Pages

Friday, November 16, 2012

കേരളത്തില്‍ ഏതാനം മെഡിക്കല്‍ കോളെജകളും സര്‍ക്കാര്‍ ആശുപത്രികളും വേണം


കേരളത്തില്‍  ഏതാനം മെഡിക്കല്‍ കോളെജകളും  സര്‍ക്കാര്‍ ആശുപത്രികളും  വേണം

സംസ്ഥാനത്ത് നടപ്പുവർഷം സർക്കാർ ആഭിമുഖ്യത്തിൽ അഞ്ചു മെഡിക്കൽ കോളേജുകൾ തുടങ്ങുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിലും അതിനു മുൻപ് നയപ്രഖ്യാപന പ്രസംഗത്തിലും പ്രഖ്യാപിച്ചിരുന്നതാണ്. എന്തിനും ഏതിനും സർവകക്ഷിയോഗവും കൺസൾട്ടൻസി നിയമനവുമെല്ലാം നടത്താറുള്ള സർക്കാർ മെഡിക്കൽ കോളേജ് വിഷയത്തിൽ സ്വന്തം പ്രഖ്യാപനം ആരോരുമറിയാതെ വിഴുങ്ങുകയായിരുന്നു. പ്രഖ്യാപിച്ച അഞ്ചെണ്ണത്തിൽ മഞ്ചേരി ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള മെഡിക്കൽ കോളേജ് മാത്രം തുടങ്ങാനുള്ള പ്രാരംഭ നടപടിയാണ് ഇതിനകം എടുത്തിട്ടുള്ളത്. മെഡിക്കൽ കൗൺസിലിന്റെ അനുമതിക്കായി ഇൗ മെഡിക്കൽ കോളേജിന്റെ അപേക്ഷ മാത്രമേ സർക്കാർ സമർപ്പിച്ചിട്ടുള്ളൂ. സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന മറ്റു രണ്ടു മെഡിക്കൽ കോളേജുകൾ സ്വകാര്യ മേഖലയിലുള്ളവയാണ്. വയനാട്ടിലും അടൂരിലുമാണത്. ഹരിപ്പാട്, കോന്നി, ഇടുക്കി, കാസർകോട് എന്നിവിടങ്ങളിലാണ് മഞ്ചേരിക്കു പുറമെ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ സർക്കാർ പദ്ധതിയിട്ടിരുന്നത്. ഇവയിൽ ഹരിപ്പാട് മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല താത്പര്യമെടുത്തതുകൊണ്ടാകാം പേരിനെങ്കിലും കോളേജ് നടത്തിപ്പിന്റെ ചുമതലയ്ക്കായി ഒരു ചാരിറ്റബിൾ സൊസൈറ്റിയെങ്കിലും രൂപീകരിച്ചിട്ടുള്ളത്. കായംകുളം താപനിലയ വളപ്പിൽ നിന്ന് കോളേജിനാവശ്യമായ സ്ഥലം ലഭ്യമാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. മറ്റു മൂന്നു പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നീക്കവുമില്ല.

ഒന്നേകാൽ ലക്ഷം കോടിയുടെ അതിവേഗ റെയിൽപ്പാതയുടെയും മെട്രോ, മോണോ റെയിൽപ്പാതകളുടെയും കാര്യത്തിൽ ദൃശ്യമായ അത്യുത്സാഹം പോയിട്ട് ഇലയനങ്ങിയാൽ ഓരിയിടുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളെങ്കിലും കോൾഡ് സ്റ്റോറേജിലായിപ്പോയ മെഡിക്കൽ കോളേജ് പദ്ധതിയെക്കുറിച്ച് ഇതേവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. എല്ലാവർക്കും വൻകിട 'വികസന' പദ്ധതികളിൽ മാത്രമാണ് കമ്പം. സ്വന്തം വികസനത്തിനും അത്തരം പദ്ധതികൾ ഉതകുമെന്നതിനാലാവാം അവയ്ക്കുവേണ്ടി കണ്ഠക്ഷോഭം നടത്തുന്നത്. എന്നാൽ സർക്കാർ മേഖലയിൽ അഞ്ചല്ല, അൻപതു മെഡിക്കൽ കോളേജുകൾതന്നെ തുറന്നാലും ആവശ്യത്തിന് അതു മതിയാവില്ലെന്നതാണ് യാഥാർത്ഥ്യം. നിലവിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെയും ജില്ലാ-താലൂക്ക് ആശുപത്രികളിലെയും രോഗികളുടെ തിക്കും തിരക്കും പരിശോധിച്ചാൽ അക്കാര്യം ബോദ്ധ്യമാകും. പുതിയ മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ മാത്രമല്ല, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും സർക്കാരിന്റെ പക്കൽ പണമില്ലെന്ന പല്ലവിയാണ് കേൾക്കാറുള്ളത്. എന്നാൽ പ്രഖ്യാപിക്കപ്പെട്ട മെഡിക്കൽ കോളേജുകൾ വലിയ മുതൽമുടക്കില്ലാതെ ആരംഭിക്കാൻ കഴിയുന്നവയാണ്. അവയ്ക്കാവശ്യമായ ആശുപത്രികളും സ്ഥലവും ഇപ്പോൾത്തന്നെ ലഭ്യമാണ്. പുതുതായി ഏതാനും കെട്ടിടങ്ങൾ ഉണ്ടാക്കേണ്ടിവരും. നടത്തിപ്പു ചെലവും കണ്ടെത്തേണ്ടിവരും. മുപ്പതിനായിരത്തിലധികം കോടി രൂപയുടെ വാർഷിക ബഡ്ജറ്റുള്ള സർക്കാരിന് ഇതിനൊക്കെ വഴി കാണാവുന്നതേയുള്ളൂ. വായ്പ ഇന്ന് ഒരു പ്രശ്നമേ അല്ല. കാര്യനിർവഹണ ശേഷിയുള്ള ഉദ്യോഗസ്ഥന്മാർ എത്രവേണമെങ്കിലുമുണ്ട്. അവരുടെ സേവനം വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്നതാണ് സർക്കാരിന്റെ ഭാഗത്തുള്ള വീഴ്ച.
രാജ്യത്ത് ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായതിനാൽ പുതിയ മെഡിക്കൽ കോളേജുകൾ തുറക്കാൻ പത്ത് ഏക്കറായാലും മതിയെന്ന് മെഡിക്കൽ കൗൺസിൽ നിബന്ധനയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് അൻപത് ഏക്കർ കൈവശമുണ്ടെങ്കിലേ മെഡിക്കൽ കോളേജ് തുടങ്ങാൻ കഴിയുമായിരുന്നുള്ളൂ. രോഗികളുടെ ബാഹുല്യം വച്ചു നോക്കുമ്പോൾ സംസ്ഥാനത്ത് അനവധി പുതിയ മെഡിക്കൽ കോളേജുകളുടെ ആവശ്യം ബോദ്ധ്യപ്പെടും. എന്നാൽ, ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ട സർക്കാർ, പണമില്ലെന്നുപറഞ്ഞ് മാറി നിൽക്കുകയാണ്. പുതിയ സർവകലാശാലകൾ തുടങ്ങുന്നതിൽ കാണിക്കുന്ന ആവേശത്തിന്റെ പത്തിലൊരംശമെങ്കിലും പുതിയ മെഡിക്കൽ കോളേജുകളുടെ കാര്യത്തിൽ കാണിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്കും മെഡിക്കൽ വിദ്യാഭ്യാസ മേഖലയ്ക്കും അതു വലിയ ഗുണം ചെയ്യുമായിരുന്നു.

മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ അഭാവം ഏറെയുള്ള സ്ഥലങ്ങളാണ് പുതിയ മെഡിക്കൽ കോളേജുകൾക്കായി സർക്കാർ തിരഞ്ഞെടുത്തത്. പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ സംസ്ഥാനത്തെ ചെറുതും വലുതുമായ ചികിത്സാ കേന്ദ്രങ്ങൾ. അവികസിത പ്രദേശത്ത് പുതിയൊരു മെഡിക്കൽ കോളേജ് വരുന്നത് രോഗികൾക്ക് ആശ്വാസം നൽകുന്നതിനു പുറമെ നാനാവിധത്തിലും ആ പ്രദേശത്തിന്റ വികസനത്തിനു വഴിതെളിയും. നിരവധി സ്വകാര്യ മെഡിക്കൽ കോളേജുകൾ സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ സ്ഥാപിതമായിട്ടുണ്ട്. പത്തുവർഷം മുൻപുണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും ഇതുവഴി ജനങ്ങൾക്കു ലഭിക്കുന്നുണ്ട്. അതോടൊപ്പം ചികിത്സാചെലവും ദുർവഹമായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത കാണാതിരുന്നുകൂടാ. കഴിയുന്നത്ര സർക്കാർ മെഡിക്കൽ കോളേജുകൾ തുടങ്ങുക എന്നതുമാത്രമാണ് ഇൗ സ്ഥിതി മറികടക്കാനുള്ള പോംവഴി. സംസ്ഥാന രൂപീകരണം നടന്നിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും പകുതിയോളം ജില്ലകൾ ഇന്നും സർക്കാർ മെഡിക്കൽ കോളേജിനായി കാത്തിരിക്കുകയാണ്. സർക്കാർ നേരിട്ടോ സർക്കാർ പങ്കാളിത്തത്തോടുകൂടിയോ പത്തോ പതിനഞ്ചോ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ അത്ര വലിയ പ്രയാസമൊന്നുമില്ല. തുനിഞ്ഞിറങ്ങണമെന്നുമാത്രം. പ്രഖ്യാപിക്കപ്പെട്ടവയെങ്കിലും എത്രയുംവേഗം തുടങ്ങാൻ നടപടി എടുക്കണം. ഇൗ വിഷയത്തിൽ ഇപ്പോൾ കാണുന്ന നിസംഗതയും കെടുകാര്യസ്ഥതയും അസഹനീയമാണ്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: