Pages

Monday, October 8, 2012

CORRUPTION IN INDIA


വര്‍ദ്ധിച്ചു വരുന്ന അഴിമതി  ജനജീവിതം  ദുസഹമാക്കുന്നു


ഭാരതത്തില്‍  എല്ലാം  മേഖലകളിലും
അഴിമതി ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഉന്നതതലത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാരോപണങ്ങളാണ് ഉയരുന്നത്. സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സര്‍ക്കാറില്‍ നിന്നുള്ള അത്യാവശ്യരേഖകള്‍ സമയത്ത് കിട്ടണമെങ്കില്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കൈമടക്ക് നല്‍കണം. ഓഫീസുകളിലേക്കുള്ള സാധനസാമഗ്രികള്‍ വാങ്ങുന്നതിലും കരാര്‍ നല്‍കുന്നതിലും കെട്ടിടനിര്‍മാണത്തിലുമൊക്കെ കമ്മീഷന്‍ എന്ന പേരില്‍ കൊടികുത്തി വാഴുന്ന അഴിമതി വേറെ.എന്തിനു പറയുന്നു  പഞ്ചായത്തുകളില്‍  പോലും കാര്യം സാധിക്കാന്‍  ഇന്ന് കൈക്കൂലി  കൊടുക്കെണ്ടിയിരിക്കുന്നു. മരുന്നുകളുടെയും ആസ്പത്രി ഉപകരണങ്ങളുടെയും കാര്യത്തില്‍പ്പോലും കമ്മീഷന്‍ നിര്‍ണായകഘടകമാകാറുണ്ട്. ഉയര്‍ന്ന കമ്മീഷന്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എടുക്കുമ്പോള്‍ പലപ്പോഴും അവയ്ക്ക് ഗുണനിലവാരം കുറവായിരിക്കും. ഉയര്‍ന്ന കമ്മീഷനു വേണ്ടി, ആവശ്യമില്ലെങ്കില്‍പ്പോലും ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ചും ഏറെ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ കേസെടുക്കലും വിജിലന്‍സ് അന്വേഷണവും നടക്കാറുണ്ടെങ്കിലും അവ മിക്കപ്പോഴും കുറ്റക്കാര്‍ക്കെതിരായ ശിക്ഷാനടപടിയിലെത്താറില്ല. അഴിമതിയിലൂടെ സ്വരൂപിച്ച സമ്പാദ്യം സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടുന്നത് അതിലേറെ വിരളം. അതുകൊണ്ടുതന്നെയാവാം അഴിമതി വര്‍ധിച്ചുവരുന്നത്. ഇതിന്റെയെല്ലാം പേരില്‍ അഴിമതിക്കാര്‍ വീതിച്ചെടുക്കുന്നത് പൊതുമുതലാണ്. 

അഴിമതിക്കേസുകള്‍ക്കായി പ്രത്യേക കോടതി രൂപവത്കരിക്കേണ്ടതാണെന്ന അഴിമതി നിവാരണ സമിതിയുടെ ശുപാര്‍ശ ഈ ഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അഴിമതിയിലൂടെ വാരിക്കൂട്ടുന്ന സമ്പത്ത് സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടാന്‍ ബിഹാര്‍ മാതൃകയില്‍ സംവിധാനമുണ്ടാകണം എന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ അഴിമതിക്കഥകളുടെ ചുരുള്‍ നിവരുന്ന സംസ്ഥാനത്ത് ഇത്തരം കേസുകളുടെ നടത്തിപ്പിന് പ്രത്യേകസംവിധാനം ആവശ്യമാണ്. അഴിമതിയെക്കുറിച്ച് അറിവ് ലഭിക്കുന്നവര്‍ക്ക് അക്കാര്യം സര്‍ക്കാറിനെ അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ശുപാര്‍ശയുണ്ട്. വിവരം നല്‍കുന്നവരുടെ പേരും മറ്റും തികച്ചും രഹസ്യമായിരിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഏറെ പേര്‍ അതിന് തയ്യാറാകും. എസ്. എം. എസ്. വഴി പോലും വിവരം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ന് ഏറെ വിഷമമുണ്ടാവില്ല. വിജിലന്‍സ് വിഭാഗത്തിന് മാത്രമായി മുഴുവന്‍സമയ സെക്രട്ടറിയെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവരിപ്പണം തടയാന്‍ സംവിധാനമുണ്ടാക്കണമെന്ന ശുപാര്‍ശയും അംഗീകരിക്കപ്പെടേണ്ടതുതന്നെ.
 

ഉന്നതങ്ങളിലെ കോടിക്കണക്കിനു രൂപയുടെ വന്‍ അഴിമതിയെക്കാള്‍ ഗ്രാമങ്ങളിലെയും മറ്റും സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്നത് ഉദ്യോഗസ്ഥരുടെ കൈക്കൂലിയും സ്വജനപക്ഷപാതവുമാണ്. വരുമാനം, ജാതി, സമുദായം എന്നിവ സംബന്ധിച്ചുള്ള സാക്ഷ്യപത്രങ്ങള്‍, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്ക് പലതവണ ഓഫീസുകള്‍ കയറിയിറങ്ങുന്നവരാണ് സാധാരണക്കാര്‍. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൈക്കൂലിയും അഴിമതിയും ജനങ്ങളെ കഷ്ടപ്പെടുത്തുന്നു. വീട് നിര്‍മാണം, വ്യവസായസംരംഭം തുടങ്ങിയ കാര്യങ്ങളിലുംഅനുമതിക്കു വേണ്ടി ആവശ്യക്കാരെ ഉദ്യോഗസ്ഥര്‍ പലതവണ നടത്തിക്കാറുണ്ട്. ബന്ധപ്പെട്ടവരെ കാണേണ്ടതുപോലെ കണ്ടില്ലെങ്കില്‍ കാര്യം നടന്നില്ലെന്നും വരും. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ വരവില്‍ക്കവിഞ്ഞ സമ്പാദ്യം ശരിയായ അന്വേഷണത്തിലൂടെ കണ്ടെത്താം. സര്‍ക്കാറില്‍ നിന്നുള്ള രേഖകള്‍ ലഭ്യമാക്കുന്ന സംവിധാനം കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കുകയുമാവാം. ഇങ്ങനെ കാര്യങ്ങള്‍ സുതാര്യമാക്കിയാല്‍ ഇവിടെ അഴിമതിക്കും കൈക്കൂലിക്കും ഇടമുണ്ടാവില്ല. കൈക്കൂലി നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുന്നത് ഒഴിവാക്കാനുമാവും. അഴിമതിക്കേസുകള്‍ക്കായി പ്രത്യേക കോടതിയുണ്ടാക്കിയാല്‍ നിലവിലുള്ള കേസുകള്‍ കാലതാമസം കൂടാതെ തീര്‍ക്കുകയും ചെയ്യാം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: