Pages

Friday, November 16, 2012

കോട്ടയത്ത് യുവാവ് തുണിയില്ലാതെ ബൈക്കില്‍ പാഞ്ഞു


കോട്ടയത്ത് യുവാവ് തുണിയില്ലാതെ ബൈക്കില്‍ പാഞ്ഞു
നൂല്‍ബന്ധമില്ലാതെ യുവാവ് ബൈക്കില്‍ നഗരംചുറ്റി. കാഴ്ചക്കാരില്‍ ചിലര്‍ കണ്ണുപൊത്തി. വിവരം മൊബൈല്‍ ഫോണിലൂടെ അറിഞ്ഞ് നിരവധി കാഴ്ചക്കാരും എത്തി. അതിവേഗത്തില്‍ പാഞ്ഞ യുവാവിനെ പിടിക്കാന്‍ ബൈക്കിലും ജീപ്പിലും പിന്തുടര്‍ന്ന പോലീസും വട്ടംചുറ്റി. ഒടുവില്‍ അടഞ്ഞുകിടന്ന റെയില്‍വെ ഗേറ്റ് തുണച്ചു. ഒരു മണിക്കൂറോളം നീണ്ട നഗ്‌നയാത്രയ്ക്കുശേഷം യുവാവ് കുടുങ്ങി.കോട്ടയം നഗരത്തില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കഞ്ഞിക്കുഴിയില്‍വെച്ച് വൈകീട്ട് 5.30നാണ് യുവാവിനെ ആദ്യം കണ്ടത്. നീല പള്‍സര്‍ ബൈക്കില്‍ പാഞ്ഞ യുവാവ് ഷര്‍ട്ട് ധരിക്കാതിരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇത് കണ്ടവര്‍ ബൈക്ക് അടുത്ത് എത്തിയപ്പോഴാണ് യുവാവ് പിറന്നപടിയാണെന്ന് അറിഞ്ഞത്.

നാട്ടുകാരില്‍ ചിലര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും മറ്റും യുവാവിനെ പിന്തുടര്‍ന്നു. വിവരം അറിഞ്ഞ പോലീസ് സംഘം ബൈക്കിലും ജീപ്പിലും പിന്നാലെ പാഞ്ഞു. വൈകുന്നേരത്തെ ഗതാഗതക്കുരുക്കിനെപ്പോലും വിദഗ്ധമായി മറികടന്ന യുവാവ് കളക്ടറേറ്റും സെന്‍ട്രല്‍ ജങ്ഷനും ടിബി റോഡും കടന്ന് എംസി റോഡില്‍ പ്രവേശിച്ചു. പലയിടത്തുംവെച്ച് യുവാവിന്റെ ബൈക്കിനെ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മണിപ്പുഴയില്‍നിന്ന് മൂലേടം ഭാഗത്തേക്കാണ് യുവാവ് പിന്നീട് ബൈക്ക് പായിച്ചത്. എന്നാല്‍ മൂലേടം റെയില്‍വെ ഗേറ്റ് അടഞ്ഞുകിടന്നതിനാല്‍ വേഗം കുറയേ്ക്കണ്ടിവന്നു. പിന്നീട് ഇടവഴിയിലൂടെ പോകാനായി ശ്രമം. റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ അതും പരാജയപ്പെട്ടു.

പിന്നാലെയെത്തിയ നാട്ടുകാര്‍ 6.30ഓടെ യുവാവിനെ വളഞ്ഞു. യുവാവ് അക്രമാസക്തനായി. അതോടെ നാട്ടുകാര്‍ കൈവെക്കാന്‍ ശ്രമം തുടങ്ങി. കൂടെയെത്തിയ പോലീസ് ഇതുതടഞ്ഞു. യുവാവിനെ മുണ്ട് ഉടുപ്പിച്ചു. ജീപ്പില്‍ ചിങ്ങവനം പോലീസ്‌സ്റ്റേഷനില്‍ എത്തിച്ചു. അവിടെവെച്ചും യുവാവ് പലതവണ ഇടഞ്ഞു. കാര്‍ത്തിക്ക് എന്ന പേര് മാത്രമാണ് 30 വയസ്സ് തോന്നിക്കുന്ന ഇയാള്‍ പറഞ്ഞത്. ഈ പേര് സ്ഥിരീകരിച്ചിട്ടില്ല. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാള്‍ മദ്യപിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്.

വിവസ്ത്രനായി അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് യുവാവിന്റെ പേരില്‍ കേസെടുത്തു. ഇയാളുടെ വിലാസവും ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: