ങളോട് അദ്ദേഹം അനുതാപം പുലര്‍ത്തി. എന്നാല്‍, അന്താരാഷ്ട്ര കാര്യങ്ങളില്‍ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്ന പതിവ് യു.എസ്. രീതി മയപ്പെടുത്തിയതുമില്ല; ലോകവും ഒബാമയുടെതന്നെ അനുഭാവികളില്‍ ചിലരും അങ്ങനെ ആഗ്രഹിച്ചെങ്കിലും. ഇതിനകം പരിചിതനായിക്കഴിഞ്ഞൊരാള്‍ യു.എസ്. പ്രസിഡന്റ്സ്ഥാനത്തു തുടരുന്നുവെന്നത് ഇന്ത്യയിലെ വിദേശ-നയതന്ത്ര കാര്യകര്‍ത്താക്കള്‍ക്ക് ആശ്വാസമാവും. പുതിയൊരാളോട് ഇടപെടേണ്ടിവരുന്നതിനേക്കാള്‍ സൗകര്യമാണത്. എന്നാല്‍, യു.എസ്. പ്രസിഡന്റ് ആരായിരുന്നാല്‍ത്തന്നെയും അവരുടെ മനസ്സില്‍ സ്വരാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കുമാത്രമാവും പ്രഥമസ്ഥാനമെന്ന് നമ്മുടെ ഭരണാധികാരികള്‍ മനസ്സിലാക്കുന്നതു നന്ന്. ബരാക് ഒബാമ യു.എസ്. പ്രസിഡന്റ്സ്ഥാനത്ത് തുടരുന്നത് നമുക്കെങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നാവണം ഇന്ത്യ ചിന്തിക്കേണ്ടത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: