പാചക വാതക സിലിണ്ടര്‍ പരിമിതമായി മാത്രം ഉപയോഗിക്കുക വി.ടി സന്തോഷ് കുമാര്‍
ചത്തു കിടക്കുന്നത് സ്ഥലത്തെ പ്രധാന തെമ്മാടിയാണെങ്കിലും മരണവീട്ടില്ച്ചെന്നു പൊട്ടിച്ചിരിച്ചാല്‍ കഥ മാറും. സന്തോഷം ഉള്ളിലൊതുക്കി ദു:ഖം തുളുമ്പുന്ന മുഖവുമായേ അവിടെ നില്‍ക്കാവൂ. ഈ കാപട്യത്തെയാണ് നമ്മള്‍ ഔചിത്യം എന്നു വിളിക്കുന്നത്.
ചത്തു കിടക്കുന്നത് സ്ഥലത്തെ പ്രധാന തെമ്മാടിയാണെങ്കിലും മരണവീട്ടില്ച്ചെന്നു പൊട്ടിച്ചിരിച്ചാല്‍ കഥ മാറും. സന്തോഷം ഉള്ളിലൊതുക്കി ദു:ഖം തുളുമ്പുന്ന മുഖവുമായേ അവിടെ നില്‍ക്കാവൂ. ഈ കാപട്യത്തെയാണ് നമ്മള്‍ ഔചിത്യം എന്നു വിളിക്കുന്നത്.
പാചക വാതക സബ്‌സിഡിയ്ക്കു നിയന്ത്രണമേര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പാവങ്ങളുടെ പടത്തലവന്മാര്‍ നഖശിഖാന്തം എതിര്‍ക്കുന്നതും ഈ ഔചിത്യത്തിന്റെ പേരിലാണ്. ഗ്യാസു കുറ്റിയുടെ എണ്ണം കുറയ്ക്കുന്നതിനെ അനുകൂലിച്ചു പോയാല്‍ നമ്മള്‍ മന്‍മോഹന്‍സിങ്ങിനും ആലുവാലിയക്കും ചിദംബരത്തിനും ജയ് വിളിക്കുകയാണെന്നു തോന്നില്ലേ? കട്ടുമുടിച്ചു നാടു കുളംതോണ്ടിയ ഭരണക്കാരും നമ്മളും ഒരേ പക്ഷത്താണെന്നുവരുന്നതില്‍പ്പരം നാണക്കേടെന്തുണ്ട്?
നമ്മള്‍ വാങ്ങുന്ന സാധനങ്ങള്‍ക്കൊന്നിനും വില കൂടാതിരിക്കുന്നതു തന്നെയാണ് എല്ലാവര്‍ക്കും നല്ലത്. വില്‍ക്കാനുള്ളതിനു നല്ല വില കിട്ടുകയും വേണം. അവശ്യസാധനങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായി കിട്ടുന്ന സമത്വ സുന്ദര വ്യവസ്ഥ വരുമെങ്കില്‍ ഏറ്റവും നല്ലത്. അതു നടപ്പില്ലെന്നുറപ്പായിരിക്കേ, ഉള്ള സൗജന്യവും ഇളവുകളും തന്നെ പരിമിതപ്പെടുത്തേണ്ടതുണ്ട് എന്നു വരുമ്പോള്‍ ആര്‍ക്കാണ് സര്‍ക്കാറിന്റെ സഹായം കിട്ടേണ്ടത് ? പാവങ്ങളിലെ പാവങ്ങള്‍ക്കോ? അതോ സമ്പന്നര്‍ക്കോ?
മന്‍മോഹന്‍സിങ്ങും കൂട്ടരും ചേര്‍ന്ന് ഉദാരീകരണവും ആഗോളീകരണവും കൊണ്ടുവന്നത് പാവങ്ങളുടെ വയറ്റത്തടിച്ചുകൊണ്ടാണെന്ന കാര്യത്തില്‍ ഇപ്പോഴാര്‍ക്കും തര്‍ക്കമുണ്ടാവില്ല. സമ്പന്നരെ അതിസമ്പന്നരാക്കുകയായിരുന്നു അവരുടെ അജന്‍ഡ. വമ്പന്‍മാരുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളിയും വന്‍കിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും വാരിക്കോരി ഇളവുകള്‍ നല്‍കിയും സര്‍ക്കാറിന്റെ പണം പണമുള്ളവരുടെ കീശയിലേക്കാണ് അവരൊഴുക്കിയത്. ജനക്ഷേമ പദ്ധതികളും സബ്‌സിഡികളും വെട്ടിക്കുറയ്ക്കുകയെന്നത് അവരുടെ പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗം തന്നെയാണ്.
പക്ഷേ, പാചക വാതക സിലിണ്ടറിനുള്ള സബ്‌സിഡി പരിമിതപ്പെടുത്തുന്നതിനെ അക്കൂട്ടത്തില്‍പ്പെടുത്തി കണ്ണുമടച്ച് എതിര്‍ക്കാനാവുമോ? അതിനെ ജനവിരുദ്ധ നടപടിയെന്ന് കുറ്റപ്പെടുത്തുന്നതിനു മുമ്പ് ഒന്നാലോചിക്കേണ്ടതില്ലേ?
അവശ്യസാധനങ്ങളും സേവനങ്ങളും പാവങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയെന്നതതാണ്, ഏതു രാജ്യത്തായാലും സബ്‌സിഡികളുടെ ഉദ്ദേശ്യം. ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പത്തിന്റെ ഭാഗമാണത്. എണ്ണയും വൈദ്യുതിയുമെല്ലാം സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുന്നതിനുള്ളതാണ് ഊര്‍ജ്ജ സബ്‌സിഡി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വന്‍ തുക ചെലവഴിച്ചും സര്‍ക്കാര്‍ തന്നെ വില നിശ്ചയിച്ചുമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിച്ചു നിര്‍ത്തിയിരുന്നത്. പക്ഷേ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുകയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി സബ്‌സിഡികള്‍ വെട്ടിച്ചുരുക്കാന്‍ തുടങ്ങുകയും ചെയ്തതോടെ സ്ഥിതി മാറി. ആഭ്യന്തര വിപണയില്‍ മറ്റെല്ലാ സാധനങ്ങള്‍ക്കുമെന്നപോലെ എണ്ണയ്ക്കും വില കയറാന്‍ തുടങ്ങി.
പെട്രോളിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചക വാതകത്തിന്റെയും വില നിശ്ചയിച്ചിരുന്നത് 2010വരെ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. ആ വര്‍ഷം പെട്രോളിന്റെ വില നിയന്ത്രണം നീക്കി. ഡീസലിനും വീട്ടിലുപയോഗിക്കാനുള്ള പാചക വാതകത്തിനും റേഷന്‍ മണ്ണെണ്ണയ്ക്കും വില നിയന്ത്രണം തുടര്‍ന്നു. നിയന്ത്രണം നീക്കിയെങ്കിലും പെട്രോളിന്റെ വില കൂട്ടണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വാങ്ങണമെന്ന നിബന്ധന ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പു വേളകളില്‍ അരി വില കൂടുമെങ്കിലും എണ്ണവില കൂടാത്തത്.
ഇത്രയൊക്കെ വില കൂട്ടിയിട്ടും അന്താരാഷ്ട്ര വിലയിലും കുറഞ്ഞ നിരക്കിനാണ് ഡീസലും മണ്ണെണ്ണയും പാചകവാതകവും ഇപ്പോളും ഇന്ത്യയില്‍ വില്‍ക്കുന്നത് എന്ന് സര്‍ക്കാറിന്റെ കണക്കുകള്‍ പറയുന്നു. വില നിയന്ത്രിച്ചു നിര്‍ത്താനായി 2010-11 കാലത്ത് മണ്ണെണ്ണയ്ക്ക് 931 കോടി രൂപയും പാചക വാതകത്തിന് 1,974 കോടി രൂപയുമാണ് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയത്. എന്നിട്ടും പാചക വാതക വില്‍പയിലൂടെ എണ്ണക്കമ്പനികള്‍ക്ക് 21,772 കോടി രൂപ നഷ്ടം വന്നു. മണ്ണെണ്ണ വില്‍പനയില്‍ 19,484 കോടി രൂപയായിരുന്നൂ നഷ്ടം. ഡീസലിന് 34,706 കോടിയും പെട്രോളിന് 2,227 കോടിയും നഷ്ടം പറ്റി.
അതായത് പെട്രോളിയം ഉത്പന്ന വില്‍പനയിലൂടെ 2,904 കോടി രൂപ സബ്‌സിഡിയിനത്തിലും 78,190 കോടി രൂപ വിലക്കുറവിന്റെ പേരിലും കഴിഞ്ഞ വര്‍ഷം നഷ്ടം വന്നു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു വരുന്ന നഷ്ടം പല വകുപ്പുകളിലായി കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് നികത്തുന്നത്. നഷ്ടം നികത്താന്‍ 41,000 കോടി രൂപ സര്‍ക്കാര്‍ പണമായിത്തന്നെ നല്‍കി. 30,297 കോടി രൂപ മറ്റു സഹായമായി കൊടുത്തു. എന്നിട്ടും 6,893 കോടി രൂപയുടെ കുറവുണ്ടെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. (കണക്കുകള്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സസ്‌റ്റൈനബ്ള്‍ ഡവലപ്‌മെന്റിന്റെ 'എ സിറ്റിസണ്‍സ് ഗൈഡ് ടു എനര്‍ജി സബ്‌സിഡീസ് ഇന്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ടില്‍ നിന്ന്). എണ്ണയുടെയും പാചകവാതകത്തിന്റെയും വില പിടിച്ചു നിര്‍ത്താന്‍ ഓരോ വര്‍ഷവും പൊതു ഖജനാവില്‍നിന്ന് ഭീമന്‍ സംഖ്യ ചെലവിടുന്നുണ്ട് എന്നര്‍ഥം.
വില്‍പന നികുതിയായും എക്‌സൈസ് ഡ്യൂട്ടിയായും കസ്റ്റംസ് തീരുവയായും പണം ഈടാക്കി എണ്ണ ഉപഭോക്താക്കളെ പിഴിയുന്ന സര്‍ക്കാര്‍ ഇത്രയും പണം സബ്‌സിഡിയിനത്തില്‍ നീക്കിവെക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, പൊതു ഖജനാവില്‍ നിന്ന് ഇത്രയും പണം ചെലവഴിക്കുമ്പോള്‍ അതിന്റെ ഗുണം കിട്ടുന്നത് ആര്‍ക്കാണെന്നതാണ് പ്രശ്‌നം. സര്‍ക്കാറിന്റെ സൗജന്യം ലഭിക്കേണ്ടത് പാവങ്ങള്‍ക്കാണ്. സമ്പന്നര്‍ക്കല്ല. എന്നാല്‍ പാചക വാതക സബ്‌സിഡിയുടെ ഗുണം കിട്ടുന്നത് പാവങ്ങള്‍ക്കല്ല എന്നതാണ് വസ്തുത.
ദ എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനമനുസരിച്ച് ഇന്ത്യയില്‍ ഒമ്പതു ശതമാനം ഗ്രാമീണര്‍ മാത്രമാണ് പാചകത്തിന് പ്രധാനമായും എല്‍.പി.ജിയെ ആശ്രയിക്കുന്നത്. എന്നാല്‍ നഗരങ്ങളില്‍ 62 ശതമാനം പേരും പാചക വാതകം ഉപയോഗിക്കുന്നു. എല്‍.പി.ജി സബ്‌സിഡിയുടെ 76 ശതമാനവും നഗരങ്ങളിലുള്ളവര്‍ക്കാണു കിട്ടുന്നത്. ആ തുകയുടെ 40 ശതമാനവും കൈവശപ്പെടുത്തുന്നത് 6.75 ശതമാനം വരുന്ന അതി സമ്പന്നരാണ്. പണം കൂടുന്നതിനനുസരിച്ച് പാചകവാതക ഉപയോഗവും കൂടുന്നുണ്ട് എന്നതാണ് കാരണം. കൂടുതല്‍ ഗ്യാസു കത്തിക്കുന്നവര്‍ക്ക് സബ്‌സിഡിയിനത്തില്‍ കൂടുതല്‍ സഹായം ലഭിക്കുന്നു.
വ്യത്യസ്ത വരുമാനമുള്ളവരുടെ പാചക വാതക ഉപഭോഗത്തിന്റെ തോത് കേന്ദ്ര സര്‍ക്കാറിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം 2011ല്‍ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് വരുമാനം ഏറ്റവും കുറഞ്ഞ വിഭാഗത്തിലുള്ളവര്‍ പ്രതിമാസം 4.4 കിലോ ഗ്രാം എല്‍.പി.ജി മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മേല്‍ത്തട്ടിലുള്ളവര്‍ പ്രതിമാസം ശരാശരി 12.2 കിലോഗ്രാം ഗ്യാസു കത്തിക്കുന്നു. സബ്‌സിഡിയോടെ ലഭിക്കുന്ന പാചക വാതക സിലിന്‍ഡറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തിയാല്‍ അത് പാവപ്പെട്ട ഒറ്റയാളെയും ബാധിക്കില്ല എന്നു വ്യക്തം. ഇടത്തരക്കാരിലെ മേല്‍ത്തട്ടിലുള്ളവരും സമ്പന്നരും മാത്രമേ വര്‍ഷത്തില്‍ ആറു സിലിന്‍ഡറില്‍ കൂടുതല്‍ ഉപയോഗിക്കുകയുള്ളൂ.
ഉത്തരേന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും ഇപ്പോഴും ഗ്യാസ് സ്റ്റൗ പോയിട്ട് പുകയില്ലാത്ത അടുപ്പു പോലുമില്ല. ചാണക വരളിയുണ്ടാക്കിയും വിറകു ശേഖരിച്ചുമാണ് അവര്‍ അടുപ്പില്‍ തീ പുകയ്ക്കുന്നത്. (ഗ്രാമീണ ഇന്ത്യയിലെ ഊര്‍ജ്ജാവശ്യത്തിന്റെ 85 ശതമാനവും നിറവേറ്റുന്നത് ചാണകവും വിറകുമാണന്നെ് 2010ലെ നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ പറയുന്നു)പല ഗ്രാമങ്ങളിലും സ്ത്രീകളുടെ പ്രധാന പണിയാണ് വിറകു ശേഖരണം. അതിനു വേണ്ടിവരുന്ന മനുഷ്യാധ്വാനത്തിനു വിലയിട്ടു നോക്കിയാല്‍ പാചക വാതകത്തിന്റെ വില എത്ര നിസ്സാരമാണെന്നു മനസ്സിലാവും. സാധാരണ അടുപ്പില്‍ സാധാരണ വിറകു കത്തിക്കുമ്പോഴുണ്ടാകുന്ന ഊര്‍ജ്ജ നഷ്ടംകൂടി കണക്കിലെടുത്താല്‍ പാചക വാതകത്തിന് വിറകിനേക്കാള്‍ വില കുറവാണെന്നു സ്ഥാപിക്കുന്ന പഠനങ്ങള്‍ നേരത്തേ കേരളത്തിലും നടന്നിട്ടുണ്ട്. ഗ്യാസ് സ്റ്റൗവും പുകയില്ലാത്ത അടുപ്പും വെക്കാന്‍ ശേഷിയില്ലാത്ത പാവങ്ങള്‍ക്കു കിട്ടേണ്ട സഹായമാണ് എല്‍.പി.ജി സബ്‌സിഡിയുടെ പേരില്‍ പണക്കാര്‍ തട്ടിയെടുക്കുന്നത് എന്നര്‍ഥം.
ഈ തട്ടിപ്പിന്റെ വ്യാപ്തി കുറയ്ക്കാനുള്ള ഏറ്റവും നല്ലവഴി സബ്‌സിഡിയുള്ള സിലിന്‍ഡറിന്റെ എണ്ണം പരിമിതപ്പെടുത്തുക തന്നെയാണ്. കുറച്ചുപയോഗിക്കുന്നവര്‍ക്കു മതി സബ്‌സിഡി. ഉപയോഗം കൂടുന്നതിനനുസരിച്ച് വിലയും കൂടണം. അല്ലെങ്കിലും സര്‍ക്കാറിന്റെ എല്ലാ സൗജന്യങ്ങള്‍ക്കും പരിധി വെക്കണം. പരിധിയില്ലാത്ത സൗജന്യങ്ങള്‍ ദുരുപയോഗത്തിലേക്കാണ് നയിക്കുക.
പാരിസ്ഥിതിക കാരണങ്ങളാലും സാമ്പത്തിക കാരണങ്ങളാലും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിനെയാണ് ലോകരാഷ്ട്രങ്ങള്‍ ഇന്നു പ്രോത്സാഹിപ്പിക്കുന്നത്. പെട്രോളിനും ഡീസലിനും പാചക വാതകത്തിനുമല്ല, അവയുടെ ഉപയോഗം കുറയ്ക്കാനായി ആവിഷ്‌കരിക്കുന്ന ബദല്‍ ഊര്‍ജ്ജ പദ്ധതികളെയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കി സഹായിക്കേണ്ടത്. എണ്ണയ്ക്കു നല്‍കുന്ന സബ്‌സിഡി കുറയ്ക്കുകയും വീട്ടില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്കും മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ പാനല്‍ വെക്കുന്നവര്‍ക്കുള്ള സബ്‌സിഡി കൂട്ടുകയുമാണ് ചെയ്യേണ്ടത്. ആ നിലയ്ക്ക് സബ്‌സിഡിയോടെ നല്‍കുന്ന പാചക വാതക സിലിന്‍ഡറിന്റെ എണ്ണം ആറായി ചുരുക്കിയതിനെ ഇടതു പക്ഷവും പരിസ്ഥിതി സംഘടനകളും സ്വാഗതം ചെയ്യേണ്ടതായിരുന്നു.
ഭക്ഷണവും, കുടിവെള്ളവും ഭക്ഷ്യധാന്യങ്ങളും ചികിത്സാ സൗകര്യവും വിദ്യാഭ്യാസവും സൗജന്യമായോ അല്ലെങ്കില്‍ ന്യായവിലയ്‌ക്കോ ലഭ്യമാക്കുകയാണ് ക്ഷേമ രാഷ്ട്രത്തിന്റെ കടമ. ഇതൊക്കെ കഴിഞ്ഞേ ഊര്‍ജ്ജത്തിന്റെ കാര്യം വരുന്നുള്ളൂ. എന്നാല്‍, മധ്യവര്‍ഗ വ്യാമോഹങ്ങള്‍ മനസ്സില്‍ക്കിടക്കുന്നതുകൊണ്ടാവും അരിവില കൂടുന്നതല്ല, എണ്ണ വിലയാണിവിടെ എന്നും ഏറ്റവും വലിയ ചര്‍ച്ചാ വിഷയം.
വിദ്യാഭ്യാസവും പുസ്തകവും ഉച്ചഭക്ഷണവും സൗജന്യമായി നല്‍കുന്ന സര്‍ക്കാര്‍ വിദ്യാലയം അടുത്തുണ്ടായിട്ടും മക്കളെ ദൂരെയുള്ള അണ്‍ എയ്ഡഡ് സ്‌കൂളിലേക്കു ബസ്സു കയറ്റിവിടുന്നവരാണു നമ്മള്‍. അതിന് കുട്ടിയൊന്നിന് മാസം ശരാശരി രണ്ടായിരം രൂപ മുടക്കാന്‍ കേരളത്തിലെ ഇടത്തരക്കാര്‍ക്ക് ഒരു മടിയുമില്ല. സര്‍ക്കാര്‍ ആസ്പത്രിക്ക് പകിട്ടു പോരാത്തതു കൊണ്ട് സ്വകാര്യാസ്പത്രി മുതലാളിയുടെ കത്തിക്കു മുന്നില്‍ കഴുത്തുവെച്ചുകൊടുക്കാനും നമ്മള്‍ തയ്യാറാണ്. പക്ഷേ, കുപ്പിവെള്ളത്തിന് പതിനഞ്ചു രൂപ കൊടുക്കാന്‍ മടിയില്ലാത്തവരും പാലിന് 35 കൊടുക്കേണ്ടി വരുമ്പോള്‍ നെറ്റി ചുളിക്കും. ആഢംബരത്തിനു പണം ചെലവിടാം. പക്ഷേ പാചക വാതകം സര്‍ക്കാറിന്റെ സബ്‌സിഡി നിരക്കില്‍ കിട്ടണം. ഇതല്ലേ മധ്യവര്‍ഗ കാപട്യം?
പ്രൊഫ്.ജോണ്‍
കുരാക്കാര്‍
No comments:
Post a Comment