Pages

Tuesday, November 13, 2012

ALCOHOLISM- YOUNG DRINKERS


മദ്യപാനം മഹാ വിപത്ത്

 
ഇക്കഴിഞ്ഞ തിരുവോണദിവസം ബിവറേജസ് കോര്‍പറേഷന്‍വഴി സംസ്ഥാനത്ത് വിറ്റഴിച്ചത് 20.80 കോടി രൂപയുടെ മദ്യമാണ്. ഉത്രാടംവരെയുള്ള ആറ് ഓണദിനങ്ങളില്‍ 155.61 കോടി രൂപയുടെ മദ്യംവിറ്റു. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് 17.61 ശതമാനം വര്‍ധന. ഇത് ഔദ്യോഗികമായി രേഖപ്പെടുത്തുന്ന വില്‍പ്പനയാണ്. മാഹിയില്‍നിന്നും കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നും കണക്കില്ലാത്ത മദ്യം കേരളത്തിലേക്ക് അനുദിനം കടത്തുന്നുണ്ട്. സംസ്ഥാനത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ വിദേശമദ്യം ഒഴുകിയെത്തുന്നുണ്ട്. കള്ളും നാടന്‍ വ്യാജവാറ്റും വേറെ. എല്ലാം ചേര്‍ന്നാല്‍ കേരളം മദ്യത്തിന്റെ സ്വന്തം നാടായി എന്ന് പറയേണ്ടിവരും. ഒരു&ലരശൃര;വര്‍ഷം ഇവിടെ പതിനായിരം കോടിയിലധികം രൂപയുടെ മദ്യം വില്‍ക്കുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. അരി വാങ്ങാന്‍ വേണ്ടതില്‍ കൂടുതല്‍ പണം വിദേശമദ്യം വാങ്ങിക്കഴിക്കാന്‍ മലയാളി ചെലവിടുന്നു. മറ്റു പലതിലുമെന്നപോലെ, പ്രതിശീര്‍ഷ മദ്യ ഉപഭോഗത്തിലും കേരളമാണ് രാജ്യത്ത് ഒന്നാമത്. ഇവിടെ ആളോഹരി മദ്യ ഉപഭോഗം 8.3 ലിറ്ററാണ്. ഏറ്റവുമൊടുവില്‍ വന്ന ഒരു സര്‍വേ അനുസരിച്ച് സംസ്ഥാനത്ത് സ്ത്രീകള്‍ക്കിടയിലെ മദ്യാസക്തി വര്‍ധിച്ചുവരുന്നു എന്ന് വ്യക്തമാകുന്നു. എല്ലാ കെട്ടുകളും പൊട്ടിച്ച് മദ്യവിപത്ത് കേരളത്തെ അടിമുടി ഗ്രസിക്കുന്ന ഘട്ടത്തിലാണ്, അതിനെതിരായ സംഘടിത സമരവുമായി ഉത്തരവാദപ്പെട്ട ബഹുജന സംഘടനകള്‍ രംഗത്തുവരുന്നത്. അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായി ഞായറാഴ്ച സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ കേരളം വര്‍ത്തമാനകാലത്ത് അനിവാര്യമായി ഏറ്റെടുക്കേണ്ട പ്രശ്നത്തിലെ ക്രിയാത്മക ഇടപെടലാണ്. നിരോധനംകൊണ്ടോ ലഭ്യതക്കുറവുകൊണ്ടോ മദ്യം സമൂഹത്തില്‍നിന്ന് ഒഴിഞ്ഞുപോകില്ല. ചുമയ്ക്കുള്ള മരുന്നും വാര്‍ണീഷും സ്കൂള്‍ലാബിലെ കെമിക്കലുകളുമെല്ലാം ലഹരിക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ ഇടതടവില്ലാതെ വരുന്നുണ്ട്. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍പോലും മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പിടിക്കപ്പെടുന്നതിന്റെയും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതിന്റെയും വാര്‍ത്തകള്‍ അസാധാരണമല്ലാതായിരിക്കുന്നു. പന്ത്രണ്ടാം വയസ്സുമുതല്‍ കുടിതുടങ്ങുന്ന കുട്ടികള്‍ നാടിന്റെ ദുരന്തംതന്നെയാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് റോഡപകടങ്ങളുണ്ടാകുന്നത് എല്ലാമാസവും ഒന്നാംതീയതിയാണെന്ന് കണക്കാക്കിയിട്ടുണ്ട്. കൂടുതല്‍ അപകടങ്ങള്‍ ശനിയാഴ്ചയാണുണ്ടാകുന്നത്. അതിനര്‍ഥം, മദ്യമാണ് വില്ലന്‍ എന്നുതന്നെയാണ്. ഒന്നാംതീയതികളില്‍ മദ്യവില്‍പ്പന ഇല്ലാത്തതുമൂലം അപകടം കുറയുന്നു. നിശ്ചിത അളവില്‍കൂടുതല്‍ ആല്‍ക്കഹോളിന്റെ അംശം രക്തത്തില്‍വഹിച്ച് വണ്ടിയോടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. തടവും പിഴയും ലൈസന്‍സ് റദ്ദാക്കലുമടക്കമുള്ള ശിക്ഷകളുണ്ട്. ഗള്‍ഫ് നാടുകളില്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് കണ്ടെത്തിയാല്‍ കയറ്റിവിടലാണ് കുറഞ്ഞശിക്ഷ. ഇവിടെ, ശാസ്ത്രീയ പരിശോധനാ സംവിധാനമേര്‍പ്പെടുത്തുകയും വണ്ടിയോടിക്കുന്നയാള്‍ ലഹരിക്കടിപ്പെട്ടിട്ടുണ്ട് എന്നു തെളിഞ്ഞാല്‍ നടപടിയെടുക്കുകയും വേണം. അതില്‍ ഇന്നുള്ള അപാകത പരിഹരിക്കപ്പെടണം. സാമൂഹികമായ ഒത്തുചേരലുകളിലാകെ, വിവാഹത്തിനും മരണത്തിനും ജനത്തിനുമെല്ലാം കൂട്ടമദ്യപാനം ഒരജന്‍ഡയായി മാറുകയാണ്. മദ്യപിച്ച് മത്തരായി വിവാഹവീടുകളില്‍ റാഗിങ് നടത്തുന്ന യുവസംഘങ്ങള്‍ പരിഷ്കൃതസമൂഹത്തിന് യോജ്യരല്ല. വിവാഹമോചനക്കേസുകളില്‍ ഏറിയപങ്കും ഭര്‍ത്താവിന്റെ മദ്യപാനം പ്രധാന വിഷയമാണ്. ആല്‍ക്കഹോളിന്റെ അമിതോപയോഗംമൂലമുണ്ടാകുന്ന കരള്‍രോഗികളുടെ എണ്ണവും കേരളത്തില്‍ ഭയാനകമാംവിധം വര്‍ധിക്കുന്നു. മദ്യപാനത്തിന്റെ ഉപോല്‍പ്പന്നങ്ങളായ ഇതര രോഗങ്ങളും അസാധാരണമാംവണ്ണം പടരുകയാണ്. എത്ര വലിയ തുകമുടക്കിയും മദ്യം കഴിക്കാന്‍ തയ്യാറാകുന്നവര്‍ കുടുംബ ബജറ്റുകളെ അട്ടിമറിക്കുന്നു. കടബാധ്യത, അതുമൂലമുള്ള ആത്മഹത്യകള്‍- ഇങ്ങനെ മദ്യത്തിന്റ ദുരന്തഫലങ്ങള്‍ നീണ്ടുപോകുന്നു. ഈ പരിതോവസ്ഥയില്‍നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള പരിശ്രമമാണ് യുവജന-മഹിള-വിദ്യാര്‍ഥി സംഘടനകള്‍ ഏറ്റെടുത്തിട്ടുള്ളത്. ബലം പ്രയോഗിച്ചല്ല, വിപത്തുകള്‍ ബോധ്യപ്പെടുത്തിയാണ് സമൂഹത്തെ മദ്യത്തിന്റെ ഗാഢാലിംഗനത്തില്‍നിന്ന് വിടുവിക്കേണ്ടത്. മദ്യാസക്തി ഇല്ലാതാക്കാന്‍ ശാസ്ത്രീയവും ബോധപൂര്‍വവുമായ ഇടപെടലിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. മദ്യലഭ്യത കുറയ്ക്കുക, പുതിയ ഔട്ട്ലറ്റുകളും ബാറുകളും അനുവദിക്കാതിരിക്കുക, വില്‍പ്പനസമയം ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാക്കുക, പൊതുസ്ഥലത്ത് മദ്യപിച്ച് പ്രത്യക്ഷപ്പെടുന്നത് തടയുക, മദ്യപിച്ച് വണ്ടി ഓടിക്കുന്നത് തടയുക, കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുക, വിവാഹം, മറ്റ് ആഘോഷങ്ങള്‍, മരണാനന്തരചടങ്ങുകള്‍ എന്നിവയില്‍ മദ്യസല്‍ക്കാരം നടത്തുന്നത് ഒഴിവാക്കുക, സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികള്‍ മദ്യസല്‍ക്കാരങ്ങളില്‍ പങ്കെടുക്കാതിരിക്കുക, മദ്യത്തെ മഹത്വവല്‍ക്കരിക്കുന്ന പരസ്യങ്ങളും ചിത്രീകരണങ്ങളും നിരോധിക്കുക, മദ്യപാനത്തില്‍നിന്ന് മോചിപ്പിക്കാവുന്ന ഡി- അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളാണ് സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. സര്‍ക്കാരിനുമാത്രം ചെയ്യാന്‍ കഴിയുന്നതല്ല ഇത്. സമൂഹത്തിന്റെയാകെ ജാഗ്രതാപൂര്‍ണമായ ഇടപെടലാണാവശ്യം. വരുംതലമുറയാകെ ലഹരിയില്‍ മുങ്ങാതിരിക്കാനുള്ള  മുന്‍ നടപടികള്‍  ഏടുക്കാന്‍ ഇനി ഒട്ടും വൈകിക്കൂടാ .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: