Pages

Monday, November 26, 2012

2012-ഇല്‍
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം; 9 മാസത്തില്‍ 10,000 ത്തോളം കേസുകള്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒന്‍പതു മാസംകൊണ്ട് 9758 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മുന്‍വര്‍ഷത്തില്‍ 13,279 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഇക്കുറി സപ്തംബര്‍ വരെയാണ് പതിനായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തലസ്ഥാന ജില്ലയാണ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍. 1240 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ വര്‍ഷവും തിരുവനന്തപുരം ജില്ലയില്‍ നിന്നും 1700ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണം, ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉള്ള പീഡനം തുടങ്ങിയ വിഭാഗങ്ങളിലായാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ നിന്ന് 1088 കേസുകളും കോഴിക്കോട് ജില്ലയില്‍ നിന്ന് 844 കേസുകളും എറണാകുളം ജില്ലയില്‍ നിന്ന് 731 കേസുകളും ഇക്കൊല്ലം സപ്തംബര്‍വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മാനഭംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതും തിരുവനന്തപുരം ജില്ലയില്‍ നിന്നുതന്നെയാണ്. നഗര പരിധിയില്‍ നിന്ന് 25 കേസുകളും റൂറലില്‍ നിന്ന് 66 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തൃശൂര്‍ ജില്ലയില്‍ നിന്ന് 61 കേസുകളും എറണാകുളം ജില്ലയില്‍ നിന്ന് 58 കേസുകളും കോഴിക്കോട് ജില്ലയില്‍ നിന്ന് 41 മാനഭംഗ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കൊല്ലം ജില്ലയില്‍ നിന്ന് 69 ഉം കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് 66 മാനഭംഗ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

2011-ല്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് 179ഉം കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് 125ഉം മാനഭംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സ്ത്രീധന മരണങ്ങളിലും തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നില്‍. ഇത്തരത്തിലുള്ള ഏഴു കേസുകളാണ് ഇവിടെ നിന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരില്‍ റെയില്‍വേ പോലീസും 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊല്ലം ജില്ലയില്‍ നിന്നാണ്. കൊല്ലം സിറ്റിയില്‍ നിന്ന് 250 ഉം കൊല്ലം റൂറലില്‍ നിന്ന് 256 കേസുകളുമാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്ത് നിന്ന് 508 ഉം കോഴിക്കോട്ട് നിന്ന് 350 ഉം എറണാകുളത്തു നിന്ന് 250 ഉം കണ്ണൂരില്‍ നിന്ന് 292 കേസുകളുമാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: