പെന്‍ഷന്‍ കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത കേരള സ്റ്റേറ്റ് റോഡ്
ട്രാൻസ്പോർട്ട് കോർപ്പറേഷൻ
നമ്മുടെ ട്രാൻസ്പോർട്ട് കോർപ്പറേഷനെ ആരു രക്ഷപെടുത്തും ലോകത്ത് ആരു വിചാരിച്ചാലും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന വെള്ളാനയെ നന്നാക്കാനാവില്ലെന്ന പരമസത്യം നമുക്കറിയാം ബസ് നിരക്ക് അടിക്കടി കൂട്ടിയിട്ടും കോർപ്പറേഷന്റെ നഷ്ടം കുറയുന്നില്ല. എന്നു മാത്രമല്ല, ഓരോ മാസം കഴിയുന്തോറും കൂടിക്കൊണ്ടിരിക്കുകയുമാണ്. ഒരു ബസിന് ശരാശരി പതിനൊന്നു ജീവനക്കാരെ തീറ്റിപ്പോറ്റേണ്ടി വരുന്നതും ലാഭകരമല്ലാത്ത ധാരാളം ഷെഡ്യൂളുകൾ നടത്തേണ്ടി വരുന്നതും നഷ്ടത്തിനു കാരണമായി പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ നിരക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന നിലയിൽ നിശ്ചയിച്ചിട്ടും ഇത്രയധികം നഷ്ടം സംഭവിക്കുന്നത് എങ്ങനെയെന്നു അജ്ഞാതമാണ്. നടത്തിപ്പു ദോഷമല്ലാതെ മറ്റൊന്നുമാകാനിടയില്ലെന്നു തീർച്ച. പ്രഗത്ഭന്മാർ പലരും തലപ്പത്തിരുന്നപ്പോൾ സ്ഥിതി കുറെയൊക്കെ മെച്ചപ്പെട്ടിരുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ. കേന്ദ്രീകൃത ഭരണ സംവിധാനത്തിൽ ഇന്നും പ്രവർത്തിക്കുന്ന കോർപ്പറേഷന് അതുവഴിയുണ്ടാകുന്ന ഭരണപരവും പ്രവർത്തനപരവുമായ ബുദ്ധിമുട്ടുകൾ ചില്ലറയൊന്നുമല്ല. കോർപ്പറേഷൻ മേഖലകളായി വിഭജിച്ച് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന നിർദ്ദേശങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും യൂണിയനുകളുടെ ശക്തമായ എതിർപ്പുള്ളതിനാൽ ഒരിഞ്ചുപോലും ആ വഴിക്കുമുന്നോട്ടു നീങ്ങിയിട്ടില്ല. കൂടുതൽ എന്തിനു പറയുന്നു, കോർപ്പറേഷന്റെ ആസ്ഥാനമായ തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലെ സിറ്റി ബസ് സ്റ്റാൻഡ് നോക്കിയാലറിയാം കെടുകാര്യസ്ഥതയുടെ ആഴവും പരപ്പും. അൻപതുവർഷം മുൻപ് സ്ഥാപിച്ച ഇരുമ്പു റെയിലിംഗു പോലും മാറ്റമില്ലാതെ ഇപ്പോഴും കാണാം.
ശരാശരി ഒരു മാസം 125 കോടി രൂപ വരുമാനമുള്ള കോർപ്പറേഷന്റെ ചെലവ് 194 കോടി രൂപയാണ്. ശമ്പളയിനത്തിൽ 45 കോടിയും പെൻഷനായി 30 കോടിയുമാണ് ചെലവ്. ഡീസലിനു മാത്രം 56 കോടി രൂപ നൽകേണ്ടി വരുന്നു. 34 കോടി രൂപ വായ്പാ തിരിച്ചടവിനായും വേണം. മറ്റു ചെലവുകളും കോടിക്കണക്കിന് രൂപയ്ക്ക് വരും. ഇത്തരത്തിൽ വരവും ചെലവും തമ്മിൽ യാതൊരു പൊരുത്തവുമില്ലാത്ത നിലയിൽ എത്രകാലം മുന്നോട്ടുപോകാനാവും? ആരു വിചാരിച്ചാലും കോർപ്പറേഷനെ ഈ നിലയ്ക്ക് രക്ഷിക്കാനാവില്ലെന്നു പറയുന്നത് പച്ചപ്പരമാർത്ഥം മാത്രമാണ്.
സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ ഫ്രീ പാസുകളും വിദ്യാർത്ഥികൾക്കും മറ്റും കൺസഷൻ നിരക്കും നൽകേണ്ടി വരുന്നതിനാലാണ് കോർപ്പറേഷന്റെ നഷ്ടം ഭീമമായി പെരുകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ഫ്രീ പാസ് നൽകുന്നതുവഴി മാത്രം കോർപ്പറേഷന് 474 കോടി രൂപയുടെ വരുമാന നഷ്ടമാണത്രെ ഉണ്ടാകുന്നത്. ഈ കണക്ക് വിശ്വസിക്കാമെങ്കിൽ ഒരു മാസംശരാശരി 40 കോടി രൂപയുടെ സൗജന്യ യാത്രയാണ് കോർപ്പറേഷൻ അനുവദിക്കുന്നത്. ലോകത്ത് ഒരു സ്ഥാപനത്തിനും ഈ നിലയിൽ മുന്നോട്ടുപോകാൻ സാദ്ധ്യമല്ല. വിദ്യാർത്ഥികളുടെ സൗജന്യ യാത്ര ഇതിനു പുറമേയാണ്. രണ്ടു ലക്ഷത്തോളം കൺസഷൻ ടിക്കറ്റുകളാണ് കോർപ്പറേഷൻ നൽകുന്നത്. ഇതുകൂടി കണക്കിലെടുത്താൽ കോർപ്പറേഷൻ കുത്തുപാളയെടുക്കുന്നതിന്റെ പിന്നാമ്പുറം തേടി കൂടുതൽ അലയേണ്ടതില്ല.
ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ മാത്രം ഇങ്ങനെയൊരു സമ്പ്രദായം നിലനിറുത്തേണ്ടതുണ്ടോ എന്ന് ആലോചിക്കാൻ കാലമായി. ജോലിയിൽ നിന്നും പിരിഞ്ഞവർക്കെല്ലാം മരണംവരെ സൗജന്യയാത്രാ പാസുകളുണ്ട്. കോർപ്പറേഷനിൽ ജീവനക്കാർ കുറവായിരുന്ന കാലത്ത് ഏർപ്പെടുത്തിയ ഈ സൗജന്യം ഇപ്പോൾ വലിയ ഭാരമായിട്ടുണ്ടെന്ന സത്യം മറച്ചുവച്ചിട്ടുകാര്യമില്ല. വൈദ്യുതിബോർഡിൽ നിന്നു വിരമിക്കുന്നവർക്ക് സൗജന്യമായി വൈദ്യുതി നൽകാറില്ല. 'മിൽമ'യിൽ നിന്നു വിരമിക്കുന്നവർക്ക് പാൽ വേണമെങ്കിൽ മറ്റുള്ളവരെപ്പോലെ രൊക്കം പണം നൽകണം. ജീവനക്കാരെക്കാൾ പെൻഷൻകാരുടെ സംഖ്യ ഉയർന്നുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഫ്രീ പാസ് ഇനത്തിൽ കോർപ്പറേഷന്റെ വരുമാനനഷ്ടവും കൂടിക്കൊണ്ടിരിക്കും. മറ്റു വിഭാഗങ്ങൾക്കുള്ള സൗജന്യ യാത്രയുടെ ഭാരം സർക്കാർ വഹിക്കുന്നുണ്ടെന്നാണ് വയ്പ്. അതു മാസാമാസം കൃത്യമായി കോർപ്പറേഷന് നൽകുകയും വേണം.
സ്വകാര്യ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതുഗതാഗതരംഗത്ത് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ഥാനം അത്ര വലുതൊന്നുമല്ല. കഷ്ടിച്ച് അയ്യായിരം ബസുകളാണ് സംസ്ഥാനത്ത് കോർപ്പറേഷൻ വകയായി സർവീസ് നടത്തുന്നത്. വികസിക്കാനുള്ള വഴി നാനാഭാഗത്തും തുറന്നുകിടക്കുമ്പോഴും അതിനൊന്നും ഒരുമ്പെടാതെ പരമ്പരാഗത മട്ടിലുള്ള ബസ് നടത്തിപ്പുമായി കഴിയുന്ന കോർപ്പറേഷന്റെ അലകും പിടിയും മാറേണ്ടിയിരിക്കുന്നു. ജനങ്ങൾക്കും പൊതു ഖജനാവിനും ഭാരമായി ഇന്നത്തെ രൂപത്തിൽ കോർപ്പറേഷൻ നിലനിൽക്കുന്നതിൽ അർത്ഥമൊന്നുമില്ല. ആരു വിചാരിച്ചാലും നന്നാകുകയില്ലെന്ന ശാപവചനങ്ങൾ ധാരാളം കേട്ടുകഴിഞ്ഞ കോർപ്പറേഷനെ രക്ഷിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ എന്നാണ് സർക്കാർ ആലോചിക്കേണ്ടത്. എല്ലാറ്റിനും കൺസൾട്ടൻസി സ്ഥാപനങ്ങളുടെ സഹായം തേടാറുള്ള സർക്കാർ കോർപ്പറേഷന്റെ കാര്യത്തിലും ആ വഴിക്കു ചിന്തിക്കാവുന്നതാണ്. ഏതായാലും ഇപ്പോഴത്തെ ഈ പോക്ക് കോർപ്പറേഷനോ യാത്രക്കാർക്കോ യാതൊരു ഗുണവും ചെയ്യുകയില്ല. കോർപ്പറേഷനെ രക്ഷപെടുത്താനുള്ള വല്ല വഴികളും അറിയാവുന്നവര്‍ ദയവായി അറിയിക്കാനപേക്ഷ .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment