Pages

Monday, November 26, 2012


കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിന്‌
* 70 രാജ്യങ്ങളില്‍നിന്നുള്ള നിരീക്ഷകരെത്തും 
* തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ ആഹ്വാനം
 
* തിരഞ്ഞെടുപ്പിന്റെ തലേന്നാള്‍ പ്രതിപക്ഷ റാലി
* പ്രതിപക്ഷത്തെ മുന്‍ പാര്‍ലമെന്റംഗങ്ങള്‍ മത്സരരംഗത്തില്ല
 
* വനിതകളടക്കം 279 സ്ഥാനാര്‍ഥികള്‍
ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിന്. തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ 70 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളെത്തും.കുവൈത്ത് വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ ഹമദ് അല്‍ റൂമി സ്മാരക ഹാളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീഡിയാ സെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം വകുപ്പുമന്ത്രിയായ ശൈഖ്മുഹമ്മദ് അല്‍- അബ്ദുള്ള അല്‍-സബ വാര്‍ത്താലേഖകരോട് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിന് ബി.ബി.സി. ഉള്‍പ്പെടെയുള്ള ലോകപ്രശസ്ത മാധ്യമങ്ങളുടെ പ്രതിനിധികള്‍ എത്തും. ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യസംവിധാനം തുടരുന്ന കുവൈത്തിന്റെ പതിനഞ്ചാമത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മേഖലയിലെ തന്നെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ലോകജനശ്രദ്ധ നേടിയിരിക്കുകയാണ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രധാന പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി മുന്നോട്ടുപോവുകയാണ്. എന്നാല്‍ പ്രതിപക്ഷത്തിന്റെ നിലപാട് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുന്‍ നിശ്ചയപ്രകാരം ഏറെ സുഗമവും സുതാര്യവുമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രതിപക്ഷം നടത്തുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനം തള്ളിക്കളയുന്നതിനും ജനപങ്കാളിത്തത്തോടെ വോട്ടെടുപ്പും തുടര്‍ നടപടികളും വിജയകരമായി നടപ്പാക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ തിരഞ്ഞെടുപ്പ് നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം സര്‍ക്കാറിനെതിരെ നല്കിയ ഹര്‍ജിയില്‍ മേല്‍ ഉണ്ടാവുന്ന കോടതിവിധിയെ മാനിക്കുമെന്നും ഇക്കാര്യത്തില്‍ അമീര്‍ ശൈഖ്‌സബ അല്‍-അഹ്മദ് അല്‍-ജാബിര്‍ അല്‍-സബ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വാര്‍ത്താവിതരണമന്ത്രി ശൈഖ് മുഹമ്മദ് അല്‍-അബ്ദുള്ള അല്‍-സബ അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ തലേദിവസം സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ കൂട്ടായ്മ റാലി സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു. പ്രതിപക്ഷ മുന്‍ പാര്‍ലമെന്റംഗങ്ങളാരും ഇത്തവണ മത്സരിക്കുന്നില്ല.തിരഞ്ഞെടുപ്പില്‍ നിന്ന് നിരവധി സ്ഥാനാര്‍ഥികള്‍ ഇതിനകം പിന്മാറി. 279 സ്ഥാനാര്‍ഥികളാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായിരുന്നവരുള്‍പ്പെടെ 37 പേരുടെ നാമനിര്‍ദേശപത്രികകള്‍ തിരഞ്ഞെടുപ്പ് പ്രത്യേക സമിതി തള്ളി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ആഗ്രഹപ്രകാരം ഇത്തവണയും വോട്ടെണ്ണല്‍ കൈകൊണ്ട്തന്നെയായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അഹമ്മദ് അല്‍ അജീല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെണ്ണലും സുതാര്യമായി പൂര്‍ത്തീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: