Pages

Friday, November 16, 2012

വിരണ്ടോടിയ ആന പാപ്പാനെ കുത്തി വാഹനങ്ങള്‍ തകര്‍ത്തു


വിരണ്ടോടിയ ആന പാപ്പാനെ കുത്തി വാഹനങ്ങള്‍ തകര്‍ത്തു

വിരണ്ടോടി പാപ്പാനെ കുത്തുകയും ദേശീയപാതയിലും ഇടറോഡുകളിലും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത ആന രണ്ടര മണിക്കൂറിലേറെ ജനത്തെ പരിഭ്രാന്തിയുടെ മുള്‍മുനയില്‍ നിര്‍ത്തി. മുന്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ വെറ്റമുക്ക് പാലയ്ക്കത്തറയില്‍ അഡ്വ. ശ്യാമപ്രസാദിന്റെ ഉടമസ്ഥതയിലുള്ള അഭിമന്യു എന്ന ആനയാണ് വിരണ്ടോടിയത്. ശ്യാമപ്രസാദിന്റെ തന്നെ മറ്റൊരാനയുടെ പാപ്പാന്‍ പുത്തന്‍കുളം അരുണ്‍ നിവാസില്‍ അരുണി (30) നാണ് ആനയുടെ കുത്തേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ പാപ്പാനെ കൊല്ലത്ത് സ്വകാര്യ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ച രാവിലെ 10നാണ് സംഭവങ്ങളുടെ തുടക്കം. മൂന്നു ദിവസം മുമ്പ് പന്മന ക്ഷേത്രത്തിലെ ഊരുവലത്ത് എഴുന്നള്ളത്ത് കഴിഞ്ഞ് ആനയെ വെറ്റമുക്കിനും പോരൂക്കരയ്ക്കുമിടയില്‍ ഉടമയുടെ കുടുംബവീടിനോട് ചേര്‍ന്ന പുരയിടത്തില്‍ തളച്ചിരിക്കുകയായിരുന്നു. മദപ്പാട് കണ്ടതിനെ തുടര്‍ന്നാണ് ആനയെ തളച്ചത്. വ്യാഴാഴ്ച രാവിലെ പാപ്പാന്മാര്‍ എത്തിയപ്പോള്‍ ആന മുന്‍കാലുകള്‍ തളച്ചിരുന്ന വടം പൊട്ടിച്ചുനില്‍ക്കുകയായിരുന്നു. പാപ്പാന്‍ അടുത്തുചെല്ലാന്‍ ശ്രമിച്ചതോടെ പിന്‍കാല്‍ ബന്ധിച്ചിരുന്ന ചങ്ങലയും പൊട്ടിച്ച ആന പാപ്പാനുനേരെയടുത്തു. തുടര്‍ന്ന് ഉടമ എസ്.പി.സി.എ. എലിഫന്റ് സ്‌ക്വാഡിലെ ഡോ. ബി. അരവിന്ദിനെ വിവരമറിയിക്കുകയും ക്യാപ്ചര്‍ ഉപയോഗിച്ച് ആനയെ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ആന പാപ്പാനെ കുത്തുകയും റെയില്‍വേ റോഡുവഴി ഓടുകയുമായിരുന്നു. ആറു കിലോമീറ്ററോളം ഓടിയ ആന തിരികെയെത്തി സമീപത്തെ വീട്ടുമുറ്റത്തുകൂടി പടിഞ്ഞാറോട്ട് ഓടി. ഇതിനിടെ ഡോ. അരവിന്ദിന്റെ കാറിന്റെ പുറകില്‍ കൊമ്പു കുത്തിയിറക്കുകയും ചവിട്ടിത്തകര്‍ക്കുകയും ചെയ്തു. ഡോക്ടര്‍ മയക്കുവെടി വച്ചെങ്കിലും മയങ്ങാതെ ഓടിയ ആന പോരൂക്കര പള്ളിക്കു സമീപം ദേശീയപാതയില്‍ കടന്ന് മത്സ്യ കമ്മീഷന്‍ കടയിലെ പ്ലാസ്റ്റിക് പെട്ടികള്‍ തകര്‍ത്തു. ദേശീയപാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തേക്കോടിയ ശേഷം ഇടപ്പള്ളിക്കോട്ടയ്ക്ക് വടക്കുവശം വീണ്ടും ദേശീയപാതയില്‍ കയറി. കൊല്ലത്തുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ടെമ്പോട്രാവലര്‍ വാന്‍ കുത്തിമറിക്കാന്‍ ശ്രമിച്ചു.
 

റേഡിയേറ്റര്‍ പൊട്ടി തിളച്ചവെള്ളം തെറിച്ചതോടെയാണ് ആന വാഹനത്തില്‍നിന്നു പിടിവിട്ടത്. സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഭയന്നു നിലവിളിച്ചു. ഡ്രൈവറും യാത്രക്കാരില്‍ ഒരു പെണ്‍കുട്ടിയും വാനില്‍നിന്ന് ചാടി രക്ഷപ്പെട്ടു. ആന പിടിവിട്ടതോടെ വാന്‍ റോഡരികിലേക്കിറങ്ങി പഴയ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടിനിന്നു. തുടര്‍ന്ന് ദേശീയ പാതയിലൂടെ ഓടിയ ആന ഇടപ്പള്ളിക്കോട്ട-എച്ച്.പി. റോഡില്‍ കടന്ന് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ത്തു. നൂറുകണക്കിനാളുകള്‍ പിന്നാലെ കൂടിയതോടെ ആന ദേശീയപാത മുറിച്ചുകടന്ന് കിഴക്കോട്ട് പന്മന ആശ്രമം റോഡിലൂടെ ഓടി. ഇതിനിടെ എസ്.പി.സി. എ.യിലെ ഇന്‍സ്‌പെക്ടര്‍ റിജു വീണ്ടും മയക്കുവെടി വച്ചു. വെടിയേറ്റ ആന ഓടി കണ്ണന്‍കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് മഠത്തില്‍ മുക്കിനു സമീപം വച്ചിരുന്ന ഒരു ബൈക്ക് തകര്‍ത്തശേഷം കളീലില്‍ വീട്ടുവളപ്പില്‍ കയറി. മയങ്ങിയില്ലെങ്കിലും ശാന്തനായി നിന്ന ആനയെ പാപ്പാന്‍ വിതുര സ്വദേശി അനിലും എസ്.പി.സി.എ. യിലെ വിദഗ്ധരും ആന പിടിത്തത്തില്‍ വിദഗ്ധരായ ഒരു സംഘം യുവാക്കളും ചേര്‍ന്ന് ഏറെ പണിപ്പെട്ട് ക്യാപ്ചറും വടവുമുപയോഗിച്ച് 12.30ന് തളച്ചതോടെയാണ് പരിഭ്രാന്തിയൊഴിഞ്ഞത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ചവറ പോലീസ് ഏറെ പണിപ്പെട്ടു.
 

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: