Pages

Tuesday, November 13, 2012

കേരളീയരില്‍ 22 ശതമാനവും പ്രമേഹ രോഗികള്‍


കേരളീയരില്‍ 22 ശതമാനവും
 പ്രമേഹ രോഗികള്‍
അനിത പ്രഭാകരന്‍
കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെ. ഇന്ത്യയില്‍ ജനസംഖ്യയുടെ 10 ശതമാനമാണ് പ്രമേഹ രോഗികള്‍. എന്നാല്‍ കേരളത്തില്‍ ഇത് 22 ശതമാനമാണ്. കേരളത്തിലെ പ്രമേഹ രോഗികളില്‍ ആറുശതമാനവും 15 വയസ്സില്‍ താഴെയുള്ളവരാണെന്ന് ജ്യോതിദേവ് റിസര്‍ച്ച് സെന്ററിന്റെ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ പ്രമേഹം ബാധിച്ചോ, അതുകൊണ്ടുണ്ടാകുന്ന മറ്റ് അസുഖങ്ങള്‍ മൂലമോ ഓരോ എട്ടു സെക്കന്‍ഡിലും ഒരാള്‍ മരിക്കുന്നു. 10 സെക്കന്‍ഡില്‍ മൂന്നുപേര്‍ക്ക് രോഗം ബാധിക്കുന്നുണ്ട്. മൂന്ന് സെക്കന്‍ഡില്‍ ഒരു കാല്‍വീതം മുറിക്കുന്നു. കേരളത്തിലെ പ്രമേഹബാധിതരായ 60 ശതമാനം പേര്‍ക്കും അക്കാര്യം അറിവില്ലാത്തതിനാല്‍ ചികിത്സ നടത്തുന്നില്ലെന്നാണ് ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്റെ പഠനത്തില്‍ കണ്ടെത്തിയത്. അതുകൊണ്ടാണ് ഈ വര്‍ഷത്തെ പ്രമേഹദിനാചരണം കേരളത്തില്‍ സംഘടിപ്പിച്ചത്. കേരളത്തിലെ രോഗികളില്‍ 95 ശതമാനത്തിനും ടൈപ്പ്-2 പ്രമേഹമാണുള്ളത്. ശരീരത്തില്‍ ഉണ്ടാകുന്ന ഇന്‍സുലിന്റെ ഉപയോഗം ഫലപ്രദമല്ലാതെവരികയും ക്രമേണ ഇന്‍സുലിന്‍ ഉല്‍പ്പാദനം നിലയ്ക്കുകയും ചെയ്യുന്നതുമൂലമാണിത് ഉണ്ടാകുന്നത്. ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ് നിയന്ത്രിക്കാനുള്ള വഴി. പാന്‍ക്രിയാസിന്റെ പ്രശ്നംമൂലം ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം ഇല്ലാത്തതിനാല്‍ ഉണ്ടാകുന്ന ടൈപ്പ്-1 പ്രമേഹമാണ് കുട്ടികളില്‍ സാധാരണയായി കാണുന്നത്. 20 വര്‍ഷത്തിനിടെ പ്രമേഹരോഗികളായ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ധനയാണുണ്ടായത്. അമിത വണ്ണമുള്ള 15 വയസ്സിനുതാഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്്. അമിതവണ്ണമുള്ള കുട്ടികളില്‍ അഞ്ചുശതമാനത്തിന് പ്രമേഹമുണ്ട്. ഫാസ്റ്റ് ഫുഡും കൊഴുപ്പ് കൂടിയ ഭക്ഷണവുമാണ് പ്രധാന കാരണം. പ്രമേഹംബാധിച്ച് 15 വര്‍ഷംവരെ പ്രത്യക്ഷലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ഹൃദയാഘാതം, വൃക്കസ്തംഭനം, പക്ഷാഘാതം, നാഡീവ്യൂഹത്തിന്റെ തളര്‍ച്ച, തലച്ചോറിനുണ്ടാകുന്ന അസുഖങ്ങള്‍, അന്ധത എന്നിവ പ്രമേഹത്തിന്റെ തുടര്‍ച്ചയായി ഉണ്ടാകും. 10 വയസ്സില്‍ പ്രമേഹം ബാധിക്കുന്ന കുട്ടികള്‍ 25 വയസ്സാകുമ്പോള്‍ നിരവധി രോഗങ്ങളുടെ പിടിയിലാകും. ഹൃദയാഘാതംമൂലം മരിക്കുന്നവരില്‍ 70 ശതമാനവും പ്രമേഹരോഗികളാണെന്നതും ശ്രദ്ധേയമാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: