Pages

Tuesday, November 13, 2012

MEDICAL EDUCATION- A CHANGE IS NECESSARY (മെഡിക്കൽ വിദ്യാഭ്യാസത്തില്‍ നവീകരണം അനിവാര്യം)


മെഡിക്കൽ വിദ്യാഭ്യാസത്തില്‍  നവീകരണം അനിവാര്യം
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖല നവീകരിക്കാനുള്ള സർക്കാരിന്റെയും മെഡിക്കൽ കൗൺസിലിന്റെയും ശ്രമങ്ങൾക്ക് തുടർച്ചയായ തിരിച്ചടികളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്നത് സുപ്രീംകോടതി നിരോധിച്ചിട്ടുള്ളതാണെങ്കിലും സ്വാശ്രയ കോളേജുകളിൽ അതു നൽകാതെ ഒരാൾക്കും പഠിക്കാനാവില്ല. എം.ബി.ബി.എസിന് അൻപതു ലക്ഷം രൂപ മുതൽ മുകളിലേക്കാണ് നടപ്പു നിരക്ക്. പി.ജി സീറ്റ് വേണമെങ്കിൽ തുക ഒരു കോടി തൊട്ടു മുകളിലേക്കാണ്. കൈയിൽ കോടികൾ മാത്രമല്ല, സ്വാധീനമുള്ളവരുടെ ശുപാർശ കൂടിയുണ്ടെങ്കിലേ പല കോളേജിലും സീറ്റ് തരപ്പെടുത്താനാകൂ. മെഡിക്കൽ വിദ്യാഭ്യാസം ഇങ്ങനെ പോയാൽ അതിസമ്പന്നന്മാരുടെ പിടിയിലൊതുങ്ങുമെന്ന കാര്യത്തില്‍  സംശയമില്ലാ. കോടതികൾ പോലും  പല ഉത്തരവുകളിലൂടെ മെഡിക്കൽ പ്രവേശനവും ഫീസ് ഘടനയും അത്യധികം സങ്കീർണമാക്കുകയാണ് ചെയ്തിട്ടുള്ളത്.

മെഡിക്കൽ പ്രവേശനത്തിൽ നടമാടുന്ന അനാശാസ്യ പ്രവണതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ നിന്നും സമൂഹത്തിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മെഡിക്കൽ കൗൺസിൽ അടുത്ത അദ്ധ്യയനവർഷം മുതൽ രാജ്യമൊട്ടാകെ ബാധകമാകുന്ന ഒറ്റ പ്രവേശന പരീക്ഷാ സമ്പ്രദായം കൊണ്ടുവരുന്നത്. ബിരുദ-ബിരുദാനന്തര തലങ്ങളിൽ പ്രത്യേകം പ്രത്യേകം നടത്തുന്ന പൊതുപരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റായിരിക്കും രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രവേശനത്തിന് അടിസ്ഥാനം. ഇപ്പോൾ പല തട്ടുകളിലായി നടക്കുന്ന പ്രവേശനത്തിലെ തിരിമറികളും കള്ളത്തരങ്ങളും ഇല്ലാതാക്കാൻ ഒറ്റ പ്രവേശന പരീക്ഷ സഹായിക്കുമെന്നാണ് പ്രതീക്ഷ. വിദ്യാർത്ഥികളെ സംബന്ധിച്ചും അനവധി പ്രവേശന പരീക്ഷ എഴുതേണ്ടിവരുന്ന സ്ഥിതി മാറിക്കിട്ടും. പ്രവേശന പരീക്ഷ പൂർണമായും ഉപേക്ഷിച്ച തമിഴ്നാട്, പുതിയ മാറ്റം ഉൾക്കൊള്ളാനാവാതെ നിൽക്കുന്ന കർണാടക തുടങ്ങി ഏതാനും സംസ്ഥാനങ്ങളിൽ ദേശീയതലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയെ എതിർക്കുന്നുണ്ട്. എന്നാൽ മെഡിക്കൽ കൗൺസിലിന്റെ ഉറച്ച തീരുമാനത്തിനു അവരും ഒടുവിൽ വഴങ്ങേണ്ടിവരുമെന്നതു തീർച്ചയാണ്.

വിദ്യാഭ്യാസ മേഖലയിൽ ഏതു പുതിയ തീരുമാനത്തിനും എതിരെ വിമർശനങ്ങളുയരുക സ്വാഭാവികമാണ്. പരിഷ്കാര നടപടികൾ അട്ടിമറിക്കാൻ നിക്ഷിപ്ത താത്പര്യക്കാർ തങ്ങളാൽ കഴിയുന്നവിധം രംഗത്തിറങ്ങുകയും ചെയ്യും. നവംബർ 23 മുതൽ ഡിസംബർ ആറുവരെ നടക്കാൻ പോകുന്ന പ്രഥമ മെഡിക്കൽ പി.ജി പ്രവേശന പരീക്ഷക്കെതിരെ ഇതിനകം ഉയർന്ന ആക്ഷേപങ്ങളും പരാതികളും സൂക്ഷ്മമായി പരിശോധിച്ചാൽ ഇക്കാര്യം ബോദ്ധ്യമാകും. നടത്തിപ്പുകാരുടെ അനവധാനതകൊണ്ട് പരീക്ഷാ സെന്ററുകൾ നിശ്ചയിച്ചതിൽ ചില പാകപ്പിഴകളുണ്ടായി എന്നത് സത്യമാണ്. എന്നാൽ ആക്ഷേപങ്ങൾ കണക്കിലെടുത്ത് പിഴവു തിരുത്താൻ അധികൃതർ നടപടി എടുത്തശേഷവും പ്രശ്നം പെരുപ്പിച്ച് പരീക്ഷാർത്ഥികളിൽ ഉത്കണ്ഠ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. പുതിയ മാറ്റങ്ങൾ വരുന്നതോടെ പഴയ മട്ടിലുള്ള തങ്ങളുടെ കച്ചവടം നടക്കുകയില്ലെന്നു ബോദ്ധ്യപ്പെട്ട സ്വാശ്രയ കോളേജുകൾ തന്നെയാണ് ഇത്തരം പരാതികൾക്കും ആക്ഷേപങ്ങൾക്കും പിറകിലുള്ളത്. പി.ജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ നൽകിയ സംസ്ഥാനത്തെ നൂറുകണക്കിന് പേർക്ക് പരീക്ഷാ സെന്ററുകൾ തിരുത്തി നൽകിയതിനാൽ പരീക്ഷ എഴുതാനാവില്ല എന്ന മട്ടിൽ നടന്ന പ്രചാരണത്തിന്റെ കള്ളത്തരം കഴിഞ്ഞ ലക്കത്തിൽ ഞങ്ങളുടെ ലേഖകൻ എം.എച്ച്. വിഷ്ണുവിന്റെ റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു. ആയിരത്തി അഞ്ഞൂറോളം പേർക്ക് പരീക്ഷാ കേന്ദ്രം ലഭിക്കാൻ പോകുന്നില്ലെന്നും അവർക്ക് ഇക്കുറി പരീക്ഷ എഴുതാനാവില്ലെന്നും മറ്റുമാണ് ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവരുന്നത്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന എം.ബി.ബി.എസ് പ്രവേശന പരീക്ഷയെക്കുറിച്ചും ഇത്തരത്തിൽ ദുഷ്‌പ്രചരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏകീകൃത പ്രവേശന പരീക്ഷ കൂട്ടക്കുഴപ്പമാണെന്ന് വരുത്തി ഏതെങ്കിലും വിധത്തിൽ ഇതിൽ നിന്ന് ഒഴിവാകാനാകുമോ എന്നാണ് നോക്കുന്നത്. എൻ.ആർ.ഐ മാനേജ്മെന്റ് ക്വോട്ടയിലടക്കം എല്ലാ സീറ്റിലും പ്രവേശനം പൊതു പ്രവേശന പരീക്ഷയുടെ ലിസ്റ്റനുസരിച്ചു മാത്രമേ ആകാവൂ എന്ന പുതിയ നിബന്ധന സ്വകാര്യ കോളേജുകൾക്ക് ഉൾക്കൊള്ളാൻ നന്നേ വിഷമമായിരിക്കുമെന്നും പ്രത്യേകിച്ചു പറയേണ്ടതില്ല.

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ഇന്നു കാണുന്ന ദുഷിച്ച പ്രവണതകൾ പലതും പുതിയ പരിഷ്കാരം വരുന്നതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരാനും ഇതു സഹായിക്കും. കൈയിൽ ചാക്കു കണക്കിനു പണമുള്ള ആർക്കും മെഡിക്കൽ കോളേജിൽ പ്രവേശനം നേടാമെന്ന സ്ഥിതിക്കും മാറ്റമുണ്ടാകും. എൻ.ആർ.ഐ മാനേജ്മെന്റ് സീറ്റുകളിലേക്ക് ഇപ്പോൾ പ്രവേശനത്തിനുള്ള ഏക മാനദണ്ഡം പണം മാത്രമാണ്. യോഗ്യത കൂടി ഇനിമുതൽ പരിഗണിക്കേണ്ടി വരുമെന്നത് സ്വാഗതാർഹമായ കാര്യമാണ്.

തുടക്കത്തിൽ പ്രശ്നങ്ങളും പോരായ്മകളുമൊക്കെ ഉണ്ടായെന്നുവരും. അവ അപ്പപ്പോൾ കണ്ടറിഞ്ഞ് പരിഹരിക്കാനും കഴിയും. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളുടെ ആദ്യപടി മാത്രമാണ് ഏകീകൃത പൊതു പ്രവേശന പരീക്ഷ. പണാധിപത്യത്തിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസത്തെ മോചിപ്പിക്കാനാവുന്നില്ലെങ്കിൽ അതിന്റെ ദുരിതം പേറേണ്ടിവരുന്നത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരാണ്. ഒന്നും രണ്ടും കോടി രൂപ കൊടുത്ത് മെഡിക്കൽ പഠനം കഴിഞ്ഞിറങ്ങുന്നവർ സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാകണമെന്നു ശഠിക്കാൻ ആർക്കു കഴിയും?

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: