Pages

Friday, November 23, 2012

വായനയുടെ ഇഷ്‌ടതോഴന്‍ യാത്രയായി

 വായനയുടെ ഇഷ്‌ടതോഴന്‍ യാത്രയായി
വായനയുടെ പര്യായമായ പി. ഗോവിന്ദപിള്ള അടുപ്പക്കാരുടെ പി.ജിയായിരുന്നു. പുസ്‌തകങ്ങളെ ഇത്രയേറെ സ്‌നേഹിക്കുകയും അവ എവിടെ കണ്ടാലും കൈയെത്തിപ്പിടിക്കുകയും ചെയ്യുന്ന പി.ജിയെപ്പോലുളള വായനക്കാര്‍ അത്യപൂര്‍വമാണ്‌. കമ്യൂണിസ്‌റ്റ് സൈദ്ധാന്തികതയ്‌ക്കൊപ്പം സാഹിത്യം, തത്വചിന്ത, ചലച്ചിത്രം ഇവയെല്ലാം പി.ജിക്ക്‌ പഥ്യമായിരുന്നു. കമ്യൂണിസ്‌റ്റ് പാര്‍ട്ടി അംഗം എന്ന നിലയില്‍ ഏറെ പരിമിതികള്‍ നേരിടേണ്ടിവന്ന അദ്ദേഹത്തിനു പലപ്പോഴും പാര്‍ട്ടി ഉരുക്കുമറയ്‌ക്കുപുറത്തു കടക്കേണ്ടിയും വന്നു. ഇതിന്റെ പേരില്‍ അച്ചടക്ക നടപടികളും ഉണ്ടായി. ഇ.എം.എസിനൊപ്പം മാര്‍ക്‌സിസ്‌റ്റ് സൈദ്ധാന്തികതയില്‍ ഔന്നിത്യമുള്ള പി.ജിക്ക്‌ ദേശാഭിമാനി പത്രാധിപ സ്‌ഥാനത്തുനിന്ന്‌ ഒഴിയേണ്ടിവന്നതു പാര്‍ട്ടി നടപടിമൂലമാണ്‌. സംസ്‌ഥാന കമ്മിറ്റിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം അഭിമുഖത്തിന്റെ പേരില്‍ പാര്‍ട്ടി ബ്രാഞ്ച്‌ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തപ്പെട്ടു. ചുവര്‍ ചിത്രകലയും പാരമ്പര്യ വാസ്‌തുശാസ്‌ത്രവും പഠിക്കാനായി പി.ജി. ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം വിവാദങ്ങളുണ്ടായി. സ്വതസിദ്ധമായ ചിരിയോടെ പി.ജി. അതെല്ലാം നേരിട്ടു. അടിയന്തരാവസ്‌ഥക്കാലത്ത്‌ പാര്‍ട്ടിയുടെ സെന്‍സറിംഗ്‌ നേരിടേണ്ടിവന്ന അദ്ദേഹം നാടന്‍ കലകളുടെ ഗവേഷണത്തിനെന്നു പറഞ്ഞ്‌ കര്‍ണാടകയിലെ കാര്‍വാറിലേക്കു പോയി. ഇ.എം.എസ്‌. പുസ്‌തകങ്ങളുടെ ജനറല്‍ എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചെങ്കിലും ആ സ്‌ഥാനവും ഒഴിയേണ്ടിവന്നതു പാര്‍ട്ടി നടപടിമൂലമാണ്‌. എ.കെ.ജി. പഠനകേന്ദ്രം, ചിന്ത പബ്ലിഷേഴ്‌സ്, ഇ.എം.എസ്‌. അക്കാദമി എന്നിവയുടെയെല്ലാം സാരഥ്യംവഹിക്കാനുള്ള നിയോഗവും അദ്ദേഹത്തിനു ലഭിച്ചു. അധികാര സ്‌ഥാനങ്ങളോട്‌ എന്നും അകല്‍ച്ച കാണിച്ച നേതാവാണ്‌ പി. ഗോവിന്ദപിള്ള. പുല്ലുവഴിയിലെ സാധാരണ കമ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായി കടന്നുവന്ന പി.ജി. രാഷ്‌ട്രീയത്തിലൂടെ പാര്‍ട്ടിയുടെ ചിന്താമണ്ഡലത്തെ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ചലച്ചിത്ര നിരൂപണ രംഗത്തും തര്‍ജിമയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്‌. പുതിയ പുസ്‌തകങ്ങള്‍ കണ്ടെത്തുന്നതിനും വായിക്കുന്നതിനുംവേണ്ടി അദ്ദേഹം ഏറെ സമയം ചെലവഴിച്ചു. ഇ.എം.എസുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം ഇ.എം.എസ്‌. കൃതികള്‍ സമാഹരിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുക്കുന്നതില്‍ എത്തിച്ചു.
കൃതികള്‍:-കേരളം ഇന്ത്യയിലെ ഒരു അധകൃത സംസ്‌ഥാനം(1968), വീരചരിതമായ വിയറ്റ്‌നാം (1969), ഇസങ്ങള്‍ക്കിപ്പുറം(1975), വിപ്ലവപ്രതിഭ(1977), ശാസ്‌ത്രം നൂറ്റാുകളിലൂടെ (1980), സാഹിത്യവും രാഷ്ര്‌ടീയവും (1982), ഭഗവദ്‌ഗീത, ബൈബിള്‍, മാര്‍ക്‌സിസം (1985), മാര്‍ക്‌സും മൂലധനവും (1987), മാര്‍ക്‌സിസ്‌റ്റ് സൗന്ദര്യശാസ്‌ത്രം: ഉല്‍ഭവവും വളര്‍ച്ചയും (1987), സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത(1989), പൂന്താനം മുതല്‍ സൈമണ്‍ വരെ(1989), ബാലസാഹിത്യം അധോഗതിയും പുരോഗതിയും(1992), ചരിത്രശാസ്‌ത്രം; പുതിയ മാനങ്ങള്‍(1993), വിപ്ലവങ്ങളുടെ ചരിത്രം, മഹാഭരതം മുതല്‍ മാര്‍ക്‌സിസം വരെ, കേരള നവോത്ഥാനം; ഒരു മാര്‍ക്‌സിസ്‌റ്റ് വീക്ഷണം, ഇ.എം.എസും മലയാള സാഹിത്യവും (2006), ഫ്രെഡറിക്‌ എംഗല്‍സ്‌ (2006) വിവര്‍ത്തനങ്ങള്‍കാട്ടുകടന്നല്‍-1975 (എഥല്‍ വോയ്‌നിച്ച്‌), ഭൂതകാലവും മുന്‍ വിധിയും (റോമിലാ ഥാപ്പര്‍)-1976, ഇന്ദിരാഗാന്ധി തളര്‍ച്ചയും വളര്‍ച്ചയും (ഡി.ആര്‍. മങ്കേക്കര്‍, കമലാ മങ്കേക്കര്‍) 1978, ഇന്ത്യാ ചരിത്ര വ്യാഖ്യാനം: മാര്‍ക്‌സിസ്‌റ്റ് സമീപനം (ഇന്‍ഫാന്‍ ഹബീബ്‌) 1991, ആര്യദ്രാവിഡവാദവും മതനിരപേക്ഷതയും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: