Pages

Thursday, November 15, 2012

LIFE WITHOUT SUGAR )

മധുരമില്ലാത്ത ജീവിതം
ഡോ. ജോതിദേവ് കേശവദേവ് ,സി.ഇ.ഓ ആന്‍ഡ് ഡയറക്ടര്‍
ജോതിദേവ്‌സ് ഡയബറ്റിസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍
തിരുവനന്തപുരം 
നവംബര്‍ 14 ലോകപ്രമേഹ ദിനമാണ്. ഓരോപ്രമേഹദിനവും പ്രതീക്ഷയുടെ സുദിനമാണ്. പ്രമേഹം ഒരു പരിധിയോളം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പ്രമേഹ ചികിത്സയില്‍ വേണ്ടത്ര മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ് പ്രമേഹ ചികിത്സാരംഗത്ത് പ്രശസ്തനായ ഡോ. ജോതിദേവ് കേശവദേവ് 
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അന്തര്‍ദേശീയ ഡയബറ്റിസ് ഫെഡറേഷന്‍ പ്രമേഹദിനങ്ങള്‍ക്കായി ഒരേ സന്ദേശം തന്നെയാണ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം, വിദ്യാഭ്യാസം, വിദ്യാഭ്യാസം. ഈ വര്‍ഷത്തെ പ്രത്യേക സന്ദേശം പ്രമേഹത്തിനെതിരേ പൊരുതൂ ഇപ്പോള്‍ തന്നെ എന്നാണ്. പ്രമേഹം പുതിയ രോഗമല്ല. വളരെ പഴയ രോഗമാണ്. 1922-ല്‍ പ്രമേഹം ചികിത്സിക്കുവാന്‍ ഇന്‍സുലിന്‍ കണ്ടെത്തിയതു മുതലാണ് ഇന്‍സുലിന്‍ ആവശ്യമായ പ്രമേഹരോഗികള്‍ക്കു തുടര്‍ന്നും ജീവിക്കുവാന്‍ സാധിക്കും എന്ന സത്യം ശാസ്ത്രം ആദ്യമായി തെളിയിച്ചത്. എന്നാല്‍ 2012 -ല്‍ എത്തിനില്‍ക്കുമ്പോഴും പ്രമേഹ ചികിത്സ ആഗോളതലത്തില്‍ ഒരു വന്‍ പരാജയമാണ് എന്ന് തീര്‍ത്തും സമ്മതിക്കേണ്ടതായി വരും. സെപ്തംബറില്‍ ഐക്യരാഷ്ട്രസഭ കൂടിയപ്പോള്‍ കാന്‍സറും, പ്രമേഹവും ഗുരുതരരോഗങ്ങളുടെ പട്ടികയില്‍പ്പെടുത്തി വിദ്യാഭ്യാസത്തിനും, അറിവിനും ഊന്നല്‍ നല്‍കി കൊണ്ട് പുത്തന്‍ തീരുമാനങ്ങള്‍ ലോകനേതാക്കള്‍ ഒത്തുകൂടി എടുക്കുകയാണ് ചെയ്തത്. മൂന്നു സുപ്രധാന കാര്യങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

1.
ഗുരുതര രോഗങ്ങളുടെ പട്ടികയില്‍ വളരെ മുന്നിലാണ് ഇന്ന് പ്രമേഹത്തിന്റെ സ്ഥാനം. 

2.
ഇതില്‍ പ്രതിരോധവും ചികിത്സയും വളരെ സങ്കീര്‍ണമായതിനാല്‍ രോഗികള്‍ തന്നെ രോഗത്തെക്കുറിച്ച് വളരെ വ്യക്തമായ, സത്യസന്ധമായ, ശാസ്ത്രീയമായ അറിവ് നേടുക തന്നെ വേണം. രോഗലക്ഷണങ്ങളില്ലാത്ത അസുഖമായതിനാല്‍ പ്രമേഹത്തെ പരിപൂര്‍ണമായും ആദ്യത്തെ പത്തോ, പതിനഞ്ചോ വര്‍ഷങ്ങള്‍ അവഗണിക്കുകയാണ് പതിവ്. വളരെ വിശദമായ പരിശോധനയും ചികിത്സയും പ്രാരംഭത്തിലേ ഈ രോഗത്തിന് ആവശ്യമാണ്. 

3.
പ്രമേഹം ചികിത്സിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ അസ്വസ്ഥതകള്‍ ഒന്നുമില്ലെങ്കിലും മൂന്നോ നാലോ മാസത്തിലൊരിക്കല്‍ അതിവിശദമായ പരിശോധനകളും അതില്‍ പ്രകാരം, ചികിത്സയില്‍ വേണ്ടത്ര വ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയും വേണം. 

പരാജയപ്പെടുന്ന ചികിത്സ 

പ്രമേഹ ചികിത്സ പരാജയപ്പെടുന്നതിന് പ്രധാന കാരണം രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള അഞ്ജതയാണ്. എന്താണ് പ്രമേഹമെന്ന് തിരിച്ചറിയുകയും, അതിന്റെ ചികിത്സ വ്യക്തതയോടു കൂടി സ്വീകരിക്കുകയും ചെയ്യുകയുമാണെങ്കില്‍ മാത്രമേ പ്രമേഹചികിത്സ ലക്ഷ്യം കാണുകയുള്ളു. മറിച്ച്, പ്രമേഹത്തിന്റെ അനുബന്ധരോഗങ്ങള്‍ പിടിപെട്ടശേഷം അതു ചികിത്സിക്കുവാനാണ് രോഗികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് ആഗോളതലത്തില്‍ ഓരോ 8 സെക്കന്റിലും ഒരു രോഗി വീതം പ്രമേഹം മൂലം മരണമടയുന്നുണ്ട്. ഒരു മിനിട്ടില്‍ രണ്ടിലധികം രോഗികള്‍ക്ക് കാല്‍പാദങ്ങള്‍ മുറിച്ചു മാറ്റേണ്ടിവരുന്നു. പ്രമേഹം വൃക്കരോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനും അന്ധതയ്ക്കും വഴിവയ്ക്കുമ്പോള്‍ അതിന് കാരണമായ പ്രമേഹത്തെ പൂര്‍ണമായും വിസ്മരിച്ചുകൊണ്ട് ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കായി പരക്കം പായുകയാണ് രോഗികള്‍. അങ്ങനെയുള്ള പരക്കം പാച്ചിലിനിടയില്‍ ഏതെങ്കിലും ഒന്നോ, രണ്ടോ അവയവങ്ങള്‍ക്കു മാത്രം പ്രാധാന്യം കല്‍പിക്കുകയും, ഇതിനെല്ലാം കാരണക്കാരനായ യഥാര്‍ഥ വില്ലനെ മനപ്പൂര്‍വം വിസ്മരിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രമേഹ ചികിത്സ പരാജയപ്പെടുന്നതു കാരണം രോഗം, കണ്ണുകള്‍, നാഡീവ്യൂഹം തുടങ്ങി മറ്റു അവയവങ്ങളിലേയ്ക്കും ബാധിച്ചു കൊണ്ടിരിക്കുന്നു. പ്രമേഹചികിത്സയുടെ പ്രധാന പരാജയം തെറ്റായ ഈ വീക്ഷണരീതി തന്നെയാണ്. 

വ്യായാമവും, ഭക്ഷണക്രമീകരണവും 

പ്രമേഹം പ്രതിരോധിക്കുവാന്‍ വ്യായാമവും, ഭക്ഷണക്രമീകരണവും അത്യന്താപേക്ഷിതമാണ്. ഒരു ദിവസം അരമണിക്കൂറെങ്കിലും നടക്കുവാന്‍ സമയം കണ്ടെത്തുന്ന വ്യക്തികള്‍ക്ക് വലിയൊരു കാലയളവുവരെ രോഗത്തെ പ്രതിരോധിക്കുവാന്‍ സാധിക്കും. എന്നാല്‍ പ്രമേഹം വന്നെത്തിക്കഴിഞ്ഞ ശേഷം വ്യായാമവും, ഭക്ഷണക്രമീകരണവും മാത്രം അനുവര്‍ത്തിക്കുന്നതു കൊണ്ട് ചികിത്സ ഫലപ്രദമായിക്കൊള്ളണമെന്നില്ല. 

പല രോഗികളും ധരിക്കുന്നത് പ്രമേഹമെന്നാല്‍ പഞ്ചസാരയുടെ അളവ് കൂടിനില്‍ക്കുന്ന അവസ്ഥ എന്നാണ്. ഇതും തന്നെ ശരിയല്ല. പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ കൊഴുപ്പും, രക്തസമ്മര്‍ദവും, മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ അല്‍പം കൂടുതല്‍ നിലനിന്നാല്‍ പോലും തീവ്രചികിത്സയ്ക്ക് വിധേയമാകേണ്ടി വരും. ഒരു പ്രായം കഴിഞ്ഞാല്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ 135എം.ജി% ല്‍ താഴെയും, രക്തസമ്മര്‍ദം 135/85എം.എം/എച്ച്.ജി -യില്‍ താഴെയും നിലനിറുത്തുന്നതിനായി ഔഷധങ്ങള്‍ ഒപ്പം കഴിക്കേണ്ടതായി വരും. അതുപോലെ പ്രമേഹം തുടങ്ങുമ്പോള്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അങ്ങനെ ചികിത്സിക്കുന്ന വേളയില്‍ പിന്നീട് ഗുളികകള്‍ മാത്രം മതിയാകും. എന്നാല്‍ ഗുളികകളുടെ ഡോസ് പരമാവധി ഉപയോഗിക്കുന്നതിനു മുമ്പായി ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ പിന്നെയും തുടങ്ങേണ്ടതായി വരുന്നു. നിര്‍ഭാഗ്യവശാല്‍ പ്രമേഹ ചികിത്സയുടെ ജീവാമൃതം എന്നു കരുതുന്ന വന്‍കണ്ടുപിടിത്തങ്ങളിലൊന്നായ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ വളരെ വൈകി മറ്റു അവയവങ്ങളില്‍ അസുഖം ബാധിച്ച ശേഷം മാത്രമാണ് രോഗികള്‍ സ്വീകരിക്കുവാന്‍ തയാറാകുന്നത്. ഇതും രോഗചികിത്സയ്ക്കും, ചികിത്സാചെലവിന്റെ 10 മുതല്‍ 20 മടങ്ങ് വരെയുള്ള വര്‍ധനവിനും കാരണമായി മാറുന്നു. 

ചികിത്സയില്‍ ഇന്‍സുലിന്റെ പങ്ക് 

എട്ടുപത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ്, ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഗുളികകള്‍ മാത്രം മതിയെന്നായിരുന്നു ധാരണ. ഇന്‍സുലിന്‍ ആവശ്യമില്ല. എന്നാല്‍ പിന്നീടുള്ള തിരിച്ചറിവ് പ്രമേഹം ഏത് തരത്തിലുള്ളതായാലും ഇഞ്ചക്ഷനുകള്‍ ആവശ്യമായി വരും എന്നതാണ്. ചികിത്സ പൂര്‍ണവിജയത്തിലെത്തണമെങ്കില്‍ പ്രമേഹത്തിന്റെ കാരണക്കാരായ ഇന്‍സുലിന്‍ റെസിസ്റ്റന്റ്‌സ്, ഡിസ്‌ലൈപ്പിഡീമിയ തുടങ്ങി മറ്റു ചില കാരണങ്ങള്‍ കൂടി കണ്ടെത്തി അതിനും ഗുളികകള്‍ കഴിച്ചു കൊണ്ടിരിക്കേണ്ടിവരും. അതുകൊണ്ട് ഇന്‍സുലിന്‍ അത്യന്താപേക്ഷിതമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ടൈപ്പ് 2 പ്രമേഹരോഗ ചികിത്സയില്‍ ഒരിക്കലും ഇന്‍സുലിന്‍ ഒറ്റയ്ക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുവാന്‍ പാടുള്ളതല്ല. അങ്ങനെ ഉപയോഗിച്ചു കൊണ്ടിരുന്നാലും രോഗികള്‍ക്ക് മറ്റു അസുഖങ്ങള്‍ പതിയെ പതിയെ വന്നെത്തുന്നതായിട്ട് നമുക്ക് കാണാം. പ്രമേഹരോഗികള്‍ ഇന്‍സുലിന്‍ ഉപയോഗിക്കുമ്പോഴും, ഗുളികകള്‍ കഴിക്കുമ്പോഴും സ്വയം രക്തപരിശോധന നടത്തിക്കൊണ്ടിരിക്കണം. ഇങ്ങനെ സ്വയം രക്തപരിശോധന നടത്തുന്ന പ്രതിഭാസത്തെയാണ് സെല്‍ഫ് മോണിറ്ററിംഗ് ഓഫ് ബ്ലഡ് ൂക്കോസ് എന്നു പറയുന്നത്. പ്രമേഹരോഗ ചികിത്സയുടെ പരാജയത്തിന് ഒരു വലിയ കാരണമായി പറയപ്പെടുന്നത് രോഗികള്‍ മാസത്തില്‍ ഒരു പ്രാവശ്യം മാത്രം ലബോറട്ടറിയില്‍ പോയി രക്തപരിശോധന നടത്തുന്നു എന്നതാണ്. ഇത്തരം പരിശോധനകള്‍ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളെ കുറിച്ചോ, വ്യതിയാനത്തെ കുറിച്ചോ വ്യക്തമായ ഒരു രൂപരേഖയും തരുന്നില്ല. അതുകൊണ്ടുതന്നെ ചികിത്സ പുനര്‍ക്രമീകരിക്കുവാന്‍ സാധിക്കാതെ വരുന്നു. ഏറെക്കാലം പഞ്ചസാര ഉയര്‍ന്നു നില്‍ക്കുകയോ, ഏറ്റക്കുറച്ചിലുകളിലൂടെ കടന്നു പോകുകയോ ചെയ്യുമ്പോള്‍ സാധാരണ നല്‍കുന്ന ഇഞ്ചക്ഷനുകള്‍ക്കും, ഗുളികകള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വരുകയും, മറ്റു അനുബന്ധ രോഗങ്ങള്‍ അതോടൊപ്പം വന്നെത്തുകയും ചെയ്യുന്നു. 

ആധുനിക ചികിത്സാ സമ്പ്രദായം 

പ്രമേഹമെന്ന രോഗത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയതു കൊണ്ടാകാം ചികിത്സയ്ക്കായി ഔഷധങ്ങള്‍ ധാരാളം വിപണിയില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇതില്‍ പുത്തന്‍ തലമുറയിലെ ഇന്‍സുലിന്‍ ഇഞ്ചക്ഷനുകളുണ്ട്, ഇന്‍ക്രെട്ടിന്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഗുളികകളും, ഇഞ്ചക്ഷനുകളും ഉണ്ട്. തുടര്‍ച്ചയായി രക്തത്തിലെ പഞ്ചസാര നിരീക്ഷിക്കുന്നതിനായിട്ടുള്ള സി.ജി.എം.എസ് ഉണ്ട്. ശരീരത്തില്‍ പാന്‍ക്രിയാസ് ഉല്പാദിപ്പിക്കുന്നതിനു സമാനമായി ശരീരത്തിലേക്ക് ഇന്‍സുലിന്‍ കടത്തി വിടുന്നതിനുള്ള ഇന്‍സുലിന്‍ പമ്പ് തെറാപ്പി ഉണ്ട്. അങ്ങനെ അനേകം അനേകം പുത്തന്‍ ചികിത്സാ സമ്പ്രദായങ്ങള്‍ ഇന്ന് ലോകമെമ്പാടും ലഭിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിലും എല്ലാ ചികിത്സാവിധികളും ലഭ്യമാണ് എന്നത് സന്തോഷകരമായ ഒരു വസ്തുതയാണ്. 

പ്രാരംഭ പരിശോധന നിര്‍ബന്ധം 

പ്രമേഹ ചികിത്സയില്‍ വ്യായാമത്തിനും, ഭക്ഷണക്രമീകരണത്തിനും ഗണ്യമായ പങ്കുവഹിക്കുവാനുണ്ട്. പക്ഷേ രോഗത്തിന്റെ പല പ്രത്യേകതകളും കാരണം, ഈ രണ്ടു കാര്യങ്ങള്‍ കൊണ്ടു മാത്രം വാര്‍ധക്യത്തില്‍ സുഖവും, ആരോഗ്യവും നിലനിറുത്തുവാന്‍ ഒരു കാരണവശാലും രോഗികള്‍ക്ക് സാധിക്കാറില്ല. ഇവിടെയാണ് പ്രാരംഭത്തിലേ സമഗ്ര പരിശോധനകളും, ചികിത്സയും നടത്തേണ്ടതിന്റെ പ്രാധാന്യം. ആധുനികയുഗത്തിലെ സംവിധാനങ്ങളും, ഔഷധങ്ങളും പ്രയോജനപ്പെടുത്തേണ്ടത് പ്രമേഹത്തിന്റെ അനുബന്ധരോഗങ്ങള്‍ വന്നെത്തി അവശരായി കഴിഞ്ഞിട്ടാകരുത്. 

പൂര്‍ണ്ണമായ പ്രയോജനം ലഭിക്കണമെന്നുണ്ടെങ്കില്‍ ആദ്യത്തെ പത്തോ, പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അതു ഉപയോഗിച്ചു തുടങ്ങുക. അല്ലാത്തപക്ഷം, പതിന്മടങ്ങ് ചികിത്സാചെലവ് വര്‍ദ്ധിക്കുന്നതിനും, അവശതകള്‍ കാരണം മാനസികസംഘര്‍ഷത്തിനും, നിരാശയ്ക്കും കാരണമായി തീരുകയും ചെയ്യുന്നു. ഇന്‍സുലിന്‍ പമ്പ് ചികിത്സ നാഡീവ്യൂഹ രോഗത്തിനും, അതുപോലെ സ്തീപുരുഷന്മാര്‍ക്ക് ഉണ്ടാകുന്ന ലൈംഗിക അസ്വസ്ഥതകള്‍ക്കും, ഉദ്ധാരണശക്തി ഇല്ലാതാകുന്നതിനും ഫലപ്രദമായ ചികിത്സാ സംവിധാനമാണെന്ന് കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട്. പുത്തന്‍ഗവേഷണ ഫലങ്ങളും പുത്തന്‍ അറിവും പ്രമേഹരോഗികള്‍ സ്വായത്തമാക്കുവാന്‍ ശ്രമിക്കണം. ചികിത്സിക്കുന്ന ഒരു ഡോക്ടറെ മാത്രം വിശ്വസിച്ച് ഔഷധങ്ങള്‍ ഉപയോഗിക്കാതെ ഡയബറ്റിസ് ടീം എന്ന സങ്കല്പത്തില്‍ വിശ്വാസമര്‍പ്പിച്ച് ഡയബറ്റിസ് എഡ്യൂക്കേറ്റര്‍, ഡറ്റീഷ്യന്‍, ഡയബറ്റിസ് ഫാര്‍മസിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡോക്ടര്‍ തുടങ്ങി ആരുടെയൊക്കെ സഹായം വേണോ, അവരുടെയെല്ലാം സഹായത്തോടെ, സഹകരണത്തോടെ, ഉപദേശങ്ങളോടെ ജീവിതത്തില്‍ വരുത്തിത്തീര്‍ക്കേണ്ട വ്യതിയാനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുക. അങ്ങനെ മാത്രമേ ശക്തനായ ഒരു 'ശത്രു'വിനെ ഫലവത്തായി നേരിടുവാനും, വിജയം സുനിശ്ചിതമാക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ. 

പ്രൊഫ്.ജോണ്‍ കുരാക്കാര്‍






No comments: