Pages

Tuesday, November 13, 2012

DIABETES-(കേരളം- പ്രമേഹത്തിന്റെ സ്വന്തം നാട്)

കേരളം- പ്രമേഹത്തിന്റെ സ്വന്തം നാട്
 ഡോ. എസ്.കെ. അജയകുമാർ,അഡീഷണൽ പ്രൊഫസർ,
മെഡിക്കൽ കോളേജ്, തിരുവനന്തപുരം.ഫോൺ : 9447022098.

'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന പ്രയോഗത്തിൽ നിന്ന് കടമെടുത്ത് ഒരുപാട് സ്വന്തം നാട്ടുകാർ വിശേഷണം കേരളത്തിനുണ്ടെങ്കിൽ ഏറ്റവും അനുയോജ്യം 'പ്രമേഹത്തിന്റെ സ്വന്തം നാട്
എന്നതാണ്. മൂന്നൂറിൽപ്പരം ദശലക്ഷം പ്രമേഹരോഗികൾ ഈ ലോകത്തുണ്ടെന്നാണ് കണക്ക്. അതിൽ 56 മുതൽ 60 മില്ല്യൻ വരെ ഇന്ത്യയുടെ സംഭാവനയാണ്. അതാണ് ഇന്ത്യയെ ലോക പ്രമേഹതലസ്ഥാനം എന്നു വിശേഷിപ്പിക്കുന്നത്. അതിൽ കേരളത്തിന്റെ സംഭവാന കൃത്യമായ കണക്കുകളിലൂടെ ലഭ്യമല്ലെങ്കിലും ഏകദേശം ജനസംഖ്യയുടെ 15 മുതൽ 20 ശതമാനം വരുമെന്നാണ് അനുമാനം. അതായത് 5 മുതൽ 6 വരെയുള്ളവരിൽ ഒരാൾക്ക് പ്രമേഹരോഗം ഉണ്ടെന്നാണ് കണക്ക്.

ചികിത്സാവിധികളിൽ സ്‌ഫോടനാത്മകമായ കുതിച്ചുചാട്ടമാണ് ലോകം കണ്ടത്. മനുഷ്യശരീരത്തിൽ ഉൽപാദിപ്പിക്കുന്നതിന് സമാനമായ ഇൻസുലിന്റെ നിർമ്മാണം, നൂതന ഇൻസുലിൻ പമ്പുകൾ, ശരീരപ്രവർത്തനം ഉത്തേജിപ്പിച്ച് പാൻക്രിയാസിനെ കൂടുതൽ കാര്യക്ഷമമാക്കുന്ന ഗുളികകൾ, പാൻക്രിയാസ് മാറ്റിവയ്ക്കൽ, അങ്ങനെ Typeli പ്രമേഹം സർജറി ചെയ്ത് (Metabolic surgery) ഭേദപ്പെടുത്താൻ കഴിയുന്നത്ര ശാസ്ത്രലോകം വളർന്നു കഴിഞ്ഞിരിക്കുന്നു. എന്നാൽ നിലവിലുള്ള ചികിത്സാരീതികളിൽ എത്രയെണ്ണം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുണ്ട്.ഒരു പഠനം വ്യക്തമാകുന്നത് 45 ശതമാനത്തിലേറെ രോഗികളും (ചികിത്സ എടുക്കുന്നവരിൽ) പ്രമേഹനിയന്ത്രണം സാദ്ധ്യമാകുന്നില്ല എന്നതാണ്. പ്രമേഹം ചികിത്സിക്കാതിരിക്കുന്നതിന് തുല്യമാണത്. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നോർമലിനെക്കാൾ കൂടിയിരുന്നാൽ അവയവങ്ങൾക്ക് കേടു പറ്റുന്നതിന് തടയാൻ കഴിയുകയില്ല. ചുരുക്കത്തിൽ പ്രമേഹം ചികിത്സിക്കാതിരിക്കുന്നതിന് സമാനമാണ് ഈ അർദ്ധചികിത്സയും ക്രമം തെറ്റിയുള്ള ചികിത്സയും. നിർഭാഗ്യവശാൽ ഈ രംഗത്ത് അധികം ബോധവൽക്കരണം ലഭിക്കാത്ത വിഭാഗമാണ് ഭൂരിഭാഗം വരുന്ന ഇക്കൂട്ടർ.

വൃക്ക, ഹൃദയം, കാലുകൾ തുടങ്ങിയവയ്ക്ക് കേടുപറ്റി അതിന്റെ ലക്ഷണങ്ങൾ തുടങ്ങുമ്പോഴാണ് അയാളും കുടുംബവും ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങുന്നത്. പിന്നെ ഓട്ടമായി, ടെസ്റ്റുകളായി, ബഹളും തന്നെ. പക്ഷേ, കതിരിൻമേൽ വളം വച്ചിട്ടെന്താ പ്രയോജനം? ഒരു നിസ്സാരമായ കരുതൽ നമുക്ക് നല്കുന്നത് വലിയ അപകടങ്ങളിൽ നിന്നുള്ള രക്ഷപ്പെടലാണ്.ലോകത്തു നടക്കുന്ന ആമ്പ്യൂട്ടേഷനുകളിൽ (കാൽ മുറിച്ചു മാറ്റൽ) 65 ശതമാനവും പ്രമേഹം മൂലമാണ്. ഡയാലിസിസും കിഡ്‌നി മാറ്റിവയ്ക്കലും ഭൂരിഭാഗവും പ്രമേഹരോഗികൾക്കാണ്. ഹൃദയാഘാതത്തിൽ നല്ലൊരു പങ്കും പ്രമേഹരോഗികൾക്ക് തന്നെ. പ്രമേഹം മൂലമുള്ള അന്ധത (ഡയബറ്റിക് റെറ്റിനോപതി)യാണ് മുതിർന്നവരിലെ അന്ധതയുടെ പ്രധാന കാരണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: