Pages

Thursday, November 15, 2012

PATHETIC CONDITION OF OUR GOVERNMENT HOSPITALS

നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍
             നമ്മുടെ  സര്‍ക്കാര്‍  ആശുപത്രിയുടെ  സ്ഥിതി  അതി ദയനീയം  തന്നെയാണ് .'ഒമ്പതാം വാര്‍ഡ്' കേരളത്തിലെ ആരോഗ്യ ശുശ്രൂഷാ കേന്ദ്രങ്ങളുടെ ഒരു  പരിഛേദമാണ്. അനാഥരാകുന്ന രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും പുഴുവരിക്കുന്ന മനുഷ്യപേക്കോലങ്ങളും ആരാലും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുന്ന കാഴ്ച പലസര്‍ക്കാരാശുപത്രികളിലും ഉണ്ട്. നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി നടുവില്‍ എന്ന് സ്വയം ശപിച്ച് കഴിയുന്ന ഈ രോഗികള്‍ക്ക് പരാതിപ്പെടാനോ പ്രതിഷേധിക്കാനോ അറിയില്ലെന്നുള്ളതുകൊണ്ട് ഇതൊരിക്കലും അധികാര കേന്ദ്രങ്ങള്‍ക്ക് ഒരു പ്രശ്‌നമാകുന്നില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിന്റെ മനുഷ്യത്വഹീനമായ അവസ്ഥ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുംവരെ ആശുപത്രി അധികൃതരെയോ ഭരണകൂടത്തെയോ അലോസരപ്പെടുത്തിയിരുന്നില്ല. 40 കട്ടിലുകള്‍ മാത്രമുള്ള വാര്‍ഡില്‍ 83 രോഗികള്‍ എന്നത് പല സര്‍ക്കാരാശുപത്രികളിലേയും പതിവ് കാഴ്ചയാണ്. എന്നാല്‍ രോഗികള്‍ക്ക് വേണ്ട പരിചരണം ലഭിക്കാതെ പുഴുവരിച്ച വ്രണങ്ങളോടെയും ഉടുതുണിപോലുമില്ലാതെ അര്‍ധപ്രജ്ഞരായും കഴിയുന്ന അവരോടൊപ്പം മൃതദേഹങ്ങള്‍കൂടി കിടത്താന്‍ അധികാരികള്‍ക്ക് എങ്ങനെ കഴിഞ്ഞു എന്നതാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. മനുഷ്യ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത ഈ കൊടുംക്രൂരത കാട്ടിയവരോട് ബന്ധപ്പെട്ടവരുടെ സമീപനമെന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ട്.സാധാരണക്കാരന്റെ ധര്‍മ്മാശുപത്രികള്‍ എന്ന ആക്ഷേപത്തോടെ ജില്ലാ ആശുപത്രികളേയും മെഡിക്കല്‍ കോളജ് ആശുപത്രികളേയും മുദ്രകുത്തി അവയെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരോഗ്യമേഖലയില്‍ കൈക്കൊണ്ട ജനവിരുദ്ധ നയങ്ങളുടെ തുടര്‍ച്ചമാത്രമാണ് ഒമ്പതാം വാര്‍ഡ് സംഭവം. സ്വകാര്യ ആശുപത്രികള്‍ക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്കും നിര്‍ലോഭം സഹായവും പ്രോത്സാഹനവും നല്‍കുന്നതുകൊണ്ടാണല്ലോ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുള്ള സമരത്തെ സര്‍ക്കാര്‍ പൊലീസിനെകൊണ്ട് തല്ലി തകര്‍ക്കാന്‍ നോക്കിയത്. ഭരണക്കാരുടെ വിധേയത്വം ആരോടാണെന്നതിന്റെ ഒരുദാഹരണം മാത്രമാണത്.
ആരോഗ്യരംഗം പൊതുമേഖലയില്‍ തുടരുന്നതുകൊണ്ട് മാത്രം സാധാരണ ജനങ്ങള്‍ക്ക് ന്യായമായ ചികിത്സ കിട്ടിക്കൊള്ളണമെന്നില്ല. എന്നാല്‍ ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ന്യായവില ഷോപ്പുകള്‍ വഴി മരുന്ന് വിതരണം ചെയ്യുന്നതിനും ഇവിടെ ചില ക്രമീകരണങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. സാമൂഹ്യക്ഷേമ വകുപ്പുമായി സഹകരിച്ച് ഒമ്പതാം വാര്‍ഡിനെ നവീകരിച്ച് ഒരു രോഗിക്ക് ഒരു നേഴ്‌സ് എന്ന നിലയില്‍ നിയോഗിക്കുകയും അനാഥരായ രോഗികള്‍ക്ക് പ്രസന്നമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ടി വി പോലും നല്‍കിയിരുന്നു എല്‍ ഡി എഫ് സര്‍ക്കാര്‍. അതൊക്കെ തല്ലിത്തകര്‍ത്ത് ആരോഗ്യമേഖലയെ പൂര്‍ണമായും അവഗണിക്കുന്നു എന്നതിന്റെ സാക്ഷിപത്രം കൂടിയായി ഒമ്പതാം വാര്‍ഡ് ഇന്ന്.
മാലിന്യ നിര്‍മാര്‍ജനത്തില്‍ അമ്പേ പരാജയപ്പെട്ട സര്‍ക്കാര്‍ സാംക്രമിക രോഗങ്ങളുടെ വിളനിലമായി കേരളത്തെ അധഃപതിപ്പിച്ചിരിക്കുന്നു. ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്ന രോഗാതുരമായ സാമൂഹ്യാന്തരീക്ഷം ജനങ്ങളെ നിത്യരോഗികളാക്കി മാറ്റുകയാണിന്ന്. ചികിത്സയ്ക്കുവേണ്ടി ചെലവഴിക്കാന്‍ പണമില്ലാതെ ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ അവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്രയിക്കാവുന്നതും താങ്ങാവുന്നതുമായ സര്‍ക്കാരാശുപത്രികളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ജനങ്ങള്‍ എന്തു ചെയ്യണമെന്നുകൂടി സര്‍ക്കാര്‍ പറയണം.
മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോള്‍ സര്‍വസന്നാഹങ്ങളുമൊരുക്കി ആശുപത്രി സന്ദര്‍ശനം നടത്തുന്ന മന്ത്രി പ്രഭൃതികളെയല്ല ജനങ്ങള്‍ക്ക് വേണ്ടത്. തിരക്കിട്ട ഉത്ഘാടനങ്ങളും പ്രസംഗപര്യടനങ്ങളും നടത്തുന്നതിനിടയില്‍ വല്ലപ്പോഴും സര്‍ക്കാരാശുപത്രികള്‍ സന്ദര്‍ശിച്ച് രോഗികളുടെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാനെങ്കിലും ശ്രമിച്ചിരുന്നെങ്കില്‍ ഒമ്പതാം വാര്‍ഡിന് ഈ ഗതി വരുമായിരുന്നില്ല. മരണാസന്ന നിലയില്‍ കഴിയുന്ന നിരാലംബരും നിരാശ്രയരുമായ രോഗികള്‍, ഈച്ച പൊതിഞ്ഞ നിലയില്‍ പഴുത്ത വ്രണങ്ങള്‍ കാരണം വേദനയില്‍ തേങ്ങുന്നവര്‍, തണുത്ത തറയില്‍ വിറങ്ങലിച്ച് അര്‍ധപ്രാണനായ് വിതുമ്പുന്നവര്‍, ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷത്തില്‍ നിസ്സഹായരായി നരകിക്കുന്നവര്‍ ഇതിനൊക്കെ പുറമെ മൃതദേഹങ്ങള്‍കൂടി ഇവര്‍ക്കിടയില്‍ കിടത്തി. ഇന്നലെവരെ ഇതായിരുന്നു ഒമ്പതാം വാര്‍ഡിന്റെ കരളലിയിപ്പിക്കുന്ന കാഴ്ച. മുന്‍കൂട്ടി അറിയിച്ചെത്തുന്ന മന്ത്രി വരുമ്പോഴേയ്ക്കും അണിയിച്ചൊരുക്കി നിര്‍ത്തിയ ഈ പാവം രോഗികള്‍ എന്തപരാധമാണ് അധികാരികളോട് ചെയ്തത്? ഇത്തരം പ്രഹസനങ്ങള്‍ നടത്തി ഇവരെ വേഷം കെട്ടിച്ചവരെ മുക്കാലിയില്‍ കെട്ടി അടിക്കണം. അതിന് കാരണക്കാരനായ മന്ത്രിയെ ശിക്ഷിക്കാന്‍ വകുപ്പില്ല. മനഃസാക്ഷിയുണ്ടെങ്കില്‍ സ്വയം ശിക്ഷിക്കട്ടെ.
പ്രശ്‌നം മറ്റൊന്നുമല്ല, ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലുമൊരു സാമൂഹ്യബോധമോ വീക്ഷണമോ  സര്‍ക്കാരിന് ഉണ്ടോ ?

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: