Pages

Wednesday, October 10, 2012

നമ്മുടെ വൈദ്യുതി ബോര്‍ഡിന് എന്തുപറ്റി


നമ്മുടെ വൈദ്യുതി ബോര്‍ഡിന്  എന്തുപറ്റി

സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് നിരക്ക് വർദ്ധനയ്​ക്കും വൈദ്യുതി നിയന്ത്രണത്തിനുമായി വീണ്ടും റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. മൂന്നുമാസമേ ആയുള്ളൂ വൈദ്യുതി നിരക്കിൽ മുപ്പതുശതമാനം വർദ്ധന വരുത്തിയിട്ട്. അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതിന്റെ പേരിൽ ലോഡ്ഷെഡ്ഡിംഗും വ്യവസായങ്ങൾക്ക് പവർകട്ടും ഏർപ്പെടുത്തിയിട്ട് അധികദിവസങ്ങളായില്ല. നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടും ഉപയോഗത്തിൽ കുറവൊന്നും കാണുന്നില്ലെന്നാണ് ബോർഡിന്റെ പരാതി. ഇതിന്റെ മറിമായം എന്താണെന്ന് പിടികിട്ടുന്നില്ല. സംസ്ഥാനത്തൊട്ടാകെ അരമണിക്കൂർനേരം വൈദ്യുതി വിതരണം നിറുത്തിവയ്​ക്കുന്നതിലൂടെ ലാഭിക്കാവുന്ന വൈദ്യുതിയുടെ കൃത്യമായ കണക്ക് മുമ്പ് ബോർഡുതന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ അത്തരത്തിലൊരു ലാഭം ഉണ്ടാകാത്തതെന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. വൈദ്യുതി വിതരണത്തിലെ ചോർച്ചയാണോ കാരണം? പകലും കത്തിക്കിടക്കുന്ന തെരുവുവിളക്കുകളും ഒാഫീസ് അടച്ചാലും കറങ്ങുന്ന ഫാനുകളും കത്തുന്ന ലൈറ്റുകളുമാണോ വില്ലനാകുന്നതെന്ന് അന്വേഷിച്ചാലേ യാഥാർത്ഥ്യം കണ്ടെത്താനാവൂ. ഇതൊന്നുമല്ലെങ്കിൽ ബോർഡ് ഇതുസംബന്ധിച്ച് പുറത്തുവിടുന്ന കണക്കുകളിൽ സാരമായ പാളിച്ചകളുണ്ടെന്നു സമ്മതിക്കേണ്ടിവരും.

വൈദ്യുതി വിതരണത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് ബോർഡിന്റെ നിലപാട്. ലോഡ്ഷെഡ്ഡിംഗ് സമയം ദീർഘിപ്പിക്കുകയും പവർകട്ട് കൂട്ടുകയും ചെയ്യുക എന്നതാണ് ബോർഡ് ഉദ്ദേശിക്കുന്നത്. എന്നാൽ നവംബർ 30 വരെയുള്ള നിയന്ത്രണങ്ങൾക്കാണ് റെഗുലേറ്ററി കമ്മിഷൻ നേരത്തെ അനുമതി നൽകിയിരുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മൂന്നാഴ്​ച തികയുംമുമ്പ് ഇതൊന്നും പോരെന്ന് പറഞ്ഞ് വീണ്ടും കമ്മിഷനെ സമീപിച്ച വൈദ്യുതി ബോർഡിന്റെ നടപടി അംഗീകരിക്കാൻ വിഷമമാണ്. വൈദ്യുതി ഉപഭോക്താക്കൾക്ക് കഠിനമായ പ്രതിഷേധംതന്നെ ഇക്കാര്യത്തിൽ ഉണ്ട്.
അന്നന്നത്തെ മീൻ വിലപോലെ വൈദ്യുതിക്കും ഒാരോ മാസവും വില നിശ്ചയിക്കണമെന്ന് പറയുന്നത് ശരിയല്ല .
 പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ കരാറുണ്ടാക്കാൻ ബോർഡിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞവർഷം ഇടുക്കിയിലെ വെള്ളം ദീർഘവീക്ഷണമില്ലാതെ പാഴാക്കിയപ്പോഴേ വരാൻപോകുന്ന പ്രതിസന്ധിയെപ്പറ്റി വിവരമുള്ളവരെല്ലാം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പ്രതിസന്ധി തരണംചെയ്യാൻ പര്യാപ്​തമായ ആസൂത്രണമോ നടപടികളോ എടുത്തില്ല. ഇൗ വർഷം മഴ ചതിച്ചപ്പോഴാണ് വീണ്ടുവിചാരമുണ്ടായത്.

അതിനുശേഷവും യഥാസമയം ആവശ്യമായ നിയന്ത്രണങ്ങൾ കൈക്കൊള്ളാൻ ബോർഡിന് കഴിഞ്ഞില്ല. അതിന് പകരം ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടുതൽ നിരക്ക് ഇൗടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതിലാണ് ബോർ
ഡ് ആവേശം കാട്ടിയത്. വൈദ്യുതിക്ക് ക്ഷാമമുണ്ടാകുമ്പോൾ നിരക്ക് വർദ്ധനയ്​ക്കല്ല ഉപയോഗം കുറയ്ക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്. എന്നാൽ എത്ര വേണമെങ്കിലും ഉപയോഗിച്ചുകൊള്ളൂ പണം കൂടുതൽ നൽകിയാൽ മതി എന്നാണ് ബോർഡിന്റെ നിലപാട്. പ്രതിസന്ധി അങ്ങേയറ്റം മൂർച്ഛിച്ച ഇൗ ഘട്ടത്തിലും പല്ലവി അതുതന്നെ. അധിക ഉപയോഗത്തിന് യൂണിറ്റിന് പതിനൊന്നു രൂപ നിരക്കിൽ ഇൗടാക്കാൻ അനുവദിച്ചില്ലെങ്കിൽ സ്ളാബ് വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും യൂണിറ്റിന് 2.10 രൂപ അധികം ഇൗടാക്കാൻ അനുവദിക്കണമെന്നാണ് ബോർഡ് ആവശ്യപ്പെടുന്നത്. ഒരുവിഭാഗത്തിന്റെ അമിതോപയോഗത്തിന് നാടടച്ചും കൂട്ടപ്പിഴ ചുമത്തുന്നതിന് തുല്യമായ നടപടിയാണിത്.
വിലവർദ്ധനയാണ് സാമ്പത്തിക വളർച്ചയുടെ ആണിക്കല്ല് എന്ന സിദ്ധാന്തം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യത്ത് വൈദ്യുതി ബോർഡിനും ഒഴിഞ്ഞുനിൽക്കാനാവില്ലല്ലോ. ഏറ്റവും ഒടുവിൽ പാൽ വിലയും ബസ് നിരക്കും കൂട്ടുന്നതിനൊപ്പം വൈദ്യുതി നിരക്കുവർദ്ധനയ്​ക്കും കളം ഒരുങ്ങുകയാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: