Pages

Tuesday, November 20, 2012

പട്ടാപ്പകല്‍ കടുവ നാട്ടിലിറങ്ങി, വയനാട്ടില്‍ സംഘര്‍ഷം


പട്ടാപ്പകല്‍ കടുവ നാട്ടിലിറങ്ങി, വയനാട്ടില്‍ സംഘര്‍ഷം
വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം രൂക്ഷമായി. തിങ്കളാഴ്ച രാത്രിയിറങ്ങിയ കടുവകള്‍ 3 പശുക്കളെ കൊന്നു. പ്രകോപിതരായ നാട്ടുകാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ തടഞ്ഞു. കടുവയെ മയക്കുവെടി വയ്ക്കാന്‍ പ്രത്യേക സംഘം കാട്ടിലേക്ക് പോയി. ജനങ്ങള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെ പട്ടാപ്പകല്‍ കടുവ നാട്ടിലിറങ്ങി ആടിനെ കൊന്നു. ക്ഷുഭിതരായ ജനങ്ങള്‍ ദേശീയപാതക്കടുത്തുള്ള മുളങ്കൂട്ടത്തിന് തീയിട്ടു. ഫയര്‍ഫോഴ്സ് തീയണക്കാന്‍ ശ്രമിക്കുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ അടക്കമുള്ളവരെ സ്ഥലം മാറ്റി. പൊലീസും ഫോറസ്റ്റ് അധികൃതരും സംയുക്തമായി രാത്രിയും പകലും പട്രോളിങ്ങ് നടത്തും. ഈ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ്ങ് ഒഴിവാക്കി.

കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ അഞ്ച് പശുക്കളും രണ്ട് ആടുകളും ചത്തു. ഒരു പശുവിനും മറ്റൊരു പോത്തിനും ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഒരാട്കൂടി കടുവയുടെ ആക്രമണത്തില്‍ ചത്തതോടെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥയും ഭഭീതിയും പടരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കല്ലൂര്‍ പണപ്പാടി വെള്ളച്ചിയുടെ ആടിനെയാണ് കടുവ കൊന്നത്. പനവല്ലി കൂമ്പാരക്കുണ്ട് കെ തിമ്മപ്പന്റെ രണ്ട് വയസുള്ള പോത്തിനെയും കടുവ ആക്രമിച്ചു. കഴുത്തിന് കടിയേറ്റ പോത്ത് അപകടനില തരണം ചെയ്തിട്ടില്ല. വയലില്‍ മേയാന്‍ വിട്ട പോത്തിന്‍ കുട്ടിയെയാണ് ഇന്നലെ വൈകുന്നേരം രണ്ടരയോട്കൂടി കടുവ അക്രമിച്ചത്. ബ്രഹ്മഗിരി സൊസൈറ്റിയുടെ സാമ്പത്തിക സഹായത്തോടെയാണ് തിമ്മപ്പന്‍ പോത്തിനെ വാങ്ങിയത്. ഉടമസ്ഥനെ കണ്ടയുടന്‍ കടുവ വനത്തിലേക്ക് മടങ്ങുകയായിരുന്നു.

നാട്ടുകാര്‍ ക്ഷുഭിതരായതോടെ സ്ഥലത്ത് എത്തിയ നോര്‍ത്ത് വയനാട് ഡിഎഫ്ഒ എ ഷാനവാസ്, ബേഗൂര്‍ റെയ്ഞ്ചര്‍ ഡി ദേവസ്യ, തിരുനെല്ലി എസ്ഐ ഒ കെ പാപ്പച്ചന്‍ എന്നിവരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. കല്ലൂരില്‍ ആട് ചത്തതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ആടിന്റെ ജഡവുമായി വൈകീട്ട് ആറ് മുതല്‍ ഏഴ്വരെ കല്ലൂര്‍ 66ലെ ദേശീയ പാത ഉപരോധിച്ചു. അധികൃതര്‍ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ജനങ്ങള്‍ പിരിഞ്ഞത്.കെ ശോഭന്‍കുമാര്‍,പി ആര്‍ ജയപ്രകാശ്, എ ആര്‍ കുമാരന്‍,എം എ ദിനേശന്‍,സി അസൈനാര്‍, എ സുരേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നാല് പശുക്കളാണ് കഴിഞ്ഞയാഴ്ച ഞായര്‍,തിങ്കള്‍ ദിവസങ്ങളിലായി കടുവയുടെ ആക്രമണത്തില്‍ തിരുനെല്ലിയില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി മാപ്പിളകൊല്ലിയിലെ ശാരദയുടെ ആലയില്‍ കെട്ടിയ പശുവിനെ കടുവ ആക്രമിച്ച് കൊന്നിരുന്നു.ഞായറാഴ്ച രാവിലെ അപ്പപ്പാറ പുലിവാല്‍മുക്കിലെ കൊല്ലിയില്‍ കെ ജി തിമ്മപ്പന്റെ ഒരു പശുവിനെയും തിങ്കളാഴ്ച രാത്രി അപ്പപ്പാറ നെടുമ്പിലാശേരി ജയന്റെ ആലയില്‍ കെട്ടിയ രണ്ട് പശുക്കളെയും കൊന്നു. ബുധനാഴ്ച പുലിതുക്കിയില്‍ വനംവകുപ്പ് കെണിസ്ഥാപിച്ച് പിടികൂടിയ കടുവയെ ബത്തേരിക്കടുത്ത മുത്തങ്ങ ഗോളൂരിലെ ജനവാസകേന്ദ്രത്തില്‍ തുറന്ന് വിട്ടതായി ആരോപിച്ച് നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: